തിരികെയെത്തിയപ്പോള്‍
കാത്തിരുന്നവര്‍ക്കെല്ലാം
ഓരോ കഥകളും പരിഭവങ്ങളും
കൂടെ കൂട്ടാഞ്ഞതിന്‍റെ
മാത്രം
കൂടെ കൂട്ടിയിരുന്നു
ഓരോ നിമിഷവുമെന്ന്
സാക്ഷ്യപ്പെടുത്തിയ
ചേര്‍ത്തു പിടിക്കലുകള്‍
വെറുമൊരു
കെട്ടുകഥയല്ലന്ന്
ഉള്ളിലാളുന്ന
മഴകളറിയുമ്പോള്‍
വീണ്ടും വേണമെന്ന്
വാശിയേറെ പിടിച്ചത്
വീടാണ്
ഓരോ മുക്കിലും മൂലയിലും
വേനലിന്‍റെയും വര്‍ഷത്തിന്‍റെയും
ഉമ്മകളോടൊപ്പം
എരിഞ്ഞുണരുന്നത്
വീടിനും എനിക്കും ഇടയിലുള്ള
തെറ്റിയും തെന്നിയും
വഴുതിയും മാറുന്ന
കണക്കുകളും കണക്കുകൂട്ടലുകളും
വീണുടഞ്ഞതിന്‍റെ
കടുകുമണിയോളം
പോന്നൊരു ശൂന്യതയാണ്
ഒറ്റപ്പെടുന്നതിന്‍റെ
മുറിവുകള്‍
തുന്നിച്ചേര്‍ക്കാനോടിയെത്താറുള്ള
കോളാമ്പിപൂക്കളോ ഇലച്ചെടികളോ
കാണാതെപോകുന്നത്
വീടിന്‍റെ മൗനത്തിലെഴുതുന്ന
അക്ഷരത്തെറ്റുള്ള
വിക്യതികളാണ്
പരിചയമില്ലാത്ത മട്ടിൽ
കടന്നുപോകുന്ന
വഴിപോക്കരെറിയുന്ന
വാക്കെച്ചിലുണങ്ങിയ
പാഥേയങ്ങള്‍
കാറ്റും കനവും
ചവിട്ടി
എവിടേക്കോ മറയുന്നു
തിരിച്ചറിവിന്‍റെ വേര്‍പ്പുമണങ്ങള്‍
നിസ്സഹായതയുടെ തുണ്ടുകള്‍
പെറുക്കി നെരത്തി
എന്നെ അലങ്കരിക്കുമ്പോള്‍
അപ്പോള്‍ മാത്രമാണ്
എന്‍റെമുറ്റത്തും
അടുക്കളയിലും വേവുമണത്തോടൊപ്പം
ചിരിക്കുന്ന ഉമ്മകള്‍
പാറിപ്പറക്കുന്നത്
അപ്പോഴും ഒരുത്തി
തലവരകളുടെ
പെഴച്ച എണ്ണവുമോര്‍ത്ത്
ഒരിരുണ്ടമൂലയില്‍.....