അമ്മ ഒരുപെരുക്കത്തിലും
ഒതുക്കാനാവാത്ത
സങ്കടപ്പെരുമഴ നനഞ്ഞ്
ഏറിയാലൊരാഴ്ചയുടെ
നേര്‍ത്തൊരോര്‍മ്മയാവും
ഒച്ചയനക്കങ്ങളെത്തേടി
അടുക്കളയിലും മുറ്റത്തും
കപ്പളത്തിന്‍റെ ചോട്ടിലും
അലക്കുകല്ലിനടുത്തും
വന്നെത്തുന്ന നോട്ടങ്ങളും
ഏറിയാലൊരാഴ്ചയുടെ
തേടിനടപ്പുകളാവും
ക്ളാസ്സും പിഞ്ഞാണങ്ങളും
സൂചനമറന്നും
അമ്മ എന്നരണ്ടക്ഷരം
ഓരോരോ വേഷങ്ങളാടി
അരങ്ങിലെത്തുന്നതും
ഏറിയാലൊരാഴ്ചയുടെ
വിശപ്പും ദാഹവുമാകും
അരൂപിയായ
രണ്ടുകണ്ണുകളപ്പോഴും
ആരുടെയൊക്കെയോ
ദയയിലേക്കും കാരുണ്യത്തിലേക്കും
തൊഴുകെെകളുമായി
കാത്തുനില്ക്കും
തടിയില്‍നിന്നും
വിട്ടകലാത്ത ഒരുപ്രാണന്‍
പൊട്ടിച്ചിരിക്കുന്ന
തീനാമ്പുകളെ വകഞ്ഞുമാറ്റി
പച്ചമണ്ണിലേക്ക്
കാലുകുത്താന്‍
സമയത്തിന്‍റെ വേഗതകളെ
പിന്നിലേക്കോടിക്കും
ചതുപ്പുകളില്‍
പുതഞ്ഞുപോയ കാലുകളും
രക്തമിറ്റുന്നചിറകുകളും
കവിതയുടെ കൂട്ടിമുട്ടാനാവാത്ത
രണ്ടറ്റങ്ങളില്‍
പകല്‍കിനാക്കളുടെ
കുറ്റാക്കുറ്റിരുട്ടില്‍ പോലും
കാലിടറിവീഴുകയാവാം
തിണ്ണയിലപ്പോഴും
ഞെരിപ്പോടിന്‍റെ ചായക്കൂട്ടുകളില്‍
തൊട്ടുതലോടി
വാത്സ്യല്യത്തിന്‍റെ
ഒരു പുസ്തകം
വായിച്ച്മടക്കാനാവാതെ, ഓരോരോ വരികളിലും
കുത്തിയിരിപ്പുണ്ടാവും.......