Image

ഓണമുണ്ടാകുമോ? (രമാ പിഷാരടി)

Published on 01 September, 2024
ഓണമുണ്ടാകുമോ? (രമാ പിഷാരടി)

രാവിൻ്റെ ഗർഭഗൃഹത്തിൽ ദു:സ്വപ്നമായ്-
ഭൂമിയ്ക്ക് കണ്ണീരുരുൾപൊട്ടി നിൽക്കവേ,
ദൂരത്ത്, മാനത്ത് വീണ്ടും വിരിഞ്ഞതാം-
പൂവിൻ ദലങ്ങളിൽ ശ്രാവണക്കാഴ്ചകൾ

തോരാമഴയ്ക്കും, നദീവിലാപത്തിനും
ചോരുന്നൊരീമേഘവാനമേലാപ്പിനും
നീളൻ കുരുക്കിട്ടു മണ്ണു വായിച്ചതാം
വീണയിൽ പൊട്ടിത്തകർന്ന ഹൃദ്തന്ത്രികൾ
വീണ്ടും  പണിപ്പെട്ടുണർത്താൻ ഋതുക്കളാ-
വേരിൻ്റെ പച്ചപ്പിലൊന്ന് ചുംബിക്കുന്നു
കാറ്റ് വീശുന്നു, ശ്രുതിക്കുള്ളിൽ അന്തര-
ഗാന്ധാരനാദം  മുഴങ്ങുന്നു മെല്ലവേ

ആർത്തലയ്ക്കുമ്പോൾ കെടാതെ  നിന്നീടുന്ന,
കാർമേഘമൊന്നും തൊടാതെ സൂക്ഷിക്കുന്ന,
മാറ്റൊലിക്കുള്ളിൽ തളർന്നു പോകാത്തതാം-
പാട്ടതാണെന്നും പ്രപഞ്ചസാരംഗിയിൽ

സാഗരങ്ങൾ വന്നിരമ്പമാകുമ്പോഴും
തീരങ്ങളെല്ലാം തിരക്കോളെടുക്കിലും
ലോകവും, മണ്ണും തളർന്നിരിക്കുമ്പോഴും
ഭൂമിക്കിതെന്നും ഋതുക്കളാം ഭാഷകൾ

വേവും, വിതുമ്പലും കണ്ണീരുമൊക്കെയും
ഓരോ ദിനത്തിൻ്റെ ശ്വാസനിശ്വാസമായ്
വേരിൻ്റെയുള്ളിൽ മറഞ്ഞന്തരാത്മാവിൽ-
ഓരോ തളിർമുളക്കാമ്പുയിർക്കും പോലെ;

നോവും, കരച്ചിലും, മന്ദഹാസത്തിൻ്റെ പൂവും,
അമാവാസി രാവും, പ്രകാശവും
ജീവസഞ്ചാരത്തിലെന്നും ഇതേ പോലെ
കൂടെയുണ്ടാകും പ്രതീക്ഷയാം പക്ഷികൾ..

ഓണമുണ്ടാകുമോയീമണ്ണിനുള്ളിലെ-
നോവുകൾക്കുള്ളിൽ വെളിച്ചമുണ്ടാകുമോ?
ഭൂമി ചോദിക്കവേ, വെൺതുമ്പ കുഞ്ഞിളം-
പൂവുമായല്പം പ്രകാശമേകീടുന്നു..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക