Image

പുട്ടും കടലേം ഡും ഡും ഡും : പി. സീമ

Published on 01 September, 2024
പുട്ടും കടലേം ഡും ഡും ഡും : പി. സീമ

ഫ്രിഡ്ജിൽ   ഏറെ നാളുകൾ അടച്ചു സൂക്ഷിച്ചിരുന്ന കടലകൾ കുതിരാൻ വെള്ളത്തിൽ മുങ്ങിയപ്പോൾ  അവരുടെ ഉള്ളൊന്നു തുടിച്ചു. ഒരു കടല മറ്റൊരു കടലയുടെ കാതിൽ മന്ത്രിച്ചു.

"ഏറെ നാളായല്ലോ ഇവൾ നമ്മളെ ഒന്ന് തൊട്ടിട്ടു. ഇനീപ്പോ തിന്നാൻ ആൾ വന്നു കാണുമോ?"
കുട്ട്യോൾ വന്നിരുന്നേൽ ഒച്ചയും ബഹളവും   ഒക്കെ കേട്ടേനെ. ഇത് അനക്കം ഒന്നും ല്ലല്ലോ.. അപ്പൊ പിന്നെ എന്തായിരിക്കും?"

"ആരോ തിന്നാൻ വന്നിട്ടുണ്ട്.   അല്ലാണ്ട് ഇവൾ തനിയെ മടി പിടിച്ചു കടലക്കറി ഉണ്ടാക്കൽ ഇല്ലായിരുന്നല്ലോ."

"വല്ലതും ഒക്കെ തിന്നിരുന്നേൽ ഇങ്ങനെ അല്ലല്ലോ ഇരിക്കേണ്ടത്.   പണ്ടേ തീറ്റ എടുക്കൽ കുറവല്ലാരുന്നോ. ജീവിക്കാൻ വേണ്ടി തിന്നണം അല്ലാതെ തിന്നാൻ വേണ്ടി ജീവിക്കരുത് എന്നല്ലേ അവൾടെ ഒരു പറച്ചിൽ."

"എന്തായാലും കാത്തിരുന്നു കാണാം. നമുക്ക് ശാപമോക്ഷം ആയല്ലോ. കുറെ നാൾ ആയില്ലേ ഈ ഫ്രിഡ്ജിൽ ഇങ്ങനെ തണുത്തു മരവിച്ചിരിക്കുന്നു."

"എന്നാലും പുതച്ചു മൂടിക്കിടന്നു ഉറങ്ങേണ്ടവൾ കൊച്ചു വെളുപ്പാൻ കാലത്തെ ഉണർന്നു പുട്ടും കടലേം ഉണ്ടാക്കുന്നു. കുളിച്ചൊരുങ്ങി വെട്ടം വീഴുമ്പോഴേ മൂളിപ്പാട്ടുമായി എങ്ങാണ്ടേക്കു ഓടി പോകുന്നു. ഇതെന്താ കഥ? "

"നിനക്ക് ചെവി കേട്ടു കൂടെ.? ഇവളല്ലേ അമ്പലത്തിലെ മൈക്കിലൂടെ പാടുന്നത്.  വേറെയും പെണ്ണുങ്ങൾ ഉണ്ട് "

"അത് പാട്ടല്ല കർക്കടകത്തിലെ രാമായണ വായന അല്ലേ. നന്നായി നല്ല വിചാരങ്ങൾ ഉണ്ടാകട്ടെ. ശ്രീരാമൻ അനുഗ്രഹിക്കട്ടെ."

"അപ്പൊ നമ്മളെയും അനുഗ്രഹിക്കുമായിരിക്കും അല്ലേ?"

"അത് കൊണ്ട് കാര്യം ല്ലല്ലോ. കറിയായി മനുഷ്യന്റെ ആമാശയത്തിലേക്കു പോകാൻ അല്ലേ ദൈവം നമ്മളെ സൃഷ്ടിച്ചത്.. എങ്കില ല്ലേ നമ്മൾ കടലകൾക്ക് മോക്ഷം ലഭിക്കുള്ളു."

"അതും ശരിയാ.  കുക്കറിൽ കിടന്നു പൊള്ളി ചീറ്റി പിന്നെ സവാള വരട്ടിയത്  ഒക്കെ ചേർത്ത് കറിയാക്കി ദേ ഇപ്പൊ  മൂന്നാം ദിവസം പുറത്തെ പറമ്പിലേക്ക് ഇവൾ തിന്നാതെ നമ്മളെ എറിഞ്ഞു  കളഞ്ഞതാണോ  മോക്ഷം.?"

"നേരാണല്ലോ ഇവൾ ഒറ്റയ്ക്ക് തിന്നാൽ തീരാത്ത നമുക്കിനി എന്ത് മോക്ഷപ്രാപ്തി."?

"നിരാശ വേണ്ട തെക്കു നിന്നു ഒരു പൂവൻ കോഴി ഓടി വരുന്നുണ്ട്. കൂടെ അവന്റെ പിടകളും ഉണ്ട്. കൊത്തിച്ചി കഞ്ഞു അവൻ ആ പിടകൾക്ക് ഇട്ട് കൊടുക്കുമ്പോ നമുക്ക് മോക്ഷം കിട്ടും."

"എന്നാൽ കണ്ണും പൂട്ടി കിടന്നോ. വേണേൽ നമുക്കും ഒരു പാട്ട് പാടാം. പുട്ടും കടലേം ഡും ഡും ഡും.. അപ്പോം കടലേം പീ പീ പീ "

" നേരത്തെ എണീറ്റപ്പോൾ ചുമ്മാ സമയം പോകാൻ അവൾ നമ്മളെ പുട്ടും കടലേം കറി വെച്ച്‌ കളിച്ചതല്ലേ"

"ശരിയാ....അല്ലാതെ തിന്നാൻ ഒന്നും അല്ലായിരുന്നു.  രാമായണം തീർന്നാൽ പിന്നെ   കറി വെയ്പും തീർന്നു,  പ്രാർത്ഥനയും തീർന്നു.  പിന്നെ പുട്ടും പഞ്ചാരേം ഡും ഡും ഡും അപ്പോം പഞ്ചാരേം പീ പീ പീ എന്നാകും."

" ഇവൾക്ക് വേണേൽ കഴിക്കട്ടെ.. ഇല്ലേൽ ഇങ്ങനെ   നടക്കട്ടെ... ഇത്രേം പ്രായം ആയില്ലേ. ഇനി  ഓം നമശിവായ  ജപിച്ച്‌ കാലും നീട്ടിയിരിക്കട്ടെ .വയസ്സ് കാലത്ത് ആരോഗ്യം ഇത്തിരി കുറഞ്ഞിരിക്കുന്നതാ നല്ലത്.. വീട്ടിൽ അടങ്ങി ഇരുന്നോളുമല്ലോ. "

"അല്ലേൽ ഇവൾ എവിടെ പോകാനാ? ഇന്നേ വരെ ഒരു എഡിറ്ററെ പോലും നേരിൽ  കണ്ടിട്ടില്ലാത്ത കഥ എഴുത്തുകാരി. കഥ അയച്ചിട്ട് ചുമ്മാ  മിണുങ്ങസ്യാ ന്ന് വീട്ടിൽ കുത്തിയിരിക്കും.  വന്നാ വന്നു പോയാ പോയി.,പിന്നെ  പേജിൽ വല്ല പ്രേമലു ഒക്കെ എഴുതിയാലേ fb ആൾക്കാരു വായിക്കലു. ഇല്ലേൽ അതന്നെ..,..ഇവൾ   എന്നും  ഇങ്ങനെ തന്നെ...ചെമ്മീൻ തുള്ളിയാൽ ചട്ടിയോളം...പിന്നെ തുള്ളിയാൽ..... എന്നല്ലേ.!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക