ഡിട്രോയിറ്റ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫോമായുടെ 2024-2026 വര്‍ഷത്തേക്കുള്ള അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറിയായി ശ്രീ. സൈജന്‍ കണിയൊടിക്കല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 9-ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ലോക പ്രശസ്തമായ പുന്റക്കാനയില്‍ ബാര്‍സലോ ബവാരോ പാലസ് ഫൈവ്സ്റ്റാര്‍ റിസോര്‍ട്ടില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചു കിടക്കുന്ന പന്ത്രണ്ടു റീജിയണുകളിലായി 84 -ല്‍ പരം അംഗസംഘടനകളാണ് ഫോമാക്കു കീഴില്‍ ഉള്ളത്.
കേരളത്തില്‍ ആലുവാ സ്വദേശിയായ ശ്രീ സൈജന്‍ 2007-ലാണ് മിഷിഗണിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം ചേക്കേറിയത്. ഏറെ വൈകാതെ തന്നെ ഡിട്രോയിറ്റ് മലയാളി അസോസിയേഷനിലൂടെ തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനാണ്. കലാസാംസ്‌കാരിക സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സൈജന്‍, വിദേശ മലയാളികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള, ഫോമായുടെ സാഹിത്യ മാസികയായ 'അക്ഷരകേരളത്തിന്റെ' മാനേജിംഗ് എഡിറ്ററായി നിലവില്‍ സേവനം ചെയ്യുന്നു. 2020-ല്‍ അദ്ദേഹം തന്നെയാണ് ഇങ്ങനെയൊരു ആശയം ഫോമായില്‍ കൊണ്ടുവരുന്നതും അതേ വര്‍ഷം നവംബര്‍ ഒന്നിന് മാഗസിന്‍ നിലവില്‍ വരുന്നതും. അതു കൂടാതെ ഡി.എം.എ യുടെ 'ധ്വനി' മാഗസിന്റെ ചീഫ് എഡിറ്റര്‍ കൂടിയാണ്. അറിയപ്പെടുന്ന ഒരു കലാകാരന്‍ കൂടിയായ ശ്രീ സൈജന്‍ കണിയൊടിക്കല്‍ വ്യത്യസ്ഥങ്ങളായ പല നാടകങ്ങളും രചിച്ച്, സംവിധാനം ചെയ്ത് അമേരിക്കന്‍ മലയാളികളുടെ മുന്നിലെത്തിച്ചിട്ടുണ്ട്. ഫോമാ ഇന്റര്‍നാഷണല്‍ നാടകമത്സരങ്ങളില്‍ 2020-ല്‍ മികച്ച ജനപ്രിയനാടകം, 2022-ല്‍ മികച്ച നാടകം തുടങ്ങി പല പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. ചെറുപ്പകാലത്തു തന്നെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സൈജന്‍ ആഗോള സംഘടനയായ സി.എല്‍.സി യിലൂടെയാണ് ഈ രംഗത്ത് തുടക്കംകുറിക്കുന്നത്. തുടര്‍ന്ന് പല സംഘടനകളിലും പ്രവര്‍ത്തിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍ ഏഷ്യാനെറ്റിന്റെ കീഴിലുള്ള എ.സി. എഫ്. എല്‍. എ യുടെ മധ്യമേഖലാ സെക്രട്ടറിയായിരുന്നു.
2008-ല്‍ ഡിട്രോയിറ്റ് മലയാളി അസ്സോസ്സിയേഷനിലൂടെ അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ച് പല സ്ഥാനങ്ങളും വഹിച്ച സൈജന്‍ 2016-ല്‍ ഡി എം എ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റ് സെക്രട്ടറിയാണ്. കൂടാതെ രണ്ടുവട്ടം ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ട്രസ്റ്റിയായിരുന്ന ഇദ്ദേഹം ഇപ്പോള്‍ ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്. ഇക്കാലയളവിലെല്ലാം തന്നെ ഇന്‍ഡ്യയിലും അമേരിക്കയിലും നിരവധി അനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും പങ്കാളിയാവുന്നതിനും സൈജന്‍ മുന്‍കയ്യെടുത്തു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ജീവിച്ചിരിക്കുന്ന കാലത്തോളം തന്നാലാവുന്നത് സമൂഹത്തിനും സഹജീവികള്‍ക്കും വേണ്ടി ചെയ്യുകയും സമുഹത്തോടൊപ്പം നടക്കുകയും ചെയ്യുക എന്നതാണ് തന്റെ ആഗ്രഹം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലയാളികള്‍ തന്നിലര്‍പ്പിച്ച വിശ്വാസം അണുവിട തെറ്റാതെ കാത്തു സൂക്ഷിക്കുമെന്ന് സൈജന്‍ കണിയൊടിക്കല്‍ അറിയിച്ചു. ശ്രീ. സൈജന്‍ രജിസ്‌ട്രേഡ് നഴ്‌സായ ഭാര്യ മിനിയോടും മക്കളായ എലൈന്‍ റോസ്, ആരണ്‍ ജോ എന്നിവരോടുമൊപ്പം മിഷിഗണിലെ വിക്‌സത്തില്‍ താമസിക്കുന്നു.