Image

മനോഹര്‍ തോമസിന്റെ 'കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍' ഒരു ആസ്വാദനക്കുറിപ്പ്: രാജു മൈലപ്രാ)

Published on 18 August, 2024
മനോഹര്‍ തോമസിന്റെ 'കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍' ഒരു ആസ്വാദനക്കുറിപ്പ്: രാജു മൈലപ്രാ)

ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രിയ സുഹൃത്ത് മനോഹര്‍ തോമസ് എഴുതിയ 'കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍' എന്ന ചെറുകഥാ സമാഹാരം കൈയിലെടുത്തത്.

എന്നാല്‍ ആദ്യത്തെ കഥ 'രാഗം ഭൈരവി' വായിച്ചുകഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി, ലളിതമായ മലയാള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ തന്നെയും, കുറച്ചുകൂടി ആഴത്തിലുള്ള വായന അര്‍ഹിക്കുന്ന ഒരു കൃതിയാണിതെന്ന്.

'പമ്പാനദിയിലെ കുഞ്ഞോലകള്‍, കാറ്റിലാടുന്ന തെങ്ങോലകള്‍, പ്രഭാതത്തെ വിളിച്ചുണര്‍ത്തുന്ന കിളികളുടെ കളകള നാദം' - അത്തരം ഗൃഹാതുരത്വം തുളുമ്പുന്ന വാചക കസര്‍ത്തുകളൊന്നും, പിറന്ന നാടിനേയും, പറഞ്ഞു തുടങ്ങിയ മലയാള ഭാഷയേയും എന്നും നെഞ്ചിലേറ്റുന്ന ഈ സ്‌നേഹിതന്റെ കഥകളില്‍ ഇടംകാണുന്നില്ല.

'പ്രവാസ സാഹിത്യം' എന്ന ചങ്ങലയില്‍ തളയ്ക്കപ്പെടാതെ, അതിരുകള്‍ കടന്ന് സ്വച്ഛന്ദം വ്യാപരിക്കുന്നു മനോഹറിന്റെ ജീവിതഗന്ധിയായ കഥാനുഭവങ്ങള്‍.

കിഴക്കും, പടിഞ്ഞാറും, തെക്കും, വടക്കുമെല്ലാം ചേരുംപടി ചേര്‍ത്ത്, ഒരു വാക്കുപോലും അധികപ്പറ്റാകാതെ സ്ഫുടംചെയ്‌തെടുത്തതാണ് ''കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍' എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. പറയേണ്ടാത്തതൊന്നും പറഞ്ഞിട്ടില്ല.

ഈ കഥാസാമാഹാരത്തിലെ പ്രഥമ കഥയായ 'രാഗം ഭൈരവി' എന്ന കഥയുടെ തുടക്കംതന്നെ ഗംഭീരമാണ്. 'നിരവധി വേഷങ്ങളാണ് ജീവിതത്തില്‍ കെട്ടേണ്ടി വരുന്നത്. ഏറ്റവും യോജിച്ച വേഷം കിട്ടുന്നവനെ  നമ്മള്‍ ജീവിതവിജയി എന്നൊക്കെ പറയും- ചോദിക്കാത്ത വേഷങ്ങളുമായി ആടിത്തീര്‍ത്ത് രംഗം വിടുന്ന എത്രയോ കഥാപാത്രങ്ങളുണ്ട്'.

ഈ കഥകളിലുടനീളം വൈവിധ്യമാര്‍ന്ന ദേശക്കാരുണ്ട്, ഭാഷക്കാരുണ്ട്, പച്ചയായ മനുഷ്യരുണ്ട്, അവരുടെ തേങ്ങലുകളും വിങ്ങലുകളുമുണ്ട്.

ആദ്യത്തെ കഥയുടെ ആദ്യവാചകവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് രണ്ടാമത്തെ കഥയായ 'എപ്പിസ്‌കോപ്പ'യുടെ തുടക്കം.

'നമ്മള്‍ ചിലരെ പരിചയപ്പെടുമ്പോള്‍ മനസു പറയും, ഇയാള്‍ ഒരിക്കലും ഇങ്ങനെ ആകേണ്ട ആളല്ല എന്ന്- പോലീസുകാരനും, പട്ടാളക്കാരനും, സ്‌കൂള്‍ മാഷും ഒക്കെ അതില്‍പെടും.

എത്ര ശരിയായ ഒരു നിരീക്ഷണമാണിത്. വേറിട്ടൊരു ജീവിതശൈലിയുള്ള ഒരു പുരോഹിതന്റെ കഥയാണിത്. കുപ്പായത്തിന്റെ പുറംചട്ട അഴിഞ്ഞുവീഴുമ്പോള്‍, അയാളും മറ്റുള്ളവരെപ്പോലെ തന്നെ കുറ്റങ്ങളും, കുറവുകളും, മോഹങ്ങളും, മോഹഭംഗവുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ് എന്ന സത്യം, നര്‍മ്മത്തിലൂടെ വരച്ചുകാട്ടുന്നു. നമ്മള്‍ സങ്കല്‍പിക്കുന്ന ഒരു പുരോഹിതന് ചേരാത്ത പപ പ്രവര്‍ത്തികളും ഇദ്ദേഹം കാട്ടിക്കൂട്ടുന്നു. എന്നാല്‍ അദ്ദേഹം വലിയൊരു മനുഷ്യസ്‌നേഹി ആയിരുന്നു എന്ന സത്യം കഥയുടെ അവസാന വാചകത്തിലുണ്ട്.

'സമ്പത്തിന്റെ നട കയറുമ്പോള്‍ എപ്പോഴോ കേട്ടു മറന്ന ദൈന്യതയുടെ നിലവിളികള്‍ ഓര്‍ക്കാതെ പോകരുത്- ഉടയതമ്പുരാന്‍ നിനക്ക് കൂട്ടിനുണ്ടാകും'

റിയാലിറ്റിയും ഫാന്റസിയും ഇഴചേര്‍ത്ത് നെയ്‌തെടുത്ത ഒരു കഥയാണ് 'കൊക്കരണി' - മനുഷ്യ വികാരങ്ങളുടെ വിവിധ തലങ്ങളിലേക്ക് അത് നമ്മെ കൈപിടിച്ച് നടത്തുന്നു.

'ന്യൂയോര്‍ക്കിലെ വിശപ്പ്' എന്ന കഥ ഒരു വലിയ സത്യത്തിന്റെ ചെറിയ പതിപ്പാണ്. ഒരു സാന്‍ഡ് വിച്ചിനു കൈയിലുള്ള കാശ് തികയാതെ വരുമ്പോള്‍, ഒരു 'കാവല്‍ മാലാഖ'യെപ്പോലെ പ്രത്യക്ഷപ്പെടുന്ന ആറടി ഉയരമുള്ള ഒരു കറമ്പന്‍- ഒരു മുന്‍വിധിയോടെ നമ്മള്‍ കാണുന്ന കറുത്ത വര്‍ഗ്ഗക്കാരുടെ നന്മയെ, അയാളുടെ ഒരു വാചകത്തിലൂടെ മനോഹര്‍ നമ്മളെ തിരുത്തികാണിക്കുന്നു.

'തികയില്ല- അല്ലേ? സാരമാക്കണ്ട, ഞാന്‍ കവര്‍ ചെയ്‌തോളാം- ഞാനീ വഴിയിലൂടെ ഒരുപാട് ദൂരം അമര്‍ത്തി ചവിട്ടി നടന്നുപോയതാണ്'.

അവസാന ഭാഗമായി ചേര്‍ത്തിട്ടുള്ള 'മുത്തലാക്ക്' എന്ന കഥ വായനക്കാരനെ ഒരു twilight zone -ലേക്ക് നയിക്കുന്നു. യഥാര്‍ത്ഥ ലോകത്തില്‍ നിന്നും, ഏതോ ഒരു പുതിയ പ്രതലത്തിലെത്തിയ പ്രതീതി.

കഥാകൃത്ത് തന്നെ ഒറ്റ വാചകത്തിലൂടെ അത് വെളിവാക്കുന്നു- വായനക്കാരന്റെ നേരേ തൊടുത്തുവിടുന്ന ഒരു ചോദ്യത്തിലൂടെ-
'അതൊരു സ്വപ്‌നമായിരുന്നോ?'
'കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍' എന്ന പുസ്തകത്തിലെ ഒരു കഥയില്‍പോലും, അവസാന വാക്ക് കഥാകൃത്തിന്റേതല്ല- ആ തീരുമാനം പൂര്‍ണ്ണമായും വായനക്കാരന് വിട്ടുകൊടുത്തിരിക്കുകയാണ്. അതുതന്നെയാണ് ഈ കഥകള്‍ വീണ്ടും വായിക്കുവാന്‍ പ്രേരിപ്പിക്കുന്ന 'രസതന്ത്രം'.

'ഗന്ധര്‍വ്വപാല സാക്ഷി' എന്ന കഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ ' നിഗൂഢ വൈഖരികള്‍ നിറഞ്ഞ ഒരു താളിയോല കെട്ടാണ് ജീവിതം'- അത് ഓരോ വായനക്കാരനും, അവരവര്‍ക്ക് വേണ്ടിയതുപോലെ വ്യാഖ്യാനിക്കാം.

ഈ പുസ്തകത്തിന്റെ ടൈറ്റില്‍ കഥയായ 'കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍' എന്ന കഥ വലിയൊരു ക്യാന്‍വാസില്‍ തീര്‍ക്കേണ്ട സംഭവബഹുലമാണ്. എന്നാല്‍ കൈയടക്കമുള്ള ഒരു സംവിധായകനെപ്പോലെ, മനോഹര്‍ അത് മനോഹരമായ ഒരു 'ഷോര്‍ട്ട് ഫിലി'മില്‍ ഒതുക്കിയിരിക്കുന്നു.

ഓരോ സാഹ്യകാരനും അവരുടേതായ ചില രചനാരീതികളും ശൈലികളും, ആവിഷ്‌കാര തന്ത്രങ്ങളുമൊക്കെയുണ്ട്. ആ പ്രത്യേക സ്വഭാവങ്ങളാണ് അയാളെ മറ്റൊരാളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നത്.

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ഒതുക്കി നിര്‍ത്താനാവില്ല മനോഹര്‍ തോമസ് എന്ന കഥാകൃത്തിനെ- ജീവിതത്തിന്റെ വിവിധ മേഖലകളില്‍, ഉയര്‍ച്ച താഴ്ചകളില്‍, സുഖ ദുഖങ്ങളില്‍ നിറഞ്ഞാടിയ മനോഹറിന്റെ അനുഭവ സമ്പത്തിന്റെ കലവറയിലെ ഒരുപിടി മുത്തുമണികള്‍ മാത്രമാണ് 'കിളിമഞ്ജാരോയില്‍ മഴ പെയ്യുമ്പോള്‍' എന്നയീ കഥാസമാഹാരം.

മലയാള സാഹിത്യ സദസ്സിലെ മുന്‍നിരയിലേക്ക് ഒരു കസേര വലിച്ചുനീക്കിയിട്ട്, അതില്‍ അധികാരത്തോടെ ഉപവിഷ്ടനായിരിക്കുന്ന പ്രിയ സുഹൃത്ത് മനോഹര്‍ തോമസിന് അര്‍ഹിക്കുന്ന ആദരവും, അംഗീകാരവും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്- ആശംസകള്‍ നേരുന്നു. 
 

Join WhatsApp News
Jayan varghese 2024-08-20 15:18:56
മലയാള സാഹിത്യ സദസ്സിലെ മുന്‍നിരയിലേക്ക് ഒരു കസേര വലിച്ചുനീക്കിയിട്ട്, അതില്‍ അധികാരത്തോട ഉപവിഷ്ടനായി ഇരിക്കുകയാണല്ലോ? ഇതുക്കും മേലെ എന്ത് അംഗീകാരം? എന്ത് ആദരവ് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക