Image

ആലീസ്, ഐ ലവ്വ് യു (കഥ:ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 14 August, 2024
ആലീസ്, ഐ ലവ്വ് യു (കഥ:ജോൺ കുറിഞ്ഞിരപ്പള്ളി)

സൂറിക്കിലെ ഒരു ഷോപ്പിംഗ് മാളിൽ വച്ചാണ് ഞാൻ സേതു മാധവനെ പരിചയപ്പെടുന്നത്. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ് വെയർ കമ്പനിയുടെ കോൺട്രാക്ടിൽ,  ഒരു കസ്റ്റമറുടെ സപ്പോർട്ടർ ആയി വന്നതാണ് സേതുമാധവൻ . 
സേതുവിന് ഏകദേശം ഒരു ഇരുപത്തിയാറു വയസ്സുകാണും.നല്ല ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയും ആണ്. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ.വളരെ സരസമായി സംസാരിക്കുന്ന സേതുമാധവൻ ആളുകളുടെ ശ്രദ്ധ കേന്ദ്രമായി മാറുന്നത് ഞാൻ പലതവണ കണ്ടിട്ടുള്ളതാണ്.
ആരും ഇഷ്ട്ടപ്പെട്ടുപോകുന്ന എന്തോ ഒന്ന് അയാളിൽ  ഉണ്ട് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സേതു സ്വിറ്റ്സർലൻഡിൽ വന്നിട്ട് ഒരു വർഷമായി. പ്രാദേശിക ഭാഷയായ ജർമ്മൻ പഠിച്ചു,ഇപ്പോൾ വലിയ ബുദ്ധിമുട്ടില്ലാതെ സംസാരിക്കാനറിയാം എന്നാണ് സേതു പറഞ്ഞത്. സേതുവിൻറെ ഓഫീസ് സൂറിക്കിൽ ആണെങ്കിലും ഇടക്കിടക്ക് അവരുടെ ഫാക്ടറിയിൽ ട്രെയിനിങ് പ്രോഗ്രാമുകളുമായി പോകണം ,എന്നാണ് സേതു പറഞ്ഞത്.
ഇടയ്ക്കിടയ്ക്ക് ഞങ്ങൾ പലതവണ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അങ്ങിനെ ഞങ്ങൾ സുഹൃത്തുക്കളായി.
ഞാൻ കാലത്തു് ,വീട്ടിലേക്ക് അടിയന്തിരമായി കുറച്ചു സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ വന്നതായിരുന്നു. കാർ പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങുമ്പോൾ സേതുമാധവനും അവിടേക്ക് വന്നു.
ആൾ ആകെക്കൂടി  ക്ഷീണിതനായിരിക്കുന്നു.ധരിച്ചിരുന്ന വസ്ത്രങ്ങൾ ചുളുങ്ങി അലങ്കോലമായിരിക്കുന്നു. ഇപ്പോൾ ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് വരുന്നതുപോലെയുണ്ട്. കാഴ്ചയിൽ എനിക്ക് ഒരു പന്തിയില്ലായ്‌മ അനുഭവപ്പെട്ടു. സേതുവിനെ ഈ ഒരു കോലത്തിൽ ഒരിക്കലും കണ്ടിട്ടില്ല.എപ്പോഴും നല്ല ടിപ്പ് ടോപ് ആയി വസ്ത്രം ധരിച്ചു് നല്ല സ്മാർട്ടായി നടക്കുന്ന ഒരാൾ പെട്ടന്ന് അലങ്കോലമായി നടക്കുന്നത് കണ്ടാൽ എന്തോ കുഴപ്പമുണ്ട് എന്ന് തോന്നാതിരിക്കില്ല.
"എന്തുപറ്റി? ഉറക്കത്തിൽനിന്നും എഴുന്നേറ്റ് വരുന്നപോലെ തോന്നുന്നല്ലോ."ഞാൻ ചോദിച്ചു.
അവൻ പറഞ്ഞു.
"ശരിയാണ്,ഇന്നലെ ഞങ്ങളുടെ ഫാക്ടറിയിൽ പോകേണ്ടി വന്നു .പുതിയ ചില മെഷീനുകളുടെ  ഇൻസ്പെക്ഷനുവേണ്ടി  പോയതാണ്.ഇന്നാണ് തിരിച്ചുവരുന്നത്.തിരിച്ചുവരുമ്പോൾ എൻ്റെ കാർ ആക്സിഡൻറ് ആയി, ഞാൻ വഴിയിൽ കുടുങ്ങിപ്പോയി." 
" എന്നിട്ട്? തനിക്ക് പരുക്കൊന്നും പറ്റിയില്ലല്ലോ അല്ലേ?രാത്രി എവിടെയായിരുന്നു?"
അവൻ പറഞ്ഞു,
"ഒന്നും പറയാതിരിക്കുകയാണ് ഭേദം.ഞാൻ ചേട്ടനെ കാണണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു."
"എന്താ?എന്ത് പറ്റി?എങ്ങിനെയാണ് ആക്സിഡൻറ് ആയത്?എന്നിട്ട് കാർ എവിടെ?"
സേതു പറഞ്ഞു,"അതൊരു നീണ്ട കഥയാണ്, ചേട്ടന് സമയമുണ്ടോ കേൾക്കാൻ?
"കഥയല്ലേ,കേൾക്കാൻ ഞാൻ റെഡിയാണ്."
"ഇത് വെറും കഥയല്ല,സംഭവിച്ചതാണ്. ആരും വിശ്വസിക്കില്ല,ചേട്ടനും വിശ്വസിക്കുകയില്ല എന്നറിയാം.എന്നാലും ആരോടെങ്കിലും ഒന്ന് പറഞ്ഞാൽ മനസ്സിന് ഒരു സമാധാനം കിട്ടും എന്ന് കരുതുന്നു."
"സേതു,എന്തിനാണ് ഈ മുഖവുരയെല്ലാം?താൻ പറയൂ,എന്നിട്ട് നോക്കാം ബാക്കി കാര്യങ്ങൾ. ആക്സിഡൻറ് ഒന്നും സാരമില്ല, തനിക്ക് ഒന്നും പറ്റിയില്ലല്ലോ. പിന്നെ കാർ റിപ്പയർ ചെയ്യാൻ ഇൻഷുറൻസ് ഉണ്ടല്ലോ. ഇത് താൻ വിചാരിക്കുന്നതുപോലെ  ഒരു വലിയ പ്രശനം ഒന്നുമല്ല. വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ആക്സിഡന്റിൽ വേറെ ആർക്കെങ്കിലും പരിക്ക്‌ പറ്റിയോ?എന്താണ് പ്രശ്നം എന്ന് തെളിച്ചുപറയൂ."
" ഞാൻ ജോലിക്ക് പോകാനായി കാലത്തു് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്യുന്നതിനിടയിൽ റേഡിയോ ഓൺ ചെയ്ത് വാർത്തകൾ കേൾക്കുന്നത്, എൻ്റെ പതിവ് പരിപാടിയാണ്. വാർത്തകൾ കേൾക്കുന്നതിനിടയിൽ ആ ദിവസത്തെ കാലാവസ്ഥയും ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇന്നലെ കാലത്ത് റേഡിയോയിൽ , വൈകുന്നേരം നാലുമണിമുതൽ ശക്തിയായ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപോയി.കാരണം എൻറെ കാറിൻറെ സമ്മർ ടയർ മാറ്റി വിൻറർ ടയർ ഇടുന്ന കാര്യം മറന്നുപോയിരുന്നു.പിന്നെ ഒക്ടോബർ മാസത്തിൻറെ ആദ്യത്തെ ആഴ്ച കളിൽ സാധാരണ മഞ്ഞു വീഴുക പതീവില്ലല്ലോ."
മഞ്ഞു വീഴ്ച ഉള്ള രാജ്യങ്ങളിൽ ശൈത്യകാലത്ത് പ്രത്യേക ടയറുകളാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. 
സേതു ഒന്ന് നിർത്തിയിട്ട് തുടർന്നു," ഞാൻ പതിവായി പോകാറുള്ള വർക്ക് ഷോപ്പിലേക്ക് ടയർ മാറ്റുന്നതിനായി ടെലിഫോൺ ചെയ്തു.അവർ രണ്ടു ദിവസത്തേക്ക് ഓവർ ബുക്കിങ്ങാണ് എന്നുപറഞ്ഞു.വേറെയും നാലഞ്ച് വർക്ക് ഷോപ്പുകളിൽ വിളിച്ചു നോക്കിയെങ്കിലും എല്ലാവരുടേയും  മറുപടി  ഒന്നുതന്നെയായിരുന്നു.അവസാനം നിർബന്ധിച്ചപ്പോൾ പതിവായിപ്പോകാറുള്ള വർക്ക് ഷോപ്പുകാരൻ, ഇന്നൊരു ദിവസം എങ്ങിനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യൂ, നാളെ മാറ്റിത്തരാം, എന്ന് പറഞ്ഞു. തൽക്കാലം അത് അനുസരിക്കുകയെ വഴിയുള്ളൂ. പിന്നെ ഒരു ദിവസത്തെ പ്രശ്നമല്ലേ ഉള്ളു, ഞാൻ കരുതി."
സേതു ജോലിചെയ്യുന്ന സ്ഥലം എനിക്കറിയാം.അവിടേക്ക് ഒരു കുന്നുകയറി വേണം പോകാൻ.അധികം തിരക്കില്ലാത്ത വഴിയാണ്.
സേതുവിൻറെ താമസ്സസ്ഥലത്തുനിന്നും മുപ്പത് കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്.സാധാരണ കാറിന് അരമണിക്കൂർ മതി അവിടെയെത്താൻ.
ഹിൽ സ്റ്റേഷൻ ആയതുകൊണ്ട് അവിടെ മഞ്ഞു വീഴ്ച കൂടുതലായിരിക്കുവാനുള്ള സാധ്യതയുണ്ട്. 
" സാധാരണ ജോലിസമയം അഞ്ചുമണി വരെയാണ്. ഇന്ന് നേരത്തെ ജോലി മതിയാക്കി പോരാം എന്ന് വിചാരിച്ചിരുന്നതാണ്.
എന്നാൽ ജോലിത്തിരക്കിനിടയിൽ എല്ലാം മറന്നു പോയി. ജോലി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കാലാവസ്ഥ പ്രവചനം പോലെ തന്നെ ശക്തിയായി മഞ്ഞ് പെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.റോഡ് കഷ്ട്ടിച്ചു കാണാം,അത്രമാത്രം. ഇനിയെന്തു ചെയ്യാനാണ്? സമയം കളയാതെ തിരക്കിട്ട് പുറത്തേക്കിറങ്ങി. "
അഞ്ചുമണിയാകുമ്പോഴേക്കും ഇരുട്ട് വ്യാപിച്ച് തുടങ്ങും.മഞ്ഞും ഇരുട്ടും കൂടിയാകുമ്പോൾ ഡ്രൈവിംഗ് ബുദ്ധിമുട്ടാകും.പോരാതെ സേതുവിന് മഞ്ഞിൽ കാർ ഓടിച്ചു പരിചയവും ഇല്ല .
സേതു കാർ സ്റ്റാർട്ട് ചെയ്തു പാർക്കിങ്ങിൽനിന്നും റോഡിൽ എത്തുമ്പോൾ മുന്നിൽ ഏതാനും വണ്ടികൾ വളരെ സാവധാനം പോകുന്നുണ്ടായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ആ വാഹനങ്ങൾ അയാളെ വല്ലാതെ അലോസരപ്പെടുത്തി.
അല്പം ദൂരം ചെന്നപ്പോൾ മുന്നിൽ പോയ വാഹനങ്ങൾ മറ്റൊരു വഴിക്കു തിരിഞ്ഞു. സേതു കാറിൻറെ വേഗത കൂട്ടി.
അതാണ് അബദ്ധം ആയത്.
ആകാശത്തിൽ നിന്നും പഞ്ഞികെട്ടുകൾപോലെ വീഴുന്ന മഞ്ഞ് മുൻപിലെ ഗ്ലാസ്സിൽക്കൂടിയുള്ള കാഴ്ച മറച്ചുകൊണ്ടിരുന്നു. അങ്ങിനെ അൽപദൂരം കാർ ഓടി. പെട്ടന്നാണ് മുൻപിൽ റോഡിലെ വളവിൽ രണ്ടുവണ്ടികൾ കൂട്ടിയിടിച്ചുകിടക്കുന്നത്‌ സേതു കണ്ടത്. അവിടെ ചെറിയ ഒരു ഇറക്കം ആണ്.കഷ്ട്ടിച്ചു ഒരു  കാറിന് കടന്നുപോകാനുള്ള സ്ഥലമുണ്ട്.
അപകടം നടന്ന സ്ഥലത്തു് ആരേയും കാണാനില്ല.
ബ്രേക്ക് ചവിട്ടിയാൽ മഞ്ഞിൽ വണ്ടി പാളി പോകാൻ സാധ്യതയുണ്ട് എന്നറിയാമെങ്കിലും മറ്റു വഴിയില്ല.വളരെ ശ്രദ്ധിച്ചു സാവകാശം ബ്രേക്കിൽ കാൽ അമർത്തി, റോഡിൽ കിടന്നിരുന്ന വാഹനങ്ങളെ ഓവർ ടേക്ക് ചെയ്തു എന്ന് പറയാം.
മുൻപിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ തട്ടാതിരിക്കാൻ ഇടതുവശത്തേക്ക് അല്പം തിരിച്ചതാണ് പ്രശ്നമായത്. റോഡിൽ നിന്നും സൈഡിലേക്ക് പാളിപ്പോയ കാർ പുൽ മേടുകൾക്ക് മുകളിൽ വീണുകിടക്കുന്ന മഞ്ഞിന് മുകളിലൂടെ തെന്നി നീങ്ങി. കാർ നിർത്താനുള്ള എല്ലാ ശ്രമവും പാഴായിപ്പോയി.
മഞ്ഞുവീണുകിടക്കുന്ന പുൽമേടിലൂടെ തെന്നിനീങ്ങിയ കാർ വളരെ വേഗത്തിൽ താഴ്വാരത്തിലേക്ക് കുതിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ പരിഭ്രമത്തിനുടയിൽ ബ്രേക്കിൽ കാൽ അമർന്നു. കാർ പമ്പരം പോലെ വട്ടം കറങ്ങി. ആ കറക്കത്തിൽ അവിടെയുണ്ടായിരുന്ന ഒരു കുറ്റിച്ചെടിൽ തടഞ്ഞ് ഒരു നിമിഷം നിന്നു.പെട്ടന്ന് തോന്നിയ ബുദ്ധി എങ്ങിനെയും രക്ഷപ്പെടുക എന്നതാണ്.സേതു ഡോർ തുറന്ന് പുറത്തേക്ക് ചാടി.
പിന്നെ കാർ കുന്നിൻചെരുവിലേക്ക് അതിവേഗം ഉരുണ്ടു പോകുന്നത് നോക്കിനിൽക്കാനേ സേതുവിന് കഴിഞ്ഞുള്ളു. അത് അങ്ങുതാഴെ കുന്നിൻ ചരുവിൽ മറഞ്ഞു. 
പരിഭ്രമവും ഭയവും കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ കുറച്ചുസമയം സേതു അവിടെത്തന്നെ നിന്നു.
ഇൻഷുറൻസ് കമ്പനിയിൽ വിളിച്ചുപറഞ്ഞാൽ അവർ കാർ കണ്ടെടുത്തു് വർക്ക്‌ഷോപ്പിൽ എത്തിച്ചു തരും. പോലീസിൽ അറിയിച്ചാൽ അവർ സഹായിക്കാൻ വരും. ഒന്നു വിളിച്ചു പറഞ്ഞാൽ മതി.
മൊബൈൽ ഫോൺ എടുക്കാൻ പോക്കറ്റിൽ കയ്യിട്ടപ്പോളാണ് അത് കാറിൻ്റെ സീറ്റിൽ നിന്നും എടുത്തിട്ടില്ല എന്ന് ഓർമ്മിക്കുന്നത്.
സേതുവിന് ഒരുതരം നിസ്സഹായത അനുഭവപ്പെട്ടു. നോക്കെത്താദൂരം വിസ്തൃതമായ പുൽമേടുകളാണ് അതെല്ലാം മഞ്ഞിൽ മൂടി കിടക്കുകയാണ്. 
മഞ്ഞുവീഴ്ച യിൽ  നിശബ്ദമായി നിശ്ചലമായി നിൽക്കുന്ന ഈ പ്രകൃതി ആരെയും അമ്പരപ്പിക്കും.
അടുത്തൊന്നും ആൾ താമസ്സം ഇല്ല എന്ന തോന്നുന്നു.
സ്ഥിരം യാത്ര ചെയ്യുന്ന വഴിയാണെങ്കിലും ആ ഭാഗത്തുകൂടെ പോകുന്നു എന്നല്ലാതെ ആ പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രം ഒന്നും അറിയില്ല.
ഇനി ഒന്നേ ചെയ്യാനുള്ളൂ എങ്ങിനെയും നടന്ന് റോഡിൽ എത്തുക.റോഡ് ലക്ഷ്യമാക്കി സേതു നടന്നു.
ഭയം മൂലം സേതുവിന് സ്ഥലകാലബോധം നഷ്ട്ടപെട്ടു . എവിടേക്ക് നടന്നാൽ വഴി കണ്ടുപിടിക്കാൻ കഴിയും എന്നത് ഇപ്പോൾ ഒരു ഊഹം മാത്രമാണ്.മുകൾ ഭാഗത്തുനിന്നും താഴേക്ക് വന്നു എന്നല്ലാതെ വഴി എവിടെയാണ് എന്നോ എത്ര ദൂരം മഞ്ഞിലൂടെ കുന്നിൽച്ചെരുവിലേക്ക് വന്നു എന്നോ സേതുവിന് നിശ്ചയമില്ല.
ഇരുട്ട് വ്യാപിച്ചുതുടങ്ങി.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ മഞ്ഞിൽ തന്നെ ആരും കാണാൻ പോകുന്നില്ല,ഒരു വാഹനവും ആ വഴി ഇതുപോലെ ശക്തിയായി മഞ്ഞുവീഴുമ്പോൾ വരാൻ സാധ്യതയില്ല എന്ന ചിന്ത വല്ലാതെ ഭയപ്പെടുത്തി.വിജനമായ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയവൻറെ മാനസ്സിക അവസ്ഥയിലായിരുന്നു സേതു.മൊബൈൽ ഫോൺ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പം ആകുമായിരുന്നു. ചുരുങ്ങിയത് പോലീസിൽ വിവരം അറിയിക്കാമായിരുന്നു. 
ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു സാധ്യതകളെ ഉള്ളൂ, ഒന്ന് ആരെങ്കിലും തന്നെ കണ്ടെത്തണം,അല്ലെങ്കിൽ സ്വയം വഴി കണ്ടുപിടിച്ചു രക്ഷപ്പെടണം.ഇത് രണ്ടും എളുപ്പമല്ല എന്ന തിരിച്ചറിവിൽ മനസ്സിൻെറ നിയന്ത്രണം നഷ്ട്ടപ്പെടുന്നതുപോലെ സേതുവിന് തോന്നി.
പുറത്തെ തണുപ്പ് ശരീരത്തിലും മനസ്സിലും അരിച്ചു കയറുന്നു. ഇനിഎന്തുചെയ്യും?
സേതു ഉറക്കെ ശബ്ദമുണ്ടാക്കി നോക്കി,ആരെങ്കിലും ശബ്ദം കേട്ട് തൻ്റെ രക്ഷക്ക് എത്തിയേക്കാം എന്ന പ്രതീക്ഷയിൽ.
റോഡിൽ കൂട്ടിയിടിച്ചുകിടന്ന വാഹനത്തിൻറെ അടുത്തും ആരെയും കണ്ടിരുന്നില്ല.
കുറെ സമയം നടന്നുവെങ്കിലും റോഡിൽ എത്തുന്നതിൻ്റെ യാതൊരു ലക്ഷണവും കാണുന്നില്ല. അല്ലെങ്കിൽ ചിലപ്പോൾ റോഡ് എവിടെയാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നതുമാകാം.
മനസ്സിൽ ഭയം ഘനീഭവിച്ചു കിടക്കുന്നു.
ആരെങ്കിലും വന്ന് രക്ഷപെടുത്തിയില്ലങ്കിൽ നാളത്തെ പ്രഭാതം താൻ കാണില്ല.
മഞ്ഞിൽ മരവിച്ചു............. 
ചിലപ്പോൾ മഞ്ഞിനടിയിൽ മരവിച്ചു ജീവനില്ലാത്ത കിടക്കുന്ന തൻ്റെ ശരീരം ..........................
കാർ മലഞ്ചെരുവിൽ കിടക്കുന്നതുകണ്ട് ആരെങ്കിലും മഞ്ഞിൽ തിരഞ്ഞാൽ തൻ്റെ ബോഡി കണ്ടു  പിടിച്ചേക്കാം. 
ചിലപ്പോൾ, അതും ദിവസങ്ങൾക്ക് ശേഷം ആയിരിക്കും. 
ഇപ്പോൾ ഇത്തരം ചിന്തകൾ മനസ്സിനെ അലട്ടിക്കൂട,ധൈര്യപൂർവ്വം മുൻപോട്ട് പോവുകയാണ് വേണ്ടത്. ധൈര്യം സംഭരിച്ചു മലമുകളിലേക്ക്,റോഡ് ലക്ഷ്യമാക്കി സേതു നടന്നു.
"ഹലോ ".പുറകിൽ നിന്നും ആരോ വിളിക്കുന്നു.സേതു തിരിഞ്ഞുനിന്നു.
“എന്തുപറ്റി?"
മങ്ങിയ വെളിച്ചത്തിൽ അയാൾ കണ്ടു ഒരു യുവതി,ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് കാണും.ഇവൾ ഈ തണുപ്പിൽ എവിടെ നിന്നുവരുന്നു?
അയാൾക്ക് ആശ്വസമായി. "എൻ്റെ കാർ ആക്സിഡൻറ് ആയി."
"ഓഹോ.എന്നിട്ട് കാർ എവിടെ?"
"അത് കുന്നിൻ ചെരുവിലേക്ക് ഉരുണ്ടുപോയി."
"എന്നിട്ട് എന്ത് ചെയ്തു?പോലീസിൽ വിളിച്ചു പറയാമായിരുന്നില്ലേ?"
" അത്..............മൊബൈൽ കാറിനുള്ളിലായിപ്പോയി."
"കാർ എവിടെ ?"
സേതു താഴേക്ക്,കുന്നിൻ ചെരുവിലേക്ക് വിരൽ ചൂണ്ടി.
"എൻ്റെ പേര് ആലീസ്.ആലീസ് സ്നേബെർഗ്ഗ്."അവൾ കൈനീട്ടി ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു.
"ഞാൻ , സേതു മാധവൻ."
"സേതുവിന് പരുക്ക് ഒന്നും പറ്റിയില്ലല്ലോ,അല്ലേ?"
"ഇല്ല."
"സേതുവിൻറെ ഫോൺ നഷ്ട്ടപെട്ടു എന്നല്ലേ പറഞ്ഞത്.സാരമില്ല,എൻ്റെ ഫോൺ ഉപയോഗിക്കാം."
അവൾ കോട്ടിൻ്റെ പോക്കറ്റിൽ മൊബൈൽ എടുക്കാനായി കയ്യിട്ടു.
അല്പസമയം പോക്കറ്റിൽ പരതിയിട്ടു അവൾ പറഞ്ഞു,"സോറി,ഞാൻ ഫോൺ എടുക്കാൻ മറന്നു.ഇനി എന്താ ചെയ്യുക?നിങ്ങൾക്ക് എവിടേക്കാണ് പോകേണ്ടത്.?"
സേതു സ്ഥലത്തിൻറെ പേരുപറഞ്ഞു."ഈ മഞ്ഞിൽ നിന്നും രക്ഷപ്പെടണം,എങ്ങിനെയെങ്കിലും".
"അതിന് ഒരു മാർഗ്ഗമേയുള്ളു."
"അതെന്താ?"
"മഞ്ഞിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ഈ രാജ്യം വിട്ട് പോകണം.പിന്നെ സേതു പറഞ്ഞ സ്ഥലത്തേക്ക്  കുറെ ദൂരം ഉണ്ടല്ലോ."
"ഉം".
"സേതുവിൻ്റെ ഭാഷ കേട്ടിട്ട് അധിക കാലം ആയിട്ടില്ല ഇവിടെ വന്നിട്ട് എന്ന് തോന്നുന്നു."
"അതെ,ഒരു വർഷം ആകുന്നതേയുള്ളു."
"ഞാൻ ഇവിടെ അടുത്താണ് താമസ്സിക്കുന്നത്.ദാ അവിടെ."അവൾ താഴ്വാരത്തേക്ക് വിരൽ ചൂണ്ടി. 
"എൻ്റെ കൂടെ വരൂ,നമുക്ക് റോഡിൽ എത്തിയാൽ പിന്നെ വല്ല വിധത്തിലും സഹായം കിട്ടും. ഇപ്പോൾ നമ്മൾ നടക്കുന്നത് ശരിയായ ദിശയിലാണ്."
അവർ നടന്നുതുടങ്ങി.
"ആലിസ് എങ്ങിനെ ഇവിടെ ഈ മഞ്ഞിൽ ഇവിടെ എത്തി?എവിടേക്ക് പോകുന്നു?"
അവൾ അതിന് മറുപടി പറഞ്ഞില്ല.ഒരു നിമിഷം ആലോചിച്ചിട്ട് അവൾ പറഞ്ഞു.
"ഈ സമയത്തു ഒരു വാഹനം കിട്ടുക പ്രയാസമാണ്.നമുക്ക് ഇനി റോഡ് നോക്കി കണ്ടുപിടിക്കുക എളുപ്പമല്ല.നമ്മൾക്ക് പ്ലാൻ മാറ്റി കുന്നിൻ്റെ അടിവാരത്തേക്കു നടക്കാം."
അയാൾക്ക് അവൾ പറയുന്നത് അനുസരിക്കുകയെ മാർഗ്ഗമുള്ളു.
"അവിടെയാണെങ്കിൽ ആൾതാമസ്സം ഉണ്ട്. ആരുടെയെങ്കിലും സഹായം ആവശ്യപ്പെടുകയോ പോലീസിനെ വിളിക്കുകയോ ചെയ്യാം.ഇപ്പോൾ നമ്മൾക്ക് ആരെയും ബന്ധപ്പെടാൻ ഫോൺ പോലും ഇല്ല ." "ആലീസ് എവിടെയാണ് താമസിക്കുന്നത്?"
"ഞാൻ പറഞ്ഞില്ലേ,ദാ ,അവിടെ." 
അവൾ താഴ്വാരത്തേക്ക് വിരൽ ചൂണ്ടി .
അവൾ അയാളുടെ കയ്യ് പിടിച്ചുനോക്കിയിട്ട് പറഞ്ഞു,"സേതു ,നിങ്ങൾ വല്ലാതെ തണുത്തിരിക്കുന്നു.എൻ്റെ ഓവർകോട്ടു നല്ല കനമുള്ള താണ്. ഇത് ധരിച്ചോളൂ."
അവളത് ഊരി അയാൾക്ക് കൊടുത്തു .
സേതു അത് വാങ്ങാൻ മടിച്ചു.അവൾ പറഞ്ഞു," നല്ല കട്ടിയുള്ള ജാക്കറ്റാണ് എൻറേത് .അതെടുത്തോളു."
അവൾ അങ്ങിനെ പറഞ്ഞു എങ്കിലും സേതു അത് വാങ്ങാൻ മടിച്ചു. അവൾ പറഞ്ഞു,"തൽക്കാലം എനിക്ക് കുഴപ്പമില്ല.അത് നിങ്ങൾ ധരിച്ചോളൂ".
അവൾ ആ ഓവർകോട്ട് അയാളുടെ തോളിൽകൂടി ഇട്ട് കൊടുത്തു.എന്നിട്ട് അയാളെ ഒരു കൊച്ചുകുട്ടിയെ എന്നപോലെ തോളിൽകൂടി കയ്യിട്ടു തൻ്റെ ശരീരത്തോട് ചേർത്തുപിടിച്ചു. ഈ കൊടുംതണുപ്പിലും അവളുടെ കൈകളുടെ ചൂട് സേതുവിനെ അത്ഭുതപ്പെടുത്തി.
മങ്ങിയവെളിച്ചത്തിൽ അയാൾ അവളെ സൂക്ഷിച്ചുനോക്കി.ആലീസ് വളരെ സുന്ദരിയാണ്. അവളുടെ ഉയർത്തി കെട്ടിവച്ചിരുന്ന മുടിയിഴകൾ അയാളുടെ മുഖത്തേക്ക് ചിതറി വീണു.അവൾ അതൊന്നും ശ്രദ്ധിച്ചതേയില്ല.
അവളോട് ചോദിക്കുവാൻ ഒരുപാട് ചോദ്യങ്ങൾ സേതുവിൻറെ മനസ്സിലുണ്ട്.എങ്കിലും ഒരു മടി,അവൾ എന്ത് വിചാരിക്കും എന്ന ചിന്തയിൽ ഒഴിവാക്കി.അവർ നടന്നു.
രണ്ടുമൂന്ന് തവണ സേതു കാൽതെറ്റി വീഴാൻ തുടങ്ങി.അപ്പോഴെല്ലാം ഒരു കായികാഭ്യാസിയേപ്പോലെ അവൾ അവനെ താങ്ങി.
അവളുടെ ചൂടുള്ള നിശ്വാസം സേതുവിൻറെ മുഖത്ത് തട്ടിയപ്പോൾ സേതു അവളെ ഏറുകണ്ണിട്ടുനോക്കി.
പെട്ടന്നായിരുന്നു അവളുടെ ചോദ്യം,"സേതുവിന് ഗേൾ ഫ്രണ്ട് ഉണ്ടോ?എന്താണ് അവളുടെ പേര്?"
പെട്ടന്നുള്ള ആ ചോദ്യം സേതുവിനെ അമ്പരപ്പിച്ചു.
"ഇല്ല,എനിക്ക് ഒരു ഗേൾ ഫ്രണ്ട് ഇല്ല".
"ഇല്ല?വൈ?"
"ജസ്റ്റ് ലൈക്ക് ദാറ്റ്."
"അതെന്താ?............ആരെയും കിട്ടിയില്ലേ?"
"തൽക്കാലം ഇല്ല,അത്രമാത്രം".
"ഞാൻ മതിയോ?"
സേതു മറുപടി പറയാൻ ഒന്ന് പരുങ്ങി.വാസ്തവത്തിൽ അവളുടെ പെരുമാറ്റത്തിലുള്ള അടുപ്പവും ചുറുചുറുക്കും സേതുവിന് ഇഷ്ടപ്പെട്ടു.മറുപടി പറയാതെ വെറുതെ സേതു ചിരിച്ചു.ആലീസ് പറഞ്ഞു,
"വെറുതെ ചിരിച്ചുതള്ളാതെ മറുപടി പറയൂ.എന്നെ ഇഷ്ടമായോ?" 
അവളെ ചേർത്തുപിടിച്ചു സേതു പറഞ്ഞു,"ഉം."
അവൾ ചിരിച്ചു. 
"ശരിക്കും എന്നെ ഇഷ്ടമായോ?" അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ആലീസിനെ പോലെയുള്ള ഒരു പെൺകുട്ടിയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക?"
"ശരിക്കും?" അവൾ നിർത്താതെ ചിരിച്ചുകൊണ്ടിരുന്നു.
"അപ്പോൾ എനിക്കൊരു ബോയ്ഫ്രണ്ടിനെ കിട്ടി,അല്ലെ?"
അവൾ തന്നെ കളിയാക്കുന്നത് ആയിരിക്കും.
സേതുവിന് അവളോട് പലതും ചോദിക്കണമെന്നുണ്ടെങ്കിലും ഇപ്പോൾ വേണ്ട എന്ന് തീരുമാനിച്ചു.
ഏതായാലും ഈ വിഷമസന്ധിയിൽ അവൾ വന്നതുകൊണ്ട് രക്ഷപെട്ടു എന്ന് വിചാരിക്കാം.
സുരക്ഷിതമായ ഒരു സ്ഥലത്തു എത്തിയ അനുഭവം ആയിരുന്നു അയാൾക്ക്.
കുറച്ചുദൂരം അവർ രണ്ടുപേരും ഒന്നും സംസാരിക്കാതെ നടന്നു.അവൾ തന്നെ ശ്രദ്ധിക്കുകയാണ് എന്ന് സേതുവിന് അറിയാമായിരുന്നു.
"സേതു എന്താണ് മിണ്ടാതിരിക്കുന്നത് എന്തെങ്കിലും പറയൂ."
"ഞാൻ ആലോചിക്കുകയായിരുന്നു ആലീസ് വന്നില്ലെങ്കിൽ എൻറെ സ്ഥിതി എന്താകുമായിരുന്നു എന്ന്." 
"എന്താകാൻ സേതു നടന്ന് വഴി കണ്ടുപിടിച്ച വീട്ടിലേക്ക് പോകും.സേതു പോയിക്കൊണ്ടിരുന്നത് ശരിയായ വഴിയിൽക്കൂടെ തന്നെ ആയിരുന്നു. ഏതായാലും നമ്മൾ തമ്മിൽ പരിചയപ്പെടാൻ ഒരു സാഹചര്യം ഒരുങ്ങി കിട്ടി. അല്ലേ?"
"അതെ."
"സേതുവിന് എന്നെക്കുറിച്ച് ഒന്നുമറിയില്ല ചിലപ്പോൾ കുറച്ച് ദിവസം കഴിയുമ്പോൾ എന്നെ മറന്നേക്കാം?"
"ആലീസ്........." സേതു പറയുന്നതിനിടയിൽ കയറി എന്തോ പറയാൻ ശ്രമിച്ചു.
അവൾ പെട്ടെന്ന് പറഞ്ഞു.
,"സേതു ദാ ,അതുകണ്ടോ,അവിടെ എന്തോ ഉയർന്നു നിൽക്കുന്നതുപോലെ തോന്നുന്നില്ലേ?"
സേതു സൂക്ഷിച്ചുനോക്കിയെങ്കിലും ഇരുട്ട് മൂലം ഒന്നും കാണാൻ സാധിക്കുന്നില്ല.
“അവിടെ കുന്നിൻ ചെരുവിൽ ഒരു പള്ളിയുണ്ട്. അതിൻ്റെ മുകളിലെ കുരിശാണ്,സൂക്ഷിച്ചുനോക്കിയാൽ കാണാം.ചർച്ചിന്റെ അടുത്ത പരിസരങ്ങളിൽ ആൾ താമസം ഉണ്ട്.അവിടെ ചെന്നാൽ ആരെയെങ്കിലും സഹായത്തിന് കൂട്ടാം."
അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് സൂക്ഷിച്ചുനോക്കിയെങ്കിലും ഒന്നും കാണാൻ കഴിയുന്നില്ല.സേതു ആലീസിനെ ഒളികണ്ണിട്ടു നോക്കി.ഇരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങുന്നു.തന്നെയുമല്ല ഈ തണുപ്പൊന്നും അവളെ ബാധിക്കുന്നില്ല എന്നുതോന്നുന്നുണ്ട്.
അവർ വീണ്ടു നടക്കുകയാണ്.സേതുവിന് സംശയം തോന്നിത്തുടങ്ങി,ഇവൾ പറയുന്നതെല്ലാം ശരിയാണോ ചിലപ്പോൾ തന്നെ വെറുതെ മണ്ടൻ കളിപ്പിക്കുന്നത് ആയിരിക്കും.
എവിടേക്കാണ് തന്നെ കുട്ടിക്കൊണ്ടുപോകുന്നത്?
"സേതു മടുത്തു, എന്ന് തോന്നുന്നു,അല്പം കൂടി നടന്നാൽ നമ്മൾ അവിടെ എത്തും." 
നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു."മുൻപ് ഈ ഗ്രാമത്തിൽ ഞാൻ താമസിച്ചിട്ടുണ്ട്.അതുകൊണ്ട് അവിടേക്കുള്ള വഴി ശരിക്കും അറിയാം,വഴിതെറ്റുമെന്ന് പേടിക്കേണ്ട." 
അയാൾ നിശബ്ദനായി,അകെ തളർന്നു തുടങ്ങിയിരുന്നു. എങ്കിലും തൻറെ ക്ഷീണം പുറത്തു കാണിക്കാതിരിക്കാൻ സേതു ശ്രദ്ധിച്ചു. അവൾ ഇപ്പോൾ എത്തും എന്നും മറ്റും പറയുന്നുണ്ട്.
എങ്കിലും വീണ്ടും വീണ്ടും നടക്കുകയാണ്.
ആലീസ് എന്ത് ചെയ്യുന്നു?എങ്ങിനെയാണ് തന്നെ കണ്ടുപിടിച്ചത്, തുടങ്ങി ഒരുകൂട്ടം ചോദ്യങ്ങൾ അയാളുടെ മനസ്സിലുണ്ട്.എങ്കിലും ഒന്നും ചോദിക്കുകയുണ്ടായില്ല. 
അവൾ പറഞ്ഞു,"ഒരുപാട് ചോദ്യങ്ങൾ,സേതുവിൻറെ മനസ്സിൽ കാണും.എല്ലാത്തിനും ഉത്തരം പറയാം.അവിടെ നമ്മൾ എത്തട്ടെ.എല്ലാം പറയാം,ങ്ഹാ,നമ്മൾ എത്തി.ദാ അതുകണ്ടോ,ഇവിടുത്തെ ചർച്ചാണ്.ആരെങ്കിലും ഇവിടെ കാണാതിരിക്കില്ല."
അവൾ പതുക്കെ അടഞ്ഞു കിടന്ന വാതിൽ തുറന്നു. ആലീസ് പറഞ്ഞു.
,"സേതു ഇവിടെ ഇരിക്കൂ,ഞാൻ ആരെയെങ്കിലും വിളിച്ചുകൊണ്ടുവരാം. ദാ ,ആ ബെഞ്ചിൽ ഇരുന്നോളൂ." 
അവിടെ കിടന്നിരുന്ന ഒരു ബഞ്ച് ചൂണ്ടി അവൾ പറഞ്ഞു.
" ഞാനും കൂടെ വരാം."
" സേതു ഇവിടെ ഇരുന്നോളൂ.ഞാൻ പുറത്തിറങ്ങി ഈ പരിസരത്തു് ആരെങ്കിലുമുണ്ടോയെന്നു നോക്കാം."
സേതു ധരിച്ചിരുന്ന അവളുടെ ഓവർകോട്ട് ഊരി അവൾക്ക് തിരിച്ച്കൊടുത്തു.
അവൾ പുറത്തേക്കു നടന്നു.
വാതിൽ അടഞ്ഞു.
സേതു വാച്ചിൽ നോക്കി സമയം രാത്രി പത്തുമണി ആയിരിക്കുന്നു.അതായത് ഏകദേശം അഞ്ചു മണിക്കൂർ ആയിരിക്കുന്നു തൻ്റെ കാർ ആക്സിഡന്റ് ആയിട്ട്.
അവിടെ കിടന്നിരുന്ന ഒരു ബെഞ്ചിൽ ചാരിയിരുന്ന സേതു ആ ഇരിപ്പിൽ ഉറങ്ങിപ്പോയി.
ആരോ തോളിൽ തട്ടിവിളിച്ചപ്പോൾ സേതു ഞെട്ടി ഉണർന്നു. സമയം കാലത്തു് ഒൻപത് മണിയായിരിക്കുന്നു.
രാത്രിയിൽ സേതുവിനെ അവിടെ ഇരുത്തിയിട്ട്  ആലീസ് ആരെയെങ്കിലും സഹായത്തിന് വിളിക്കാമെന്ന് പറഞ്ഞു പോയതാണ്. അവൾ ഇനിയും വന്നിട്ടില്ല .അവൾക്ക് എന്തെങ്കിലും സംഭവിച്ചിരിക്കും. 
" നിങ്ങൾ ഇന്നലെ ഇവിടെയാണോ രാത്രി ഉറങ്ങിയത് ? എങ്ങിനെ നിങ്ങൾ അകത്തുകയറി? വാതിൽ പൂട്ടിയിരിക്കുകയായിരുന്നു." 
സേതുവിനെ വിളിച്ചെഴുന്നേൽപ്പിച്ച് ആ ചർച്ചിലെ കെയർ ടേക്കർ  ചോദിച്ചു.
സേതു നടന്നതെല്ലാം ചുരുക്കി പറഞ്ഞു. താൻ പറഞ്ഞതൊന്നും അയാൾ വിശ്വസിക്കുന്നില്ല എന്ന് മുഖത്തുനിന്നും മനസ്സിലാക്കാം. 
തൻറെ കാർ അപകടത്തിൽ പെട്ടു . വഴിതെറ്റിയ തന്നെ ആലീസ് എന്ന പേരുള്ള ഒരു യുവതി കൂട്ടിക്കൊണ്ടുവന്ന് ഇവിടെ ഇരുത്തിയിട്ട് സഹായത്തിന് ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരാം എന്നു പറഞ്ഞുപോയതാണ്. കാത്തിരുന്ന ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. അവൾ തിരിച്ചുവന്നില്ല. എന്തുപറ്റി എന്നറിയില്ല. സേതു വിശദീകരിച്ചു.
സേതു പറയുന്ന കാര്യങ്ങളിൽ യാതൊരു താല്പര്യവും അയാൾ കാണിച്ചില്ല.
"രാത്രിയിൽ നിങ്ങളെ ഒരു യുവതി ഇവിടെ കൂട്ടിക്കൊണ്ടുവന്നു എന്നാണോ പറയുന്നത്? എന്നിട്ട് അവൾ എവിടെ പോയി?"
"അറിയില്ല .ആലീസ് സ്നേബർഗ്ഗ്  എന്നാണ് അവൾ പേര് പറഞ്ഞത് ഒരു  25 വയസ്സ് പ്രായം കാണും"
"ആലീസ് ?"
അയാൾ  സേതുവിനെ തുറിച്ചു  നോക്കി എന്നിട്ട്  പറഞ്ഞു. 
"നിങ്ങൾക്ക് ആരാണ് ഈ കഥകൾ പറഞ്ഞുതന്നത്.എന്താണ് നിങ്ങളുടെ ഉദ്ദേശ്യം?സത്യം പറയൂ,നിങ്ങൾ ആരാണ്?"
നിസ്സഹായനായി സേതു അയാളെ നോക്കി."നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ലങ്കിൽ പിന്നെ ഞാൻ എന്തുപറയാനാണ്?"
കെയർ ടേക്കർ പറഞ്ഞു,"നിങ്ങൾ എൻ്റെ കൂടെ വരൂ."
സേതു അയാളുടെ പിറകിൽ നടന്നു.
അവർ നടന്ന് പള്ളിയുടെ അടുത്തുള്ള സിമിത്തേരിയിൽ എത്തി.മഞ്ഞുമൂടി കിടന്നിരുന്ന കല്ലറകളിൽ ഒന്നിൻറെ  അടുത്തേക്ക് നടന്നു. പള്ളിയുടെ ചുറ്റുമുള്ള നടപ്പാതകളിലെ മഞ്ഞ് നീക്കി കൊണ്ടിരുന്ന ജോലിക്കാരിൽ രണ്ടുപേരെ അടുത്തേക്ക് വിളിച്ചു. 
അവരുടെ സഹായത്തോടെ ഒരു കല്ലറയുടെ മുകളിലെ  മഞ്ഞു നീക്കി.
അതിനുമുകളിൽ വ്യക്തമായി എഴുതിയിരിക്കുന്നത് കാണാം ,ആലീസ് സ്നേബെർഗ്ഗ്,ജനന മരണ തീയ്യതികൾ അതിൽ എഴുതി വച്ചിട്ടുണ്ട്.അവൾ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.
അതായത് ഇന്നലെ തന്നെ കൂട്ടിക്കൊണ്ടുവന്ന ആ പെൺകുട്ടിയുടെ ശവക്കല്ലറയാണ് അത്.അവൾ മരിച്ചിട്ട്  ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു. 
ആ കല്ലറയിൽ ആലീസിൻ്റെ  ഒരു ഫോട്ടോയും ഉണ്ട്.അതെ, ആലീസ് തന്നെയാണ് തന്നെ ഇവിടെ കൂട്ടിക്കൊണ്ടുവന്നത്. 
അസ്ഥികൾക്ക് ഉള്ളിലൂടെ ഒരു മരവിപ്പ് വ്യാപിക്കുന്നത് സേതു അറിഞ്ഞു.കുറച്ചു കാലങ്ങൾക്ക് മുൻപായിരുനെങ്കിൽ ആളുകൾ ഇത്തരം പ്രേതകഥകൾ വിശ്വസിക്കുമായിരുന്നു.ഇത് ആരോടും പറയാതിരിക്കുന്നതാണ് നല്ലത്.
സേതു ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. 
"ഈ നൂറ്റാണ്ടിൽ ഇത്തരം കഥകൾ ആരും വിശ്വസിക്കില്ല എന്നെനിക്കറിയാം.പക്ഷേ, എനിക്ക് നേരിട്ട് അനുഭവമായി". 
സേതു ഇത്രയും പറഞ്ഞു എൻറെ മുഖത്തേക്ക് നോക്കി .
സേതു പറയുന്നത് സത്യമാണ്.പക്ഷേ,സത്യം അതല്ല.
ഈ സംഭവങ്ങൾക്ക് പിന്നിൽ ആരോ ഉണ്ട്.
"സേതു,താൻ വിചാരിക്കുന്നതുപോലെ ഇത് ഒരു പ്രേത കഥയല്ല.ആരോ കൃത്യമായി പ്ലാൻ ചെയ്ത് നിങ്ങളെ ഇതിൽ കൊണ്ടുവന്നതാണ്.അത് ആരാണ്? അതിൻറെ പിന്നിലുള്ള ലക്‌ഷ്യം എന്താണ്?അതെല്ലാം നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു."
സേതു ഒന്നും മനസ്സിലാകാതെ എന്നെ അത്ഭുതത്തോടെ നോക്കിനിന്നു.
ഞങ്ങൾ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ  രണ്ടുപേർ ഞങ്ങളുടെ വളരെ   അടുത്തുകൂടി നടന്നുപോയി.അവർ രണ്ടുപേരും  ഏകദേശം ഒരേ പ്രായക്കാരും ഒരേ രീതിയിൽ ഡ്രസ്സ് ധരിച്ചവരും ആയിരുന്നു.
ഏതെങ്കിലും കമ്പനികളിൽ ജോലി ചെയ്യുന്നവരോ ചിലപ്പോൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോ ആയിരിക്കും,അവർ രണ്ടുപേരും. അവർ  അല്പം ദൂരെ മാറി നിന്ന് സംസാരിക്കുകയാണ്.
കുറച്ചുസമയം  കഴിഞ്ഞു ഒന്നുമറിയാത്ത ഭാവത്തിൽ വീണ്ടും ഞങ്ങളുടെ അടുത്തുകൂടി അവർ നടന്നുപോയി.
ഞാൻ സേതുവിനോട് പതുക്കെ പറഞ്ഞു,"അവർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്.നമ്മൾ പറയുന്നത് എന്താണ് എന്നുകേൾക്കാനുള്ള ശ്രമമാണ് അവരുടേത്."
അവർ ഇപ്പോൾ നിൽക്കുന്നത് അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിന് മുകളിലായി ഒരു ബാൽക്കണി പോലെ ഉള്ള  സ്ഥലത്താണ്.ഞങ്ങൾ അല്പം മുൻപോട്ടു നടന്ന് ഒന്നും അറിയാത്ത ഭാവത്തിൽ സംസാരിച്ചുകൊണ്ട് നിന്നിരുന്ന അവരെ കടന്ന്  മുകളിലേക്കുള്ള ലിഫ്റ്റിനടുത്തേക്ക് പോകാനാണ് ഞങ്ങളുടെ പ്ലാൻ.അവരുടെ അടുത്തെത്തിയപ്പോൾ ഒരു നിമിഷം അവരെ ശ്രദ്ധിച്ചുകൊണ്ട് നിന്നു.അവരുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
പെട്ടന്ന് സേതു അവരെ രണ്ടുപേരെയും ഒറ്റതള്ളലിൽ താഴേക്ക്  വീഴ്ത്തി.
താഴേക്ക് വീണ അവർ രണ്ടുപേരും നിമിഷനേരം കൊണ്ട് എഴുന്നേറ്റ് നിന്നു.അവർ രണ്ടുപേർക്കും ഒന്നും സംഭവിച്ചിട്ടില്ല.
വീണിടത്തുനിന്നും എഴുന്നേറ്റ് ആ യുവാക്കൾ രണ്ടുപേരും ഒന്നും പറയാതെ വേഗം നടന്നു.
“ഇത് മനുഷ്യനല്ല.റോബോയാണ്.നമ്മളെ നിരീക്ഷിക്കാൻ ആരോ അയച്ചിരിക്കുന്നതാണ്.”സേതു പറഞ്ഞു.
ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വേഗം നടന്നു വന്നു.
"ആരാ സേതുമാധവൻ?"അയാൾ ചോദിച്ചു.
"എന്താ?" സേതു .
അയാൾ  ഒരു കവർ സേതുവിൻറെ കയ്യിൽ കൊടുത്തു.
സേതു ആ കവർ തുറന്നു.
പ്രിയപ്പെട്ട സേതു,
സേതു പരിചയപ്പെട്ട  ആലിസ് സ്‌നേബെർഗ്ഗ്  ആർട്ടിഫിഷ്യൽ ഇൻറലിജൻസ്  ഉപയോഗിച്ച് തയ്യാറാക്കിയ  ഹ്യൂമൻ റോബോയാണ്.സാധാരണ റോബോട്ടുകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യരുടേത് പോലുള്ള നെർവ്വ്  സിസ്റ്റവും  പേശി ചലനങ്ങളും മനുഷ്യരൂപവും ചേർത്ത് തയ്യാറാക്കിയ ഹ്യൂമൻ റോബോട്ട് എന്ന് വേണമെങ്കിൽ പറയാം. 
അതായത് ഒരു സാധാരണ മനുഷ്യൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും  പ്രവർത്തിക്കുകയും അതോടൊപ്പം മനുഷ്യരുടെ ചലനങ്ങളും മാനറിസങ്ങളും ചേർത്ത്  തയ്യാറാക്കിയ ഒരു റോബോട്ടായിരുന്നു അത്.
സ്വിറ്റസർലണ്ടിൽ ഈ രംഗത്തു്   പ്രവർത്തിച്ചുകൊണ്ടിരുന്ന ആലിസ് സ്നേബെർഗ്ഗ് ഒരു കാർ ആക്സിഡൻറിൽ  കഴിഞ്ഞ വര്ഷം മരിച്ചുപോയിരുന്നു.അവരുടെ ഓർമ്മക്ക് ഞങ്ങൾ തയ്യാറാക്കിയ റോബോയ്ക്ക് ആലിസ് എന്ന് പേരിട്ടു.അതിന്  വിഷമഘട്ടങ്ങളിൽ എങ്ങിനെ പ്രവർത്തിക്കാൻ കഴിയും  എന്നതിൻെറ പരീക്ഷണം ആയിരുന്നു ഇന്നലെ നടന്നത്.
ഈ പരീക്ഷണത്തിന് സേതുവിനെ തിരഞ്ഞെടുക്കുവാൻ കാരണം താങ്കൾ ഈ ഫീൽഡിൽ ഉള്ള ഒരു വിദഗ്ധനാണ് എന്നറിയാമായിരുന്നു എന്നതിനാലാണ്.താങ്കളെപ്പോലുള്ള ഒരു കമ്പ്യൂട്ടർ വിദഗ്ധന് പോലും അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ  ഞങ്ങൾ ഈ രംഗത്ത് വിജയിച്ചു എന്ന് പറയാം.താങ്കളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.ആ കാർ ആക്സിഡണ്ട്പോലും ഞങ്ങൾ പ്ലാൻ ചെയ്തിരുന്നതാണ്.നിങ്ങളുടെ സേവനത്തിന് അർഹമായ പ്രതിഫലം  നൽകുന്നതാണ്.
നിങ്ങളുടെ സഹകരണത്തിന് നന്ദി.
കത്ത് കൊണ്ടുവന്ന  ആ ചെറുപ്പക്കാരനെ ഞാൻ തിരിച്ചു വിളിച്ചു.
അയാൾ അടുത്ത് വന്നു.സേതു പറഞ്ഞു,"ഇതും റോബോ തന്നെ."
സേതുവിൻറെ മുഖത്തു് ഒരു  അമ്പരപ്പ് ദൃശ്യമായി.അവൻ എൻ്റെ കൈയ്യിൽ ബലമായി പിടിച്ചു കുലുക്കി.
ഞാൻ ചോദിച്ചു ,"ഞാനും ഒരു റോബോയാണ് എന്ന് തോന്നുണ്ടോ?"
സേതു സംശയത്തോടെ എന്നെ നോക്കി.

Join WhatsApp News
Edward Nazareth 2024-08-15 16:09:51
Very good story, modern, congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക