നെഞ്ചിൽ നിറയെ അനുരാഗത്തിന്റെ കരിക്കിൻ വെള്ളവുമായി ഒരു കൊതുമ്പു വള്ളത്തിൽ മലയാളക്കരയിലേക്കു തുഴഞ്ഞുകയറിയ ഒരു പാട്ട് ! കയറുക മാത്രമല്ല അത് എല്ലാ പ്രണയിതാക്കളുടെ ഹൃദയത്തിലും കുടിയിരിക്കുക കൂടി ചെയ്തു . അതേ , മലയാളി പാടിപ്പതിഞ്ഞ ഒരു പ്രണയ ഗാനം.
'അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ
അനുരാഗ കരിക്കിൻ വെളളം .'
പി.ഭാസ്കരൻ എന്ന ഗാനരചയിതാവിന്റെ തൂലിക തുമ്പിൽ നിന്നിറ്റു വീണ ഒരു എവർഗ്രീൻ പ്രണയ ഗാനം . പതിറ്റാണ്ടുകളായി എത്രവട്ടം പാടിയിട്ടും ഇന്നും പുതുമ നശിക്കാത്ത വരികൾ . അമൃതു സേവിച്ചെഴുതിയതുപോലെ ജരാനരകൾ ഒട്ടും തന്നെ ബാധിക്കാത്ത നിത്യ യൗവനയായ ഗാനം ! ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവരുടെ നാവിൻ തുമ്പിൽ അറിയാതെ വന്നെത്തും . തേൻമിഠായി പോലെ അതവിടിരുന്ന് അലിഞ്ഞലിഞ്ഞിറങ്ങും . പാട്ടുപാടാനറിയാത്തവരേയും പാട്ടുകാരാക്കി മാറ്റും .
ബിംബകൽപ്പനകളുടെ പ്രത്യേകത കാരണം അനശ്വരമായ ഈ അല്ലിയാമ്പൽ കടവിനെ കൈവിട്ടു പോകാതിരിക്കാനെന്നവണ്ണം ഈയിടെയിറങ്ങിയ
'ലൗഡ് സ്പീക്കർ ' എന്ന സിനിമയിൽ ഈ പാട്ടിനെ റീമിക്സ് ചെയ്യുകയുണ്ടായി . എത്രവട്ടം പാടിയിട്ടും മതിയാകാത്തൊരു പാട്ട് . അത്രയ്ക്ക് ആ താമരപ്പൂ വസന്തം മലയാളികളുടെ മനസ്സിലിങ്ങനെ പൂത്തുലഞ്ഞു നിൽക്കുകയാണ് ! പഴയ പാട്ട് , പുതിയ പാട്ട് , എന്നിങ്ങനെയുള്ള തരം തിരിക്കലുകളിൽ പഴയ പാട്ടെന്നു പറഞ്ഞ് ഇതിനെ മാറ്റി നിർത്താനാവില്ല .
അല്ലിയാമ്പൽ കടവിൽ അരയ്ക്കൊപ്പം വെള്ളത്തിൽ നിൽക്കാൻ കൊതിപ്പിക്കുന്ന ഈണം . കണ്ണടച്ചു പിടിച്ച് ഈ പാട്ടൊന്നു കേട്ടു നോക്കൂ . പ്രണയം നിറച്ച ഒരു കൊതുമ്പുവള്ളം അകലെ നിന്നും വരുന്നതു കാണുന്നില്ലേ ? പാട്ടു തീരുന്നതു വരെ ആ പ്രണയച്ചൂടു പോലുമനുഭവപ്പെട്ടേക്കാം . അതിലേയ്ക്കു ഒന്നായി ചേർന്നിരുന്നു ഒന്നിച്ചു തുഴഞ്ഞു പോകും നമ്മൾ . ആമ്പൽ നിറഞ്ഞ കടവിലേയ്ക്കു നെഞ്ചുനിറയെ അനുരാഗത്തിന്റെ മധുരം കിനിയുന്ന കരിക്കിൻ വെള്ളവുമായൊരു വരവുണ്ട് . പിന്നെ ഒന്നിച്ചൊരു തുഴച്ചിലായിരിക്കും . ചുറ്റിലുമുള്ള ആമ്പൽപ്പൂക്കളുടെ നനുത്ത , നാണമാർന്ന ചിരിയിലേയ്ക്കു നമ്മളും ചേക്കേറിയിരിക്കുമപ്പോൾ .
' താമരപ്പൂവ് നീ ദൂരെ കണ്ടു മോഹിച്ചു.
അപ്പോൾ താഴെ ഞാൻ നീന്തി ചെന്നു പൂവു പൊട്ടിച്ചു.
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട് .'
അങ്ങകലെ , ദൂരെ താമരയിൽ പൂക്കുന്ന ഒരു പ്രണയം . ആ താമരപ്പാടത്തേക്കു കണ്ണു പായിച്ച് കൊതി പൂണ്ടു നിൽക്കുന്ന പ്രണയിനിക്കു വേണ്ടി നീന്തിപ്പോയി പൂവു പൊട്ടിച്ചു കൊടുക്കാതിരിക്കുവാൻ കാമുകനു കഴിയില്ലല്ലോ .
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട് ..
പ്രണയ കൽപ്പനകളിലെ ഏറ്റവും മനോഹരമായ ഭാവന .! പറയാൻ വാക്കുകളില്ല . ഇതിലുമപ്പുറം പ്രണയത്തെ ഒരു കവി എങ്ങിനെയാണു വരച്ചിടുക .? ആ വരികൾക്കു മുന്നിൽ ഞാനൊന്നു തൊഴുതോട്ടെ . !
'പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട് . '
അവളുടെ ചൊടികളിൽ താമരക്കാടു വിരിയുന്ന പ്രണയ ചാരുത .! വരികളും ഈണവും തമ്മിൽ ലയിച്ച് ഒന്നായിപ്പോയ നിമിഷം . കണ്ടു കൊതിച്ച ആ താമരപ്പൂവ് കൈയ്യിൽ കിട്ടിയ നിമിഷം അവൾക്കു പൂക്കാതിരിക്കാനാവില്ലല്ലോ .
വസന്തത്തിന്റെ ആഗമനം അറിയിച്ചു കൊണ്ടു കാടു പൂക്കുകയാണ് . ഞാവൽ കാ പഴുക്കുന്നു . എന്നിട്ടുമെന്തേ എന്റെ കൈപിടിക്കാൻ നീയെത്തിയില്ല .?
"അന്നു മൂളിപ്പാട്ടു പാടിത്തന്ന മുളം തത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിൽ നീ വരാത്തതെന്തേ." ?
എന്ന അവന്റെ പരിഭവത്തിനു പോലുമെന്തു പ്രണയചാരുത .!
ഒരു താമരക്കാടു സ്വപ്നം കണ്ട് ഒരിക്കലെങ്കിലും ആ അല്ലിയാമ്പൽ ക്കടവിൽ നിന്നിട്ടില്ലാത്തവരുണ്ടാകുമോ .? ഒരുപാടു കൊതിച്ചു മോഹിച്ചൊരിക്കൽ ഞാനുമവിടെ നിന്നിട്ടുണ്ട് .മനതാരിൽ ഒന്നിച്ചൊരു കൊതുമ്പുവള്ളം തുഴഞ്ഞിട്ടുണ്ട് . അന്ന് അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന ആ അല്ലിയാമ്പൽ കടവിൽ ഈ പാട്ടുകേൾക്കുമ്പോഴെല്ലാമോടിയെത്താറുമുണ്ട് . അപ്പോൾ അന്നത്തെ ആ തണുപ്പ് എന്നെ കുളിരണിയിക്കാറുമുണ്ട്. പിന്നെ ആ തണ്ടൊടിഞ്ഞ താമര പോലെ ഒരിക്കൽ ഒടിഞ്ഞു തൂങ്ങി വാടിത്തളർന്നിട്ടുമുണ്ട് .
1965 - ൽ പുറത്തിറങ്ങിയ 'റോസി ' എന്ന ചലച്ചിത്രത്തിനു വേണ്ടി പി.ഭാസ്കരൻ മാഷെഴുതി , ജോബ് മാസ്റ്റർ ഈണം കൊടുത്ത് , യേശുദാസ് പാടി അനശ്വരമാക്കി മാറ്റിയ ഈ ഗാനത്തിന് വരികളും സംഗീതവും തമ്മിൽ എന്തുമാത്രം പിരിക്കാനാവാത്ത ഇഴയടുപ്പമെന്നു നോക്കു .!
ഈ അല്ലിയാമ്പൽ കടവിലാണ് കഴിഞ്ഞ അൻപത്തിയാറു വർഷമായി മലയാളി അവന്റെ പ്രണയം കാത്തുവച്ചിരിക്കുന്നത് . നെഞ്ചിൻ കൂട്ടിൽ നിറഞ്ഞിരിക്കുന്ന ആ കരിക്കിൻ വെള്ളം മാധുര്യം ഒട്ടും കുറയാതെ ഇന്നും അവിടത്തന്നെയുണ്ട് .
___________________
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു
നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്...
പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്...
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
'കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍...
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍...
അന്ന് മൂളിപ്പാട്ടു പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ...
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ...
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം .
see more: https://emalayalee.com/writer/297