Image

മരണം പെയ്തിറങ്ങി വയനാട്ടിൽ വീണ്ടും മഹാ ദുരന്തം;ഗാഡ്ഗിലിനു ഉത്കണ്ഠ (കുര്യൻ പാമ്പാടി)

Published on 30 July, 2024
മരണം പെയ്തിറങ്ങി വയനാട്ടിൽ വീണ്ടും മഹാ ദുരന്തം;ഗാഡ്ഗിലിനു ഉത്കണ്ഠ (കുര്യൻ പാമ്പാടി)

പതിനേഴു പേരുടെ മരണം കണ്ട പുത്തുമല ദുരന്തത്തിനു അഞ്ചു വർഷത്തിനു ശേഷം വയനാട്ടിൽ വീണ്ടും മരണം പെയ്തിറങ്ങി. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിൽ  മരണം നൂറുകവിഞ്ഞു. എണ്ണം  മുകളിലേക്ക് പോകും.  

മേപ്പാടിക്കടുത്ത്  തേയിലക്കാടുകൾ മൂടിയ ചൂരൽമല, മുണ്ടക്കൈ, അട്ടമല,വെള്ളരിമല മേഖലകളിൽ കോരിചൊരിയുന്ന  മഴയ്ക്ക് പിന്നാലെ  മലയിടിഞ്ഞു ചാലിയാർപ്പുഴയുടെ കൈവഴിയായ ഇരവഞ്ഞിപ്പുഴയിൽ പതിച്ചതു കൊച്ചു വെളുപ്പാൻകാലത്താണ്.

മുണ്ടക്കൈ മലയിൽ ആളുകൾ കൂട്ടമായി താമസിച്ചിരുന്ന ഒരു ഗ്രാമം പാടെ കുത്തിയൊലിച്ചു പോവുകയായിരുന്നു. ചൂരൽ മലയെയും മുണ്ടക്കൈ മലയെയും ബന്ധിപ്പിക്കുന്ന മുന്നൂറു  മീറ്റർ നീളമുള്ള പാലം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.

പേമാരിയും കോടമഞ്ഞും കാരണം ലാൻഡ് ചെയ്യാൻ കഴിയാതിരുന്ന രണ്ടു ഹെലികോപ്റ്ററുകൾ ആറുമണിക്ക് ലാൻഡ് ചെയ്തു. മഴയും ഇരുളും വകവയ്ക്കാതെ   അവർ ഒറ്റപെട്ടവരെ മാറ്റിത്തുടങ്ങി.


വയനാട് ദുരന്തത്തിന്റെ ആകാശക്കാഴ്ച്ച

സൈന്യം താൽക്കാലിക  ബെയ്‌ലി പാലവുമായി പുറപ്പെട്ടുവെങ്കിലും  അത് ദുരന്തഭൂമിയിൽ എത്തിക്കാൻ കാലതാമസം വന്നതിനാൽ   വടം  കെട്ടി ആളുകളെ കെട്ടിവലിച്ചു  രക്ഷപ്പെടുത്താനാണ്‌ ആദ്യം ശ്രമിച്ചത്‌.

രാഹുൽ ഗാന്ധിയുടെ മണ്ഡലമായിരുന്ന  വയനാട്ടിൽ വീണ്ടുമെത്തിയ  ദുരന്തത്തിൽ സഹായം ഒരുക്കൂട്ടാൻ കേന്ദ്രഗവര്മെന്റ് അതിവേഗത്തിൽ ഉണർന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യനെ അങ്ങോട്ട് നിയോഗിച്ചു. അഞ്ചു  സംസ്ഥാന മന്ത്രിമാരും  എല്ലാ കക്ഷികളുടെയും എംഎൽഎമാരും നേതാക്കളേയും സ്ഥലത്തെത്തി.

ബ്രിട്ടീഷ്  കാലത്ത് രൂപമെടുത്ത തേയില, കാപ്പിത്തോട്ടങ്ങളുടെ നടുമുറ്റത്താണ്  പ്രകൃതി ദുരന്തം കൂടെക്കൂടെ എത്തുന്നത്.  ബ്രിട്ടീഷ് വൈസ്രോയി റിപ്പൺ പ്രഭുവിന്റെ പേരു വഹിക്കുന്ന റിപ്പൺ എസ്റ്റേറ്റ് ആണ് ഇവയിൽ ഒന്ന്. രണ്ടായിരം ഏക്കർ വരും. ടൂറിസ്റ്റുകളുടെ പറുദീസ.

സൈന്യത്തിന്റെ രക്ഷാപ്രവർത്തനം

 

റിപ്പൺ ടീ ഫാക്ടറിയിൽ സേവനം ചെയ്യുന്ന സുരേഷും സംഘവും എസ്റ്റേറ്റിലെ വ്യൂ പോയിന്റിൽ നിന്ന് അപകട മേഖല നേരിട്ട് കണ്ടു ചിത്രങ്ങളും വീഡിയോയും  എനിക്ക് അയച്ചു തന്നു.  റിപ്പണിൽ ജനിച്ചു വളർന്ന ആളാണ്‌ 58 എത്തിയ സുരേഷ്. സുരേഷിന്റെയും ഗീതയുടെയും ഏക മകൾ അതുല്യ  എംജി യൂണിവേഴ്‌സിറ്റി ഗാന്ധി സ്‌കൂളിൽ തേയിലത്തോട്ട തൊഴിലാളികളുടെ ജീവിതത്തെ പറ്റി ഡോക്ടറൽ ഗവേഷണം നടത്തുകയാണ്.  

ദുരന്ത ചിത്രം അയച്ചതു തന്നത് ഫാക്ടറി സൂപ്പർവൈസർമാർ  രാമചന്ദ്രൻ, പദ്മനാഭൻ എന്നിവരും കൂടെയുള്ള ബാബുവും സുരേഷും. വീഡിയോ അയച്ചുതന്നതു ഫാക്റ്ററി  മാനേജർ മലപ്പുറം സ്വദേശി സുമിത്രൻ.

ചൂരൽമല-മുണ്ടക്കൈ പാലം തകർന്ന ഇരവഞ്ഞിപ്പുഴ മേഖല

 

വിദേശീയരും തദ്ദേശ്യരുമായ ടൂറിസ്റ്റുകൾ ഈ മേഖലയിലെ ചില റിസോർട്ടുകളിൽ കുടുങ്ങി. അവരെയെല്ലാം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ഹെലികോപ്റ്റർ എത്തിക്കാൻ ശ്രമം നടന്നെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം വൈകുന്നേരം വരെ ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. എത്തിയതാകട്ടെആറു മണിക്ക് മഴയും ഇരുളും വകവയ്ക്കാതെ രണ്ടു ഹെലികോപ്റ്ററുകൾ പ്രവർത്തനം തുടങ്ങി.

പാതിരാകഴിഞ്ഞപ്പോൾ നടന്ന അപകടത്തിന്റെ വിവരം  ഭരണകേന്ദ്രമായ തിരുവനന്തപുരത്ത് അതിരാവിലെ എത്തിയെങ്കിലും മന്ത്രിമാർ കോഴിക്കോട്ടു  വിമാനം ഇറങ്ങുമ്പോൾ നട്ടുച്ചയായി. അവിടെ നിന്ന് വയനാട്ടിലേക്ക് കുതിച്ചെങ്കിലും അവിടെ കാർ മാർഗം ഏതാണാ പിന്നെയും മൂന്നുമണിക്കൂർ എടുത്തു. താമരശ്ശേരിയിൽ നിന്ന് മേപ്പാടി വരെയുള്ള ചുരത്തിൽ ഉണ്ടായ ട്രാഫിക് ജാം  അവരെ വീണ്ടും തടഞ്ഞു.

ദുരന്തത്തിൽ തകർന്നടിഞ്ഞ നാട്

 

കോഴിക്കോട് ജില്ലയിലെ കുടിയേറ്റമേഖലയായ  തിരുവാമ്പാടി  പഞ്ചായത്തിലെ ആനക്കാംപൊയിലിൽ നിന്ന് തുരങ്കപ്പാത വഴി വയനാട്ടിലേക്ക് സമാന്തര മാർഗം സൃഷ്ടിക്കാനായുള്ള പദ്ധതി മുന്നോട്ടു പോവുകയാണ്. ൧൦൦ 100 കിമീ നീളവും പത്തു മീറ്റർ വീതിയുമുള്ള ഇരട്ടപ്പതയാണ് വിഭാവനം ചെയ്യുന്നത്.

നൂറ്റെഴുപതു  കിമീ നീളമുള്ള ചാലിയാർ പുഴയിൽ അടിഞ്ഞുകൂടിയ മൃതദേഹങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ വിളിച്ചറിയിച്ചത്.  നീലഗിരി മലകളിൽ നിന്നെ ആരംഭിക്കുന്ന പുഴ വയനാട് ജില്ലയിൽ നിന്ന് മലപ്പുറം ജില്ല വഴി കോഴിക്കോട് ജില്ലയിൽ കടന്നു ബേപ്പൂരിൽ  എത്തി അറബിക്കടലലിൽ ചേരുകയാണ്.

ഉത്കണ്ഠ പങ്കുവച്ച മാധവ് ഗാഡ്ഗിൽ, ജോൺ കുര്യൻ

 

നീലഗിരി ഉൾപ്പെടുന്ന പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണനത്തിൽ അതീവ താല്പര്യമുള്ള പരിസ്ഥിതി പ്രവർത്തകാരുടെ ഗുരു ഡോ. മാധവ്   ഗാഡ്ഗിൽ കോഴിക്കോടുള്ള സുഹൃത്ത് ഡോ. ജോൺ കുര്യനെ അതിരാവിലെ  വിളിച്ച് ദുരന്തത്തെപ്പറ്റിയുള്ള വിശദ വിവരങ്ങൾ ആരാഞ്ഞു. പശിമഘട്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ  പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ചവരാണ് ഇരുവരും. ഡോ. ജോൺ ആകട്ടെ സുനാമിയുടെ പിന്നാലെ ഇന്തോനേഷ്യയിൽ നാലുവര്ഷത്തിലേറെ സേവനം ചെയ്ത ആളും.

ദുരന്തചിത്രങ്ങൾ എത്തിച്ച റിപ്പൺ ഫാക്ടറി ജീവനക്കാർ

 

മലകൾ നിറഞ്ഞ കേരളത്തിൽ വിമാനങ്ങൾ ഇറങ്ങാനുള്ള  കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടാകണമെന്നു അടിവരയിട്ടു പറയുന്നു വയനാട് ദുരന്തം. പ്രത്യേകിച്ച്  മലകൾ നിറഞ്ഞ ഇടുക്കി ജില്ലയിൽ. അടിയന്തിരമായി  എരുമേലിയിലോ  അതിനടുത്തോ  അഞ്ചാമത്തെ എയർപോർട് തുറക്കണം.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക