Image

ഇവിടൊരു ഗ്രാമമുണ്ടായിരുന്നു: (കവിത, മിനി സുരേഷ്)

Published on 01 August, 2024
ഇവിടൊരു ഗ്രാമമുണ്ടായിരുന്നു: (കവിത, മിനി സുരേഷ്)

 

ഇവിടൊരു ഗ്രാമമുണ്ടായിരുന്നു

കോടമഞ്ഞ് പുതച്ച് നിന്ന നാട്

കുന്നും .മലകളും താഴ്‌വാരവുമായ്

പ്രകൃതി കനിഞ്ഞരുളിയ നാട്

പാതയോരത്തിനിരുപുറവുമായ്

ചുറ്റിപ്പിണഞ്ഞ പച്ചപ്പടർപ്പുകൾ

നീലകിരണങ്ങൾ തഴുകിത്തലോടുന്ന

തേയിലക്കാടും കാട്ടുകാറ്റുമന്തിത്തണുപ്പും

മർത്ത്യന്റെ തൃഷ്ണക്കുത്തരമായവിടിന്നു

ക്ഷിതിയുടെ വികൃതികൾ നിയതമിരമ്പുന്നു

ഉരുൾപൊട്ടിയൊഴുകിയ ഇരുണ്ട മാമല

മഴവെള്ളപ്പാച്ചിലിൽ മണ്ണു നൽകിയതെല്ലാം

മണ്ണിനു കവർന്നെടുക്കാൻ നൽകുന്നു

വിലാപഭൂമിയിൽ നെഞ്ചുലക്കുന്ന കണ്ണീർക്കാഴ്ചകൾ ബാക്കിയാവുന്നു

ഒരൊറ്റ രാത്രി മാഞ്ഞപ്പോളൊരുമിച്ചുറങ്ങിയവർ

 ആരോരുമില്ലാത്തവരായ് വിതുമ്പുന്നു

തകർന്നടിഞ്ഞ വീടുകൾ രക്ഷാകരം

കാത്തു കിടക്കുന്ന ജീവസ്പന്ദനങ്ങൾ

യജമാനനെ തേടിയലയുന്ന വളർത്തുമൃഗങ്ങൾ

ഒരായുസ്സു കൂട്ടി വച്ച സ്വപ്നങ്ങളത്രയും

ചെളിയിൽ പുതഞ്ഞു ജീവിതമൊരു ചോദ്യചിഹ്നമായ് നടുക്കമേകുന്നു

ഉറ്റവരെവിടെയെന്നറിയാത്തവരുടെയഴലുകൾ

മരണത്തിൻ നിഴലെങ്ങും തേങ്ങുന്നു

പ്രകൃതി കണക്കു തീർത്തു മടങ്ങിയപ്പോൾ

സങ്കടം മാത്രമിരമ്പി നിൽക്കുമീനാടിനെ

കരങ്ങളൊരായിരമൊത്തു ചേർത്ത്

തുടച്ചു നീക്കിയതെല്ലാം തിരിച്ചെടുക്കണ്ടേ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക