ചിലതൊക്കെ
പ്രവചനാതീതമാണ്
ഒരു പാഴില
മണ്ണിലേക്ക് വീഴാൻ
അടരേണ്ട നേരം
ദിശ തെറ്റി വന്ന കാറ്റ്
വീടകങ്ങളിലും
ഇടനെഞ്ചിലും
തീ കൂട്ടുന്ന നേരം
പ്രണയം പോലെ
ഇലത്തുമ്പിൽ
നിന്നൊരു ജലകണം
ഇറ്റു വീഴുന്ന നേരം
ഒരു മഴനൂലിൽ
നീയെന്നെ
ഊഞ്ഞാലാട്ടുന്ന നേരം
ഒരു കടലായി
ആർത്തലച്ച്
നീ
എന്നിലെ
തീരം തേടുന്ന നേരം
ഒരു മാരിവില്ലായി
മാനത്തു
നീയെന്നെ
മിഴിത്തുമ്പിനാൽ
വരഞ്ഞിടുന്ന നേരം
എന്നിലെ
ഇരുട്ടിന്റെ ചില്ലയിൽ
നീയൊരു
നിലാപ്പക്ഷിയായ്
വീണ്ടും
ചേക്കേറുന്ന നേരം
അതേ
ചിലതൊക്കെ
പ്രവചനാതീതമാണ്
ജീവിതം പോലെ
മരണം പോലെയും