ആലപ്പുഴയുടെ അഭിവന്ദ്യ ഗുരുഭൂതൻ എന്നറിയപ്പെടുന്ന കല്ലേലി രാഘവൻ പിള്ളയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമണ് ‘’നിധയേ സർവ്വ വിദ്യാനാം..’’ ആലപ്പുഴയുടെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും സഞ്ചരിച്ച കല്ലേലി സാറിന്റെ ജിവചരിത്രം ആലപ്പുഴയുടെ ചരിത്രം കൂടിയാണ്.
പ്രശസ്ത സാഹിത്യകാരനായിരുന്ന ഇ.വി.കൃഷ്ണപിള്ള ഉൾപ്പെടെയുള്ള പ്രഗൽഭർ പഠിച്ചിരുന്ന ആലപ്പുഴ നഗര ഹൃദയത്തിലെ പ്രധാന വിദ്യാലമായ സനാതന ധർമ്മ വിദ്യാലയത്തിലെ അദ്ധ്യാപകനായും, നാട്ടിലെ സാംസ്ക്കാരിക സദസ്സുകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കല്ലേലി സാറിന്റെ ഓർമ്മകളിലൂടെ കടന്നു പോകുമ്പോൾ നാം ആലപ്പുഴയുടെ ചരിത്രത്തിലൂടെയാണ് കടന്നു പോകുന്നത്.
മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യഭാഗം അറുപത്തിയൊന്ന് വർഷം നീണ്ടു നിന്ന ദാമ്പത്യ ബന്ധത്തിന്റെ ഊഷ്മളമായ ഓർമ്മകളാണ് ഈ പുസ്തകം കല്ലേലി സാർ സമർപ്പിച്ചിരിക്കുന്നതും തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്ന പ്രിയതമയ്ക്കാണ്.പ്രിയതമയെ ആദ്യമായി കണ്ടതു മുതലുള്ള കുടുംബജീവിതത്തിന്റെ നേർച്ചിത്രം ഹൃദയാവർജ്ജകമായി അദ്ദേഹം വരച്ചിടുന്നു.
രണ്ടാം ഭാഗത്ത് വിവിധ കാലഘട്ടങ്ങളിൽ രചിച്ച വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ്.
ഉണരുന്ന സാഗര തീരം എന്ന ലേഖനത്തിൽ ആലപ്പുഴയുടെ ചരിത്ര സ്മാരകങ്ങളെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും ടി.വി. തോമസ് ഉൾപ്പെടെയുള്ള നേതാക്കൻമാരുടെ പ്രവർത്തന പഥങ്ങളിലൂടെ കടന്നു പോകുന്നു. ആലപ്പുഴയുടെ പഴയ ചരിത്രം പഠിക്കാൻ ഉതകുന്ന ഒരു മുതൽക്കൂട്ടു കൂടിയാണ് ഈ ലേഖനം.
ഗതകാല പ്രൗഢിയുടെ കഥകളുമായി നിൽക്കുന്ന ആലപ്പുഴ കടൽപ്പാലം കാണുമ്പോൾ ആലപ്പുഴയുടെ തുറമുഖത്തിന്റെയും രാജകീയകാലങ്ങളുടെയും വായിച്ചും കേട്ടും അറിഞ്ഞ കഥകൾ ഓർമ്മയിലെത്താറുണ്ട്, കല്ലേലി സാർ ഒരു തുറമുഖം പിറക്കുന്നു എന്ന ലേഖനത്തിൽ അതാണ് ഓർമ്മിക്കുന്നത്. കാർത്തിക തിരുനാൾ രാജാവിന്റെ മന്ത്രിയായിരുന്ന രാജാ കേശവദാസ് ആയിരുന്നു ആലപ്പുഴ തുറമുഖത്തിന്റെ ശിൽപ്പി. തുറമുഖത്തിന്റെ മാത്രമല്ല, ആലപ്പുഴ നഗരത്തിന്റെയും ശിൽപ്പി അദ്ദേഹമാണല്ലോ?
ആലപ്പുഴ കടപ്പുറത്തിന്റെ നിർമ്മിതിയും അതിനു ശേഷം വ്യവസായികളെ ക്ഷണിച്ചു വരുത്തി താമസിപ്പിച്ചതും ക്രമേണ അത് ആലപ്പുഴയുടെ മുഖച്ഛായ മാറ്റുവാനിടയായതുമെല്ലാം അദ്ദേഹം വിവരിക്കുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ തപാലാപ്പീസ് ആലപ്പുഴയിൽ 1857ൽ സ്ഥാപിതമായതും പിന്നീട് കമ്പിയാഫീസ് നിലവിൽ വന്നതുമുൾപ്പെടെ പലകാര്യങ്ങളും പുതിയ തലമുറയ്ക്ക് പുതിയ അറിവായിരിക്കും.
ഏറ്റവും കൂടുതൽ പാലങ്ങളുള്ള നഗരവും പാലങ്ങളുടെ പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങളുള്ള നഗരവും ഒരു പക്ഷേ, ആലപ്പുഴയായിരിക്കണം. പാലങ്ങളുടെ കഥകൾ പറഞ്ഞു പോകുന്ന കൂട്ടത്തിൽ ഗ്രന്ഥകാരൻ പറയുന്നത് ആലപ്പുഴയെ സംബന്ധിച്ച് വളരെ യാഥാർത്ഥ്യമാണ് ’’ആലപ്പുഴയുടെ ഭാഗ്യവും നിർഭാഗ്യവും പാലങ്ങളാണ്. ഇരുമ്പു പാലം, കല്ലുപാലം, മുപ്പാലം, ശവക്കോട്ടപ്പാലം, കല്ലൻ പാലം, കൊത്തുവാൾ ചാവടിപ്പാലം, കൊച്ചുകടപ്പാലം ഇങ്ങനെ ആലപ്പുഴയുടെ ഗതകാല പ്രൗഡി വിളിച്ചോതി നിൽക്കുന്ന പാലങ്ങളുടെ പേരുകൾക്ക് പിന്നിലും ഓരോ ചരിത്രമുണ്ട്.
ക്രമേണ ആലപ്പുഴയുടെ പ്രതാപം കൊച്ചിയിലേക്ക് മാറിയത് വരെയുള്ള ചരിത്രം ഗ്രന്ഥകാരൻ വിശദമായി തന്നെ പറഞ്ഞു വെക്കുന്നു.വിവിധകാലഘട്ടങ്ങളിൽ മുനിസിപ്പൽ ചെയർമാൻമാരായിരുന്നവർ,അവരുടെ ഭരണ നേട്ടങ്ങൾ, രാജഭരണത്തിന്റെ ചിത്രങ്ങൾ, സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾ, വിമോചന സമരം..അങ്ങനെ ഒട്ടനവധി ചരിത്രമുഹൂർത്തങ്ങൾ ആലപ്പുഴയെ എങ്ങനെ ബാധിച്ചു എന്നും കല്ലേലി സാർ വിവരിക്കുന്നു..മുഹമ്മദൻസ് സ്ക്കൂൾ, എസ്.ഡി.വി. സ്ക്കൂൾ അങ്ങനെ നഗരത്തിൽ ഇന്ന് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന വിദ്യാലയങ്ങളുടെ സ്ഥാപന ചരിത്രങ്ങളും അദ്ദേഹം വിശദമായി രേഖപ്പെടുത്തുന്നു, പുതിയ തലമുറയ്ക്ക് മാത്രമല്ല, പഴയ തലമുറയിൽപ്പെട്ട പലർക്കും ഇതൊക്കെ പുതിയ അറിവായിരിക്കും.
മുന്നാം ഭാഗത്തിൽ അദ്ദേഹത്തെ സ്വാധീനിച്ച അദ്ധ്യാപകരെയും സാഹിത്യകാരൻമാരെയും മറ്റ് മഹദ് വ്യക്തിത്വങ്ങളെയും കുറിച്ചുള്ള ഓർമ്മകളും, അവരുമായി തന്റെ ജീവിതം എങ്ങനെ ബന്ധപ്പെട്ടിരുന്നു എന്ന വിവരണവുമാണ്.
ഗാന്ധിജി ഉൾപ്പെടെ ആലപ്പുഴയിൽ വന്നു പോയ മഹാൻമാരായ നേതാക്കന്മാരുടെയും ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള മത സാംസ്ക്കാരിക നായകൻമാരുടെയും കാര്യവും ഗ്രന്ഥകാരൻ വിവരിക്കുന്നു.ഹാസ്യസാഹിത്യകാരനും നോവലിസ്റ്റുമായിരുന്ന അതോടൊപ്പം പ്രശസ്തമായ ഇംഗ്ളീഷ് മലയാളം നിഘണ്ടു അടക്കം നിരവധി നിഘണ്ടുക്കളുടെ കർത്താവുമായ ആലപ്പുഴക്കാരനായ സി.മാധവൻ പിള്ള ഉൾപ്പെടെ ആലപ്പുഴയുടെ സാംസ്ക്കാരിക യശസ്സുയർത്തിയ സാഹിത്യകാരൻമാരെയും സാംസ്ക്കാരിക നായകരെയുമൊക്കെ അദ്ദേഹം വിശദമായി തന്നെ പരിചയപ്പെടുത്തുന്നു.
ഡോക്ടർ സുകുമാർ അഴീക്കോട് കല്ലേലി രാഘവൻപിള്ള സാറിനെ വിശേഷിപ്പിച്ചത് ‘’ആലപ്പുഴയുടെ പുരാണ പുരുഷൻ’’ എന്നാണ്. ആലപ്പുഴയുടെ പുരാണ പൈതൃകങ്ങളുടെ ചരിത്രസാക്ഷിയായ അദ്ദേഹത്തിന് അത്രത്തോളം അനുയോജ്യമായ പേര് വേറേ ഇല്ല തന്നെ, ശുഭ്രവസ്ത്രധാരിയായി, കാലൻ കുടയും പിടിച്ച്, മനസ്സിലെ നന്മപോലെ നിറഞ്ഞ ചിരിയുമായി, പരിചയക്കാരോട് സൗഹൃദം പങ്കുവെച്ച് ആലപ്പുഴ നഗരത്തിലൂടെയുള്ള കല്ലേലി സാറിന്റെ യാത്ര കുറെ നാൾ മുമ്പ് വരെ സ്ഥിരം കാഴ്ച്ചയായിരുന്നു. ആലപ്പുഴയിലെ ഏത് സാംസ്ക്കാരിക വേദികളിലും അദേഹം സ്ഥിരസാന്നിദ്ധ്യമായിരുന്നു.
അടുത്തകാലത്ത് വിടപറഞ്ഞ അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന ഡോ.അമ്പലപ്പുഴ ഗോപകുമാർ സാറിന്റെ ശ്രദ്ധേയമായ അവതാരികയും, എസ്.ഡി.വി.സ്ക്കൂളിൽ കല്ലേലി സാറിന്റെ സഹാദ്ധ്യാപകനായിരുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ പ്രൊ.എം.കെ.സാനു മാഷിന്റെ കുറിപ്പും മകൾ ഡോ.ചിത്രയുടെ ആമുഖവും ഏറെ ശ്രദ്ധേയമാണ്.
അദ്ധ്യാപകൻ, പ്രാസംഗികൻ, എഴുത്തുകാരൻ, പത്രാധിപർ..അങ്ങനെ ആലപ്പുഴയിൽ നിറഞ്ഞു നിന്ന കല്ലേലി സാറിന്റെ ഓർമ്മക്കുറിപ്പുകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത് എന്തു കൊണ്ടും അഭിനന്ദാർഹമാണ്. ആലപ്പുഴയുടെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും സഞ്ചരിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ ആലപ്പുഴയുടെ കൂടി ചരിത്രവും ഓർമ്മകളുമാണ്. അതു കൊണ്ട് തന്നെ ഈ പുസ്തകം ഒറ്റ വായനയിൽ മാറ്റിവെക്കേണ്ട ഒരു പുസ്തകമല്ല, ഭാവിതലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണെന്നതിൽ സംശയമില്ല.
പ്രസാധനം.. നാദം ബുക്സ്, ആലപ്പുഴ
വില 560