Image

സ്വതന്ത്ര്യ ദിനം (മിനി വിശ്വനാഥൻ)

Published on 16 August, 2024
സ്വതന്ത്ര്യ ദിനം (മിനി വിശ്വനാഥൻ)

" നാളൈക്ക് സ്വതന്ത്രിയ ദിനം, കാലൈയില്  ഇ.ബി ഓഫീസ്ക്ക് പോയാ ലഡു, മിട്ടായി അന്ത മാതിരി സ്വീറ്റ്സ്പണ്ടങ്ങൾ എല്ലാമേ കിടക്കും" മാതൃസംഘത്തിൽ നിന്ന് വരുന്ന വഴി ശെൽവി പാതി ആത്മഗതമായും പാതി ഉറക്കെയും അവളെ അനുയാത്ര ചെയ്യുന്ന ഞങ്ങളെ നോക്കി പറഞ്ഞു. 
തേൻ മൊഴിയും ഞാനും 
സ്വീറ്റ്സ്പണ്ടങ്ങൾ എന്ന് കേട്ടതേ നടത്തം നിറുത്തി, ചെവിയോർത്തു.

രാമസ്വാമിക്ക് കാരമുള്ള പലഹാരങ്ങളോടായിരുന്നു പ്രിയം. അതുകൊണ്ട് തന്നെ അവൻ ഞങ്ങളുടെ മധുര പലഹാരചർച്ചകളിൽ പങ്കെടുക്കാതെ റോഡരികിലെ മഞ്ഞമല്ലിപ്പൂക്കളുടെ മുകളിൽ പാറിയിരിക്കുന്ന പൂമ്പാറ്റകൾക്ക് നേരെ പറന്നു. രാമസ്വാമിക്ക് ചുറ്റും എപ്പോഴും പൂമ്പാറ്റപ്പടയുണ്ടാവും. വഴിയിൽ കാണുന്ന പൂവുള്ള ചെടികൾ പിഴുതെടുത്ത് ക്വാർട്ടേഴ്സിനു മുന്നിലെ ഇത്തിരി മണ്ണിൽ അവൻ നട്ടു വെക്കും. പൈത്യക്കാരൻ എന്ന വാത്സല്യപ്പേച്ചോടെ അവന്റെ അമ്മ അതിനൊക്കെ കുടിക്കാനായി വാട്ടർ ടാങ്കിന് സമീപമുള്ള പെപ്പിൽ നിന്ന് കഷ്ടപ്പെട്ട് കോരി കൊണ്ട് വരുന്ന വെള്ളം നനക്കും. അവിടെയുള്ള ചെണ്ടുമല്ലിക്കാട് മൂന്ന് വയസുകാരൻ രാമസ്വാമി സ്വന്തമായി ഉണ്ടാക്കിയതാണെന്ന് അഭിമാനം കൊള്ളും.

ശെൽവി രാമസ്വാമിയെ അവഗണിച്ച് കാര്യക്കാരിയായി തിരിഞ്ഞ് നിന്നു. "നേത്ത്ക്ക് അപ്പാ ശൊല്ലിയാച്ച് നാളെ കാലൈയിലേ കൊടിയേറ്റണം, ഊരിലെ കുളൈന്തകൾക്ക് സ്വീറ്റ്സ് കൊടുക്കണം, അതിനാകെ മാധവൻ ഫോർമാൻ കൂടെ ടൗണിൽ പോണം" എന്ന് . അവൾ പരാമർശിക്കുന്ന മാധവൻ ഫോർമാൻ എന്റെ അച്ഛനാണ്. അച്ഛൻ രാവിലെ എന്നോട് പറയാതെ സൈക്കിളിൽ പോയത് ഊരിലെ കുട്ടികൾക്ക് കൊടുക്കാനുള്ള മിട്ടായി വാങ്ങാനായിരുന്നെന്ന് അറിഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു.

ഇ.ബി ആഫീസ് ഞങ്ങളുടെ സ്വന്തം തറവാടാണ്. ഇ.ബി ആഫീസിനു മുകൾവശത്താണ് ഹെൽപ്പർ മുതൽ ലൈൻ ഇൻസ്പെക്ടർ വരെയുള്ളവരുടെ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ. ഞാനും ശെൽവിയും തേൻമൊഴിയും , രാമസ്വാമിയും മുത്തുകുമാരനും താമരയുമെല്ലാം അവിടത്തെ സ്റ്റാഫിന്റെ മക്കൾ എന്ന പരിഗണനയോടെ നടക്കുന്നവരാണ്. (വലിപ്പച്ചെറുപ്പങ്ങളോ സ്ഥാനമാനങ്ങളോ അതിർവരമ്പ് കെട്ടാത്ത സ്നേഹവും കരുതലും കൊണ്ട് പരസ്പരം ചേർന്നു നില്ക്കുന്ന മനോഹരമായ ഒരു ലോകമായിരുന്നു ആ ഇ.ബി ക്വാർട്ടേഴ്സ് പരിസരം.)

ഏതായാലും നാളെ രാവിലെ എണീക്കണമെന്നും വെള്ളം കിട്ടിയാൽ കുളിക്കണമെന്നും എന്നിട്ട് ഒരുമിച്ച് ഇ.ബി ആഫീസിൽ പോവാമെന്നും അവൾ ഞങ്ങളെ ചട്ടംകെട്ടി. ചെറിയ കുട്ടികൾക്ക് മാതൃസംഘത്തിൽ നിന്ന് കിട്ടിയ വൻപയർ ഉപ്പിട്ടു പുഴുങ്ങിയതിന്റെ പങ്ക് അവൾക്കൊപ്പം നുണഞ്ഞു കൊണ്ട് വീട്ടിലേക്ക് നടന്നു.

മിട്ടായി കിട്ടുന്ന സ്വതന്ത്രിയ ദിനത്തിന്റെ നിറം വെള്ളയും പച്ചയും ഓറഞ്ചും കലർന്നതാണെന്നു തേൻമൊഴി പറഞ്ഞു. അവൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന വലിയ കുട്ടിയാണ്. കണ്ണട വെച്ച ഒരു താത്തയാണ് ആ ദിനമുണ്ടാക്കിയതെന്നും കുറച്ചൊന്നാലോചിച്ചിട്ട് മഗാത്മാ കാന്തി എന്നാണ് ആ താത്തയുടെ പേരെന്നും അവൾ കൂട്ടിച്ചേർത്തു. അന്ത താത്തയുടെ ഫോട്ടോ ഇ.ബി ഓഫീസിൽ ഇരിക്ക് എന്ന് ശെൽവി കൂട്ടിച്ചേർത്തു.

സ്വീറ്റ്സിൽ നിന്ന് താത്തയുടെ ഫോട്ടോയിലേക്ക് വിഷയം മാറിയത് ഇഷ്ടപ്പെടാതെ ഞാൻ നാളെ എത്ര മണിക്ക് അവർ വീട്ടിൽ വരും എന്ന് അന്വേഷിച്ചു.  കാലൈയിൽ എഴുനേറ്റ ഉടനെ എന്ന് സെറ്റാക്കി ഞങ്ങൾ അവരവരുടെ വീടുകളിലേക്ക് നടന്നു. രാമസ്വാമി വഴിയിൽ നിന്ന് പറിച്ചെടുത്ത കുറച്ച് വയലറ്റ് പൂക്കൾ എനിക്ക് തന്നു.

സ്വതന്ത്രിയ ദിനത്തിന് നീല കളറും ഉണ്ടെന്ന് അതിനിടെ ശെൽവി ഓർത്തു. നീലയും പച്ചയും ഓറഞ്ചും വെള്ളയും കൂട്ടത്തിൽ ചോക്കലേറ്റുകളും മധുരപലഹാരങ്ങളും നിറഞ്ഞ നാളെയെ ഓർത്ത് സന്തോഷിച്ച് ഞാൻ അവളുടെ നേരെ കൈകൾ വീശി.

യാത്ര പറയുന്നതിനിടെ അമ്മയുടെ മടിയിലിരുന്ന് കാഴ്ചകൾ കാണുന്ന മീനക്ക് അവളൊരുമ്മ കൊടുത്തു. "അക്ക നാളെ കാലൈയിലെ 
വരാം" എന്ന് യാത്ര പറഞ്ഞ് പാട്ടിയമ്മയുടെ വീടിനു നേരെ നടന്നു.

നാളെ രാവിലെ ഇ.ബി ആഫീസിൽ ലഡുവും മിട്ടായികളും കൊടുക്കുന്നത് കൊണ്ട് രാവിലെ അവിടെ പോണമെന്നും മാതൃ സംഘത്തിൽ പോവുന്നില്ലെന്നും അമ്മയോട് മുൻകൂറായി പറഞ്ഞു, മീന കളിച്ചു കൊണ്ടിരുന്ന എന്റെ മരപ്പാവ ഞാൻ കൈക്കലാക്കി. പാവ കൈ വിട്ടപ്പോൾ മീന നിലവിളി തുടങ്ങി. അപ്പഴേക്ക് അച്ഛനും ശെൽവിയുടെ അച്ഛനും കൂടി പടി കയറി വന്നു.

അവർ തിരക്കിലായിരുന്നു. നാളെയുടെ ഒരുക്കങ്ങൾ മുഴുവൻ തലയിലേറ്റിയ അവർ എന്നെ ശ്രദ്ധിക്കാതെ ചർച്ചകൾ തുടർന്നു. നാളെ ഇ.ബി ഓഫീസിൽ കാര്യമായ ആരൊക്കെയോ വരുന്നുണ്ടെന്നും രാത്രി വരാൻ ലേറ്റ് ആവുമെന്നും പറഞ്ഞ് അച്ഛൻ പോയി. നിറങ്ങൾ നിറഞ്ഞ നാളെയെ ഓർത്ത് ഞാനും വലിയ വാശി പിടിക്കാതെ ദിനചര്യകളിൽ സഹകരിച്ചു.

അടുത്ത ദിവസം ഉണർന്നു വന്നപ്പോൾ ആകാശം നീല നിറത്തിൽ തന്നെയായിരുന്നു. സ്വതന്ത്രിയ ദിനത്തിൻ്റെ ഓറഞ്ചും പച്ചയും വെളുപ്പും ആകാശപ്പരിപ്പിൽ കാണാതെ നിരാശയായി ഞാൻ അടുക്കളയിലേക്ക് നടന്നു.
അമ്മ ഉണ്ടാക്കിവെച്ച ദോശ തിന്നുന്നില്ലെന്ന് ഞാൻ തീരുമാനിച്ചതിൻ്റെ കശപിശ ബഹളങ്ങൾക്കപ്പുറം
ഇ .ബി ഓഫീസിൽ പോവാനായി ഒരുങ്ങി വന്ന ശെൽവിക്കും തേൻ മൊഴിക്കുമൊപ്പം ഞാനും പോയി.

ഞങ്ങളുടെ കൈയിൽ പിടിപ്പിച്ച പൂച്ചെണ്ട് മുഖ്യാതിഥികൾക്ക് കൊടുക്കണമെന്ന് രാമസ്വാമിയുടെ അപ്പ നിർദ്ദേശിച്ചു. ചുവപ്പ് നിറമുള്ള ആ റോസാ പൂക്കൾ കൈവിടാനുള്ള മടിയോടെ ഞങ്ങളത് മുറുകെ പിടിക്കുകയും
അതിഥികൾക്ക് കൈമാറിയതിനു ശേഷം കൊതിയോടെ നോക്കുകയും ചെയ്തു.

അതിന് ശേഷം ആരൊക്കെയോ ഉറക്കെ എന്തൊക്കെയോ പറയുകയും ഓറഞ്ചും വെള്ളയും പച്ചയും നിറങ്ങൾ നിരന്നു നിന്ന ഒരു തുണിക്കഷണം മുകളിലേക്കുയർത്തുകയും ചെയ്തു. അപ്പോഴാണ് ഞാൻ ആദ്യമായി ദേശീയ പതാക കാണുന്നത്. ഇ.ബി ഓഫീസിലെ ക്ലാർക്ക് കനക അക്ക ജനഗണമന എന്ന് തുടങ്ങുന്ന ഒരു പാട്ട് പാടി. അത് ഏറ്റ് പാടാൻ ശ്രമിച്ച് പരാജയപ്പെട്ട ഞങ്ങൾ മേശപ്പുറത്ത് നിരന്നിരിക്കുന്ന മധുരപലഹാരപ്പാത്രത്തിലേക്ക് കണ്ണോടിച്ചു.

ജയ ജയ ഹോ എന്ന് പലവട്ടം ഉറക്കെ ആവർത്തിച്ച് അവരാ പാട്ട് നിർത്തിയപ്പോൾ ഞങ്ങൾക്ക് സമാധാനമായി.

ഇനിയാണ് മിട്ടായി വിതരണം. പച്ചനിറമുള്ള വർണ്ണക്കടലാസിൽ പൊതിഞ്ഞ വലിയ ഒരു പാക്കറ്റ് അതിഥിയുടെ കൈയിൽ ആരോ കൊണ്ടു കൊടുത്തു. ഇ.ബി സ്റ്റാഫിന്റെ മക്കൾ ഒരു വശത്ത് നിരന്നു നിൽക്കുന്നുണ്ട്. മിട്ടായി വിതരണം തുടങ്ങിയത് അതിഥികളായ ഊരിലെ കുട്ടികളിൽ നിന്നാണ്. കുട്ടികളും ചില വലിയവരും മിട്ടായിയും ലഡുവുമൊക്കെ വാങ്ങുന്നു. അടുത്ത ഇലക്ഷന്റെ ഭാവി മുൻകൂട്ടികണ്ടാവണം മുഖ്യാതിഥി ചിരിച്ച് കൊണ്ട് കുശലം പറയുകയും ഒന്നിന് പകരം രണ്ട് മിട്ടായി കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞങ്ങൾ ഇ.ബി കുട്ടികളുടെ നെഞ്ചിടിപ്പിച്ച് കൊണ്ട് മിട്ടായി മല ശുഷ്കമായി വന്നു.

ഇനിയും മുന്നിൽ ഏതാനും ഊരിലെ കുട്ടികൾ കൂടി ഉണ്ട്.

അപ്പോഴാണ് കുളിച്ച് കുട്ടപ്പനായി ഭസ്മക്കുറിയൊക്കെ പൂശി നിസ്സംഗനായി കാഴ്ചകൾ കണ്ടു നിന്ന രാമസ്വാമി ഒന്നനങ്ങി. കണ്ണുകൾ ചെരിച്ച് ഒരു 
കാക്കക്കുഞ്ഞിനെപ്പോലെ മിട്ടായിപ്പാത്രത്തിലേക്കും കൂടി നില്ക്കുന്ന കുട്ടികളിലേക്കും കണ്ണ് പായിച്ച് എന്തോ തീരുമാനമെടുത്തതുപോലെ ഒരു കൈ പോക്കറ്റിലിറുക്കി മുന്നോട്ട് നടന്നു.
മുഖ്യാതിഥിയുടെ മുന്നിൽ നിന്നു.
അവിടെ മേശയിൽ വെച്ചിരുന്ന മിട്ടായികളിൽ ചിലത് വാരി അയാളുടെ കൈയിൽ കൊടുത്തു. അതിന് ശേഷം നാടകീയമായി പറഞ്ഞു.

"എൻ അക്കാവ്ക്ക് മിട്ടായി റൊമ്പ പിടിക്കും. കൊഞ്ചം അവൾക്ക് കൊടുങ്കയ്യാ, അതു മട്ടുമല്ല ഞാങ്ക ഇ.ബി  കൊളൈന്തകൾ "
കൊച്ചു പയ്യന്റെ അധികാര ഭാവം കണ്ട് വന്ന ചിരിയൊതുക്കി അയാൾ ഞങ്ങൾക്ക് നേരെ നോക്കി. അപ്പഴേക്കും ക്ഷമാപണവുമായി ഞങ്ങളുടെ അച്ഛൻമാർ ചുറ്റും കൂടി , രാമസ്വാമിയെ പൊക്കിയെടുത്തു. അതിനിടയിൽ അവൻ വേദിയിലെ പൂച്ചെണ്ട് കൈക്കലാക്കി, "അയ്യാ എനിക്കിത് മട്ടും പോതും, എൻ ചോക്കലേറ്റ് അന്ത അക്കാവ്ക്ക് കൊടുങ്കോ " എന്ന് എന്നെ ചൂണ്ടിക്കാട്ടി എനിക്ക് വേണ്ടിക്കൂടിയും ശിപാർശ ചെയ്തു.

ഞാനും ശെൽവിയും തേൻമൊഴിയും പ്രതീക്ഷയോടെ തലൈവരെ നോക്കി. അദ്ദേഹം ചിരിച്ചു കൊണ്ട് ഞങ്ങൾക്ക് മിട്ടായി നീട്ടി. രാമസ്വാമിക്ക് ഒന്നിന് പകരം രണ്ട് മിട്ടായികൾ കിട്ടി. അവൻ അത് തിരിച്ച് കൊടുത്ത് "എനിക്ക് സ്വീറ്റ്സ് ക്വീറ്റ്സ് ഒന്നും പിടിക്കലൈ, അവങ്കക്ക് കൊട് " എന്ന് ഊരിലെ കുട്ടികൾക്ക് നേരെ കൈ ചൂണ്ടി അപ്പയുടെ കൈയിൽ നിന്ന് ഊർന്നിറങ്ങി സ്ലോമോഷൻ ഭാവത്തിൽ നടന്ന് നീങ്ങി ഞങ്ങൾക്കരികിലേക്ക് വന്നു, വിജയശ്രീലാളിതനായി ചിരിച്ചു നിന്നു .

എനിക്ക് അവനെ കെട്ടിപ്പിടിച്ചുമ്മവെക്കാൻ തോന്നി ! സ്വതന്ത്രിയദിനത്തിന്റെ മിട്ടായി മധുരത്തേക്കാൾ ഇഷ്ടമായത് രാമസ്വാമിയുടെ സ്നേഹപൂർവ്വമായ പരിഗണനയായിരുന്നു !

രാമസ്വാമിയും ശെൽവിയും തേൻ മൊഴിയുമൊക്കെ ഈ മലയാളത്ത് എൽ.ഐ പാപ്പായെ മറന്നിരിക്കും !
പക്ഷേ ഓരോ സ്വാതന്ത്ര്യ ദിനത്തിലും ഞാൻ ഓർക്കുന്നത് ഗൂഡലൂരിലെ ആ ഇലക്ട്രിസിറ്റി ബോർഡ് ഓഫീസും നീലയും വെള്ളയും പച്ചയും ഓറഞ്ചും നിറമുളള സ്വതന്ത്രിയ ദിനവും രാമസ്വാമി കൈവശപ്പെടുത്തിത്തന്ന പച്ച വർണ്ണക്കടലാസ് പൊതിഞ്ഞ പാരീസ് മിട്ടായിയുടെ ഇരട്ടിമധുരവുമാണ്!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക