Image

ശബ്ദശൂന്യർ (രമാ പിഷാരടി)

Published on 20 August, 2024
ശബ്ദശൂന്യർ (രമാ പിഷാരടി)

മഞ്ഞുപോൽ നിശ്ശബ്ദമിന്ന്, ശബ്ദങ്ങളോ-
മണ്ണിലാഴുന്നു,  ദയാശൂന്യമീയിടം

കണ്ണിൽ തടഞ്ഞീലവർക്ക് ദേശത്തിൻ്റെ-
കണ്ണുനീരുപ്പിൽ കുതിർന്നൊരാ പെൺകടൽ!

കല്ലിച്ചിരുട്ടിൻ്റെ  കൽവരിക്കെട്ടിലായ്-
കണ്ണടച്ചെന്നും  തിരിച്ച് പോകുന്നവർ

ത്രാസ്സിൻ്റെ തട്ടിൽ വ്യവസഥ വച്ചേറ്റുന്ന-
കാൽക്കാശിനായി കുനിഞ്ഞ് നിൽക്കുന്നവർ..

കണ്ടില്ല, കാണില്ല രണ്ട് നാളിൽ മറന്നിന്ത്യയ്ക്ക്-
വേണ്ടി ജ്വലിച്ചെന്ന് ചൊല്ലിയോർ

മിണ്ടിയില്ലൊന്നുമാ  പെൺകുഞ്ഞുടുപ്പുകൾ-
നെഞ്ചത്ത് വച്ച് പാടുന്നവർ പോലുമേ..

ആരവങ്ങൾ തീർത്തൊരൊയിരം ശബ്ദങ്ങൾ-
ആകെവെ മൗനം കുടിച്ച് പോകും വഴി;

ആകെ തകർന്ന വിലാപഗാനത്തിൻ്റെ-
പേര് ചോദിക്കുന്നിതാ മൗനഗായിക!

കാലം  കുരുക്കിട്ട്  വീഴ്ത്തുന്നവർക്കിതേ-
പോലെയുണ്ടാകാം കനൽത്തരിപ്പാട്ടുകൾ!

വാക്കിലെ തീക്കനൽ ചോപ്പിൽ നിന്നിത്തിരി-
മാറ്റിവയ്ക്കാമിതേ മണ്ണിനായിനി..

ശബ്ദശൂന്യർ തീർത്ത കോട്ടകൾക്കുള്ളിലെ-
ശബ്ദമാകാനായ് ശ്രമിക്കുന്നിടങ്ങളിൽ

ശസ്ത്രമെയ്യുന്നവർ,. ഹൃത്തിൻ്റെയുള്ളിലെ-
രക്ഷാവിളക്കും തകർക്കാനൊരുങ്ങുവോർ

മങ്ങുന്ന കാഴ്ചകൾക്കുള്ളിൽ നിന്നും വരും-
മണ്ണിൻ്റെ ഭാഷയെ ചേർത്തങ്ങ് നിൽക്കവേ;

ആഴക്കടൽ വന്നിരമ്പുന്നുവെങ്കിലും-
ഭീരുക്കൾ ശബ്ദശൂന്യർ മുന്നിലെത്ര പേർ..

നാഴിക്കൊരുപ്പിൻ്റെ നീറ്റലുണ്ടെങ്കിലും
കാലക്കണക്കിൻ്റെ ഭാരമുണ്ടെങ്കിലും

നിർഭയത്വത്തിനെ ചുറ്റുന്ന കാറ്റിനെ-
നിർദ്ദയത്വത്തിനെ പോറ്റാത്ത ഭൂമിയെ,

ശബ്ദമേ  നീയുണർത്തീടുക  മുന്നിലെ-
ശബ്ദ്ശൂന്യത്തെ ഹരിച്ചുടച്ചീടുക

കത്തുന്നൊരീയാതുരാലയത്തിൽ നീതി-
പുസ്തകം മാറ്റിവയ്ക്കുന്ന ലോകത്തിനായ്

കത്തുന്നൊരീയാതുരാലയത്തിൽ നീതി-
പുസ്തകം മാറ്റിവയ്ക്കുന്ന ലോകത്തിനായ്

കണ്ണുനീരുപ്പിൻ്റെ പാടങ്ങളിൽ  നിന്ന്-
വെണ്ണീരെടുത്ത് ശബ്ദങ്ങൾക്ക് നൽകിടാം

ശബ്ദിക്കുവാൻ  വാക്കെടുത്ത് നൽകീടുന്ന-
അക്ഷരാകാശം അനന്തമായീടട്ടെ...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക