Image

ഉപ്പുകട്ടയും കൽക്കണ്ടവും (കവിത: വേണുനമ്പ്യാർ)

Published on 26 August, 2024
ഉപ്പുകട്ടയും കൽക്കണ്ടവും (കവിത: വേണുനമ്പ്യാർ)

പ്രപഞ്ചത്തിന്
ഒരു നാനോസെക്കൻഡ്
പ്രായമുള്ളപ്പോൾ
ഭ്രൂണാവസ്ഥയിലുള്ള എനിക്ക് 
കുടിക്കാൻ കിട്ടി
ക്വാർക്കുകളുടെയും
ഗ്ലുവോണുകളുടെയും
കട്ടിയുള്ള ഒരു കോപ്പ സൂപ്പ്!

2
ചുവരിലെ ക്ലോക്ക് 
സമയം കുറെ പാഴാക്കി
ഇനി സമയത്തിന്റെ ഊഴം വരട്ടെ 
ക്ലോക്ക്
ഒരു പാഴ് വസ്തുവാകും
കൂട്ടത്തിൽ നാല് ചുവരില്ലാത്ത 
ഈ പ്രപഞ്ചവും.

3
കരിങ്കാക്കയ്ക്ക്
ക 'ക'യല്ല

പ 'പ'യല്ല
വെള്ളച്ചിപ്പശുവിന്

എഴുത്തച്ഛനെ
എയ്ത്തശ്ശൻ എന്ന് വിളിച്ചാൽ
എഴുത്തശ്ശൻ 
എഴുത്തച്ഛനല്ലാതാകുമൊ?

4
നമ്മൾ നക്ഷത്രങ്ങളിൽ നിന്നും
കീഴ്പോട്ടിറങ്ങി വന്നവരല്ലെന്ന്
ഏത് നിഷാദനാണ് തട്ടി വിട്ടത്
ഒന്ന് കുടഞ്ഞു നോക്കൂ
നമ്മുടെ ചിറകുകളിൽ നിന്ന്
തെറിക്കുന്നതെന്താ  
ഇരുപത്തിനാല് കാരറ്റിന്റെ നക്ഷത്രധൂളികളല്ലേ!

5
യഥാർത്ഥ പ്രണയം
സ്ഖലനമെന്തെന്നറിയാത്ത
നിഷ്‌ക്കപടലൈംഗികതയാകാം
ഒരു ചില്ലുപാത്രത്തിലെ ലൈം ജൂസ് 
പ്രണയജോഡികൾ ഒരുമിച്ച് ഏകകാലത്ത് പങ്കിടുന്നു
നിത്യതയുടെ വെളിച്ചത്തിൽ
ശമിക്കുന്നു ദാഹം എന്നന്നേക്കുമായി!

6
മൂപ്പിളമത്തർക്കത്തിൽ
മരം വിത്തിനു കീഴടങ്ങി
നിറങ്ങളുടെ കറുത്ത
ഇടനാഴിയിൽ ഒളിച്ചിരിക്കുന്ന
പിടികിട്ടാപ്പുള്ളിയെ തേടി
വിത്ത് വേരിലൂടെ 
ഒരു അപസർപ്പക- വിനോദയാത്രയ്ക്കിറങ്ങി!

7
കടിച്ചു പൊട്ടിച്ച്
ചെറുതുണ്ടുകളാക്കി വായിലിട്ടലിച്ചാലുള്ളത്ര
രസം കിട്ടാൻ പോകുന്നില്ല 
ഭരണിക്കകത്ത്
പത്മാസനത്തിൽ
ഒരു കൽക്കണ്ടമായ് 
അനാദികാലം
ഇരുന്നാലൊന്നും.

രസമറിയാനറിയാത്ത
അരസികർക്ക്
കണ്ടാൽ ഒരു പോലിരിക്കും
ഉപ്പുകട്ടയും കൽക്കണ്ടവും!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക