Image

ഇലക്ഷൻ സത്യസന്ധം; നിയമ നടപടി പേടിയില്ല: ഫൊക്കാന നേതാക്കള്‍

വിൻസന്റ് ഇമ്മാനുവൽ Published on 21 July, 2024
ഇലക്ഷൻ സത്യസന്ധം; നിയമ നടപടി പേടിയില്ല: ഫൊക്കാന നേതാക്കള്‍

മേരിലാന്‍ഡ്: ഇലക്ഷനില്‍ പരാജയപ്പെട്ടവര്‍ പരാതികളും പരിഭവങ്ങളും പറയുന്നതില്‍ അതിശയമില്ലെന്നും ഇലക്ഷനുകള്‍ ഇനിയുമുണ്ടാകുമെന്നും ഫൊക്കാനയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. അതിനു മാറ്റം വേണമെങ്കില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്- അവര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലാതെ  ആരോപണം ഉന്നയിക്കുകയല്ല വേണ്ടത്.

എല്ലാ ഇലക്ഷനുകള്‍ കഴിയുമ്പോഴും ഇത്തരം ആരോപണം ഉണ്ടാകാറുണ്ട്. അത് പ്രതീക്ഷിച്ചതുമാണ്- ട്രസ്റ്റി ബോര്‍ഡ് ചെയര്‍ സജി പോത്തന്‍ പറഞ്ഞു. നിയമത്തിനതീതമായി ഒന്നും ചെയ്തിട്ടില്ല. നിയമപരമായ നടപടികളെ നേരിടും.

150 വോട്ടെങ്കിലും ഫ്രോഡ് ആണെന്ന് പറയുന്നതില്‍ സത്യമുണ്ടോ എന്ന ചോദ്യത്തിന് സെക്രട്ടറി അയച്ചു നല്‍കിയ അപേക്ഷകളാണ് ട്രസ്റ്റി ബോര്‍ഡിന് കിട്ടിയതെന്ന് സജി പോത്തന്‍ പറഞ്ഞു. ഏതൊക്കെ സംഘടനയെ അംഗീകരിക്കണം എന്നു തീരുമാനം എടുക്കുന്നത് സെക്രട്ടറിയാണ്. അതിനുശേഷമാണ് ട്രസ്റ്റി ബോര്‍ഡിന് കിട്ടുന്നത്. ട്രസ്റ്റി ബോര്‍ഡ് അതിനുശേഷം 30 അസോസിയേഷനില്‍ 15 എണ്ണം അംഗീകരിച്ചത് ചര്‍ച്ച ചെയ്ത് ഏകകണ്ഠമായാണ്.

നിയമ നടപടി നേരിടാന്‍ ട്രസ്റ്റി ബോര്‍ഡിനും ഇലക്ഷന്‍ കമ്മിറ്റിക്കും ഭീതിയൊന്നുമില്ലെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. കേസ് കൊടുത്തും മറ്റും നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ സംഘടനയില്‍ കൊണ്ടുവന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ഇവര്‍ 2010 മുതല്‍ 2024 വരെ നടത്തിയ കേസൊന്നും ഫൊക്കാന തോറ്റിട്ടില്ല.

തെറ്റായതോ സംഘടനാ വിരുദ്ധമായതോ ആയ ഒരു കാര്യവും തങ്ങള്‍ ചെയ്തിട്ടില്ലെന്ന് പുതിയ പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. ഇലക്ഷന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി സൗഹൃദപരമായി ഒത്തുപോകാന്‍ എല്ലാവരേയും സ്‌നേഹപുരസരം സ്വാഗതം ചെയ്യുകയാണ്.

അസോസിയേഷനുകള്‍ അംഗത്വത്തിനു അപേക്ഷിക്കുമ്പോള്‍ പരിശോധിച്ച് തീരുമാനമെടുക്കുക എന്നത് സെക്രട്ടറിയുടെ ജോലിയാണ്. ഇത് ചെയ്യാതെ അതെല്ലാം ട്രസ്റ്റി ബോര്‍ഡിനു വിട്ടു.  എക്‌സി. കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡും കൂടിയ കമ്മിറ്റിയാണ് സംഘടനകളെ അംഗീകരിച്ചത്. അതില്‍ സെക്രട്ടറിയും അംഗമായിരുന്നു- പുതിയ സെക്രട്ടറി  ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക