Image

കാത്തിരിപ്പിന്‍ നൊമ്പരനിമിഷങ്ങള്‍ (ലാലി ജോസഫ്)

Published on 13 August, 2024
കാത്തിരിപ്പിന്‍ നൊമ്പരനിമിഷങ്ങള്‍ (ലാലി ജോസഫ്)

നാലുകെട്ടുള്ളോരാ വീട്ടില്‍ നിന്ന് ഇമവെട്ടാതെ
നോക്കിയിരിക്കും ആ പച്ചതൊടിയിലേക്ക്
നോട്ടത്തിലൊരുപാടു കാഴ്ചകള്‍ കാണാം.
കിളികള്‍ തന്‍ കളകളാരവവും കേള്‍ക്കാം

പാടത്തിലെ പച്ചപ്പില്‍ നോക്കിയിരുന്നാ
കാലമെത്ര രസമാണെന്നോാര്‍ക്കുകയാണ്
ഇപ്പോഴാരസമൊന്നില്ലെന്നതാണ് സത്യം
പേരക്കിടാവിന്‍ ഓര്‍മ്മകള്‍മാത്രം

കണ്ണും നട്ടിരിക്കുക മാത്രമേ എനിക്കാവു
പ്രായമേറെയായെങ്കിലുമെന്‍ കൊച്ചു മകനെ
കണ്ടിട്ടു മരിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയുമായി
ഉമ്മറപടിയിലിരുന്നെപ്പോഴോ ഉറക്കത്തിലാണ്ടു പോയി

യാത്ര പറഞ്ഞിറങ്ങിയ നിമിഷമോര്‍ത്ത് ഞാന്‍ തേങ്ങും
എവിടെയാണ് നീ, അങ്ങു ദൂരയാണെന്നു മാത്രമറിയാം
എന്ന് നീ എന്നരുകില്‍ വരുമെന്നാര്‍ക്കറിയാം
വ്യദ്ധനു താങ്ങാവുന്നതിലപ്പുറമാണീ കാത്തിരിപ്പ്

നീ ഓടി നടന്ന നാളുകളാണീ മുത്തച്ചന്റെ പുണ്യ ദിനങ്ങള്‍
ഒരു വട്ടം കൂടി ഓമനിക്കാന്‍ കൊതിയായി
പാടത്തെ പച്ചകതിരുകള്‍ തലയാട്ടുന്നതെന്തിനു വേണ്ടി
അവരും കാത്തിരിക്കയാണോ നിന്നെ കാണാന്‍?

നിന്നെയൊന്നു കണ്ട് കണ്ണടച്ചാല്‍ മതിയെനിക്ക്
നീയാണെന്നെ മുത്തച്ചനാക്കിയത്
നിയറിയുന്നുണ്ടോ മകനേയീ മുത്തച്ചന്റെ
കാത്തിരിപ്പിന്‍ നൊമ്പര നിമിഷങ്ങള്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക