Image

വനരോദനം (രചന: ജി. പുത്തന്‍കുരിശ്, ഗായകന്‍: വില്‍സ്വരാജ്)

Published on 11 August, 2024
    വനരോദനം (രചന: ജി. പുത്തന്‍കുരിശ്, ഗായകന്‍: വില്‍സ്വരാജ്)

https://youtu.be/-GkfMWPxeVc?si=kAxNpj84ICPaUrZD

 

(നാം ജീവിക്കുന്ന ഈ ഭൂമി അതിശയിപ്പിക്കുന്നഒരു ഗ്രഹമാണ്. പക്ഷെ അവള്‍  ഉത്കൃഷ്ടവതിയായിനിലനില്ക്കണമെങ്കില്‍ നമ്മളുടെ സഹായം കൂടിയേതീരു.)

ഓര്‍ക്കുക മര്‍ത്ത്യരെ നിങ്ങളെന്നും
പാര്‍ക്കുമിഭൂതലം മാതൃഭൂമി.
കുന്നും മലകളം കാടുകളും
എന്നല്ലതിലുള്ള പ്രാണികളും
അമ്മ! ധരത്രിതന്‍ മക്കളല്ലോ!
അമ്മയെ കാക്കുവാന്‍ ബദ്ധരല്ലോ!

കര്‍ത്തവ്യബദ്ധരാം കാടുകള്‍ക്കും
ഒത്തിരികര്‍മ്മങ്ങള്‍ ഉണ്ടുചൊല്ലാം
നിങ്ങള്‍ ശ്വസിക്കുമാ ശുദ്ധവായു
ഞങ്ങള്‍തന്‍ പ്രാണന്റെ ത്യാഗമല്ലോ?
പാരിസ്ഥിതികളെ കാത്തു ഞങ്ങള്‍
പാരിടം തീര്‍ക്കുന്നു വാസയോഗ്യം
മഞ്ഞും മഴയും വെയിലുംമെല്ലാം
കുഞ്ഞിളംകാറ്റിന്‍ കുളിര്‍മപോലും
മര്‍ത്ത്യരെ നിങ്ങള്‍ക്കു നല്‍കിടുവാന്‍
കര്‍ത്തവ്യബദ്ധരാം കാടുഞങ്ങള്‍.

കാലഭേദം വരുത്തി ഞങ്ങള്‍
പാലനം ചെയ്യുന്നു ഭൂതലത്തെ
മണ്ണിടിച്ചില്‍ ജലപ്രളയം
മണ്ണിന്റെ വീര്യദ്രവീകരണം
മാറ്റിതടുത്തിടാന്‍ ഓടിടുന്നു
കാടിന്റെ വേരുകള്‍ നാലുപാടും

നിങ്ങള്‍ തന്‍ ആരോഗ്യപാലനത്തില്‍
ഞങ്ങള്‍തന്‍പങ്കേറെ ഓര്‍ത്തിടുവിന്‍
നിങ്ങള്‍ മുടിച്ചിടും കാട്ടിലല്ലെ
തിങ്ങിവളരുന്നു ഔഷധങ്ങള്‍
സൂര്യന്റെ കൈയില്‍ ഒളിച്ചിരിക്കും
ഘോരമാം പാടലവര്‍ണ്ണരാജി
നിങ്ങളില്‍ വന്നു പതിച്ചിടാതെ
ഞങ്ങളികാടുകള്‍ കാത്തിടുന്നു.

ചൊല്ലുവാന്‍ ഒട്ടേറെ ഉണ്ടിവിടെ
ഇല്ല നിറുത്തുന്നു ഖേദമോടെ!
കാടുകള്‍ വെട്ടിനിരത്തിടുമ്പോള്‍
ഓര്‍ക്കുക നീ നിന്റെ പ്രാണനെതാന്‍.

https://youtu.be/-GkfMWPxeVc?si=kAxNpj84ICPaUrZD

 

 

Join WhatsApp News
Sudhir Panikkaveetil 2024-08-11 17:14:08
കവികൾ ക്രാന്തദർശികളാണ്. കവിതയുടെ തലക്കെട്ട് വനരോദനം വളരെ ഉചിതമായിട്ടുണ്ട്. വനരോദനം എന്നാൽ ആരും കേൾക്കാത്ത കരച്ചിൽ അല്ലെങ്കിൽ വ്യർത്ഥമായ കരച്ചിൽ എന്നൊക്കെ അർത്ഥമുണ്ട്. കവിക്കറിയാം കവി വെറുതെ വിലപിക്കയാണെന്നു. നിഷ്പ്രയോജനമെങ്കിലും ഈ കരച്ചിൽ കുറേപേർ കേൾക്കുമെന്ന് കവി ആശിക്കുന്നുണ്ടാകും. നിരായുധയായ പ്രകൃതിയുടെ മുന്നിൽ ആയുധധാരിയായ മനുഷ്യൻ സംഹാരതാണ്ഡവം ആടുന്നു. ഇങ്ങനെയൊക്കെയുള്ള പ്രതികരണങ്ങൾ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ സഹായകമാകും. അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകളെയും വനരോദനങ്ങൾ എന്ന് വിശേഷിപ്പിക്കാം. അഭിനന്ദനങ്ങൾ പ്രിയ കവി ജോർജ്ജ് പുത്തൻ കുരിശൂ.
Jayan varghese 2024-08-11 19:02:58
ഒരു മനുഷ്യന് ജീവിച്ചു മരിക്കാൻ അവന്റെ ചുറ്റിലുമുള്ള ചെറിയ സാഹചര്യങ്ങളുടെ ഒരു സപ്പോർട്ട് മതിയാകും. അടിപൊളിയുടെ ആഴം കൂടുന്തോറും ഈ മേഖലയുടെ വിസ്താരം വർധിച്ചു കൊണ്ടേയിരിക്കും. ഒരു ജീവിതമല്ലേ ഒള്ളു അത് അടിച്ചു പോളിക്കു എന്ന വികൃത ചിന്ത ( ഇതിനെ സ്വതന്ത്ര ചിന്ത എന്നും ചിലർ വിളിയ്ക്കുന്നു ) ലോകത്തിനു നൽകിയവർ ആയിരിക്കണം ആദ്യത്തെ പരമ ദ്രോഹികൾ എന്ന് എനിക്ക് തോന്നുന്നു. കൗപീന ധാരിയായി കാട്ടിൽ ജീവിക്കണം എന്നല്ല അർത്ഥമാക്കുന്നത്. പക്ഷെ എല്ലാത്തിനും ഒരു തൃപ്തി- മതി എന്നൊരു ബ്രെക്ക് , അത് ഭൂമിയെയും മനുഷ്യ വർഗ്ഗത്തെയും ശാന്ത സുന്ദരമായ സമാധാനത്തിൽ എത്തിക്കും !
(ഡോ.കെ) 2024-08-12 20:28:38
നല്ലൊരു സാഹിത്യകാരന് മാത്രമെ പ്രകൃതിദുരന്തങ്ങളെ,മുറിവുകളെ നമ്മുടെ സാമാജിക സംസ്ക്കാരത്തിന്റെ ഭാഗമാക്കി,നമ്മുടെ പ്രകൃതിക്ക് അമ്മയായി ആവിഷ്ക്കാരം നൽകി കരയിപ്പിക്കാനും സംസാരിപ്പിക്കുവാനും കഴിയുകയുള്ളു.പ്രകൃതിയിലെ പലപ്രകാരത്തിലുള്ള വിവിധവസ്തുക്കൾ തന്നെയാണ് മനുഷ്യനും അവനിൽ (അവളിൽ) മകളും , പുത്രനും ,സന്താനങ്ങളായും പിറക്കുന്നത്.ഈ കവിതയിൽ കവി ഉപയോഗിച്ച വാക്കുകളുടെ അർത്ഥവും,ആ അർത്ഥത്തിന്റെ അർത്ഥത്തിൽ നിന്നും അന്വേഷണം വ്യാപരിക്കുമ്പോൾ,കവിതയിലെ ദാർശനിക സൗന്ദര്യം തെളിഞ്ഞ്‌ കവിയുടെ രോദനവും, വനരോദനവും രണ്ടും ഒന്നാകുന്ന കാഴ്ച്ച അതിമനോഹരമാണ്. കാലബദ്ധമല്ലാത്ത പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഗാധമായ ബന്ധം അടിവരയിടുന്ന അത്യന്തം ആത്മീയമായ അന്വേഷണമാണ് ഈ കവിതയിലെ സാഹിത്യസൗന്ദര്യസങ്കല്പം എന്ന് തെളിയുന്നു.
തകർന്നടിഞ്ഞ ഈ പടക്കളത്തിൽ നിന്ന് ഇനിയൊരു പടവാൾ ഉയത്തെഴുന്നേൽക്കുമോ 2024-08-12 22:16:05
അർദ്ധ വയറ്റിൽ കവികൾ തൂലികയെന്ന പട വാൾ വീശിയപ്പോൾ അധികാരത്തിന്റെ അങ്കത്തളങ്ങൾ ഞെട്ടി വിറച്ചൊരു കാലമുണ്ടായിരുന്നു ഇവിടെ . ധാർമികതയുടെ ആൽമാവിൽ നിന്ന് ആർത്തലച്ചു ജ്വലിച്ചുയർന്ന ആ വാളിന്റെ വായ്ത്തലയിൽ സിംഹാസനങ്ങൾ വീണുടഞ്ഞിട്ടുണ്ട് ഇവിടെ . അന്തപുരത്തിലെ മേദസ്സുകളിൽ അമർന്നു , ആ തൂലിക വാളിന്റെ വായ്ത്തലയിൽ മേദസ്സുകൾ ഉറകെട്ടിയിരിക്കുന്നു
George Puthenkurish 2024-08-13 00:48:00
കവിതയുടെ സന്ദേശത്തിൽ ശ്രദ്ധ വച്ച് നിങ്ങൾ ഒരോരത്തരും എഴുതിയ അഭിപ്രായങ്ങൾ കവിതയെക്കാൾ വിലമതിക്കുന്നതാണ്. കാരണം അത് വിഷയത്തിന്റെ വിവിധ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയി ബോധവൽക്കരണത്തിനു സഹായിക്കുന്നു എന്നുള്ളതാണ് . വയനാട്ടിലും അതുപോലെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മണ്ണിടിച്ചിലിനു കാരണം വനനശീകരണമാണ്. ഒരു മരം വെട്ടുമ്പോൾ മറ്റൊരു മരം നടണം എന്ന നയം മറ്റു പലരാജ്യങ്ങളിലുമുണ്ടു. അതൊക്കെ നടപ്പാക്കാൻ രോത്തരും ശ്രമിക്കുമെങ്കിൽ “ഈ മനോഹര ഭൂമിയിൽ തിരികവരണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്! നിങ്ങളുടെ വിലയേറിയ അഭിപ്രങ്ങളക്ക് എന്റ നന്ദി 🙏🏼
സന്തോഷത്തിനു വേണ്ടിയോ അതോ ദുഃഖത്തിനോ ഈ സൃഷ്ടി ? 2024-08-13 13:17:52
ജ്വലിക്കുന്ന കവിതകൾ എഴുതി മണ്ണിനെ കാത്തവർ പോയി മറഞ്ഞു. , തകർന്ന മണ്ണിനെ നോക്കി വിലപിച്ചു കണ്ണ് നീര് പ്രളയമാക്കൻ വേറൊരു ജന്മം , മണ്ണിനു ചരമ ഗീതം എഴുതാൻ വരുമൊരു വേറൊരു ജന്മം, എല്ലാം ചെന്നൊടുങ്ങുന്ന ഈ മണ്ണിനു ജന്മം നൽകിയവൻ, മണ്ണിനു വേണ്ടി നൽകിയ ജന്മത്തെ ഓർത്തു ദുഃഖിക്കുന്നു.
(ഡോ.കെ) 2024-08-13 16:55:02
കാടിന്റെ വിധിയും മനുഷ്യന്റെ വിധിയും ഒന്നുതന്നെ .അതുപോലെ തന്നെ മണ്ണിന്റെ വിധിയും മനുഷ്യന്റെ വിധിയും ഒന്ന് തന്നെ.ഭൂമിക്കൊരു ചരമഗീതം (ഓ എൻ വി .കുറുപ്പ് ) ഏറെ ചർച്ചചെയ്ത രചനയല്ലേ ?അയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളെ , കടമിനിട്ടയുടെ കുഞ്ഞേ മുലപ്പാൽ കുടിക്കരുതേ , വിഷ്ണുനാരായണൻ നമ്പുതിരിയുടെ കാടിന്റെ വിളി , സുഗതകുമാരിയുടെ മരത്തിനു സ്തുതി , ആനന്ദിന്റെ മരുഭൂമികൾ തുടങ്ങി ഒട്ടനവധി എഴുത്തുകൾ കാടിനെ കുറിച്ചും ,മണ്ണിനെ കുറിച്ചും ,ഭൂമിയെ കുറിച്ചുമാണ് . എല്ലാ ശാസ്ത്രങ്ങളും ,എല്ലാ മീമാംസകളും ,എല്ലാ എഴുത്തും “ഹേ മനുഷ്യാ…, നീ ദുഃഖിക്കരുത് “ എന്ന സാരത്തിൽ ലയിച്ചു ചേരുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക