കിടക്ക വിരിപ്പാനൊരു
മനമുണ്ടൊ
നടനക്കിടക്ക തരുമത്രെ
സുവർണ്ണാവസരങ്ങൾ
അഭ്രപാളിയിൽ !
പച്ചയായ് അഴിഞ്ഞു വീഴുന്നു
കത്തിവേഷങ്ങളുടെ
മുഖംമൂടികൾ
അണിയറക്കഥകൾ കേട്ട്
സ്വയം കീറിപ്പിളർന്ന്
നിലവിളിക്കുന്നു
വെള്ളിത്തിരശ്ശീലകൾ
കളിവിളക്കിൽ
കരിന്തിരി പുകയുന്നു
നവരസങ്ങളും മുഖത്ത്
വറ്റി വരണ്ട
കളിയച്ഛന്മാർ
ശാപഗ്രസ്തന്മാർ
നോക്കുകുത്തികളായി മാറുന്നു.
നേരമ്പോക്കിനായ്
നേരിനെ കീറി മുറിച്ചും
സ്വപ്നലോകം പടുത്തും
ചില നീല ഷോട്ടുകൾ
വെട്ടിയൊപ്പിച്ചും
ഇല്ലാത്ത താരപ്രഭക്കുമേൽ
വല്ലാത്ത വിഗ്ഗുമൊട്ടിച്ചു വെച്ചും
ഡ്യൂപ്പിട്ട് സ്റ്റണ്ടുമടിച്ചും
ഡബ്ബിങ്ങ് മിമിക്രിക്കാരന്റെ
ശബ്ദം ൠണം വാങ്ങിയും
അതിസമ്മോഹനത്തിന്റെ
ആശാന്മാർ
സമ്പന്നമാഫിയാഭരതമുനിമാർ
കാണികൾ തൻ
ചെറുകാണിക്ക കൈക്കലാക്കി
കൊട്ടകയിൽ
കടുംവർണ്ണസ്വപ്നങ്ങൾ
വിറ്റഴിക്കുന്നു
പെരുംലാഭത്തിൽ!
നീതി കിട്ടുമൊ
ചൂഷിതർക്ക്?
കവി നിൽപ്പൂ
കണ്ണീരിന്റെ പക്ഷത്ത്.
ഇന്നലെയുടെ
ഫ്രെയിമിൽ
ഫ്രീസാകാതെ
നിരാശപ്പെടാതെ
നിന്ദിതരേ
പീഡിതരേ
ജാഗ്രതയിലുണരൂ
പ്രവർത്തിക്കൂ
ചൂഷണമുക്തമാം
നല്ലോരു കാലമല്ലോ
വരാനിരിക്കുന്നു
അഭ്രമാരുടേതുമല്ല സ്വന്തം
എന്നും മരീചികയല്ല സത്യം
താന്തരാകാതെ പറക്ക
സ്വയം താരമായ്
തിളങ്ങി നിങ്ങൾ
പാരിനു നൽകിടട്ടെ
കലർപ്പില്ലാത്ത കലതൻ
വർണ്ണരശ്മിയൊരു നാൾ!