Image

സാറുവന്ന് ഉമ്മതന്നു (ലേഖനം: സാം നിലംപള്ളില്‍)

Published on 15 August, 2024
സാറുവന്ന് ഉമ്മതന്നു (ലേഖനം: സാം നിലംപള്ളില്‍)

വയനാടുദുരന്തം നടന്നശേഷം രാഷ്ട്രീയ നേതാക്കന്മരുടെ പ്രവാഹമായിരുന്നു ആപ്രദേശത്തേക്ക്. പലരുടെയും സന്ദര്‍ശ്ശനങ്ങളും ദുഃഖപ്രകടനങ്ങളും ആത്മാര്‍ഥതയില്ലാത്ത പ്രകടനങ്ങളായിരുന്നു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വന്നവരായിരുന്നു കുടുതലും. മുഖ്യമന്ത്രി പിണറായി വജയനും വയനാടിന്റെ മുന്‍ എം പിയായിരുന്ന രാഹുല്‍ ഗാന്ധിയും വന്നുപോയത് വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. തങ്ങളെ ഉപേക്ഷിച്ചുപോയ രാഹുലിനെ ജനങ്ങള്‍ വഴിയില്‍ തടഞ്ഞത് മനോരമയും മറ്റുപത്രങ്ങളും റിപ്പോര്‍ട്ടുചെയ്തില്ല. പകരം ദുരന്തം ഉണ്ടായതിന്റെ പിറ്റേന്ന് മനോരമയുടെ ഹെഡ്ഡിങ്ങ് ഇങ്ങനെയായിരുന്നു - കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍-. ആഞ്ഞടിക്കാന്‍ ഇയാളാര് ചുഴലിക്കാറ്റോ എന്നായിരുന്നു ചിലരുടെ പ്രതികരണം.

വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു പിന്നീട് നടന്നത്. കേരള സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും എല്ലാംകൂടി ദുരന്തബാധിതര്‍ക്ക് വാഗ്ദാനംചെയ്ത വീടുകളുടെ കണക്കെടുത്താല്‍ വയനാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും താമസിക്കാനുള്ളതായി. വാഗ്ദാനങ്ങള്‍ നല്‍കാന്‍ ചിലവൊന്നമില്ല. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സുനാമിയില്‍ വീടുനഷ്ടപ്പെട്ടവര്‍ ഇപ്പോഴും സ്‌കൂള്‍ കെട്ടിടങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നു. വയനാട്ടിലെ ദുരന്തബാധിതര്‍ക്കും അവരുടെ ഗതിതന്നെയാകും സംഭവിക്കുവാന്‍ പോകുന്നത്. ഏതാനും വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയേക്കാം. ഖജനാവ് കാലിയായ കേരളസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കണോ വീടുനിര്‍മ്മിക്കണോ എന്ന ഗതികേടിലാണ്. കേന്ദ്രത്തില്‍നിന്ന് 2000 കോടിചോദിച്ചത് സാമ്പത്തിക ബുദ്ധിമുട്ട് പിരിഹരിക്കാനാണ്. അതില്‍നിന്ന് എന്തെങ്കിലും നക്കാപ്പിച്ച ദുരിതബാധിതര്‍ക്കും കൊടുക്കാം. ഏതാനും ആഴ്ച്ചകള്‍ കഴിയുമ്പോള്‍ രാഷ്ട്രീയക്കാരും പത്രങ്ങളും ജനങ്ങള്‍തന്നെയും വയനാടിനെ മറക്കും. അവര്‍ക്ക് ചര്‍ച്ചചെയ്യാന്‍ പുതിയ വിഷയങ്ങള്‍ കിട്ടും. ആറുമാസത്തിനുള്ളില്‍ അവിടെ പാര്‍ലമെന്റ് ഇലക്ഷന്‍ വരുന്നുണ്ട്. അതിനെപറ്റിയുള്ള ചര്‍ച്ചകള്‍ ടീ വി ചാനലുകളില്‍ നിറഞ്ഞുനില്‍ക്കും. പ്രിയങ്കയുടെ ഭൂരപക്ഷം എത്രയായിരിക്കും എന്നതാകും ചര്‍ച്ച.

മുഖ്യമന്ത്രിയും പരിവാരങ്ങളും രാഷ്ട്രീയക്കാരും വെള്ളത്തിലും ചെളിയിലും ചവിട്ടാതെ ദുരന്തംനടന്ന സ്ഥലം ദൂരെനിന്ന് വീക്ഷിച്ചിട്ടുപോയി. ആശുപത്രിയിലും ദുരിതാശ്വാസകേന്ദ്രങ്ങളിലും കഴിയുന്നവരെ കണ്ടിട്ട് സഹതാപം പ്രകടിപ്പിച്ചിട്ട് കാറില്‍കയറി സ്ഥലംവിട്ടു. കുറെ പൊള്ളയായ വാഗ്ദാനങ്ങളും നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലിയും രവി പിള്ളയും സിനിമനടന്മാരും വലിയതുകകള്‍ സംഭാവനചെയ്തു. അതൊക്കെ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ പര്യാപ്തമാണ്. എന്നാലും അര്‍ഹിക്കുന്നവരുടെ കരങ്ങളിലേക്ക് അതൊക്കെ എത്തുമോയെന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു. മുന്‍അനുഭവങ്ങള്‍ കയ്ക്കുന്ന പാഠമായിട്ടുണ്ട്. സംശയം പ്രകടിപ്പിച്ച ചില ശുദ്ധാത്മാക്കള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന് ദുരിതബാധിതരെ ആശ്വസിപ്പിക്കയും രാജ്യം അവരോടൊപ്പമുണ്ടന്ന് ഉറപ്പുനല്‍കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന് പണം നേരിട്ടുനല്‍കാന്‍ സാധിക്കില്ല. അങ്ങനെ ചെയ്താല്‍ ഫെഡറല്‍ സംവിധാനത്തെ ലംഘിച്ചുവെന്ന് പിണറായി മുറവിളികൂട്ടും. കിലോയിക്ക് 29 രൂപക്ക് ഭാരത്അരി നല്‍കിയപ്പോള്‍ ഈ മുറവിളി കേട്ടതാണ്. കേന്ദ്രം നേരിട്ട് പണംനല്‍കുകയോ വീടുവച്ച് നല്‍കുകയോ ചെയ്താല്‍ ഫെഡറലിസം തകര്‍ന്നുവീഴും. അതുകൊണ്ടാണ് രണ്ടായിരംകോടി ആവശ്യപ്പെടുന്നത്. അതില്‍നിന്ന് പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ ആര്‍ത്തിക്കാര്‍ക്കും വീതിച്ചതിനുശേഷം ബാക്കിവല്ലതും ഉണ്ടെങ്കില്‍ വയനാട്ടിലെ പാവങ്ങള്‍ക്ക് കൊടുക്കാം. അതും കിട്ടണമെങ്കില്‍ പലവിധ നൂലാമാലകളിലൂടെ കടന്നുപോയി വില്ലേജോഫീസുകള്‍ പലവട്ടം കയറിയിറങ്ങി രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്നതിനു ശേഷമായിരിക്കും.

പ്രധാനമന്ത്രി നൈസയെന്ന മൂന്നുവയസുകാരിയെ ആലിംഗനം ചെയ്യുന്ന ചിത്രം പ്രസിദ്ധീകരിക്കാതിരിക്കാന്‍ മലയാളത്തിലെ പത്രങ്ങള്‍ക്കായില്ല. മനസില്ലാമനസോടെ അവരത് ചെയ്തു. കാരണം ചിത്രം രാജ്യമൊട്ടാകെയുള്ള പത്രങ്ങളും ചാനലുകളും പ്രസിദ്ധപ്പെടുത്തി. ചില അന്താരാഷ്ട്ര മീഡിയകള്‍പോലും ദൃശ്യം കാണിച്ചു. നൈസമോള്‍ക്ക് വാപ്പയും സഹോദരങ്ങളും ഉരുള്‍പോട്ടലില്‍ നഷ്ടപ്പെട്ടു. മണ്ണിനടിയില്‍നിന്നാണ് അവളെ ആരോ പൊക്കിയെടുത്തത്. അവള്‍ക്കിന്ന് അമ്മ മാത്രമേയുള്ളു. മോദി അവളെ മാറോടുചേര്‍ത്തപ്പോള്‍ കുഞ്ഞുനൈസ അദ്ദേഹത്തിന്റെ നരച്ചതാടിയില്‍ പിടിച്ചു., കണ്ണട ഊരാന്‍ ശ്രമിച്ചു. അദ്ദേഹം അവളുടെ കുസൃതികള്‍ക്ക് നിന്നുകൊടുത്തു. അവള്‍ക്കറിഞ്ഞുകൂടാ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് തന്നെ താലോലിച്ചതെന്ന്. പിന്നീട് പത്രക്കാര് ചോദിച്ചപ്പോള്‍ അവള്‍പറഞ്ഞു, സാറുവന്ന് ഉമ്മതന്നു.

ജാതിമത ഭേദമെന്യെ മോദി ജനങ്ങളെ ആശ്വസിപ്പിച്ചു. ചിലരുടെ തോളുകളില്‍ പിടിച്ചു. അയാളൊരുപക്ഷേ, സി പി എമ്മുകാരനായിരിക്കാം., ലീഗുകാരനായിരിക്കാം. മോദിക്ക് അവരെല്ലാം ഭാരതത്തിന്റെ മക്കളാണ്., തന്റെ സഹോദരങ്ങളാണ്.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക