Image

സ്വർഗ്ഗത്തിൽ നിന്ന് സ്വന്തം കാവൂട്ടിയമ്മ ( സീമകളില്ലാതെ : പി.സീമ )

Published on 21 July, 2024
സ്വർഗ്ഗത്തിൽ നിന്ന് സ്വന്തം കാവൂട്ടിയമ്മ ( സീമകളില്ലാതെ : പി.സീമ )

"ഞാൻ ഈ വെള്ളിലത്താളിയുടെ കൊമ്പത്തു  നിന്നെ നോക്കി കുത്തിയിരുന്നു മഴ നനയാൻ തുടങ്ങീട്ട് നേരം കുറെ ആയിട്ടൊ. നല്ല കുളിര്  നീ വാതിലും അടച്ചിട്ടു അകത്തു ഇതെന്ത് ചെയ്യുവാ? ."

"വാതിലും തുറന്നിട്ടു വിളയാടിയാൽ പാമ്പ് കേറും.ഇന്നാള് ഒരു തവള കേറി. ചേര പിന്നാലെ ഉണ്ടാരുന്നോ എന്ന് ആര് കണ്ടു.  പിന്നെ   ഇപ്പൊ മഞ്ഞയും കറുപ്പും നിറമുള്ള ഒരൂട്ടം പുഴുക്കളാ .വാതിൽ തുറന്നാൽ അപ്പൊ അകത്തു കേറും. പിന്നെ .ഇവിടെ വാതിൽക്കൽ ഇരിക്കാൻ ഉണ്ടാരുന്ന ആൾ ഇപ്പോള് എവിടാന്നു അറിയാല്ലോ."

"പിന്നില്ലേ അവിടെ ഞാൻ അല്ലേ അമ്മയുടെ സ്ഥാനത്തു നിൽക്കുന്നെ. വല്ല അപ്സരസ്സുകളും ദേവസ്ത്രീകളും ഒക്കെ ചിരിച്ചു കാണിച്ചാല് നോക്കിയാൽ പണി കിട്ടുംന്ന് പറഞ്ഞിട്ടുണ്ട്.അത് ദേവലോകം അല്ലേ..."

"അത് നന്നായി.. അവിടെ സംഘടന പ്രവർത്തനം ണ്ടൊ?."

"പിന്നില്ലേ.. DPP നേതാവാ.. Death  People's Party.....അവിടെം പരോപകാരിയാ.  പുള്ളിക്കാരൻ ഒരു ശുദ്ധൻ അല്ലാരുന്നോ.  നിന്റെ കാര്യത്തിൽ സങ്കടം പറയും.. നിന്നെയും കൊണ്ടേ പോകു എന്ന് പറയുമായിരുന്നു എങ്കിലും നടന്നില്ലല്ലോ ന്ന്  നെടുവീർപ്പിടും. അവള്  തനിച്ച് വിഷമിക്കുവാ വിളിച്ചോണ്ട് പോരാൻ മേലേ എന്ന് ആയുസ്സ് കണക്കു പുസ്തകം നോക്കുന്ന  ചിത്രനോട്  ചോദിച്ച പോലെ തോന്നണു. സമയം ആയില്ലെന്നോ മറ്റോ യമൻ പറഞ്ഞു. കാലൻ വന്നാലും പേടിക്കാൻ ഒന്നും ല്ലാട്ടോ   ഇവിടെ ഭൂമീല് ഉള്ളതിനേക്കാൾ സുഖമാ അവിടെ. ഇവിടെ വാതിലും മറയും മതിലും ഒന്നും ഇല്ലാത്ത ഈ മുറ്റവും വീടു കാവലിന് നീയും .ഈ മുറ്റം പോലെ ആർക്കോ വേണ്ടി തുറന്നിട്ടേക്കുവല്ലാരുന്നോ ആ  സാധു മനുഷ്യന്റെ ജീവിതവും..പുസ്തകം  പോലെ."

"അങ്ങനെ തുറന്നിട്ടിട്ടു കാര്യം ല്ല്യ... താളൊക്കെ പറിഞ്ഞു പോകില്ലേ.  പിന്നെ വായിക്കാൻ ഒന്നും ബാക്കി ണ്ടാവില്ല്യ. ആദ്യം നമ്മൾ നമുക്ക് വേണ്ടി ജീവിക്കാൻ പഠിക്കണം. പിന്നെ അന്യർക്കു വേണ്ടി  ജീവിക്കാല്ലോ."
"അതു  ശരിയാ   എന്നാലും ഇത്രേം വല്യ വീട് ഒഴിഞ്ഞു കിടക്കുമ്പോ ഒരു സങ്കടം .ഞാൻ ഉണ്ടാരുന്നേൽ  നിന്റെ കൂടെ വന്നിരുന്നേനെ  ട്ടൊ. എന്റെ വീട്ടിൽ ടി വി ഉണ്ടേലും ഞാൻ 
വന്നേനെ. പുള്ളിക്കാരനോട് മാത്രം ഇഷ്ടം ഉണ്ടായിരുന്നവർ ചിലർ ഇപ്പോൾ നിന്നോട് മിണ്ടണം എന്നില്ല. എന്നാലും നിന്നോട് സ്നേഹം ഉള്ളവർ ഒക്കെ നിന്നോടൊപ്പം ഉണ്ട് എന്നറിയാല്ലോ..ഈ ഭൂമീല് നല്ല മനുഷ്യരും ഉണ്ട്."

"ഇപ്പൊ അങ്ങനെ ഒക്കെയല്ലേ.... എന്ത് പറയാനാ..ഓരോരോ ഗതികേട്.."

"പിൻവശമുറ്റത്തെ കുഞ്ഞ് പടിവാതിൽ എന്നിട്ടും തുറന്നു കിടക്കുവല്ലേ..അതിൽ കൂടെ മീൻപെണ്ണും,  മൂന്നാലു പൂച്ചകളും അഞ്ചാറു കോഴികളും   ഇടയ്ക്കിടെ വരും. അതന്നെ ധാരാളം.. ആ പുലിവാൽക്കണ്ടനുള്ളത്ര കാലം പൂച്ചകൾക്ക് ഒരു കുറവും ഉണ്ടാവില്ല്യ അവനെ ഒന്ന് കുടുംബാസൂത്രണം ചെയ്തേൽ നല്ലതായിരുന്നു.. അവന് വേറെ ഒരു പണീം ഇല്ലല്ലോ...പെണ്ണെത്രയാ..അവൻ പൂച്ച ആണേലും അത് ഒരു നല്ല  ഒന്നൊന്നര ജീവിതമാ..നീ പൂച്ചജീവിതം എന്നൊരു കദ എഴുതു."

"അത് കൊള്ളാം... ആട് ജീവിതം എന്ന് പ്രശസ്തമായ നോവൽ ഉണ്ട്. അത് ഇപ്പൊ സിനിമ ആയി.. ഈ ഞാൻ ഇനി പൂച്ചജീവിതം എന്തെഴുതാനാ?  അതൊക്കെ ആ പദ്മനാഭൻ സാറ് എഴുതീട്ടുണ്ടു ഇഷ്ടം പോലെ....ജീവിതത്തിൽ പൂച്ചയെ പോലെ എങ്ങനെ വീണാലും  നാല് കാലു കുത്താൻ മനുഷ്യർക്ക്‌ ആവൂല്ലല്ലോ എന്ന് സങ്കടം ഒണ്ട്.
വീണാൽ ഒടിഞ്ഞത് തന്നെ"

"ഒക്കെ ശരിയാ...പണ്ടൊക്കെ  ഈ ഉമ്മറത്ത് എത്ര പേരുണ്ടാരുന്നു സാരല്യ... ജീവിതം അല്ലേ.  അതിങ്ങനെ രാവും പകലും പോലെ ഇരുണ്ടും തെളിഞ്ഞും പോകും കാലം മാറും മനുഷ്യരും മാറും.  അതിനെന്താ . നിനക്ക് വല്ലോം എഴുതാല്ലോ വായിക്കാല്ലോ.. നല്ല കാര്യാ അത്.. ആരുടെയും ശല്യോം ഇല്ല ."

" നല്ല ഒരു മൈതാന ത്തിന്റെ പേരല്ലേ ഞാൻ ജീവിക്കുന്ന  ഈ പറമ്പിന്റേത് .  തേക്കിൻ കാട്..തൃശൂർ പൂരം പോലല്ലാരുന്നോ പണ്ട് ഇവിടെം..ഇപ്പോള് പൂരം കഴിഞ്ഞു,. കു ടമാറ്റവും, പഞ്ചാരിമേളവും, വെടിക്കെട്ടും കഴിഞ്ഞു, ആൾക്കാർ പിരിഞ്ഞു,..ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയാ ജീവിതവും എല്ലാരും ഉള്ളപ്പോ പൂരംപോലെ ..ഉത്സവം കഴിഞ്ഞാൽ ആൾക്കാർ പിരിഞ്ഞു പോകും..ഇനി ഇങ്ങനൊക്കെ മതീന്നെ..പോരേ "
"ശ്ശോ   മതി മതി.  ഇതിനിടയിൽ .ഞാൻ അന്ന് വേനലിൽ വന്നപ്പോ ഈ മിറ്റത്തു കിടക്കുന്ന നീല വണ്ടീമ്മേ മുകളിൽ കേറി ഒന്ന് ഇരുന്നു നോക്കി.. പൊള്ളുന്ന വെയില് അല്ലാരുന്നോ...കുണ്ടിഭാഗം പൊള്ളിപ്പോയി.ആ പുഴേല് പോയി മുങ്ങി കിടന്ന് പൊള്ളൽ മാറ്റിയിട്ടാ പോയത് ...ന്റെ മോന്റെ വണ്ടിയാ. കൊതി തോന്നി മുകളിൽ കേറി ഇരുന്നതാ.. സാരല്യ..ചത്തു പോയോർക്കു ഇങ്ങനെ കിളിയായും കാക്കയായും ഒക്കെ വരാൻ അല്ലേ പറ്റു. ആർക്കും കണ്ടാലും മനസ്സിലാവൂല്ല. നീ പറഞ്ഞത് പോലെ  ഇങ്ങനൊക്കെ മതീന്നെ.കൂടുതൽ മോഹം ഒന്നും ല്ല്യ . എന്നാലും വരാം ട്ടൊ..പോയി ആ പൊഴേൽ ഒന്ന്  മുങ്ങണം എന്നുണ്ട്... തണുത്തിട്ടു മേലാ... അതെങ്ങനാ മഴ ആണേൽ ഒരു ന്യൂനമർദനം വന്നു പെയ്താൽ മുടിഞ്ഞ പെയ്ത്താ... വെയിൽ തെളിഞ്ഞാൽ സമൂലം പൊള്ളിയും പോകും. ഇത് തന്നെ കലികാലം. ലോകം അവസാനിക്കാറായിന്നാ തോന്നുന്നത്."

"ന്യൂനമർദനം അല്ല ന്യൂനമർദ്ദം എന്നല്ലേ..."

"എന്ത് മർദനം ആയാലെന്താ കാളിയ മർദനം ചെയ്തു കാളിയനെ കൊന്ന കൃഷ്ണൻ പോലും ഇപ്പോ നിന്നെ രക്ഷിക്കാൻ ഇല്ലല്ലോ.  കാണിച്ചു തന്നത്  ഒക്കെ മായക്കാഴ്ച്ച അല്ലെ എന്ന് ഒരു സങ്കടം. സാരല്യ.. എന്തെങ്കിലും ഒരു വഴി തെളിയും.  മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ..ആമേൻ. അവിടെ ജാതീം മതോം ഒന്നും ഇല്ല്യാട്ടോ.  ഗുരു പറഞ്ഞത് പോലെ "ഒരു ജാതി ഒരു മതം ഒരു ദൈവം"  എന്നേ ഉള്ളു"
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക