Image

അതിമധുരമുള്ള ഉണ്ണിയപ്പം (മിനി വിശ്വനാഥന്‍)

Published on 12 August, 2024
അതിമധുരമുള്ള ഉണ്ണിയപ്പം (മിനി വിശ്വനാഥന്‍)

ചോയ്യാടത്തിലെ റേഷൻപീടിയയിൽ നിന്ന്  അഞ്ച് കിലോ അരി വാങ്ങി വരുമ്പോൾ പോലും ഓട്ടോ പിടിക്കാൻ  രണ്ട് പ്രാവശ്യം ആലോചിക്കുന്ന ഞാൻ ഇത്തവണ മദ്രാസിലേക്കുള്ള യാത്ര  വിമാനത്തിലാക്കിയത് അവിടെ എത്തിയിട്ട് അത്ര അത്യാവശ്യമുള്ള ചില കാര്യങ്ങൾ ഉണ്ടായത് കൊണ്ടാണ്.

ഏതായാലും അതിരാവിലെ ഏഴ് മണിക്ക് തന്നെ എയർപോർട്ടിൽ എത്തി, വലിയോരു ക്യൂവിൽ കാത്ത് നിന്ന് ബാഗേജും വിട്ട് സെക്യൂരിറ്റി ചെക്കിങ്ങിന് ഓടിപ്പാഞ്ഞു കിതച്ച് നിന്നപ്പോൾ അവിടത്തെ പോലീസ്കാരിയാണ് മദ്രാസ് ഫ്ലൈറ്റ് ഇന്ന് ലേറ്റാണല്ലോ, സാവധാനം ഉള്ളിലേക്ക് പോയാൽ മതി എന്ന് പറഞ്ഞത്. അവളെ ഒരു മിനുട്ട് തറപ്പിച്ച് നോക്കി, എന്നാൽ ഞാൻ പുറത്ത് പോയിക്കോട്ടെ എന്ന് ചോദിച്ചു.
സെക്യൂരിറ്റി ചെക്കിങ്ങിൽ എത്തിയത്  കൊണ്ട് ഇനി പുറത്തിറങ്ങാൻ പറ്റില്ല എന്നവൾ ! എൻ്റെ ഈശ്വരൻമാരേ എന്ന് വിളിച്ച് ഞാൻ കണ്ണുമടച്ച് അവളുടെ പരിശോധനകൾക്ക് നിന്നു കൊടുത്തു.

ഇത് ആദ്യമെ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഓടിപ്പിടിച്ച് 
വരേണ്ടായിരുന്നു എന്നും  ഇവിടെ എത്തിയ ഉടനെ തന്നെ ഫ്ലൈറ്റ് ഇത്രയും ലേറ്റാവുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ തിരിച്ച് വീട്ടിലേക്കെങ്കിലും പോവാമായിരുന്നു എന്നുമുള്ള ചിന്തകളാൽ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത് തന്നെ ഒരു ഫുഡ് കോർട്ട് കണ്ടത്.

ഏതായാലും ഈ സങ്കടം കുറക്കാൻ കടുപ്പത്തിൽ ഒരു ചായ കുടിക്കാമെന്ന് കരുതി അവിടെ ഇരുന്നു. വിലവിവരപ്പട്ടിക എന്നെ നോക്കി ചില്ലറ പരിഹാസത്തോടെ മന്ദഹസിക്കുന്നത് ശ്രദ്ധിച്ചെങ്കിലും സമയം കളയാൻ മറ്റ് വഴിയില്ലാത്തതിനാൽ "പണം പോട്ടെ, പദവി വരട്ടെ" എന്ന് മനസ്സിനെ സമാധാനിപ്പിച്ച് ഒരു ചായ സംഘടിപ്പിച്ച്, അതിൻ്റെ രുചിയില്ലായ്മയിൽ വിഷമിച്ച് ഇരിക്കുമ്പോഴാണ്
"ഏച്ചീ ഇങ്ങള് 
ആദ്യായിറ്റാ വിമാനത്തിൽ കയറുന്നത് " എന്ന് ചോദിച്ചു കൊണ്ട് ഒരു പത്തു വയസ്കാരൻ എൻ്റെ അടുത്ത് വന്നിരുന്നത്.

അവൻ്റെ ഏച്ചീ എന്ന വിളിയിൽ മനസ്സ് നിറഞ്ഞ ഞാൻ ഉത്തരമൊന്നും പറയാതെ, മോൻ ആദ്യമായിട്ടാണോ എന്നൊരു മറുചോദ്യം ചോദിച്ചു. "ഇപ്പോ ആദ്യമായിട്ടാ , പക്ഷേ ഇനി മദ്രാസിൽ നിന്ന് തിരിച്ച് വരുന്നതും വിമാനത്തിലായത് കൊണ്ട്, രണ്ട് പ്രാവശ്യം ആവുമെന്ന് പറഞ്ഞ് അവൻ അഭിമാനത്തോടെ നെഞ്ച് വിരിച്ചിരുന്നു. "ഇന്ന് നിനക്ക് സ്കൂളിൽ പോണ്ടേ" എന്ന ഒരു പൊട്ടച്ചോദ്യം എന്നിൽ നിന്ന് പുറത്ത് വന്നത് കേട്ട് പരിഹാസത്തോടെ അവനെന്നെ നോക്കി ഉത്തരം പറഞ്ഞു തുടങ്ങി. 
"സ്കൂളുണ്ട്, പക്ഷേ വിമാനത്തിൽ പോവാനാണ് ലീവെടുക്കുന്നത് എന്ന് പറഞ്ഞപ്പോൾ സീമ ടീച്ചർ സമ്മതിച്ച് . അവൻ തുടർന്നു:
"കണ്ണൂർ എയർപ്പോർട്ട് വന്നേരേ ഞാൻ ഉപ്പാനോട് പറയുന്നതാ, വിമാനത്തിൽ കയറ്റണമെന്ന്. എൻ്റെ വീട്ടിൻ്റെ മോളിലൂടെയാ രാവിലത്തെ ദുബായ് വിമാനം പറക്കുന്നത്.

വിമാനത്തിൽ കയറാൻ ആശിച്ചാശിച്ച് ഇരിക്കുമ്പോഴാണ്
ഇളയയാപ്പ ഞാളെ മദ്രാസിലേക്ക് വിളിച്ചത്. ആദ്യം ഉപ്പാൻ്റെ കൈയിൽ പൈസ ഇല്ലാന്ന് പറഞ്ഞു ". കുറച്ച് നേരം നിശബ്ദനായി അവൻ വീട്ടിൽ നടത്തിയ സമ്മതിപ്പിക്കൽ നാടകങ്ങൾ ഓർമ്മയിൽ പരതി പറഞ്ഞ് തുടങ്ങി. പക്ഷേ ഉപ്പുമ്മ നിർബന്ധിച്ചേരം  ഉപ്പ അവസാനം സമ്മതിച്ചു. എൻ്റെ ടിക്കറ്റിൻ്റെ പൈശ ഉപ്പുമ്മ കൊടുക്കാന്ന് പറഞ്ഞ് ". പിന്നെ ഉപ്പാക്ക് രക്ഷയില്ലാണ്ടായി എന്ന് കൂട്ടിച്ചേർത്ത് , ഉപ്പുമ്മയുടെ വാത്സല്യനിധിയായ അവൻ വിജയി ഭാവത്തിൽ ചിരിച്ചു.

പരിചയമില്ലാത്ത ആരോടോ മകൻ വീട്ടുരഹസ്യങ്ങൾ പറയുന്നെന്ന പരിഭ്രമത്തിൽ അവൻ്റെ ഉമ്മ ഞങ്ങളെ നോക്കി, അവനെ കൈമാടി വിളിച്ചു. അമ്മയുടെ വിളിയിൽ അനുസരണയോടെ ഓടിപ്പോയി ചെവിയിൽഎന്തോ പറഞ്ഞ് അനുനയിപ്പിച്ച് വീണ്ടും അവൻ എൻ്റെ അടുത്ത് വന്നിരുന്ന് തൻ്റെ സ്പൈഡർമാൻ ബാഗ് തുറന്ന് ഒരു തൊപ്പി തലയിൽ വെച്ചു, ചാരിയിരുന്ന് പുറത്തേക്ക് നോക്കി, വീണ്ടും
"ഏച്ചി ഇതിന് മുമ്പ് വിമാനത്തിൽ കയറിയിട്ടുണ്ടോ" എന്ന 
ചോദ്യം ആവർത്തിച്ചു.

അതിൻ്റെ ഉത്തരമായി
ആദ്യത്തെ വിമാന യാത്രയുടെ ഓർമ്മകൾ എന്നിലേക്ക് തേക്കി വന്നു.  മിനി വിശ്വനാഥൻ , കാലിക്കറ്റ് to ഷാർജ എന്ന് വലിയ മാർക്കർ പെന്ന് കൊണ്ട് എഴുതിയ കറുത്ത ബാഗിൽ
കിണ്ണത്തപ്പത്തിൻ്റെ കെട്ടും മീൻ അച്ചാറിൻ്റെ രണ്ടു കുപ്പികളും  വറുത്ത കായയുടെ രണ്ടു പാക്കറ്റുകളും ഉണ്ടായിരുന്നു.  

കടലിന് മുകളിലൂടെ പറക്കുന്ന വിമാനത്തിന് വല്ലതും പറ്റിയാൽ നീന്തലറിയാത്ത ഞാൻ എന്തു ചെയ്യുമെന്ന് ഓർത്ത് മുത്തപ്പന് വെളിച്ചെണ്ണ നേർന്നതും വിമാനം പൊങ്ങിയപ്പോൾ പേടി കൊണ്ട് കണ്ണടച്ച് മുപ്പത്തി മുക്കോടി ദൈവങ്ങളെയും  വിളിച്ച് കൂട്ടിയതും ഓർമ്മ വന്നപ്പോൾ എനിക്ക് തനിയെ ചിരി വന്നു. കുറെയേറെത്തവണ വിമാനം കയറിയ ആ ബാഗ് കരാമയിലെ പഴയ വീടിനൊപ്പം കാലം ചെയ്തു എന്ന സങ്കടത്തെ മായ്ക്കാൻ ഞാൻ ആ കുട്ടിയോട് മിണ്ടിത്തുടങ്ങി.
"കുറെ പ്രാവശ്യം വിമാനത്തിൽ കയറിയിട്ടുണ്ട് " എന്നവനോട് പറഞ്ഞപ്പോൾ "എനിക്കത് തോന്നീന്" എന്ന് പറഞ്ഞ് കൊണ്ട്, വിമാനം പൊന്തുമ്പോൾ ചെവി വേദനിക്കുമോ , ഉപ്പുമ്മ ഒരു പഞ്ഞിക്കഷണം തന്നിട്ടുണ്ട് എന്ന് പറഞ്ഞ് തൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന രണ്ട് ചെറിയ കോട്ടൺ ഉരുളകൾ കാണിച്ച് തന്നു. 
ഉപ്പുമ്മ രണ്ട് പ്രാവശ്യം ഹജ്ജിന് പോവുമ്പോൾ വിമാനത്തിൻ കയറിയിട്ടുണ്ടത്രെ! പക്ഷേ ട്രെയിനിൽ പോവുന്ന രസമില്ലാന്നാ ഉപ്പൂമ്മ പറഞ്ഞത് എന്നവൻ ശബ്ദം കുറച്ച് കൂട്ടിച്ചേർത്തു.

വിമാനത്തിൽ പോവുമ്പോൾ നമുക്ക് ആകാശം അടുത്ത് നിന്ന് കാണാമെന്ന് ഞാനവനെ സമാധാനിപ്പിച്ചു. മേഘങ്ങൾക്കും മീതെ നമുക്ക് പറക്കാമെന്നും താഴേക്ക് നോക്കി കൂക്കിവിളിക്കാമെന്നും ഞാനവനോട് പറഞ്ഞു. കൂക്കിവിളിക്കാമെന്ന് കേട്ടപ്പോൾ അവനെന്നെ നോക്കി ഒന്ന് ചിരിച്ചു. നമ്മൾ രണ്ടും  സെറ്റാണ് എന്ന് കണ്ണുകൾ കൊണ്ട് സംവദിച്ചു.

അപ്പോഴേക്ക് വീണ്ടും വീണ്ടും വൈകുന്ന വിമാനത്തിൻ്റെ അറിയിപ്പുകൾ വന്നു. സമയം വൈകുന്നതിൽ വലിഞ്ഞ് മുറുകുന്ന യാത്രക്കാരെ സമാധാനിപ്പിക്കാനാവണം ഒരു ബ്രേക്ഫാസ്റ്റ് പാക്കറ്റുമായി സ്റ്റാഫ് അടുത്തെത്തി. പാക്കറ്റിൻ്റെ ഗരിമ കണ്ട് സന്തോഷത്തോടെ തുറന്ന് നോക്കിയപ്പോൾ പശ പോലെ കുറച്ച് ഉപ്പുമാവും അതിന് കൂട്ടായി സാമ്പാറും ചട്ണിയും, നിറയെ ജാം തേക്കാത്ത ഒരു സാൻഡ്വിച്ചുമായിരുന്നു അതിനകത്ത് . ഞങ്ങൾ രണ്ടാളും ഒരു പോലെ നിരാശരായി.
ഉപ്പ്മാവും സാമ്പാറും എന്തൊരു പൊട്ട കോംബിനേഷനാണ് എന്ന് അവൻ പരാതിപ്പെട്ടു. 
തൻ്റെ ഉമ്മൂമ്മ ഉണ്ടാക്കുന്ന നെയ്മണക്കുന്ന ഉപ്പുമാവിന് മുകളിൽ വിതറുന്ന പഞ്ചസാരത്തരികളുടെ അതിമധുരത്തെക്കുറിച്ച് എന്നോട് പറഞ്ഞ് തുടങ്ങി. ഉമ്മൂമ്മക്ക് ഒരു പാട് പലഹാരങ്ങൾ ഉണ്ടാക്കാനറിയാമെന്ന് അവൻ പറഞ്ഞു. ഉപ്പൂമ്മ അടുക്കളയിൽ കയറില്ലെന്നും ഉമ്മറത്ത് കസാരയിൽ ചാരിയിരിക്കുകയേ ഉള്ളൂവെന്നും പറഞ്ഞ് കൊണ്ട് അവൻ ചുറ്റും നോക്കി, ഉപ്പ കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി പതുക്കെ തുടർന്നു. ഉപ്പൂമ്മക്കും ചിക്കൻ വരട്ടാൻ അറിയാമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ചോന്നുള്ളി നന്നാക്കിയാൽ കൈയ്യുടെ മൊഞ്ച് പോവുമെന്ന് ഉപ്പാപ്പ പറഞ്ഞിട്ടുണ്ടത്രെ ! ൻ്റെ ഉമ്മച്ചിയും പണിയെടുക്കാൻ മടിച്ചിയാ. ഉമ്മച്ചിയുടെ വെക്കുന്ന കൂട്ടാനേക്കാൾ രുചി ചെറിയുമ്മയുടെ കൂട്ടാനാണ് എന്ന രഹസ്യവും അതിനിടെ അവൻ പുറത്ത് വിട്ടു.

സംസാരിക്കുന്നതിനിടെ എന്തോ ഓർത്ത് അവൻ ഓടിപ്പോയി അവൻ്റെ ഉമ്മയുടെ കാതിലെന്തോ പറഞ്ഞു. കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ്, മുഖം ചുളിച്ച് വാശി പിടിച്ച് അവരുടെ ഹാൻഡ് ബാഗ് തുറപ്പിച്ച് ചെറിയ ഒരു പൊതി പുറത്തേക്കെടുത്ത് എനിക്കടുത്ത് വന്നു. പതുക്കെ ആ വാഴയിലപൊതി തുറന്ന്  അതിൽ നിന്ന് ഒരു സുന്ദരൻ ഉണ്ണിയപ്പം എനിക്ക് നേരെ നീട്ടി. പണ്ട് വിഷുക്കാലത്ത് വല്യമ്മ ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിൻ്റെ ഗന്ധം അതിൽ നിന്ന് ചുറ്റും പടരുന്നുണ്ടായിരുന്നു. ഞാൻ ഒട്ടും മടിക്കാതെ രണ്ടെണ്ണം എടുത്തു വായിലിട്ടു. ഞാൻ ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ ഉമ്മൂമ്മ തന്നയച്ചതാണ് എന്നും ഇനിയും ബാഗിൽ കുറെയുണ്ട് എന്നും ഇത് നമുക്ക് വിമാനത്തിലിരുന്ന് കഴിക്കാൻ തന്നയച്ചതാണെന്നും പറഞ്ഞ് അവനും ഒന്നെടുത്തു. ബാക്കി ഭദ്രമായി പൊതിഞ്ഞ് അവൻ്റെ ബാഗിൽ വെച്ചു.

അതിനിടെ എൻ്റെ യാത്രാ ഉദ്ദേശം അവൻ ചോദിച്ച് മനസ്സിലാക്കിയിരുന്നു. വീട്ടിലാരൊക്കെയുണ്ടെന്നും അവന് സ്വന്തമായി അനിയത്തി ഇല്ലാത്തതിൻ്റെ സങ്കടവും അതിനിടെ അവൻ പങ്ക് വെച്ചു. ഇളാപ്പയുടെ മകൻ അവൻ്റെ ടോയ്സ് പൊട്ടിക്കുന്നത് കൊണ്ടാണ് സ്വന്തമായി ഉണ്ടാവുന്നെങ്കിൽ ഇനി ഒരു അനിയത്തി മതി എന്ന് തീരുമാനിച്ചതെന്നും പറഞ്ഞ് അവൻ നാണം പുരണ്ട ഒരു ചിരി ചിരിച്ചു. എനിക്ക് രണ്ട് പെൺമക്കളാണെന്ന് കേട്ടപ്പോൾ അവർ സ്കൂളിൽ പഠിക്കുകയാണോ എന്ന അവൻ്റെ ചോദ്യം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്നെക്കണ്ടാൽ കല്യാണപ്രായമായ മക്കളുടെ അമ്മയാണ് എന്ന് തോന്നുന്നില്ലെന്ന സൂചനയിൽ സന്തുഷ്ടയായ ഞാൻ അവൻ്റെ കൈപിടിച്ച് അവിടെയൊക്കെ ചുറ്റിനടന്നു. വിമാനത്താവളത്തിനുള്ളിലെ കാഴ്ചകൾ കാണാൻ തൻ്റെ ഉമ്മയെയും ക്ഷണിച്ചെങ്കിലും അവൾ ആ ക്ഷണം നിരാകരിച്ചു.

അപ്പോഴേക്ക് വിമാനം യാത്രക്ക് തയ്യാറായതായി അറിയിപ്പ് വന്നു!
നമുക്ക് അടുത്തടുത്ത സീറ്റ് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് അവൻ പറഞ്ഞെങ്കിലും രണ്ടാളും രണ്ടിടത്തായിപ്പോയി. വിമാനം പൊങ്ങി ആകാശത്തെത്തി മേഘങ്ങളെ കണ്ടപ്പോൾ എനിക്ക് കൂക്കി വിളിക്കണമെന്ന് തോന്നി!
കൂട്ടിനവനുണ്ടായിരുന്നെങ്കിലെന്ന് സങ്കടപ്പെട്ടു.

ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ചെന്നൈ എത്തി. ആദ്യയാത്രയുടെ പരിഭ്രമത്തോടെ നിൽക്കുന്ന അവൻ്റെ കുടുംബത്തെ എനിക്കൊപ്പം ചേർത്ത് ഞങ്ങൾ ബാഗേജിനായി കാത്ത് നിന്നു. അപ്പോഴേക്കും പുറത്ത് എളാപ്പ വന്നിട്ടുണ്ടെന്നും ഇളാപ്പക്ക് വലിയ വണ്ടി ഉണ്ടെന്നും എവിടെയാണെങ്കിലും എന്നെ ഡ്രോപ്പ് ചെയ്യാമെന്നും അവർ ഉദാരരായി ! എൻ്റെ മക്കൾ  വന്നിട്ടുണ്ടെന്നു പറഞ്ഞ് പിരിയുമ്പോൾ അവൻ ഏച്ചീ എന്ന് വിളിച്ച് പിന്നാലെ ഓടി വന്നു !
തൻ്റെ സ്പൈഡർമാൻ ബാഗ് തുറന്ന് അവൻ വിമാനത്തിൽ വെച്ച് കഴിക്കാനായി സൂക്ഷിച്ച് വെച്ച ഉണ്ണിയപ്പത്തിൻ്റെ കെട്ട് എച്ചിയുടെ മക്കൾക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് എനിക്ക് നേരെ നീട്ടി. അവർക്ക് ഇഷ്ടമായാൽ പറഞ്ഞാൽ മതി, ഉമ്മൂമ്മ ഇനിയും ഉണ്ടാക്കിത്തരുമെന്നും അവൻ സൽക്കാരപ്രിയനായി. ഈ നമ്പറിലെ വാട്സാപ്പിൽ മെസേജിട്ടാൽ മതിയെന്ന് പറഞ്ഞ്  ഒരു ഫോൺ നമ്പർ എഴുതിയ പേപ്പറും എനിക്ക് നേരെ നീട്ടി.
അവൻ്റെ മൂർദ്ധാവിൽ ഒരു മുത്തം കൊടുത്ത് നടന്ന് നീങ്ങുമ്പോൾ
കണ്ണുകൾ നിറഞ്ഞ് എൻ്റെ പുറം കാഴ്ചകൾ മങ്ങി!
 

Join WhatsApp News
Sunil 2024-08-13 15:09:35
Beautiful story. Thanks.
RAMACHANDRAN TN 2024-08-18 13:44:09
ഇഷ്ടം സ്നേഹാശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക