മദർ തെരേസ പിടിച്ച എൻ കൈത്തണ്ട
മൃദുലം തലോടി ഞാൻ നിന്നീടവേ
കൊച്ചു കൊച്ചോർമ്മകൾ ചെപ്പു തുറന്നെത്തി
കൊണ്ടുവരുന്നേറെ ദീപ്ത സ്മരണകൾ
ആത്മാർത്ഥത മുറ്റും സ്നേഹിതരൊപ്പം ഞാൻ
ആമോദം പങ്കിട്ട കൽക്കട്ട നാളുകൾ
സുവർണ്ണ യൗവ്വന കാലം ഉണർത്തുന്നെൻ
സാമൂഹ്യ സേവന ത്വരയേറും നാളുകൾ
പള്ളി വികാരിയോടൊപ്പം ഒരിക്കൽ ഞാൻ
പള്ളിയിലേക്ക് മദറിനെ ക്ഷണിച്ചു
ക്ഷീണിത എങ്കിലും വരാമെന്നു മദർ
ക്ഷണക്കത്തു വാങ്ങി മൊഴിഞ്ഞു മോദാൽ
പരിപാടി ദിനത്തിൽ ദേവാലയ മുൻപിൻ
മദറിൻ വരവത് കാത്തു ഞങ്ങൾ നിന്നു
പറഞ്ഞതാം നാഴിക നിമിഷമതിൽ തന്നെ
മദറിൻ കാറെത്തി പള്ളി കവാടത്തിൽ
സ്വീകരിക്കാൻ ചെന്ന എന്നുടെ കൈത്തണ്ട
പിടിച്ചു മദർ അന്ന് കാറിൽ നിന്നിറങ്ങി
പള്ളി അങ്കണത്തിൽ എത്തും വരെ മദർ
പിടിച്ചു തൻ വലങ്കരം കൊണ്ടെൻ ഇടങ്കരം
കൊച്ചു കൊച്ചോർമ്മകൾ ചെപ്പു തുറന്നെത്തി
കൊണ്ടുവരുന്നേറെ ദീപ്ത സ്മരണകൾ
അഗതികളിൻ അമ്മ തെരേസ തൻ ഓർമ്മ
അനശ്വരമീ ഭൂവിൽ നില നിന്നിടും നൂനം.