അത്ഭൂതങ്ങളുടെ വിളയാട്ടമാണ് ഇപ്പോള്‍ കേരളത്തില്‍.ഒരു 15 കാരിയെ മുന്‍നിര്‍ത്തി മഹാത്ഭുതം നടന്നുകൊണ്ടിരിക്കുന്നു. ഒറ്റപത്രത്തിലും ആ വാര്‍ത്ത വന്നില്ല.ചില പള്ളിച്ചാനലുകളിലും അനുബന്ധ യുടൂബുകാരും മാത്രം മാറി മാറി കാണിച്ചു കൊണ്ടിരിക്കുന്നു. എന്തേ മുഖ്യധാരാ ചാനലുകളും പത്രങ്ങളും ആ അത്ഭുതവാര്‍ത്ത തമസ്‌കരിക്കയാണോ ?.
വിശുദ്ധ കുര്‍ബ്ബാന മധ്യേ ഒരു പെണ്‍കുട്ടിയുടെ നാവിലെ തിരുവോസ്തി രക്തവും മാംസവുമായത്രേ. എറണാകുളം, വരാപ്പുഴ രൂപതയിലെ മാടവനപ്പള്ളിയിലെ കുര്‍ബ്ബാന മധ്യേ നടക്കുന്ന ഈ മഹാത്ഭുതം കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടുന്നു.ഇത് തെളിയിക്കപ്പെടണം.
ഒരിക്കലും അത് സംഭവ്യമല്ല. അതുകൊണ്ടാണ് തെളിയിക്കപ്പെടണം എന്നാവശ്യപ്പെടുന്നത്. ഞാനൊരു ക്രിസ്തു വിശ്വാസിയാണ്.
തിരുവത്താഴമെന്ന ഹോളി കമ്മ്യൂണിയന്‍ മുടങ്ങാതെ കൈക്കൊള്ളുന്നവളുമാണ്. പക്ഷേ, ദൈവത്തിന്റെ നാമത്തില്‍ നടത്തിവരുന്ന കൊള്ളകള്‍ക്കും ആത്മീക തട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ ബോധവത്കരണം നല്‍കുന്നവളുമാണ്.ദൈവത്തിന്റെ ലേബലില്‍ എന്തെന്തു തട്ടിപ്പുകള്‍ . അതും പുരോഹിതര്‍ ചൂട്ടുപിടിച്ചു നടത്തുന്ന നാണംകെട്ട കുട്ടിക്കൂട്ടുകള്‍. ഇവിടെ ഒരു ഹിന്ദു ഇതിനെതിരെ പ്രതികരിച്ചാല്‍ മതതീവ്രവാദം എന്നു പറഞ്ഞ് ക്രൈസ്തവര്‍ ഉറഞ്ഞു തുള്ളും. അതുമൊരു വിളച്ചില്‍ .പിന്നാരും മിണ്ടില്ലല്ലോ.
ഈ ഓസ്തി അത്ഭുതത്തില്‍ ചില എളിയ നിര്‍ദ്ദേശങ്ങള്‍ എനിക്കു മുന്നോട്ടുവയ്ക്കാനുണ്ട്.
ഇത്ര മഹാത്ഭുതം, കഴിഞ്ഞ മൂന്നു നാലാഴ്ചകളില്‍ നടക്കുന്ന മാടവനപ്പള്ളിയില്‍ സിസി ക്യാമറ വയ്ക്കണം.അടുത്ത കുര്‍ബ്ബാന സിസി ക്യാമറയുടെ മുന്നില്‍ വച്ചു നടത്തണം. നാവില്‍ തിരുവോസ്തി രക്തമാകുന്ന ആ പെണ്‍കുട്ടിയെ ,തിക്കിത്തിരക്കില്ലാത്ത സ്ഥലത്ത് നിര്‍ത്തണം. . കുട്ടിയുടെ വായില്‍ വ്രണമോ മുറിവുകളോ ഉണ്ടോ എന്ന് ക്രിസ്ത്യാനിയല്ലാത്ത ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചിട്ട് മാത്രം തിരുവോസ്തി നല്‍കണം.തിരുവോസ്തി നല്‍കി, സര്‍വ്വ സമ്മതനായ ഒരു പുരോഹിതന്‍ സസൂക്ഷ്മം നിരീക്ഷിക്കട്ടെ. ഇത്രയൊക്കെ ചെയ്തിട്ടും ഓസ്തിയില്‍ രക്തം വന്നാല്‍ വീണ്ടും വായ പരിശോധിക്കണം. കടിച്ചു മുറിച്ച ഫ്രഷ് മുറിവൊന്നും കണ്ടില്ലെങ്കില്‍ ഓസ്തി ഉറപ്പായും വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കണം.
ആ രക്തം മനുഷ്യരക്തമാണോ എന്നുറപ്പാക്കണം.മനുഷ്യരക്തം അല്ലങ്കില്‍ തീര്‍ച്ചയായും ഈ വിശുദ്ധരക്തത്തിന്റെ ഗ്രൂപ്പ് കണ്ടെത്തണം. അത് അപൂര്‍വ്വ ഗ്രൂപ്പില്‍ പെട്ടതാണോ ,മനുഷ്യ രക്തഗ്രൂപ്പേ അല്ലേ തുടങ്ങി റിസര്‍ച്ച് ചെയ്ത് വെളിച്ചത്തു കൊണ്ടുവരണം.കാരണം അത് ദൈവത്തിന്റെ രക്തമല്ലേ. ഈശോയുടെ രക്തം. അതിന്റെ രക്തഗ്രൂപ്പ് അറിയാന്‍ മനുഷ്യന് ആകാംക്ഷയുണ്ട്, അവകാശമുണ്ട്.നമ്മള്‍ മനുഷ്യര്‍ക്ക് അത് കണ്ടുകിട്ടുക മഹാത്ഭുതമല്ലേ? ദൈവീകമാണെങ്കില്‍ ക്രൈസ്തവ ലോകത്തൊരു മഹാവിപ്‌ളവം നടക്കും. അതു വേണ്ടേ വിശ്വാസികളേ ?അച്ചന്‍മാരെ..? രക്തപരിശോധനയില്‍ അമാനുഷിക രക്തസന്നിധ്യം കണ്ടെത്തിയാല്‍ വിശ്വാസപാതയിലെ വലിയൊരു വഴിത്തിരിവാണ്.അതിവിടം പ്രകമ്പനം കൊള്ളിക്കും.
അങ്ങ് വത്തിക്കാനില്‍ കര്‍ക്കശമായ തിരഞ്ഞെടുപ്പുകള്‍ ഏറെ നടത്തി തിരഞ്ഞെടുക്കുന്ന ബഹുമാന്യരായ മാര്‍പാപ്പമാരുടെ നാവില്‍ പോലും ഇതുവരെ തിരുവോസ്തി രക്തമായിട്ടില്ല.ക്രിസ്തുവിന്റെ പ്രതിപുരുഷനായി കത്തോലിക്കാസഭ ബഹുമാനിക്കുന്ന,വിശ്വസിക്കുന്ന പോപ്പിനുപോലും കിട്ടാത്ത ദൈവിക സ്പര്‍ശമാണ് ഈ പെണ്‍കുട്ടിക്കുട്ടിക്കുണ്ടായതെങ്കില്‍ അതൊരു മഹാത്ഭുതം തന്നെയാണല്ലോ.
ഈശോയുടെ ഒപ്പം മൂന്നര വര്‍ഷം നിഴലുപോലെ ജീവിച്ച ഒറ്റ ശ്‌ളീഹന്‍മാരുടെ നാവിലും ഓസ്തിയില്‍ രക്തം പുരണ്ടില്ല. അവരുടെ ആരുടെയും കൈയ് കാലുകളില്‍ ആണിപ്പാടുണ്ടായില്ല. സെന്റ് പോളിന്റെ നാവിലും ഈ മഹാത്ഭുതം സംഭവിച്ചില്ല.വേണ്ട, ഈശോയുടെ മാതാവിന്റെ നാവിലും തിരുവോസ്തി രക്തമായില്ല. അതിനേക്കാള്‍ വിശുദ്ധരാണോ ഇപ്പോഴുള്ളവര്‍.അപ്പോ എന്തായാലും ഇതൊരു അത്യപൂര്‍വ്വ സംഭവമാണല്ലോ. ഇവിടെ സയന്‍സ് എന്നൊരുസാധനമുണ്ട് മാളോരെ .. അത് പുരോഗമിച്ചതൊന്നും ചിലര്‍ അറിയുന്നില്ല.കഷ്ടം.
ചില ലക്ഷ്യങ്ങള്‍ക്കായി ഒരു സാധുകുട്ടിയെ ബലിയാടാക്കരുത്.ആ കുഞ്ഞിനെ മാനസ്സിക രോഗിയാക്കി മാറ്റരുത്. ആരുടെയോ തലയിലുദിച്ച ഒരു കുബുദ്ധി കാരണം ഒരു കുട്ടിയെയും അവളുടെ കുടുംബത്തെയും സമൂഹമധ്യത്തില്‍ പരിഹാസപാത്രമാക്കരുത്.
സോഷ്യല്‍ മീഡിയയില്‍ അവളുടെ മുഖവും വായിലെ രക്തഓസ്തിയും കാണിച്ച് മുതലെടുക്കുന്നവര്‍, ആ കുട്ടിയുടെ സമ്മര്‍ദ്ദം അറിയാതെ പോകരുത്.
ആരാധനാമധ്യേ അപ്പവീഞ്ഞുകള്‍ക്ക് മാറ്റം സംഭവിക്കുന്നില്ല. ഈശോയുടെ ഓര്‍മയ്ക്കായി നമ്മള്‍ അനുഷ്ടിക്കുന്ന വിശുദ്ധ കര്‍മ്മം മാത്രമാണത്.അത്യന്തം പവിത്രമായി അനുഷ്ടിക്കേണ്ട ഒരു കര്‍മ്മം. കളിച്ചുകളിച്ച് ഈശോയുടെ തിരുരക്തം വരെ വാണിഭച്ചരക്കാക്കിത്തുടങ്ങി.ഒരു പ്രതിമയും കരയില്ല, ഒരു പ്രതിമയും പാലോ, എണ്ണയോ, രക്തമോ, തേനോ ഉല്‍പാദിപ്പിക്കില്ല.
ഇതിനൊക്കെ പിന്നാമ്പുറത്ത് ഗൂഢതന്ത്രങ്ങളുണ്ട്. കാള പെറ്റെന്ന് കേട്ട് കയറുമായി ആരും ഓടല്ലേ..ദൈവം നമ്മള്‍ക്ക് ബുദ്ധിയും അറിവും നല്‍കിയത് കബളിപ്പിക്കലുകളില്‍ വീഴാതിരിക്കാനാണ്.***ഓണ്‍ലൈന്‍ ചതിക്കുഴികളുടെ വക്കിലാണ് നമ്മളൊക്കെ.വിര്‍ച്ച്വല്‍ അറസ്റ്റ് എന്നൊക്കെപ്പറഞ്ഞ് ഏറെ ലോകപരിചയമുള്ള ,പരിജ്ഞാനമുള്ള ഒരു മെത്രാപ്പോലിത്തയുടെ അക്കൗണ്ടില്‍നിന്നുപോലും ഈയിടെ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയത് വലിയ സംഭവമായിമാറിയിരിക്കയാണ്.പിന്നെയാണോ നമ്മള്‍ സാധാരണക്കാരുടെ കാര്യം.
ഒരനുഭവം പങ്കുവയ്ക്കാം.ഞാന്‍ പത്രാധിപസമിതി അംഗമായിരുന്ന പത്രത്തിലേക്ക് ഒരാള്‍ ഒരു ' വലിയ ' വാര്‍ത്ത എഴുന്നെള്ളിച്ചു.ആ കക്ഷിയും പത്രപ്രവര്‍ത്തകനായിരുന്നു.ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ഇറിഡിയമായിരുന്നു വാര്‍ത്ത.ന്യൂസ് ഡെസ്‌ക്കിലിരുന്ന് ആശാന്‍ സംഭവം പൊലിപ്പിച്ചുകൊണ്ടിരുന്നു.മറ്റുപത്രങ്ങള്‍ക്ക് കിട്ടുംമുമ്പ് വാര്‍ത്ത നല്‍കണമെന്നു വാശിപിടിച്ചു.അന്ന് സമര്‍ത്ഥനായ ഒരു ഡപ്യൂട്ടി എഡിറ്റര്‍ ഉണ്ടായിരുന്നു.അദ്ദേഹം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.വാര്‍ത്ത എഴുന്നെള്ളിച്ച ആളിന്റെ സ്ഥാപിതതാത്പര്യം മനസ്സിലാക്കി.അതിന്റെ പിന്നിലെ കുബുദ്ധി പിടികിട്ടിയതിനാല്‍ മുളയിലേ അതങ്ങു നുള്ളി.സാമ്പത്തികലാഭം ലക്ഷ്യമിട്ടുള്ള കളിയായിരുന്നു അതെന്ന് പിന്നീട് തെളിഞ്ഞു.ആ മേല്‍ക്കൂര ഇന്നും അവിടെത്തന്നെയുണ്ട് !.മറ്റാരും ആ അത്ഭുതവാര്‍ത്ത കണ്ടെത്തിയുമില്ല.
കായംകുളത്തിനടുത്ത് മാതാവിന്റെ പ്രതിമ കരഞ്ഞുതുടങ്ങിയത് മറ്റൊരു വാര്‍ത്തയായിരുന്നു.കേട്ടറിഞ്ഞ ആയിരങ്ങള്‍ വിദൂരസ്ഥലങ്ങളില്‍നിന്ന് ബസ്സ് പിടിച്ചാണെത്തിയത്.ചെറുകടകള്‍ കൂണുപോലെ മുളച്ചുപൊന്തി.സോഡാസര്‍ബത്തുകാര്‍ നിരനിരയായി ഇടംപിടിച്ചു.ഉത്സവപ്രതീതി.ദിവസവും ആ വാര്‍ത്ത പൊടിപ്പുംതൊങ്ങലും ചാര്‍ത്തി ന്യൂസ് ഡസ്‌ക്കിലൊരാള്‍ പേജില്‍ നല്‍കിക്കൊണ്ടേയിരുന്നു.കാര്യം ഒടുവില്‍ മറ്റുള്ളവര്‍ക്കു പിടികിട്ടി.കരയുന്ന മാതാവിന്റെ തൊട്ടടുത്ത് ആ കക്ഷിക്ക് കുറച്ചു ഭൂമിയുണ്ടായിരുന്നു.പ്രതിമയെ അത്ഭുതപ്രതിമയായി നിലനിര്‍ത്തിയാല്‍ പുള്ളിക്കാരന്റെ വസ്തുവില കുതിച്ചുകയറും.ആ ബുദ്ധിയും അധികനാള്‍ ഓടിയില്ല.കായംകുളത്തെ ആ മാതാവിനെപ്പറ്റി പിന്നെ അധികം കേട്ടില്ല.പക്ഷേ ആ പള്ളിക്കാര്‍ക്ക് ചില്ലറ സാമ്പത്തിക നേട്ടമുണ്ടായി. ചങ്ങനാശ്ശേരിയിലെ ഒരു കോളേജ് അദ്ധ്യപികയുടെ കൈവെള്ളയിലും നെറ്റിക്കുമൊക്കെ കുരിശാകൃതിയില്‍ രക്തം പൊടിയാറുണ്ടെന്ന് എന്റെ സുഹൃത്ത് ഒരിക്കല്‍ എന്നോടു പറഞ്ഞു.പക്ഷേ സംഭവം ക്‌ളച്ചുപിടിച്ചില്ല.സഭ പച്ചക്കൊടി കാണിച്ചുകാണില്ല എന്നുറപ്പാണ്.
ചില തല്‍പ്പരകക്ഷികള്‍ ബുദ്ധിപൂര്‍വ്വം ആരാധനാ കേന്ദ്രങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാക്കി മാറ്റി സാധുക്കളെ കൊള്ളയടിക്കാനുള്ള തട്ടിപ്പ് നടത്തുകയാണ്. ഇത്തരം ദേവാലയങ്ങളില്‍ കാര്യസിദ്ധിക്കായി ഓടികൂടുന്നവരില്‍ നല്ലൊരു പങ്കും പ്രശ്‌നങ്ങളുടെ നടുവില്‍ വലയുന്ന സാധു മനുഷ്യരായിരിക്കും. മാജിക്ക് കാണിച്ച് ജനങ്ങളെ പിടിച്ചിരുത്തുന്നതുപോലുള്ള കൈയ്യടക്കത്തിന്റെ തന്ത്രമാണ്. സാധുക്കളെ പോക്കറ്റടിക്കയും ചെയ്യാം. ഇപ്പോള്‍ ചില പുരോഹിതര്‍ രംഗത്തുവന്നിട്ടുണ്ട്, ഇത് അത്ഭുതമല്ല ദൈവീക അടയാളമാണത്രേ .ചില വിശ്വാസികള്‍ കുട്ടിയെ സമീപിച്ച് ജപമാല പ്രാര്‍ത്ഥിച്ച് തരാന്‍ പറയുന്നു,കുട്ടിയെ തൊട്ടുമുത്തുന്നു.ഇത്തരം അനുഭവങ്ങള്‍ കാരണം
' ഇനി എന്നെ രൂപകൂട്ടിലിരുത്തുമോ എന്നുചോദിച്ച് കുട്ടി ഭയന്നു പോകുന്നെന്നൊക്കെ അവളുടെ വല്യമ്മച്ചി തുറന്നു പറയുന്നവീഡിയോ പുറത്തു വന്നു.. ന്തൈാരു കഷ്ടമാണിത്.ഇതിനു മുമ്പ് ഇത്തരം അത്ഭുതസിദ്ധികള്‍ അനുഭവപ്പെട്ടെന്ന് കൊട്ടിഘോഷിച്ച ചിലരൊക്കെ നമ്മുടെ നാട്ടിലുണ്ട്.അവരുടെയൊക്കെ അവസ്ഥ ഇപ്പോള്‍ എന്തരോ എന്തൊ..
പഴയതുപോലെയല്ല.സോഷ്യല്‍ മീഡിയ വളര്‍ന്നു. സത്യങ്ങള്‍തേടി കണ്ണിമയ്ക്കാതെ കാവലിരിക്കുന്ന കാലമാണിത്. മൊത്തം ക്രൈസ്തവരെയും നാണംകെടുത്തുന്ന മാജിക്കുകള്‍ കാണിച്ച് അപമാനിക്കരുത്.എങ്ങോട്ടുനോക്കി ആരാധിക്കണമെന്ന തര്‍ക്കം മൂത്ത്ത ഒരു വര്‍ഷത്തോളം എറണാകുളത്തെ ബസിലിക്ക ഒരു വര്‍ഷം പൂട്ടിയിട്ട കാലം പിന്നിടുന്നതേയുള്ളൂ.അന്ന് കൈയ്യാങ്കളിക്കിടെ വിശുദ്ധവസ്തുക്കള്‍ വയ്ക്കുന്ന് മേശ ചവിട്ടി എറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.വീഡിയോയും പുറത്തിറങ്ങി.ആ കാലം പിന്നിട്ട് അധികമാവും മുമ്പ് പുതിയൊരു അത്ഭുതം.
സ്വര്‍ണ്ണച്ചേന, ഇരുതലമൂരി, നക്ഷത്ര ആമ, മനുഷ്യബലി, പോലുള്ള അന്ധവിശ്വാസ ത ട്ടിപ്പുകള്‍ക്കൊപ്പം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുനടത്തുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ത്തന്നെ നിയമപരമായ മുന്‍കരുതലെടുത്തില്ലെങ്കില്‍ ആരാധനാലയങ്ങള്‍ വലിയ ദുരാചാര കേന്ദ്രങ്ങളായി മാറും.ഈ കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്, പ്രായപൂര്‍ത്തിയായിട്ടില്ല. പത്തിലാണ് പഠിക്കുന്നതെന്ന് അറിയുന്നു.അവളെ ഇങ്ങനെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുക്കണം.