Image

ഫോമ കണ്‍വന്‍ഷന്‍- ഒരവലോകനം - രാജു മൈലപ്രാ

രാജു മൈലപ്രാ Published on 13 August, 2024
ഫോമ കണ്‍വന്‍ഷന്‍- ഒരവലോകനം - രാജു മൈലപ്രാ

രാജാപ്പാര്‍ട്ടു വേഷം കെട്ടി നടക്കുന്ന നേതാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേടില്ലാതെ, തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടത്തപ്പെട്ട പുന്റക്കാനാ ഫോമാ കണ്‍വന്‍ഷന്‍ ജനപങ്കാളിത്വം കൊണ്ട് ഒരു വന്‍വിജയമായിരുന്നു എന്നു നിസ്സംശയം പറയാം. പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

താലപ്പൊലിയും, ചെണ്ടമേളവും അരങ്ങുകൊഴുപ്പിച്ച ഉദ്ഘാടന ഘോഷയാത്ര അതിഗംഭീരമായി. ഉദ്ഘാടന വേദിയും മിതത്വം കൊണ്ട് മികവുറ്റതായി.

ജനറല്‍ ബോഡിയിലും, തിരഞ്ഞെടുപ്പു വേളയിലും ചില പൊട്ടലും ചീറ്റലും ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും, പരിചയസമ്പന്നരായ ചുമതലക്കാര്‍ അതെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.

പ്രസിഡന്റായി വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനും, അദ്ദേഹത്തിന്റെ പാനലില്‍പ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

ബേബി മണക്കുന്നേല്‍
തന്റെ ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും, ഫോമയിലും സമൂഹത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തോമസ് ടി. ഉമ്മന്‍ മാന്യമായി പ്രസ്താവിച്ചത്, അദ്ദേഹത്തോടുള്ള മതിപ്പ് ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു.

പുതുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളോട് ഒരു അഭ്യര്‍ത്ഥന. ദയവായി കണ്‍വെന്‍ഷന്‍ അമേരിക്കയില്‍ എവിടെയെങ്കിലും നടത്തണം.
കഴിഞ്ഞ തവണ കാണ്‍കൂണ്‍.
ഇത്തവണ പുന്റകാനാ.

എന്നെപ്പോലെയുള്ളവര്‍ ഈ സ്ഥലങ്ങള്‍ മലയാളീകരിച്ച് ഉച്ചരിക്കുമ്പോള്‍ ഒരു അശ്‌ളീലച്ചുവയുണ്ട്.
അമേരിക്കയില്‍ അംഗ്രേസി സംസാരിക്കുന്ന അമ്പതു സംസ്ഥാനങ്ങളുണ്ടല്ലോ! അവിടെയെല്ലാം  കണ്‍വെന്‍ഷന്‍ സെന്ററുകളുമുണ്ട്.
വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന്
നാട്ടില്‍ തേടീ നടപ്പൂ...?

ഇവിടെ വന്നപ്പോഴാണ് മറ്റൊരു പ്രശ്‌നം. ജോലിക്കാർ ഒറ്റ ഒരെണ്ണത്തിന് ഇംഗ്ലീഷ് അറിയില്ല. ടൂറിസം പ്രധാന വരുമാനമാര്‍ഗ്ഗമായിട്ടുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇംഗ്ലീഷിനു വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് എന്നെ അത്ഭുതപ്പെടുത്തി.

പ്രിയസുഹൃത്ത് സണ്ണികല്ലൂപ്പാറ കൂടെ നിന്ന് രജിസ്‌ട്രേഷനും, ചെക്കിന്‍ പ്രോസസും എളുപ്പത്തില്‍ നടത്തിത്തന്നത് വളരെ സഹായകരമായി.

റൂം തുറന്നു കയറിയപ്പോള്‍ സന്തോഷം തോന്നി. അടിപൊളി സെറ്റപ്പ്- ബാല്‍ക്കണിയില്‍ നിന്നാല്‍ സുന്ദരശീതളമായ കടല്‍ക്കാറ്റ്. കാറ്റില്‍ ഇളകിയാടുന്ന തെങ്ങോലകള്‍- നീലാകാശത്തിനു താഴെ വട്ടമിട്ടു പറക്കുന്ന കടല്‍പക്ഷികള്‍- സൂര്യകിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്ന തിരമാലകള്‍; തിരമാലകളില്‍ നീന്തിത്തുടിക്കുന്ന അല്പവസ്ത്രധാരികളായ തരുണീമണികള്‍... എന്റെ പൊന്നോ!

'സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്‌നം പീലി നിര്‍ത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെയൊന്നു ചേര്‍ന്നലിഞ്ഞതോ'
ഭൂമി ഇത്ര സുന്ദരമോ?
'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി' എന്ന് അറിയാതെ പാടിപ്പോയി.

എന്നാല്‍ ഇനി ഒരു കുളി പാസ്സാക്കിയിട്ട് അടുത്ത കാര്യപരിപാടികളിലേക്കു കടക്കാമെന്നു കരുതി ബാത്തുറൂമില്‍ കയറി.

എവിടെയോ എന്തോ ഒരു പന്തികേട്!
ഷവര്‍ റൂമിനു ഒരു ഹാഫ് ഡോറേയുള്ളൂ. അതും ഗ്ലാസ് ഡോര്‍ മുന്നിലും പിറകിലുമെല്ലാം കണ്ണാടി-നോ പ്രൈവസി!

'നിവൃത്തിയില്ലെങ്കില്‍ നീതിമാന്‍ എ്ന്തുചെയ്യും?'
രണ്ടും കല്‍പ്പിച്ച് ഷവര്‍ ഓണ്‍ ചെയ്തു-വെള്ളത്തിന് ഉപ്പുരസം.

കുറച്ചു കഴിഞ്ഞപ്പോള്‍ അടക്കിപ്പിടിച്ച ഒരു ചിരി. മറ്റാരുമല്ല-എന്റെ ഭാര്യ തന്നെ- വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവള്‍ എ്‌ന്നെ പിറന്നപടി കാണുന്നത്-എന്നെ ആകപ്പാടെ അടിമുടി ഒന്നു നോക്കിയിട്ട് അവളൊരു വിലയിരുത്തല്‍ നടത്തി.

'ആളങ്ങു തീരെ പോക്കായല്ലോ!'
'എന്നാ കോപ്പാ നീ ഇപ്പറയുന്നത്'-എനിക്കു ദേഷ്യം വന്നു.
'ചന്തിയൊക്കെ ചുളുങ്ങിയിരിക്കുന്നു-
മുന്‍വശമൊക്കെ ചുരുങ്ങിയിരിക്കുന്നു...'
അപ്പോള്‍ മാത്രമാണ് ആപ്പിളു തിന്ന ആദാമിനെപ്പോലെ, ഞാന്‍ നഗ്നനാണെന്നുള്ള തിരിച്ചറിവുണ്ടായത്- എന്നേപ്പോലെയുള്ള കിളവന്മാരൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് സഹജീവിയെ എദന്‍തോട്ടത്തിലെ ഹവ്വായുടെ രൂപത്തില്‍ കാണുന്നത്.

കുടുംബസമേതം എത്തുന്നവര്‍ക്ക് ഈ ബാത്ത് റൂം സെറ്റപ്പ് അത്ര പന്തിയല്ലാ.
പിറ്റേദിവസം പ്രാതലിനു കണ്ടുകുട്ടിയ പല സുഹൃത്തുക്കള്‍ക്കും മുഖത്തൊരു വൈക്ലബ്യം- സ്ത്രീകളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുമുണ്ട്-
സുമുഖനും, സുന്ദരനും, എന്റെ സുഹൃത്തുമായ അനിയന്‍ മൂലയിലിന്റെ മുഖത്തൊരു മ്ലാനത-
'എന്തു പറ്റി അനിയാ? മുഖത്തൊരു ചമ്മല്‍?'

'എന്തു പറയാനാ രാജു-ഇവന്മാരുടെ ഒടുക്കത്തെ ഒരു കുളിമുറി. അവളു അതു കണ്ടെന്നാ തോന്നുന്നത്-'
'എന്നിട്ട് എ്ന്തു പറഞ്ഞു?' അനിയന്റെ സഹധര്‍മ്മിണി ഒരു റിയല്‍ മെഡിക്കല്‍ ഡോക്ടറാണ്.
'സാരമില്ല-മരുന്നിന്റെ സൈഡ് എഫക്റ്റ് ആയിരിക്കുമെന്നു പറഞ്ഞു-' അതു പറഞ്ഞിട്ട് അനിയന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു-

'സാരമില്ല അനിയാ-എന്റെ ഗതി ഇതുതന്നെയാ!'

'പുഷ്പ എന്തു പറഞ്ഞു?'

'പ്രത്യേകിച്ചൊന്നു പറഞ്ഞില്ല-അവള്‍ ഇന്നലെ തുടങ്ങിയ ചിരി ഇതുവരെ നിര്‍ത്തിയിട്ടില്ല-'
ഞാന്‍ അനിയന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.

പകല്‍ നേരത്തെ പരിപാടികളിലെല്ലാം ജനപങ്കാളിത്തം വളരെ കുറവായിരുന്നു. ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇഷ്ടം പോലെ തീനും കുടിയും- പലരും ‘കുടി’ ‘കിടപ്പു’കാരായി മാറി. തിന്നുക, കുടിക്കുക, കിടക്കുക, കുടിക്കുക, കിടക്കുക- യേശുക്രിസ്തു ഒരു തവണമാത്രമേ വെള്ളത്തിനു മുകളില്‍കൂടി നടന്നുള്ളൂ. പുന്റകാനായില്‍ എ്ന്നും വെള്ളത്തിലായിരുന്നു പലരുടേയും നടപ്പ്.
ജീവിതം ഇങ്ങിനെ ആനന്ദലഹരിയില്‍ ആറാടുമ്പോള്‍, ഗൗരവമുള്ള ചര്‍ച്ചകള്‍ക്ക് എവിടെയാണ് സ്ഥാനം? സദസ്യരുടെ അഭാവം കൊണ്ട് ചില പരിപാടികള്‍ ക്യാന്‍സല്‍ ചെയ്യേണ്ട ദുരവസ്ഥയുമുണ്ടായി. 

ഈയുള്ളവനായിരുന്നു “ചിരിയരങ്ങി”ന്റെ സാരഥി-
'കര്‍ത്താവേ! ഇതുപോലെ ഗതികെട്ടവര്‍ മറ്റാരെങ്കിലുമുണ്ടോ!' എന്നു ഞാന്‍ സ്വയം വിലപിച്ചു.

മാര്‍ ക്രിസോസ്റ്റം തിരുമേനി, മക്കാറിയോസ് തിരുമേനി, ഡോ.ബാബു പോള്‍, സനല്‍കുമാര്‍ ഐ.എ.ഐസ്, സുകുമാര്‍ സാര്‍, ചെമ്മനം ചാക്കോ, ഡോ.എം.വി.പിള്ള, ഡോ.റോയി തോമസ്, അംബാസിഡനര്‍ ടി.പി.ശ്രീനിവാസന്‍ തുടങ്ങിയ മഹാരഥന്മാര്‍ നിറഞ്ഞ സദസ്സില്‍, ചിരിയുടെ പൂരപറമ്പു തീര്‍ത്തിട്ടുള്ള പരിപാടിയാണ്.

അവിടെയാണ് ഈയുള്ളവന്‍ തനിയെ.

ഉള്ളതു കൊണ്ട് ഓണം പോലെ അനിയന്‍ മൂലയിലായിരുന്നു സഹകാര്‍മ്മികന്‍.

ശശിധരന്‍ നായര്‍ 
വനിതകള്‍ സ്വമേധയാ വേദിയിലെത്തി തമാശകള്‍ പറഞ്ഞത് കൗതുകമുണര്‍ത്തി. അനിതാ നായര്‍, സുജ ജോസ്, സിസി അനിയന്‍ ജോര്‍ജ് തുടങ്ങിയവരെ കൂടാതെ ഡോ. ജോസ് കാനാട്ട്, റോയി ചെങ്ങന്നൂര്‍ തുടങ്ങിയവരും പങ്കെടുത്തു. ഫോമയുടെ തലതൊട്ടപ്പന്‍ ശശിധരന്‍ നായര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ ഞാന്‍ മുങ്ങിയതു കൊണ്ട് ദേഹോപദ്രവം ഒന്നും ഏറ്റില്ല.
നോബിള്‍ എന്ന യുവപ്രതിഭ സംഘടിപ്പിച്ച 'ഫാമിലി നൈറ്റ്' തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നല്‍കി.

തികച്ചും അരോപചകമായ, മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു ഇനമാണ് സമീപകാലത്തു തുടങ്ങിയ ഇന്‍ട്രോ വീഡിയോസ്. ഓരോരുത്തരും സ്‌റ്റേജിലേക്കു വരുന്നതിന് മുമ്പ്, അവരുടെ    'കോണക കാലം' മുതലുള്ള വീരകൃത്യങ്ങളുടെ ഒരു വിവരണം വീഡിയോ ക്ലിപ്പ്‌സിന്റെ അകമ്പടിയോടെ, കാതടിപ്പിക്കുന്ന സ്വരത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.' താന്‍ ഇത്ര വലിയ ഒരു സംഭവമാണോ?' എന്ന് അവര്‍ക്കുപോലും തോന്നിപ്പോകും. ഒന്നോ രണ്ടോ പേരുടെയാണെങ്കില്‍ സഹിക്കാം- ഇതതല്ല. സകല പുംഗവന്‍മാരുടേയും ചരിത്രം കാണിച്ച് നമ്മളെ പീഡിപ്പിക്കും. ഈ പ്രഹസനം ഉദ്ഘാടന വേദിയിലും, സമാപന സമ്മേളനത്തിലുമെല്ലാം ആവര്‍ത്തിക്കും.

ഒരു സ്‌പോണ്‍സറുടെ വീഡിയോയില്‍
'എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ്
ഞാന്‍ എന്തു ചെയ്യേണ്ടു നിനക്ക് യേശുപരാ'
എന്ന ഗാനം ചേര്‍ത്തിട്ടുണ്ട്. അതുകേട്ട്, കണ്‍വന്‍ഷന്‍ പന്തലിലേപ്പോലെ സ്‌തോത്ര കാഴ്ച എടുക്കുവാനുള്ള പുറപ്പാടാണെന്നാണ് ഞാന്‍ കരുതിയത്.

ബാങ്ക്വറ്റ് പരിപാടിക്ക് പ്രതീക്ഷ നിലവാരമുണ്ടായില്ല. ഓഡിറ്റോറിയത്തിന്റെ മുന്‍ഭാഗം പൗരപ്രമുഖര്‍ക്കു വേണ്ടി വടം കെട്ടി തിരിച്ചിരുന്നു. സാധാരണ ബാങ്ക്വറ്റില്‍ കാണാറുള്ളതു പോലെ ടേബിളില്‍ ബ്രെഡോ, സാലടോ, മറ്റ് ആപ്പിറ്റൈസറുകളോ ഒന്നുമുണ്ടായിരുന്നില്ല.

സ്‌റ്റേജിലാണെങ്കില്‍ പരിപാടികള്‍ തകര്‍ക്കുകയാണ്. അവാര്‍ഡുകള്‍ വാരിവിതറുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഒന്ന്ഒന്നര പരിപാടി ആയിപ്പോയി. അന്‍പതോളം ആളുകളെക്കൊണ്ട് ഒരു വാറോല വലുപ്പത്തില്‍ എഴുതി  പിടിപ്പിച്ചിരിക്കുന്ന സത്യപ്രതി പ്രത്യേകം പ്രത്യേകം ചൊല്ലിച്ചു. അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കുന്ന ഗൗരവത്തിലാണ് ഓരോരുത്തരും നെഞ്ചത്തു കൈ വെച്ചു പ്രതിജ്ഞയെടുത്തത്.

ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഫോമാ ട്രഷറാര്‍ ബിജു തോണിക്കടവില്‍. നൂറിലധികം ആള്‍ക്കാര്‍ക്ക് പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു- ആരേയും പിണക്കരുതല്ലോ! തീര്‍ച്ചയായും ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തേണ്ട ഒരു ഇനമാണത്.

ഇത്രയും ആയപ്പോഴേക്കും ചിലര്‍ കരഞ്ഞുപോയി. മറ്റു ചിലര്‍ മയങ്ങിത്താഴെ വീണു-വിശന്നിട്ട്.
ഞാന്‍ സൈഡ് ഡോര്‍ വഴി ഒന്നു പുറത്തിറങ്ങി. അവിടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. വരുന്നതു വരട്ടെ എ്ന്നു കരുതി ഞാന്‍ ഒരു കക്ഷണം ചീസ് കേക്ക് എടുത്തു.
'No Toques nada' - സ്പാനിഷ് ഭാഷയില്‍ ഒരു ഗര്‍ജ്ജനം. ഞാനൊന്നു പതറി. എങ്കിലും 'ഭയം വേണ്ടാ', ജാഗ്രത മതി' എന്ന കേരള സര്‍ക്കാരിന്റെ സന്ദേശം എനിക്കു കരുത്തു പകര്‍ന്നു.

'തൊട്ടു പോകരുത്' എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം.
'Me-poor Indian-very hungry'- ഞാന്‍ എന്റെ ദയനീയവസ്ഥ വെളിപ്പെടുത്തി.
അതിനു മറുപടിയായി, കൈ ചൂണ്ടി കരുത്തന്‍
'Sal Mandigo'(പോടാ, തെണ്ടി) എന്നു പറഞ്ഞു.

ഏതായാലും മൂന്നാലു പീസുകളുമായി വീരയോദ്ധാവിനെപ്പോലെ ഞാന്‍ തിരിച്ചെത്തി. 

ഇതാ, നിങ്ങള്‍ ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന കലാപരിപാടികള്‍ തുടങ്ങുകയായി.
അല്പവസ്ത്രധാരിയായ ഒരു പെങ്കൊച്ച്, മാറിടം കുലുക്കികൊണ്ട് 'ഹമ്മാ-ഹമ്മാ-' എന്നൊരു ഗാനം പാടിക്കൊണ്ട് ഓടി നടക്കുകയാണ്-ഏതു ഭാഷയാണ് ആ ലിറിക്‌സ് എ്ന്ന് എനിക്കും എന്റെ അടുത്തിരുന്നവര്‍ക്കും മനസ്സിലായില്ല. ഇതിനെയൊക്കെ ഗായിക എന്ന പേരില്‍ കൊണ്ടുവന്നവരെ നമിക്കണം.

ഒരു 'മാണിക്യവീണയോ, അല്ലിയാമ്പല്‍ കടവിലോ,' ഒന്നു കേള്‍ക്കുവാന്‍ എ്ന്നിലെ പഴമക്കാരന്‍ ആഗ്രഹിച്ചു പോയി.

നോബിള്‍.ജി
എന്നാല്‍ ടിനിടോം സ്‌റ്റേജിലെത്തിയപ്പോള്‍ രംഗമൊന്നു കൊഴുത്തു. അദ്ദേഹത്തിന്റെ ഒരു സ്പാനിഷ് പാട്ടുകേട്ട് ഹോട്ടല്‍ ജീവനക്കാര്‍ പരിസരം മറന്ന് സ്റ്റേജില്‍ കയറി നൃത്തച്ചുവടുകള്‍ വെച്ചത്, അതുവരെയുള്ള പോരായ്മകളെ ഒരളവുവരെ നികത്തി. വിടവാങ്ങല്‍ രംഗമാണല്ലോ ഓര്‍മ്മയിലെന്നും നിലനില്‍ക്കുന്നത്. ടിനിടോമിന് ഒരു ബിഗ് സല്യൂട്ട്!

'കഥകളിലങ്ങനെ പലതും പറയും
അതുകൊണ്ടാരും പരിഭവമരുതേ!'
തികച്ചും ജനാധിപത്യരീതിയില്‍, വലിയ ജനപങ്കാളിത്തത്തോടെ യാതൊരു അലോസരവുമില്ലാതെ, ഒരു വലിയ ഫോമാ കണ്‍വന്‍ഷന്‍ നടത്തുവാന്‍ നേതൃത്വം നല്‍കിയ ഡോ.ജേക്കബ് തോമസിന്റെ തോളില്‍ ഒരു നക്ഷത്രം കൂടി!
 

Join WhatsApp News
Thomas Peter 2024-08-13 09:04:01
ഇവിടെയുള്ള കലാകാരൻമ്മാരെ ഉൾപ്പെടുത്തി മുൻപ് നടത്തിയിട്ടുള്ളതു പോലെ "Old is Gold" എന്ന സ്റ്റൈലിൽ ഒരു ഗാനമേള ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. കൺവെൻഷൻ പരിപാടികളിൽ പങ്കെടുക്കുന്ന ഭൂരിഭാഗവും പഴയ അർത്ഥവത്തായ മെലഡി ഗാനങ്ങൾ ആസ്വദിക്കുന്നവരാണ്. നല്ല ഒന്നാംതരം ഗായകർ ഇവിടെയുണ്ട്. മൈലപ്ര സാർ എഴുതിയത് പോലെ ആ ഗായികയുടെ പ്രകടനം അറപ്പുളവാക്കുന്നതായിരുന്നു. അൽപ വസ്ത്രധാരിയായി ഓടി നടന്നു പാടിയാൽ ഇവിടെയുള്ള ചെറുപ്പക്കാർ പോലും അത് ആസ്വദിക്കുകയില്ല. അതുപോലെ നാട്ടിലെ ഏതു നർത്തികിമാരോടും കിടപിടിക്കുന്ന ഡാൻസ് ചെയുന്നു കുട്ടികൾ ധാരാളമുണ്ട്. സാഹിത്യത്തിന് ഒരു പ്രാധാന്യവും കൊടുക്കാഞ്ഞത് മോശമായിപ്പോയി. അതുപോലെ തന്നെ ഒരു മീഡിയ സെമിനാറും നടത്താമായിരുന്നു.
Complaint 2024-08-13 09:21:54
The room service was pathetic at the Resort. When you call for service they answer in Spanish. They charge you for room service, like breakfast about fifty dollars. They charged me forty dollars for beach towels, which I never used.
Mathews okc. 2024-08-13 16:03:15
ജീവിതത്തിന്റെ സായം കാലത്തു എന്തെങ്കിലും ആഗ്രഹങ്ങൾ പൊന്തിവരട്ടെ എന്ന സദുദ്ദേശത്തോട് ചെയ്ത ബാത്‌റൂം സെറ്റപ്പിനെയും വിമർശിച്ചത് ഒട്ടും ശരിയായില്ല ..
Adam 2024-08-13 20:11:35
റിസോർട്ടിൽ പോകുന്നത് ഉല്ലസിക്കുവാനാണ്. അവിടെ കുളിമുറിക്കു വാതിൽ നിർബന്ധമല്ല. നമ്മുടെ നാട്ടിൽ ആറ്റിലും തോട്ടിലും കുളത്തിലും മറ്റും കുളിക്കുമ്പോൾ വാതിൽ ഇല്ലല്ലോ. ഏതായാലും അച്ചായൻമ്മാർക്കു, അമ്മാമ്മമാരെ ഒന്ന് നേരെചൊവ്വേ കാണാൻ അവസരം ഒരുക്കിയ ഫോമാ ഭാരവാഹികൾക്ക് നന്ദി.
Yudaas 2024-08-13 20:17:33
വളരെ നാളത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള തോമസ് ഉമ്മനു, ഇത്രയധികം വോട്ടുകൾ കുറയുവാനുള്ള കാരണം, കൂടെ നടന്നവർ അദ്ദേഹത്തെ ചതിച്ചതു കൊണ്ടാണ്. ന്യൂയോർക്കിൽ നിന്നുമാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. ഏതായാലും എല്ലാവരെയും കണ്ണുമടച്ചു വിശ്വസിക്കരുത്.
Mr. Young 2024-08-13 23:05:36
ബൈഡനെപ്പോലെയും ട്രമ്പിനെപ്പോലെയും പിടിവിടാതെ കിടന്നാൽ ജനം പൊക്കി മാറ്റും.
Republican 2024-08-14 00:55:31
Trump should win this election to bring back the dignity of America.
Appukuttan 2024-08-14 01:20:11
മണക്കുന്നേൽ ടീമിൻറെ മികവു കൊണ്ടല്ല മണക്കുന്നേൽ ടീം ജയിച്ചത് പിന്നെയോ തോമസ് ടി ഉമ്മനോടുള്ള കൂടുതലായി നീയോർക്ക് അടക്കം ഉള്ള എതിർപ്പും ആണ് മണക്കുന്ന ടീമിനെ ഭാഗ്യദേവത വോട്ടായി വിജയിപ്പിച്ചത്. പിന്നീട് ഞാൻ അത് ചെയ്തു ഇത് ചെയ്തു പ്രവാസിയെരക്ഷിച്ചു എന്ന രീതിയിൽ, ഒരു ക്രെഡിറ്റ് എടുക്കലും പ്രചരണവും Janam - voters പുച്ഛിച്ചുതള്ളി. ട്രഷറർ ആയിരുന്നപ്പോൾ ഫോമയുടെ പൊളിറ്റിക്കൽ ഫോറം ഉൾപ്പെടെ കമ്മിറ്റികളിൽ ഒരു ഏകാധിപതി മാതിരി ഇടപെട്ടതും അത്തരം കമ്മറ്റിക്കാർ മറന്നു കാണില്ല. ഇടപെടലുകൾ തന്നെ അത്തരം സബ് കമ്മിറ്റികളെ നിഷ്പ്രഭം ആക്കിയത് ചരിത്രമാണ്. ഏതായാലും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറുക അടുത്ത പ്രാവശ്യം വിജയിച്ചു കയറാം. ആശംസകൾ.
Donald 2024-08-14 01:23:20
I am going to make Kamal my VP. She looks beautiful on Time Magazine. She is much better than Malina- I can have one VP on my left and another one on the right and I will bring back the dignity of America. How is my Plane looks. Jeffry and I had good time in it. Vote for Kamala and I can also be her VP. Isn’t her beautiful. She looks like an actress.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക