Image

കോളിളക്കം നിറയുന്ന സിനിമാ ലോകം : പി.സീമ

Published on 25 August, 2024
കോളിളക്കം നിറയുന്ന സിനിമാ ലോകം : പി.സീമ

സിനിമ രംഗത്തെ  കോളിളക്കം നിറഞ്ഞ  വാർത്ത കേട്ടു കഴിഞ്ഞാൽ പിന്നെ flowers top singer ലേക്ക് പോകും. എങ്ങനെയും അത് കാണാൻ ഓടിവന്നു ടീവിക്ക് മുന്നിൽ ഇരിക്കും. അപാരമായ ആത്മവിശ്വാസത്തോടെ 5 വയസ്സ് മുതൽ 13 വയസ്സ് വരെ ഉള്ള കൂട്ടികൾ നമ്മുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന ഒട്ടേറെ മിഴിവുള്ള പഴയ ഗാനങ്ങൾ മുതിർന്നവർ പാടുന്നതിനേക്കാൾ മനോഹരമായി ആലപിക്കും.( പാടാൻ എന്തെങ്കിലും ഉള്ളത് പഴയ പാട്ടുകളിൽ മാത്രം ആണല്ലോ) അപ്പോൾ മനസ്സ് കൊണ്ട് നന്ദി പറയുന്നത് അത്രയും കഴിവുള്ള കുട്ടികളെ കേരളത്തിൽ മുഴുവൻ ഓഡിഷൻ നടത്തി കണ്ടെത്തിയ ജഡ്ജസിനോടും കുട്ടികൾക്ക് ആ കഴിവ് നൽകിയ ഈശ്വരനോടുമാണ്.

അത് പോലെ അഭിനയമോഹവും കഴിവും സൗന്ദര്യവും ഉള്ള പെൺകുട്ടികളുടെ കഴിവ് കണ്ടെത്താൻ അഭിനയത്തെ കുറിച്ച് ജ്ഞാനമുള്ള  ഒരു ജൂറിക്ക് പറ്റില്ലേ.. അങ്ങനെ ചിന്തിച്ചു പോയതാണ്. അപ്പോൾ അത്തരത്തിൽ ഉള്ള നല്ല കഴിവുള്ള പെൺകുട്ടികൾ തിരഞ്ഞെടുക്കപ്പെടും. സിനിമയിൽ അഭിനയിക്കാൻ വേണ്ടി അവർക്കു ആരുടെ മുന്നിലും പോയി കിടക്കേണ്ടി വരില്ല. വീട്ടിൽ നിന്നു രക്ഷകർത്താവിനോടൊപ്പം വരുന്ന കുട്ടികളെ സുരക്ഷിതമായി താമസിപ്പിക്കുക.  അത്തരം ചില മുൻകരുതലുകൾ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രവണതകൾ കുറഞ്ഞു വരില്ലേ?   കഴിവുള്ളവർ അംഗീകരിക്കപ്പെടില്ലേ?   പിന്നെ അവരുടെ മുറിവാതിൽ സുരക്ഷിതമായിരിക്കില്ലേ?.   മദ്യപിച്ചു കഴിഞ്ഞാൽ നിലയും വിലയും മറന്നു  കൊണ്ട് ഒരു പെണ്ണിന്റെ ദേഹത്ത് സ്പർശിക്കുമ്പോൾ  അവളെ മുറിയിലേക്ക് ക്ഷണിക്കുമ്പോൾ  ഒക്കെ അവൾക്കു അത് ഇഷ്ടപ്പെടുമോ എന്ന് ചിന്തിച്ചിട്ട്   പോരേ? തന്റെ ശരീരത്തിൽ തൊടുന്നത് തനിക്കു ഇഷ്ടമുള്ള ഒരാൾ എങ്കിൽ അവൾ പരാതിപ്പെടില്ലായിരിക്കാം .അവൾക്കു അയാളോട് അത്ര മേൽ തീക്ഷ്ണമായ ഒരിഷ്ടം ഉണ്ടാകും.. അതില്ല എങ്കിൽ തീർച്ചയായും ഭയന്നു പോകും.  ഇനി എന്ത് സംഭവിക്കും എന്ന് ആധി തോന്നും. അപ്പോഴും അവൾ ചെയ്യേണ്ട ഒന്നുണ്ട്. ആ അനുഭവം നാളേക്ക് മൂടി വെയ്ക്കാതെ   അത്  അപ്പോൾ തന്നെ തുറന്നു പറയുക. ഈ സിനിമ എനിക്ക് വേണ്ടെന്നും സധൈര്യം പറയുക.

സിനിമ രംഗത്ത് മനസ്സിൽ വിഗ്രഹങ്ങൾ പോലെ  ഇത്ര നാളും സൂക്ഷിച്ച   കഴിവുള്ള പലരുടെയും ഇമേജ് തകർന്നു പോകുമ്പോൾ ദുഃഖം തോന്നുന്നു. ഇനി എന്തൊക്കെ കേൾക്കേണ്ടി വരും ആരോടൊക്കെ വെറുപ്പ്‌ തോന്നും എന്നും സങ്കടം തോന്നുന്നു.  ഇതൊക്കെ ഇതിനു മുൻപും നടന്നിട്ടുണ്ടാകും. മനുഷ്യ സഹജമാണ് ദൗർബ്ബല്യങ്ങൾ  എങ്കിലും അപ്പോഴും എത്ര മദ്യപിച്ചാലും മറന്നു പോകരുത് സ്വന്തം കസേരയുടെ വില.. താൻ ആരെന്ന തിരിച്ചറിവ്. തനിക്കു മോഹം തോന്നുന്നവൾക്ക് തന്നോട് തിരിച്ചും മോഹമുണ്ടായിരിക്കുമോ എന്ന ചിന്ത... അതില്ലാതെ വരുമ്പോഴാണ് ഇങ്ങനെ ഒക്കെ സംഭവിക്കുക.

വെളിപ്പെടുത്തലുകൾ നല്ലതാണ്. അത് വേണ്ടുന്ന സമയത്താകുന്നത് ഇത്തരം അനുഭവം മറ്റൊരു പെണ്ണിന് സംഭവിക്കാതിരിക്കാൻ സഹായകമാകും..  പെൺകുട്ടികളും ശരീരം നൽകിയാൽ മാത്രം ലഭിക്കാവുന്ന സൗഭാഗ്യങ്ങളെ  ഒഴിവാക്കുക. കഴിവ് കൊണ്ട്   മാത്രം കാര്യം നേടുക. അവസരങ്ങൾക്കായി മാത്രം ആരെയും ഇഷ്ടപ്പെടാതിരിക്കുക. പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ  തന്നെ ഇഷ്ടപ്പെടുന്ന ഒരു പെണ്ണാണോ അവൾ എന്ന് സൂക്ഷ്മമായി മനസ്സിലാക്കിക്കഴിഞ്ഞ് മാത്രം അവളുടെ ദേഹത്ത് സ്പർശിക്കുക. അല്ലെങ്കിൽ അവളോട് ഏറ്റവും മനോഹരമായ ഒരു സൗഹൃദം മാത്രം സൂക്ഷിക്കുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക