ആരാണ് അവര്‍? വേട്ടക്കാരെ ആരു നിലക്ക് നിര്‍ത്തും ?സര്‍ക്കാര്‍
ഇനിയും ഇരകളെ കയ്യൊഴിയുന്നത് ശരിയാണോ?
വേട്ടക്കാരോടോപ്പമാണോ സിനിമ ?പീഡനം ഒരു തുടര്‍ക്കഥയായി മാറുമോ ? നീതി തേടുന്ന സംസാരിക്കുന്ന രേഖകള്‍
മലയാള സിനിമ
തൊട്ടാല്‍ പൊള്ളുന്ന താരങ്ങളും
ദുര്‍ഗമവും വന്യവുമായ ചന്ദ്രികയും
മലയാള സിനിമയിലെ രതി വൈകൃതങ്ങളുടെ ചരിത്ര പേടകം സെക്രട്ടേറിയറ്റിലെ ആ നിഗൂഡ ഗുഹകളില്‍ എന്നേക്കുമായി ഉറങ്ങുമായിരിക്കും .നീതി പ്രതീക്ഷിച്ച നിസ്സഹായരായ ഒരു പറ്റം അഭിനേത്രികളുടെയും പെണ്‍കുട്ടികളുടെയും ശബ്ദങ്ങളും വേദനകളുമായി .
ഒരു സാധാരണ അന്വേഷണ റിപ്പോര്‍ട്ടില്‍ കാണാത്ത കാവ്യാല്മകതയുള്ള തുടക്കമാണ് ഹേമ കമ്മിറ്റി (കമ്മീഷന്‍ ?)റിപ്പോര്‍ട്ടിന്റെ പ്രത്യേകത .പുറത്തു വിട്ട 233 പേജു വരുന്ന അന്വേഷണ റിപ്പോര്‍ട്ടിനെ അന്വര്‍ഥമാക്കുന്ന വരികള്‍ ആണിത് .നാം കാണുന്നത് പോലെ താരങ്ങള്‍ മിന്നിത്തിളങ്ങുന്നില്ല.ചന്ദ്രിക സുന്ദരവുമല്ല .മലയാള സിനിമയുടെ തിളക്കവും പളപളപ്പും പുറമേ മാത്രമാണെന്നും ഉള്ളില്‍ നിറയെ രക്തമൊലിക്കുന്ന വടുക്കള്‍ ആണെന്നും പുറത്തു വിട്ട ഭാഗങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു .നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ തന്നെ തൊട്ടാല്‍ പൊള്ളും എന്ന് കരുതി നിസ്സഹായാവസ്ഥ പുലര്‍ത്തുമ്പോള്‍ താരങ്ങള്‍ എത്ര ശക്തരാണെന്ന് നമുക്ക് വ്യക്തമാകും .പക്ഷെ അവര്‍ പൊയ്ക്കാലുകളില്‍ കെട്ടിയ ബിംബങ്ങള്‍ മാത്രമാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തു വിട്ട ഭാഗങ്ങള്‍ സൂചിപ്പിക്കുന്നു . റിപ്പോര്‍ട്ടിലെ പുറത്തു വരാത്ത ഭാഗങ്ങള്‍ കണ്ടാല്‍ പൊതു സമൂഹം എങ്ങനെ പ്രതികരിക്കുമെന്നു പറയുക വയ്യ .എന്തായാലും മലയാള സിനിമയിലെ രതി വൈകൃതങ്ങളുടെ ആ ചരിത്ര പേടകം സെക്രട്ടേറിയറ്റിലെ ആ നിഗൂഡ ഗുഹകളില്‍ എന്നേക്കുമായി ഉറങ്ങുമായിരിക്കും .നീതി പ്രതീക്ഷിച്ച നിസ്സഹായരായ ഒരു പറ്റം അഭിനേത്രികളുടെ,പെണ്‍കുട്ടികളുടെ ശബ്ദങ്ങളുമായി ,വേദനകളുമായി .
തിങ്കളാഴ്ച ,19 -08- 24 നു ,ഉച്ച തിരിഞ്ഞു രണ്ടു മുപ്പതിന് മുറിച്ചു നീക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം നീണ്ട നിയമ യുദ്ധങ്ങള്‍ക്ക് ശേഷം പുറത്തു വിടുമ്പോള്‍ അത് പണ്ടോരയുടെ പെട്ടിയില്‍ നിന്ന് എന്ന പോലെ ഒട്ടേറെ ദുര്‍ഭൂതങ്ങളെ പുറത്തു വിട്ടു . മലയാള സിനിമ മുന്‍പും വലിയ പ്രശ്നങ്ങളില്‍ കുടുങ്ങിയിട്ടുണ്ട് .നടന്മാരുടെ വിലക്കും നടിമാരുടെ ആല്മഹത്യയും പൊതുവേ തിളങ്ങി നിന്നിരുന്ന താരലോകത്തെ തെല്ലു സ്പര്‍ശിച്ചു പോയി .അങ്ങനെ തിലകനെ പോലെ വലിയൊരു നടനെ നമുക്ക് നഷ്ടപ്പെട്ടു .ചില നടികള്‍ അപ്രത്യക്ഷരായി.എന്നാല്‍ 2017 ഫെബ്രുവരി 17 നു നടിയുടെ തട്ടിക്കൊണ്ടു പോകലും അവര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണവും ചര്‍ച്ചകള്‍ മാറ്റി മറിച്ചു.ആദ്യമായി ഒരു നടി ഇരയായി ഒതുങ്ങാതെ വേട്ടക്കാര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോയി .സിനിമയിലെ അസ്ഥികൂടങ്ങള്‍ മെല്ലെ പുറത്തു വരുകയായിരുന്നു .ആ നടിക്കു താര സംഘടന പിന്തുണ നല്‍കിയില്ല .അതിനിടെയാണ് ക്രൂരമായ മറ്റൊരു യാഥാര്‍ത്ഥ്യം പുറത്തു വരുന്നത് .അതൊരു ക്വോട്ടെഷന്‍ ബലാല്‍സംഗമായിരുന്നു .പിന്നില്‍ പ്രവര്‍ത്തിച്ചത് മറ്റൊരു നടന്‍ !ആ കേസില്‍ നടനും നിര്‍മാതാവുമായി വിരാജിക്കുന്ന ദിലീപ് അറസ്റ്റില്‍ ആയി . ഇന്നും ആ കേസ് നടന്നു കൊണ്ടിരിക്കുന്നു .ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത വന്നത് .നടിയെ ആക്രമിച്ച സംഭവം ആദ്യമല്ല .
വ്യക്തി വൈകൃതം മൂലം നടന്ന ലൈംഗീക പ്രതികാരമായി അതിനെ മാറ്റി നിറുത്തിയാലും മലയാള സിനിമ കാട്ടു നീതി നടപ്പാക്കുന്നവരുടെ കയ്യില്‍ ആണെന്ന സൂചന അത് നല്‍കി.അതിനെ ശരിവെയ്ക്കുന്നു കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തു വന്ന ഭാഗങ്ങള്‍ .അതിനുള്ള തെളിവുകള്‍ നിഗൂഡമായ ഗുഹയില്‍ സൂക്ഷിച്ചിട്ടുണ്ട് .ഏതായാലും നടിക്കെതിരെയുള്ള ആക്രമണം മലയാളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി പൊരുതുന്ന വനിതകളുടെ ഒരു കൂട്ടായ്മക്ക് രൂപം നല്‍കി .വിമന്‍ ഇന്‍ സിനിമ കളെക്ട്ടിവ് (ഡബ്ലിയൂ സി സി).അവരുടെ നിതാന്തമായ പോരാട്ടമാണ് ഈ റിപ്പോര്‍ട്ടിന് വഴിതെളിച്ചത് .അന്വേഷണ കമീഷന് പകരം ഒരു ജി ഒ വഴി നിയമിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കേണ്ടതില്ല . നടപടി സ്വീകരിക്കേണ്ടതില്ല .നാലര വര്‍ഷം അത് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചു .ജ.ഹേമ തന്നെ അത് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ !ഇതിന്റെ അന്വേഷണ ഘട്ടത്തില്‍ ഡബ്ലിയൂ സി സിയില്‍ തന്നെ ഒരു പ്രമുഖ അംഗം കൂറ് മാറി .ഇതുമായി സഹകരിച്ചവരെ സിനിമയില്‍ നിന്ന് ഒഴിവാക്കി . അവരുടെ സുഹൃത്തുക്കള്‍ പോലും വിലക്കിനിരയായി .നിരവധി തവണ അവര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ രേഖ പുറത്തു വിട്ടില്ല അവസാനം മുഖ്യ വിവരാവകാശ കമ്മീഷണരുടെ തീരുമാനം വേണ്ടി വന്നു ഭാഗികമായി ആ റിപ്പോര്‍ട്ട് പുറത്തു വരാന്‍.എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ടില്‍ അടയിരുന്നതെന്ന് ഭാഗികമായ റിപ്പോര്‍ട്ട് വായിച്ചാല്‍ വ്യക്തമാകും .മലയാള സിനിമയിലെ ചില വ്യക്തികള്‍ മാഫിയ പോലെ പെരുമാറി എന്ന് റിപ്പോര്‍ട്ട് അസന്നിഗ്ധമായി തെളിയിക്കുന്നു .സിനിമ പോലെയുള്ള ഒരു വ്യവസായത്തില്‍ അതില്‍ പ്രധാന കണ്ണികള്‍ ആകേണ്ട സ്ത്രീകള്‍ ലൈംഗീക ചൂഷണത്തിനും അതിക്രമങ്ങള്‍ക്കും വിധേയരായി .സ്ത്രീ സൌഹൃദ സംസ്ഥാനത്താണ് നമ്മുടെ കണ്മുന്‍പില്‍ യാതൊരു പ്രതികരണവും ഇല്ലാതെ ഇതെല്ലാം നടന്നു വന്നിരുന്നത് .ഇപ്പോഴും നടക്കുന്നത് .തൊഴില്‍ ഇടത്തിലെ പീഡനത്തിനെതിരെ വിശാഖ കേസ് വിധിയും പോസ്കോ നിയമങ്ങളും പ്രാബല്യത്തില്‍ വന്ന കാലത്താണിത്
ഏതായാലും ഒരു വലിയ കുടത്തില്‍ നിന്ന് ഭൂതങ്ങളെ അഴിച്ചു വിടുകയാണെന്ന് അറിയാതെയാകാം സര്‍ക്കാര്‍ വളരെ കൌശലത്തോടെ കമ്മീഷനു പകരം ഹേമ കമ്മിറ്റി രൂപികരിച്ചത് .റിപ്പോര്‍ട്ട് പുറത്തു വരുന്നത് വരെ എല്ലാവര്‍ക്കും അത് കമ്മീഷന്‍ ആയിരുന്നു . .നടി ശാരദയും വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരിയുമാണ് മറ്റു അംഗങ്ങള്‍ .ഹേമയോടൊപ്പം ഇരുവരും തങ്ങളുടെ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും പ്രത്യേകം എഴുതി ചേര്‍ത്തിട്ടുണ്ട്.സാധാരണ ഒരു വിദഗ്ദ സമിതി ആയിരുന്നെങ്കിലും ഒരു അന്വേഷണ കമ്മീഷനെ കവച്ചു വെയ്ക്കുന്ന ആധികാരതയോടെയാണ് ഈ റിപ്പോര്‍ട്ട് തയാര്‍ ആക്കിയിരിക്കുന്നത് .തെളിവുകള്‍ അവര്‍ ശേഖരിച്ചത്, അത് സൂക്ഷിച്ചത് .
ലൈംഗീക പീഡനം ,സ്ത്രീ സുരക്ഷ ,ലിംഗ അസമത്വം ,പരാതിപ്പെടാന്‍ ഐ സി സി സംവിധാനം ഇല്ലാത്തത് തുടങ്ങി വ്യത്യസ്തമായ കാരണങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ദ സമിതിയെ രൂപികരിക്കുക എന്ന ഡബ്ലിയൂ സി സി യുടെ ആവശ്യത്തിനു അനുസൃതമായി ആയിരുന്നു ഈ നിയമനം .
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകുന്നു …
സ്ത്രീകള്‍ പണിയെടുക്കുന്ന സിനിമാരംഗത്തെ മുപ്പതിലേറെ വരുന്ന മേഖലകളില്‍പ്പെട്ടവരുമായി ബന്ധപ്പെട്ട ശേഷമായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത് .തുടക്കത്തില്‍ പലരും കമ്മിറ്റിയുമായി സഹകരിക്കാന്‍ തയ്യാര്‍ ആയില്ല .പങ്കെടുത്ത രണ്ടു ഡാന്‍സര്‍മാര്‍ ആകട്ടെ അവിടെ ഒരു ലൈംഗീക പീഡനവും നടക്കുന്നില്ല എന്നായിരുന്നു മൊഴി നല്‍കിയത് പക്ഷെ അവരെ പഠിപ്പിച്ചു വിട്ടത് പാടുകയാണെന്ന് കമ്മിറ്റിക്ക് ബോധ്യമായി ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി .അവസാനം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോ ഓര്‍ഡിനെറ്റര്‍ പല വിവരങ്ങളും നല്‍കി .റിപ്പോര്‍ട്ടില്‍ വളരെ വിശദമായി അവരുടെ പ്രശ്നങ്ങള്‍ വിവരിക്കുന്നുണ്ട് .ഒരു സാധാതൊഴിലാളിക്ക് പോലുമുള്ള പരിരക്ഷ അവര്‍ക്കില്ലെന്ന് ഉദാഹരണ സഹിതം റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു .തൊഴിലാളി എന്ന നിലക്കുള്ള പരിഗണന എങ്കിലും അവര്‍ക്കു നല്‍കാന്‍ ഈ റിപ്പോര്‍ട്ട് ഉപയുക്തമായാല്‍ ഭാഗ്യം !
സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന 17 പ്രശ്നങ്ങള്‍ കമ്മിറ്റി അക്കമിട്ടു നിരത്തുന്നു
സിനിമയില്‍ പ്രവേശിക്കുമ്പോഴെ നടിമാരോട് ലൈംഗീക താല്പര്യം പ്രകടിപ്പിക്കുന്നു., അവസരം കിട്ടാനായി ലൈംഗീക ഇംഗിതത്തിനു വഴങ്ങേണ്ടി വരുന്നു .
തൊഴില്‍ ഇടത്തിലും താമസ സ്ഥലത്തും വാഹനങ്ങളിലും ലൈംഗീക പീഡനത്തിനും ലൈംഗീക അതിക്രമത്തിനും ,ലൈംഗീക അക്രമത്തിനും നടിമാര്‍ വിധേയരാകുന്നു .
ലൈംഗിക താല്പര്യത്തിനു നടി എതിര് നിന്നാല്‍ പലവിധത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയയരാക്കുന്നു
ശുചി മുറിസൗകര്യമോ വസ്ത്രം മാറാന്‍ സ്വകാര്യ സ്ഥലമോ നടികള്‍ക്ക് നല്‍കാതെ മനുഷ്യാവകാശ ലംഘനം നടത്തുന്നു
യാത്രയിലും താമസസ്ഥലത്തും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമോ സുരക്ഷയോ ഇല്ല
അനധികൃതവും നിയമപരവുമല്ലാതെ വഴങ്ങാത്ത സ്ത്രീകളെ സിനിമയില്‍ നിരോധിക്കുന്നു .
അല്ലെങ്കില്‍ സിനിമയില്‍ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ നിശബ്ദരാക്കുന്നു
സിനിമയില്‍ പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്നു
അച്ചടക്കമില്ലാത്ത സ്ഥലമാണ് സിനിമ. മദ്യം,മയക്കുമരുന്ന് ,വൃത്തികെട്ട പെരുമാറ്റം എന്നിവയുടെ കൂത്തരങ്ങാണ് സിനിമ
ജോലി സ്ഥലത്തും ഫോണിലും വൃത്തികെട്ട കമന്‍റുകളും ചീത്ത പരാമര്‍ശങ്ങളും നടത്തുന്നു .
ജോലിക്ക് കോണ്ട്രാക്റ്റ് ഇല്ല
നല്‍കാമെന്നു സമ്മതിച്ച പ്രതിഫലം പോലും നടിക്കു നല്കാതെയിരിക്കുന്നു
ശമ്പളത്തില്‍ ആണ്‍ പെണ്ണ് തരം തിരിവ്.തുല്യ വേതനമില്ല
സാങ്കേതിക രംഗങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നു .
സൈബര്‍ അറ്റാക്കിന് ഇരയാക്കപ്പെടുന്നു
ഐ സി സി (ആഭ്യന്തര പരാതി പരിഹാര സംവിധാനം )പോലെ പരാതി പരിഹാരത്തിനു ഒരു സംവിധാനവും ഇല്ല
ലൈംഗിക പീഡനം ,അതിക്രമം ,അക്രമം ,കാസ്റ്റിംഗ് കൌച്ചു;ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍
സ്ത്രീ പീഡനം സ്ത്രീയുടെ മൗലിക അവകാശങ്ങളില്‍മേലുള്ള കടന്നു കയറ്റമാണ് ണ് .എന്നാല്‍ സിനിമ വ്യവസായത്തില്‍ ലൈംഗിക പീഡനം യാതൊരു തടയുമില്ലാതെ അനിയന്ത്രിതമായി വ്യാപകമായി കാണപ്പെടുന്നു . വലിയ പ്രത്യാഘാതത്തിനു വിധേയമാക്കപ്പെടും എന്ന ഭീതി മൂലം പീഡനത്തിനു ഇരയാക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ ദുരനുഭവം തങ്ങളുടെ സഹപ്രവര്‍ത്തകരോട് പങ്കു വെയ്ക്കാന്‍ കഴിയാറില്ല. വേട്ടക്കാരന്‍ പ്രബലനും മറ്റുള്ളവര്‍ അയാളുടെ ഏറാന്‍ മൂളികളും ആയതിനാല്‍ അയാള്‍ തങ്ങളെ സിനിമയില്‍ നിന്ന് നിരോധിക്കുകയോ മറ്റു പീഡനങ്ങള്‍ക്ക് വിധേയരാക്കുകയോ ചെയ്യുമെന്ന് അവര്‍ ഭയക്കുന്നു . ആരാധകരെയും ഫാന്‍ ക്ലബ്ബുകളെയും ഉപയോഗിച്ചു തങ്ങള്‍ക്കെതിരെ ഓണ്‍ലൈനില്‍ സമൂഹമാധ്യമങ്ങളില്‍ പീഡനം അഴിച്ചു വിടുമെന്ന് അവര്‍ ഭയപ്പെടുന്നു .അവര്‍ തങ്ങളുടെയും തങ്ങളുടെ കുടുംബാംഗങ്ങളുടെയും ജീവന്‍ തന്നെ അപകടത്തില്‍ ആകുമെന്ന് ഭയപ്പെടുന്നു .നിരവധി പേര്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടുണ്ട് .അങ്ങനെ അവര്‍ സിനിമയില്‍ നിശബ്ദരാക്കപ്പെടുന്നു .
തുടക്കത്തില്‍ ലൈംഗിക പീഡനം നേരിട്ടുവെന്ന് മൊഴി കൊടുക്കാന്‍ പെണ്‍കുട്ടികളും /സ്ത്രീകളും തയ്യാറായിരുന്നില്ല . സ്ത്രീ എന്ന നിലയിലുള്ള സങ്കോചമല്ല ,വേട്ടക്കാര്‍ തങ്ങളെ ആക്രമിക്കും എന്ന ഭയമായിരുന്നു അവരെ അതിനു നിര്‍ബന്ധിതരാക്കിയത് .രഹസ്യാല്‍മകത ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ അനുഭവിച്ച സ്തോഭജനകമായ പീഡനങ്ങളെപറ്റി മൊഴി നല്‍കിയത്
സിനിമ നിര്‍മ്മാണം തുടങ്ങിയ കാലം മുതലേ സ്ത്രീകള്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു വരുന്നു.അവര്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഒരു സ്ഥാപനവുമില്ല. പരാതിപ്പെടാന്‍ വായ് തുറക്കാന്‍ പോലും കഴിയില്ല നിര്‍മാതാവിനോട് പരാതി പ്പെട്ടാല്‍ ആ നടന് നല്ല മാര്‍ക്കറ്റ് വാല്യു ഉണ്ടെങ്കില്‍ നിര്‍മ്മാതാവ് അയാളെ ഒഴിവാക്കില്ല .സംവിധായകന് നേരെ പരാതി ഉയര്‍ന്നാലും ഇത് തന്നെ ഗതി .അവരെ ഒഴിവാക്കാം എങ്കിലും അത് ചെയ്യില്ല .സാമ്പത്തിക കാര്യങ്ങളാണ് ഇവിടെ വിധി നിശ്ചയിക്കുന്നത്
പീഡനം സിനിമയുടെ തുടക്കം മുതല്‍ തുടങ്ങുന്നു .
പീഡനം സിനിമയുടെ ആരംഭം മുതല്‍ തുടങ്ങുന്നു .സിനിമയില്‍ അഭിനയിക്കണം എങ്കില്‍ അഡ്ജസ്റ്റ്മെന്റുകളും കോമ്പ്രമൈസുകളും വേണമെന്ന് പെണ്‍കുട്ടിയോട് /സ്ത്രീയോട് റോള്‍ നല്‍കുന്ന വ്യക്തി/പ്രൊഡക്ഷന്‍ കോ ഓര്‍ഡിനെറ്റര്‍ ആവശ്യപ്പെടുന്നു .അതായത് ആവശ്യപ്പെടുമ്പോള്‍ സെക്സിന് അവള്‍ തയ്യാറാകണം .നടന്‍ ,സംവിധായകന്‍ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങി ആര് വേണമെങ്കിലും ആകാം അത് ആവശ്യപ്പെടുന്നത് ..വിജയിയായ ഒരു നടി ഉണ്ടെങ്കില്‍ അതിനു കാരണം അവര്‍ ഇതിനൊക്കെ തയ്യാറായത് കൊണ്ടാണെന്ന് അവര്‍ പറയും .സിനിമയില്‍ അഭിനയിച്ചു ഉയരങ്ങളില്‍ എത്താന്‍ അഡ്ജസ്റ്റ്മെന്റുകളും കോമ്പ്രമൈസുകളും വേണമെന്ന് പെണ്‍കുട്ടിയോട് അവര്‍ പറയും .സിനിമയിലേക്ക് വരുന്ന പുതുമുഖങ്ങളെ സെക്സിന് സമ്മതിപ്പിക്കാന്‍ സിനിമ വ്യവസായം തന്നെ സൃഷ്ട്ടിക്കുന്ന ഒരു ധാരണയാണ് ഇത് .തങ്ങള്‍ കെണിയില്‍ പെട്ടു എന്ന് മനസ്സിലാക്കുമ്പോഴേഴേക്കും ,വളരെ താമസിച്ചു പോയിരിക്കും .സമൂഹവും ഈ ധാരണ ശക്തിപ്പെടുത്തുന്നു.സിനിമയില്‍ അഭിനയിക്കുന്ന ആരും പണത്തിനു വേണ്ടി കിടന്നു കൊടുക്കുമെന്നു ചിലര്‍ കരുതുന്നു പല പുതു മുഖങ്ങളും ഇത് വിശ്വസിച്ചു അതിനു തയാറാകുന്നു .ഡബ്ലിയൂ സി സി യുടെ വരവ് വരെ സ്ത്രീകള്‍ക്ക് ഇത് പുറത്തു പറയാന്‍ ഒരു ഇടമില്ലായിരുന്നു .അവര്‍ ഒരു വാട്ട്സ് ആപ് ഗ്രൂപി തന്നെ ഇതിനു സൃഷ്ടിച്ചു .പലരും അവിടെ കഥകള്‍ തുറന്നു പറഞ്ഞു അനുഭവം പങ്കു വെച്ചു / .തങ്ങളുടെ മാതാപിതാക്കളോടു പോലും പറയാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ ആണവ . സെക്സിന് വേണ്ടി നടന്‍ ,നിര്‍മാതാവ് ,സംവിധായകന്‍ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങി ആരും നിര്ബന്ധിക്കാം എന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കുന്നു . .
സിനിമയിലെ പ്രമുഖരില്‍ നിന്ന് പോലും സ്ത്രീകള്‍ പീഡനത്തിനു വിധേയരാകുന്നു
തീര്‍ച്ചയായും സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഇടപെടുന്ന നടിമാര്‍ ഉണ്ട് .പക്ഷെ പൊതുവില്‍ ആരും തന്നെ അതിനു തയാര്‍ അല്ല. ചില നടിമാര്‍ അഡ്ജസ്റ്റ്മെന്റിന് തയ്യാര്‍ ആകുന്നതു തങ്ങള്‍ കണ്ടിട്ടുണ്ട് എന്നും ചില അമ്മമാര്‍ അതിനു ഒത്താശ ചെയ്തു കൊടുക്കുന്നുവെന്നും മറ്റൊരു നടി മൊഴി നല്‍കി ഇതാണ് സിനിമയിലെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം .ഒരു ജോലിക്ക് വേണ്ടി ഒരു സ്ത്രീ സെക്സിന് വിധേയ ആകുന്നതു സിനിമ വ്യവസായത്തില്‍ മാത്രമാണ് .പുരുഷന്മാര്‍ ഒരു ഉളുപ്പുമില്ലാതെ സ്ത്രീകളെ സെക്സിന് ക്ഷണിക്കും . അവസരങ്ങള്‍ നല്‍കാമെന്നാണ് വാഗ്ദാനം പല പുതു മുഖങ്ങളും ഈ ചതിക്കുഴിയില്‍പെട്ടു പോകുന്നു ഇതിനു ഉപോദ് ബലകമായി അവര്‍ വീഡിയോ ക്ലിപ്പുകള്‍ ,ഓഡിയോ ക്ലിപ്പുകള്‍ ,വാട്ട്‌സ് ആപ് സ്ക്രീന്‍ ഷോട്ടുകള്‍ ,എന്നിവ തെളിവായി നല്‍കി ഇത് മൂലം പലര്‍ക്കും തങ്ങള്‍ മോഹിച്ചിരുന്ന സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വരുന്നു ഇത് മാറിയെ തീരു എന്ന് അവര്‍ പറയുന്നു കമ്മിറ്റി ഇത് സത്യമാണെന്ന് തന്നെ കണ്ടെത്തി .സിനിമയിലെ അറിയപ്പെടുന്നവരില്‍ നിന്ന് പോലും സ്ത്രീകള്‍ പീഡനത്തിനു വിധേയരാകുന്നുവെന്നു കമ്മിറ്റി അടിവരയിട്ടു പറയുന്നു സിനിമ തുടങ്ങുന്നതിനു മുന്‍പേ ലൈംഗികമായ അവശ്യം പ്രകടിപ്പിക്കപ്പെടുന്നു .അതിനാല്‍ പല സ്ത്രീകളും ഒറ്റയ്ക്ക് അഭിനയിക്കാന്‍ പോകാന്‍ തയ്യാര്‍ ആകുന്നില്ല .അത് കൊണ്ടു അവര്‍ മാതാപിതാക്കളോടു ഒപ്പമോ അടുത്ത ബന്ധുക്കളോടു ഒപ്പമോ ആണ് അഭിനയിക്കാന്‍ പോകുന്നത് .തങ്ങള്‍ക്കു ഒരുക്കിയിരിക്കുന്ന താമസ സ്ഥലം പോലും സുരക്ഷിതമല്ലെന്ന് അവര്‍ പറയുന്നു. മദ്യ ലഹരിയില്‍ പലരും രാത്രിയില്‍ അവരുടെ വാതിലില്‍ മുട്ടും .അത് മാന്യമായ രീതിയില്‍ അല്ല ബലമായാണ് പലതവണ അങ്ങനെ ശക്തമായി മുട്ടുമ്പോള്‍ കതകു തന്നെ തകര്‍ന്നു വീഴും .അങ്ങനെ പുരുഷന്‍ ഉള്ളില്‍ കയറും .
കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ പരാതി തന്നാല്‍ അന്വേഷിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി എന്നാല്‍ എന്ത് കൊണ്ടു അവര്‍ പോലീസില്‍ പോകുന്നില്ല എന്ന് കമ്മിറ്റി പറയുന്നത് കണ്ണ് തുറപ്പിക്കേണ്ടതാണ് പോഷ് ആക്റ്റ് നിലവില്‍ ഉണ്ടെങ്കിലും പ്രത്യാഘാതങ്ങള്‍ ഭയന്ന് അവള്‍ അതിനു തയ്യാര്‍ ആകുന്നില്ല അറിയപ്പെടുന്ന വുക്തികള്‍ ആയതിനാല്‍ തങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ സൈബര്‍ അറ്റാക്ക് ഉണ്ടാകാം.ഭീകരമാണ് അത് . ജീവന് തന്നെ ഭീഷണി ഉയരാം.അവരുടെ അടുത്ത ബന്ധുക്കള്‍ പോലും ഭീഷണിയുടെ നിഴലില്‍ ആകും.അവരെ നശിപ്പിക്കാന്‍ എതറ്റം വരെയും പ്രബലര്‍ പോകുമെന്ന് സ്ത്രീകളുടെ മൊഴികളില്‍ വ്യക്തമാണ് .
നിയമപരമല്ലാതെ , സിനിമയില്‍ നിന്ന് വിലക്കുന്നു
മലയാള സിനിമയുടെ മുന്‍നിരയില്‍ ഉള്ള പത്തോ പതിനഞ്ചോ പേര്‍ ഒരു പവര്‍ ഗ്രൂപ്പ് ആയി പ്രവര്‍ത്തിക്കുന്നു . അവരാണ് സിനിമ നിയന്ത്രിക്കുന്നത് .സിനിമയില്‍ നിന്ന് പണം സമ്പാദിച്ച ചില നടന്മാര്‍ (അവരില്‍ ചിലര്‍ നിര്‍മ്മാതാവും വിതരണക്കാരനും സിനിമാശാല ഉടമയും സംവിധായകനുംആണ് )പല താരങ്ങളെയും അവര്‍ ബാന്‍ ചെയ്യുന്നു .ഗുരുതരമായ കാര്യങ്ങള്‍ ഒന്നും വേണ്ട ഇങ്ങനെ നിരോധനത്തിന്/വിലക്കിന് ഇരയാകാന്‍.ആരെങ്കിലും ഈ പ്രബലന്മാരെ ചെറുതായി നുള്ളി നോവിച്ചാല്‍ മതി അയാള്‍ സിനിമയില്‍ നിന്ന് നിരോധിക്കപ്പെടും ഒരാള്‍ സിനിമയില്‍ പ്രവര്‍ത്തിക്കാനോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ഈ പ്രബലന്മാരുടെ വാക്ക് അനുസരിച്ചാണ് .അവരുടെ താല്പര്യം സംരക്ഷിക്കാന്‍ മറ്റുള്ളവര്‍ ഒത്തു ചേരുന്നു ഇത് വാക്കാല്‍ പറയുന്നതിനാല്‍ രേഖാ മൂലം തെളിവ് ഉണ്ടാകില്ല . അയാളെ നടനായി എടുത്താല്‍ ഫിലിം ചേംബര്‍ അതിനു എന്‍ ഒ സി നല്‍കില്ലെന്നുംഭീഷണി വരും .ഇതു ഒരു ഗൂഡാലോചനയുടെ തലത്തില്‍ എത്തുന്നു .സിനിമയിലെ അനാശാസ്യ പ്രവനണകള്‍ക്കെതിരെ മൊഴി നല്‍കുകയും പെടിതര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത ഡബ്ലിയൂ സി സി അംഗങ്ങളെ ആര്‍ക്കും ആര്‍ക്കും പഥ്യമല്ല എന്ന് കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു .ഒരാള്‍ ഒഴികെ .അവര്‍ സിനിമയില്‍ ഒരു പീഡനവും നടക്കുന്നില്ലെന്ന് മൊഴി നല്‍കിയതാണ്.അവര്‍ക്ക് സിനിമ ഉണ്ട്താനും .പക്ഷെ അവര്‍ പോലും ഇങ്ങനെ കാലുമാറിയാണ് സ്ഥാനം ഉറപ്പിച്ചതെന്നത് ഗതികേടിന്റെ മറ്റൊരു സൂചനയാണ് .
ഇനി എന്ത് ചെയ്യാനാകും ?
ഐ സി സി ക്ക് പകരം ഒരു സിനിമ ട്രിബ്യൂണല്‍ ആണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത് .എന്നാല്‍ സര്‍ക്കാരിന് ക്രിമിനല്‍ കോടതികളുടെ റോള്‍ ഇങ്ങനെ കൈമാറ്റം ചെയ്യാനാവില്ല എന്ന് നിയമ വിദഗ്ദര്‍ പറയുന്നു .മാത്രമല്ല നിരന്തരം കാശ് ചെലവു വരുന്ന അത്തരം ഒരു നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തള്ളിക്കളയുന്നു .കേരളത്തിലെ വലിയ പണം വാരി വ്യവസായത്തിലെ സാധാരണ ജോലിക്കാര്‍ക്ക് വേണ്ടി പണം ചെലവഴിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന വാദം ബാലിശമാണ് എന്നേപറയേണ്ടു .ഒരു കോടിയോളം മുടക്കിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു വേണമിങ്ങനെ തീരുമാനിക്കാന്‍ എന്നത്മറ്റൊരു കാര്യം .ഇതിനു പകരം ഐ സി സി യെ ശക്തമാക്കുക എന്നതാണ് സാധ്യമായ ,ഉചിതമായ ഒരു പരിഹാരം.പ്രബലന്മാരുടെ പിടി എക്കാലവും നില നില്‍ക്കില്ല എന്ന നിലക്ക് ഇതൊരു നല്ല തുടക്കമാകും .ഇപ്പോള്‍ തന്നെ അത് നിലവില്‍ ഉണ്ടെങ്കിലും അതിനു പല്ലും നഖവും ലഭിക്കണം .ഒരു പക്ഷെ സ്ത്രീകള്‍ക്ക് ചെറിയ തോതില്‍ എങ്കിലും സുരക്ഷയ്ക്ക് അത് സഹായകരമാകും .സിനിമയിലേക്ക് നിരവധി യുവാക്കള്‍ കടന്നു വരുന്ന ഈ കാലത്ത് ഈ മേഖലയുടെ ശുദ്ധീകരണത്തിന് അത് വഴിതെളിക്കും .
ആ തെളിവുകള്‍ കണ്ടില്ലെന്നു നടിക്കരുത് ,അത് ആല്മാവിന്റെ വിലാപമാണ്
അതിലും പ്രധാനം തെളിവുകളോടെ മൊഴികള്‍ നല്‍കിയ അജ്ഞാതരായ ആ പരാതിക്കാരുടെ കേസ് സര്‍ക്കാര്‍ സ്വമേധയാ കേസ് ആയി എടുത്തു പരിഗണിക്കുക എന്നതാണ് .സര്‍ക്കാര്‍ ഇപ്പോഴേ അത് കയ്യൊഴിഞ്ഞിരിക്കുന്നു . എങ്കിലും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അതിനു സാധ്യത ഉണ്ടെന്നു പറയുന്നു എന്നത് ഒരു രജത രേഖയാണ് .ഹൈക്കോടതി ഇപ്പോള്‍ അത് പരിഗണിക്കുന്നു എന്നത് ആശ്വാസം നല്‍കുന്നു ..
പരാതി ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് (2019 ഡിസംബര്‍ 31 നു ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ) നാലര വര്‍ഷം കഴിഞ്ഞെങ്കിലും വേട്ടക്കാരനെ പേടിച്ചു ഒരു പരാതിക്കാരിക്ക് സോഫയില്‍ അന്തി ഉറങ്ങേണ്ടി വന്നത് പോലെ പരാതിയും സര്‍ക്കാരിന്‍റെ നിഗൂഡ അറകളില്‍ ഉറങ്ങുകയാണ് .അന്ന് പരതിപ്പെട്ടവര്‍ ഇന്ന് സിനിമയില്‍ തന്നെ ഉണ്ടാകണമെനില്ല ഉണ്ടെങ്കില്‍ തന്നെ പലരും അരികു ജീവിതങ്ങള്‍ നയിക്കുകയാകും .കഴിവും മികവും തെളിയിച്ച പാര്‍വതി തിരുവോത്തു തന്നെ തനിക്കു മുഖ്യധാരയില്‍ അവസരങ്ങള്‍ ലഭിച്ചില്ല എന്ന് പരാതിപ്പെടുമ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയാന്‍ ഉണ്ടോ ?നടി ഉര്‍വശി തന്നെ ഒരു കാലത്ത് അപ്രഖ്യാപിത വിലക്കിന്റെ ഇരയായിരുന്നു .മലയാള സിനിമയില്‍ ഇന്ന് കാണാന്‍ ഇല്ലാത്ത നിത്യ മെനനു ആണ് ഇക്കുറി ദേശീയ അവാര്‍ഡ് ലഭിച്ചത് എന്നത് കാലത്തിന്റെ പ്രതികാരമാകാം
പക്ഷെ തെളിവുകള്‍ നിഗൂഡ ഗുഹയില്‍ ഉറങ്ങുന്നു. അത് കണ്ടവരും വായിച്ചവരും അതില്‍ അടയിരുന്നവരും എത്ര പേര്‍ ഉണ്ടാകാം ? അത് തന്നെ അവര്‍ പ്രബലന്മാര്‍ക്ക് ചോര്‍ത്തി നല്‍കി കൂടെന്നില്ല . ഒരു പക്ഷേ അതിലെ ഉള്ളടക്കം അറിയാത്തവര്‍ പാവം പൊതു സമൂഹം മാത്രമേ കാണൂ . അങ്ങനെ നടന്നില്ലെങ്കില്‍ തന്നെ അവര്‍ക്ക് നീതിക്ക് അവകാശമില്ലേ .പ്രത്യേകിച്ചു സ്ത്രീ കളും പെണ്‍കുട്ടികളും പരാതിക്കാരായി ഉള്ളതിനാല്‍ .
കുറ്റകൃത്യം തടയണം
മാത്രമല്ല ഈ പ്രബലന്മാര്‍ ക്രിമിനലുകളെ പോലെ ഇത് വരെ സര്‍ക്കാര്‍ അറിവോടെ വിലസുകയായിരുന്നു എന്ന് നമുക്ക് സംശയം തോന്നാം . അവരെ നിയന്ത്രിക്കാന്നും ഇത്തരം കേസുകള്‍ തടയാനും സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായോ ?
ആരോപണ വിധേയര്‍ നിതാന്തമായി നിയമത്തിന്‍റെ ദൃഷ്ടിയില്‍ വരണം.
എത്ര നടപടികള്‍ സ്വീകരിച്ചാലും സിനിമ വ്യവസായം പോലെ ക്രിമിനലുകള്‍ വ്യാപരിക്കുന്ന ഒരു മേഖലയില്‍ നിയമ വ്യവസ്ഥ നടപ്പാക്കുക ലേശം ദുഷ്കരമാണ് .അധികാരമുള്ളവരോ അധികാരവുമായി മുട്ടി ഉരുമ്മി നടക്കുന്നവരോ ആണവര്‍. ഒന്നാം പേജിലെയും മൂന്നാം പേജിലെയും സ്ഥിര സാന്നിധ്യം .അവര്‍ക്ക് വേണ്ടി ഫാന്‍സ് പാലില്‍ അഭിഷേകം നടത്തും .അങ്കം വെട്ടും .കൂക്കി വിളിക്കും .ട്രോളുകള്‍ ഉണ്ടാക്കും പക്ഷെ അന്ധയായ നിയമത്തിനു മുന്നില്‍ അവരും തുല്യരാണ് എന്നത് സര്‍ക്കാര്‍ മറന്നു കൂടാ.
ആക്രമിക്കപ്പെട്ട നടി ഏഴാം വര്‍ഷത്തിലും ഇന്നും കോടതിയിലാണ് .അവരുടെ ആക്രമണത്തിന്റെ വീഡിയോ തന്നെ കോടതിയില്‍ നിന്ന് ചോരുന്നു .പരാതി നല്‍കാന്‍ ഒരുങ്ങിയ ഒരു നടി ഇന്ന് എവിടെയാണ് എന്നറിയില്ല .അനുമതിയോടെയുള്ള സെക്സ് എന്ന പേരില്‍ മുന്‍കൂര്‍ ജാമ്യം നേടിയ നടന്‍/ നിര്‍മ്മാതാവ് ഒരു കുഴപ്പവുമില്ലാതെ ഇവിടെ വിഹരിക്കുന്നു .അത് ട്രാന്‍സാക്ഷന്‍ സെക്സ് ആയിരുന്നു എന്ന വാദം പോലും ആരും ഉയര്‍ത്തി കണ്ടില്ല സോളാര്‍ പീഡന കേസിലെ ഇരക്ക് ലഭിച്ച ദാക്ഷിണ്യം പോലും ഈ നടിക്ക് കിട്ടിയില്ല. യുവ സംവിധായകന്‍ ഒമര്‍ ലുലുവിന് എതിരെ വന്ന ആരോപണം എവിടെ പോയി .ടി വിയില്‍ പലരും പേര് പറഞ്ഞു ആരോപണങ്ങള്‍ ഉന്നയിക്കുന്നു .മി ടൂ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു .പക്ഷെ എപ്സ്റ്റെയിനെ പോലുള്ള വമ്പന്‍ നിര്‍മ്മാതാക്കളെ ജയിലില്‍ എത്തിക്കുന്ന വിധം റിപ്പോര്‍ട്ട് ചെയ്ത ന്യൂ യോര്‍ക്ക് ടൈംസ് ലേഖികമാരുടെ ചങ്കൂറ്റം ഒരിടത്തും കാണാനില്ല .അവരുടെ കഥ സിനിമയും ആയി .ഒരു വളവില്‍ കൂടി നടിഉമ തുര്‍മാനെ പള്‍പ്പ് ഫിക്ഷനില്‍ സംവിധായകന്‍ കാറോടിപ്പിക്കുന്നുണ്ട് . അവിടെ വളവു ഉണ്ടായിരുന്നു എന്ന് അയാള്‍ അവരോടു പറഞ്ഞില്ല .ഭാഗ്യം കൊണ്ടു അവര്‍ രക്ഷപെട്ടു .ഇത് കമ്മീഷന്‍ അല്ല കമ്മിറ്റി ആണെന്ന് മൊഴി കൊടുത്തവരും കരുതിയിരിക്കില്ല പക്ഷെ കമ്മിറ്റി സ്തുത്യര്‍ഹമായി തങ്ങളുടെ നടപടി ഒരു കമ്മിഷനെ പോലെ അല്ലെങ്കില്‍ കോടതിയില്‍ എന്ന പോലെ പൂര്‍ത്തിയാക്കി . നടി അക്രമിക്കപ്പെട്ടപ്പോള്‍ ഉണ്ടായ മി ടൂ വെളിപ്പെടുത്തലുകള്‍ക്ക് നിയന്ത്രണം വന്നത് കമ്മീഷന്‍ എന്ന പേരില്‍ അറിയപ്പെട്ട കമ്മിറ്റി രൂപികരണത്തിലൂടെ ആയിരുന്നു .പലര്‍ക്കും ഇതൊരു പിടി വാതില്‍ ആയി .തങ്ങളുടെ പരാതി പറയാനുള്ള ഒരു ഇടം . അത് കൊണ്ടു ഈ റിപ്പോര്‍ട്ട് കൊണ്ടു എന്തെങ്കിലും നേട്ടം ഉണ്ടാക്കണമെങ്കില്‍ മൊഴികളില്‍ നടപടി എടുക്കണം ആരോപണ വിധേയര്‍ നിതാന്തമായി നിയമത്തിന്‍റെ ദൃഷ്ടിയില്‍ വരണം. ഇനി സിനിമയില്‍ ഇങ്ങനെ ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ അത് അവശ്യമാണ്
അതിനു വേണ്ട നിരവധി നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി തന്നെ ഹേമ കമ്മിറ്റി നല്‍കിയിരിക്കുന്നു .കേസ് പരിഗണിക്കുന്ന ഹൈക്കോടതി അതിനു നിര്‍ദേശം നല്‍കും എന്ന് കരുതണം .
ഇനി അതും ഞങ്ങള്‍ ചെയ്യണോ എന്ന് പാര്‍വതി തിരുവോത്തു ചോദിക്കുന്നു . ഇന്ന് ക്രിമിനലുകളെ പൊളിച്ചു കാട്ടുന്ന റിപ്പോര്‍ട്ട് പുറത്തു വന്ന ഈ വേളയില്‍ പൊതു സമൂഹത്തിനു സര്‍ക്കാരിനോട് ചോദിക്കാനുള്ളതും അതാണ് . നമ്മുടെയെല്ലാം ജീവിതത്തില്‍ എത്രയോ വര്‍ഷങ്ങള്‍ ആനന്ദം വിതറിയ ആരും അതില്‍ ഉണ്ടാകരുതേ എന്ന വലിയ പ്രാര്‍ത്ഥനയോടെയാണ് ഈ ആവശ്യം ഉന്നയിക്കുന്നത് …