Image

ഷൂട്ടിങ്ങില്‍ മൂന്നാം മെഡല്‍; ബോക്‌സിങ്ങിലും ബാഡ്മിൻ്ററിലും തിരിച്ചടി (സനില്‍ പി തോമസ്)

Published on 01 August, 2024
ഷൂട്ടിങ്ങില്‍ മൂന്നാം മെഡല്‍; ബോക്‌സിങ്ങിലും  ബാഡ്മിൻ്ററിലും   തിരിച്ചടി (സനില്‍ പി തോമസ്)

പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്നാമത്തെ വെങ്കലം ലഭിച്ചപ്പോള്‍, ബോക്‌സിങ്ങില്ലും ബാഡ്മിൻറനിലും തിരിച്ചടി നേരിട്ടു. ഹോക്കിയില്‍ ആദ്യ പരാജയവും രുചിച്ചു. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും ഏറെ പ്രതീക്ഷയോടെ പോയി വെറും കൈയോടെ മടങ്ങി വന്ന അനുഭവമായിരുന്നു ഷൂട്ടിങ്ങ് താരങ്ങളുടേത്. പാരിസില്‍ കഥ മാറി. ഇന്ന് 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ സ്വപ്‌നില്‍ കുശാലെ വെങ്കലം നേടി. മനു ഭാക്കറിന്റെ വ്യക്തിഗത  വെങ്കലത്തിനും മനു-സ രോബ്ജിത് മിക്‌സ്ഡ് ടീമിന്റെ  വെങ്കലത്തിനും തുടര്‍ച്ചയായിട്ടാണ് സ്വപ്‌നില്‍ പോഡിയത്തില്‍ കയറിയത്.

ക്വാളിഫയിങ് റൗണ്ടില്‍ ഏഴാമതായിരുന്ന സ്വപ്‌നില്‍ ത്രീ പൊസിഷനിലെ ആദ്യ പൊസിഷന്‍ ആയ നീലിങ് 15 ഷോട്ട് പൂര്‍ത്തിയാക്കിയപ്പോള്‍ 101.7 പോയിന്റോടെ ആറാമതായിരുന്നു. രണ്ടാം പൊസിഷന്‍, പ്രോണ്‍ 15 ഷോട്ട് കഴിഞ്ഞപ്പോള്‍ 310.1 പോയിന്റോടെ അഞ്ചാമതായി. അവസാന പൊസിഷന്‍ ആയ സ്റ്റാന്‍ഡിങ്ങ് 10 ഷോട്ട് കഴിഞ്ഞപ്പോള്‍ മൂന്നാമത് വന്നു.(411.6 പോയിന്റ്).
40 ഷോട്ട് കഴിയുമ്പോള്‍ പിന്നിലുള്ള രണ്ടു പേര്‍ പുറത്താകും. പിന്നെ അടുത്ത അഞ്ചു ഷോട്ടില്‍, ഓരോ ഷോട്ടിലും ഓരോരുത്തര്‍ പുറത്താകും. 44 ഷോട്ടായപ്പോള്‍ സ്വപ്‌നില്‍ പുറത്തായത് മൂന്നാം സ്ഥാനവുമായി.(ശേഷിക്കുന്ന ഒറ്റി ഷോട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും നിശ്ചയിക്കും). സ്വപ്‌നില്‍ കുശാല്‍ 451.4 പോയിന്റുമായി മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ യഥാക്രമം 453.7, 451.9 ക്രമത്തില്‍ ആയിരുന്നു. ഒടുവില്‍ 463.6 ല്‍ ചൈനയുടെ  ലോക ഒന്നാം നമ്പര്‍ താരം ലിയു സ്വര്‍ണ്ണം കരസ്ഥമാക്കി.

ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന്റെ ആരവം അടങ്ങും മുമ്പ് ഹോക്കിയില്‍ ഇന്ത്യ നിലവിലെ  സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തിനോട് പരാജയപ്പെട്ടു(1-2). ഇനി നേരിടാനുള്ളത് കരുത്തരായ ഓസ്‌ട്രേലിയയെയും. എങ്കിലും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. പിന്നീടുള്ള മുന്നേറ്റം കടുപ്പമായിരിക്കും.

ബോക്‌സിങ്ങില്‍, രണ്ടു തവണ ലോക ചാമ്പ്യനായ നിഖാത് സരിന്‍ 50 കിലോ വിഭാഗത്തില്‍ ചൈനയുടെ, നിലവിലെ ലോക ചാമ്പ്യന്‍ വു യുവിനോട് തോറ്റത് ഏകപക്ഷീയമായിട്ടാണ്(0-5). നിഖാത് പതിവ് ഫോമില്‍ അല്ലായിരുന്നു. മാത്രമല്ല, പ്രീക്വാര്‍ട്ടറില്‍ തന്നെ ഇത്രയും കരുത്തുറ്റ എതിരാളിയെ കിട്ടിയത് നിര്‍ഭാഗ്യവുമായി. റഫേല്‍ നദാല്‍-ജോക്കോവിച്ച്, ടെന്നിസ് രണ്ടാം റൗണ്ട് മത്സരം പോലെയായിപ്പോയി ഇതും. ടോക്കിയോയിലെ വെങ്കല മെഡല്‍ ജേത്രി ലൗലീന ബോര്‍ഗോഹെയ്ന്‍ ആദ്യമത്സരം ജയിച്ചെങ്കിലും മുന്നോട്ടുള്ള പാത സുഖമമല്ല.
ലോക മൂന്നാം നമ്പർ ആയ ചിരാഗ് ഷെട്ടി - റാങ്കി റെഡ്ഡി സഖ്യം ക്വാർട്ടറിൽ മലേഷ്യയുടെ ആരോൺ ചിയ-സോ വുയി സഖ്യത്തോട് തോറ്റത് (21-13 ,14-21, 16 - 21 ) ഇന്ത്യക്കു കനത്ത തിരിച്ചടിയായി. നിർണായക സെറ്റിൽ മൂന്നു പോയിൻ്റ് ലീഡ് (14-11) നേടിയ ശേഷമാണ് ഇന്ത്യൻ ടീം മത്സരം കൈവിട്ടത്.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് തുടക്കമായതോടെ ഇനി ശ്രദ്ധ അങ്ങോട്ടു തിരിയും. ഇന്ത്യയുടെ പ്രതീക്ഷ, നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോകചാമ്പ്യനുമായ നീരജ് ചോപ്രയില്‍ തന്നെ. ജാവലിനില്‍ നീരജ് ഇത്തവണയും ഇന്ത്യക്കു മെഡല്‍ സമ്മാനിക്കും എന്നു പ്രതീക്ഷിക്കാം. ഈ സീസണില്‍ പക്ഷേ, അധികം രാജ്യാന്തര മത്സരങ്ങളില്‍ നീരജിനു പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. നീരജിന് അപ്പുറം ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്കു പ്രതീക്ഷയില്ല. ഒന്നോ രണ്ടോ ഫൈനല്‍ ബെര്‍ത്ത് ഉണ്ടായാല്‍ ഭാഗ്യം അത്രമാത്രം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക