"അടുത്തതായി ചലച്ചിത്ര ഗാനങ്ങൾ. ......
**ശകുന്തള* എന്ന ചിത്രത്തിനു വേണ്ടി വയലാർ രാമവർമ്മ എഴുതി ജി.ദേവരാജൻ സംഗീതം നൽകിയ ഗാനം . പാടിയത് - യേശുദാസ് ..."
റേഡിയോയി ലേയ്ക്കു തന്നെ സശ്രദ്ധം കാതുകൾ കൂർപ്പിച്ചിരുന്ന ആ അഞ്ചാം ക്ലാസ്സുകാരി കുട്ടി കേട്ട വരികൾ മനസ്സിലിട്ട് ഒരുപാടാലോചിച്ചു നോക്കി . എന്തു കേട്ടാലും അതിനെപ്പറ്റി കൂലങ്കഷമായി തിരിച്ചും മറിച്ചും ആലോചിക്കുകയും അതിന്റെ നാനാവശങ്ങളെക്കുറിച്ചുമൊക്കെ ചിന്തിച്ചു കൂട്ടുന്ന ഞാനെന്ന ആ കുട്ടി ഇതും ആലോചിച്ചു . ശകുന്തള എന്നു പേരുള്ള ഒരു ചേച്ചിയെ അറിയാം . പക്ഷേ, ആ ചേച്ചിയുടെ പേര് എങ്ങിനെയാണ് ഈ പാട്ടിൽ വന്നതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല . ഇനി നല്ല പേരായാതുകൊണ്ടായിരിക്കുമോ...?
ഒരു സിനിമ പോലും കണ്ടിട്ടില്ലാത്ത, 'അഭിജ്ഞാന ശാകുന്തള' ത്തെക്കുറിച്ചറിയാത്ത , ഒരു കൊച്ചു കുട്ടിയുടെ വികാരവിചാരങ്ങൾ! പിന്നെയും സംശയങ്ങൾ... ഈ *ശംഖുപുഷ്പം* ' എന്താണ് ? അന്ന് എല്ലാ വീട്ടിലും ചെമ്പരത്തിയും നന്ത്യാർവട്ടവും ശംഖു പുഷ്പവുമൊക്കെ ഉണ്ട് . ഞങ്ങളുടെ വീടിന്റെ മുറ്റത്തും വെള്ളനിറത്തിലും ഇളം നീല (വയലറ്റ്) നിറത്തിലുമുള്ള ശംഖുപുഷ്പം ചെടിയും പൂവും ഒക്കെ ഉണ്ടായിരുന്നു താനും . പക്ഷേ, അതിനെ അമ്മൂമ്മ മുതലിങ്ങോട്ട് എല്ലാവരും ' *ചങ്കൂസ്പം* ' എന്നായിരുന്നു വിളിച്ചിരുന്നത് . ഈ ചങ്കൂസ്പ മാണ് പാട്ടിലെ ശംഖുപുഷ്പമെന്നു മനസ്സിലാക്കാൻ പിന്നെയുമൊരുപാടു നാളുകൾ കഴിയേണ്ടി വന്നു . അമ്പലത്തിലെ 'ശംഖനാദം ' പോലും ചങ്കുവിളി ആയിരുന്നതിനാൽ എനിക്കതു മനസ്സിലാവാൻ പിന്നെയും സമയമെടുത്തു . ആ പാട്ടിലെ വരികളിലെ ശംഖുപുഷ്പമാണ് ഞങ്ങളുടെ വീടിന്റെ മുറ്റത്തു നിൽക്കുന്ന 'ചങ്കൂസ്പം ' എന്നു മനസ്സിലായപ്പോൾ ആദ്യം കാണുന്ന പോലെ ഞാനാ പൂവിനെ സൂക്ഷ്മതയോടെ നോക്കി നിന്നു . ഒരു ശംഖിന്റെ ആകൃതിയിലുള്ള ഈ പൂവിനാരാണീ പേരിട്ടത് ? എന്തായാലും പിന്നെ ഈ പൂവു കാണുമ്പോഴെല്ലാം ഈ വരികളും എന്നിലേയ്ക്കോടിയെത്താൻ തുടങ്ങും .
" ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ വരും .
ശാരദ സന്ധ്യകൾ മരവുരി ന്തൊറിയുമ്പോൾ ശകുന്തളേ നിന്നെ ഓർമ വരും."
ശാരദ ,സന്ധ്യ, പൗർണ്ണമി ..എല്ലാം പേരുകൾ എന്നു മാത്രമറിയുന്ന ഞാൻ , കുറേ പെൺ പേരുകൾ ചേർത്തു വച്ചാണ് പാട്ടുണ്ടാക്കുന്നത് എന്ന മൂഢ വിചാരത്തിൽ എത്തിച്ചേർന്നു . സംശയങ്ങൾ ചോദിക്കുന്ന കുട്ടിയെ അന്നാരും പ്രോൽസാഹിപ്പിച്ചിരുന്നില്ല . മാത്രമല്ല , ശകാരം കിട്ടുകയും ചെയ്യും എന്ന കാരണത്താൽ ആരോടും ചോദിക്കാതെ തന്നെ എല്ലാ ചോദ്യങ്ങളുടേയും ഉത്തരവും സ്വയം കണ്ടുപിടിക്കുമായിരുന്നു .
1965 - ൽ പുറത്തിറങ്ങിയ 'ശകുന്തള ' എന്ന സിനിമയിലെ ജി ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് പാടിയ ഈ മനോഹര ഗാനം കേൾക്കുമ്പോഴല്ലാം എന്റെ മണ്ടത്തരങ്ങൾ കൂടി ഓർമ വരാൻ തുടങ്ങും . പാട്ടിന്റെ വരികൾ കാണാതെ അറിയാഞ്ഞിട്ടാണ് പാട്ടു പാടാൻ കഴിയാത്തതെന്ന ധാരണയിൽ പാട്ടു പുസ്തകം തേടി നടന്ന നാളുകൾ . വരികൾ കാണാതെ പഠിച്ചെങ്കിൽ , പി . ലീല , എസ്. ജാനകി , സുശീല എന്നൊക്കെ റേഡിയോ യിൽ പറയുന്നതിനു പകരം എന്റെ പേരു പറഞ്ഞേനെ എന്നു വരെ ചിന്തിച്ചു പോയി ! വരികൾ അറിയുന്നവരെ വിളിച്ചോണ്ടു പോയി റേഡിയോയിൽ പാടിക്കും എന്നായിരുന്നു എന്റെ വിചാരം . അതിനാൽ ആ വർഷം ഉത്സവത്തിനു പോയപ്പോൾ വളക്കച്ചവടക്കാരന്റെയടുത്ത് പാട്ടുപുസ്തകം വില്ക്കാൻ വച്ചിരിക്കുന്നതു കണ്ട് എനിക്കു വള വേണ്ട പാട്ടുപുസ്തകം മതിയെന്നു വാശി പിടിച്ച് വാങ്ങിപ്പിച്ചു . വീട്ടിൽ വന്നയുടൻ ആർത്തിയോടെ തുറന്നു വച്ച് പാടാൻ നോക്കി . പക്ഷേ , അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വല്ലവിധത്തിലും വായിക്കും എന്നല്ലാതെ ഒരു വരിപോലും പാടാൻ കഴിയുന്നില്ല എന്ന സത്യത്തിനു മുന്നിൽ പകച്ചു പോയ ബാല്യം . പാട്ടു പുസ്തകത്തിന്റെ പുറം ചട്ടയിൽ കണ്ട ഫോട്ടോകൾ ആരുടേതെന്നു മനസ്സിലായതേയില്ല. പിന്നെയും കുറേ നാളുകൾക്കു ശേഷമാണ് അതിൽക്കണ്ട ആ മീശയില്ലാത്ത ആളാണ് യേശുദാസ് എന്നും കട്ടി കണ്ണട വച്ച ആൾ വയലാർ ആണെന്നും മനസ്സിലാക്കിയത് !
സ്മരണകളിരമ്പുന്ന ബലികുടീരങ്ങളേയും സന്യാസിനി മാരുടെ പുണ്യാശ്രമങ്ങളേയും ഭൂമിയിലുപേക്ഷിച്ചു പോയ കവി . അതേ . മലയാളത്തിന്റെ പ്രിയപ്പെട്ട മാനവ കവി വയലാർ രാമവർമ്മ .
ദൈവത്തേക്കാൾ , മനുഷ്യനേയും ഭൂമിയേയും സ്നേഹിച്ച കവി . ആ ഇന്ദ്രധനുസ്സിന്റെ പൊൻ തൂവൽ കൊഴിഞ്ഞു പോയിട്ട് ഇന്നേയ്ക്കു നാൽപ്പത്തിയാറു സംവത്സരങ്ങൾ . അദ്ദേഹത്തിന്റെ ഓർമ്മ ദിനമായ ഇന്ന് അതായതു ഒക്ടോബർ 27 നു തന്നെ ഈ പാട്ടോർമ എഴുതി കാലത്തിനു മുൻപേ നടന്ന , കാലാതീതനായ , ക്രാന്തദർശിയായിരുന്ന കവിക്കു സമർപ്പിക്കുന്നു . അദ്ദേഹത്തിന്റെ ജീവിത ഗന്ധികളായ ഗാനങ്ങളും കവിതകളും ഈ ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം ഉണ്ടാകുമെന്ന സന്തോഷത്തോടെ.
____________________
ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും (ശംഖുപുഷ്‌പം.. )
ശകുന്തളേ... ശകുന്തളേ ...
മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാൻ പൗർണ്ണമി
മൺകുടം കൊണ്ടുനടക്കുമ്പോൾ (2)
നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
ശകുന്തളേ... ശകുന്തളേ... (ശംഖുപുഷ്‌പം.. )
താമരയിലകളിൽ അരയന്നപ്പെൺകൊടി
കാമലേഖനമെഴുതുമ്പോൾ
നീലക്കാടുകൾ മലർമെത്ത വിരിയ്ക്കുമ്പോൾ
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും (ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ)