Image

വായന: കനവുകള്‍ പൂക്കുന്ന കഥകള്‍..( നൈന മണ്ണഞ്ചേരി)

നൈന മണ്ണഞ്ചേരി Published on 02 September, 2024
വായന: കനവുകള്‍ പൂക്കുന്ന കഥകള്‍..( നൈന മണ്ണഞ്ചേരി)

             യുവ കഥാകാരിയായ ആലിയ ഹമീദിന്റെ പ്രഥമ കഥാ സമാഹാരമാണ് ''കനവുകള്‍ പൂക്കുന്നത്'' ശ്രദ്ധേയമായ പതിനെട്ടു കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ''അടുക്കളക്കല്യാണം'' മുതല്‍ ''അവള്‍ അറിഞ്ഞിരുന്നില്ല'' വരെയുള്ള ഈ കഥകള്‍ ഒറ്റയിരുപ്പിന് നമ്മള്‍ വായിച്ചു പോകും..അത്ര ഋജുവാണ് ഇതിലെ ഭാഷാ രീതിയും ആവിഷ്‌കരണ ലാളിത്യവും.ദുര്‍ഗ്രഹത നിറഞ്ഞാലേ കഥയാകൂ എന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ആലിയയ്ക്കില്ല. അതു കൊണ്ട് തന്നെ നമ്മളിലൊരാള്‍ കഥ പറയുന്നതു പോലെ  കഥാകൃത്ത് വായനക്കാരനുമായി സംവദിക്കുന്നു..

           ''അടുക്കളക്കല്യാണ''മെന്ന കഥ ആദ്യകാലം മുതല്‍ സ്ത്രീ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളുടെ കഥയാണ്. സിയാമ്മ എന്ന നിഷ്‌ക്കളങ്കയായ സ്ത്രീയിലൂടെ പുറംലോകമറിയാത്ത സ്ത്രീയുടെ വേദന കഥാകൃത്ത് വരച്ചിടുന്നു. കഥ തീരുമ്പോഴും തെയ്യാമ്മ ഒരു നൊമ്പരമായി വായനക്കാരന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

            അന്യജീവനുതകി കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദിന്റെ കഥ പറയുന്ന ''ചാപ്രയില്‍ നിന്ന്'' എന്ന കഥയും ശ്രദ്ധേയമായ കഥയാണ്. താന്‍ പലപ്പോഴും പലരാലും കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കുമ്പോഴും അറിഞ്ഞു കൊണ്ട് തന്നെ അതിന് വിധേയമാകുകയും അവരുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന മുഹമ്മദ് അവിസ്മരണീയമായ ഒരു കഥാപാത്രമാണ്.നന്മ നിറഞ്ഞ മനസ്സുള്ളവരെ  കണ്ടു മുട്ടുവാന്‍ പ്രയാസമുള്ള ഇക്കാലത്ത് പ്രത്യേകിച്ചും..

        പ്രവാസിയായ അച്ഛന്റെയും മകളുടെയും സ്‌നേഹം വരച്ചിടുന്ന കഥയാണ് ''അച്ഛന്‍'' എന്ന കഥ. അച്ഛനുമായുള്ള സന്തോഷ നിമിഷങ്ങള്‍ താല്‍ക്കാലികമായെങ്കിലും നഷ്ടമായതിലുള്ള ദു;ഖം വായനക്കാരന്റെ മനസ്സിലും  നൊമ്പരമായി നിറയുന്നു.. ഹൃദയ സ്പര്‍ശിയായ മറ്റൊരു കഥയാണ് ''മുന്തിരി..'' ഒരു ഭിക്ഷക്കാരന്റെ ദൈന്യതയിലൂടെ  വിശപ്പെന്ന സത്യവും ആഗ്രഹിച്ച ഭക്ഷണം നിരസിക്കപ്പെടുമ്പോഴുള്ള വേദനയും നമ്മള്‍ തിരിച്ചറിയുന്നു, നന്മയുടെ സന്ദേശവുമായി അവസാനിക്കുന്ന '' മുന്തിരി'' ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കഥകളിലൊന്നാണ്.

         ഓരോ കഥയോടൊപ്പം ഓരോ സന്ദേശങ്ങളും അനുവാചകന്റെ മനസ്സിലേക്ക്  ആലിയയുടെ കഥകള്‍ പകര്‍ന്നു നല്‍കുന്നു. ഈ പ്രത്യേകത അടയാളപ്പെടുത്തുന്നവയാണ് ''കനവുകള്‍ പൂക്കുന്നതി''ലെ പല കഥകളും, കനവ് മാത്രമല്ല, കനിവും പൂക്കുന്നവയാണ് ആലിയയുടെ കഥകള്‍. ''അവള്‍ അറിഞ്ഞിരുന്നില്ല'' എന്ന അവസാന കഥയും ചിന്തകളുണര്‍ത്തുന്ന കഥയാണ്. സ്വന്തമായി വീടില്ലാതെയായിപ്പോകുന്ന പെണ്‍കുട്ടികളുടെ നൊമ്പരമാണ് ഈ കഥയില്‍ പങ്കു വെക്കുന്നത്..

             സ്ഥൂലമായി പറഞ്ഞ് വായനക്കാരെ സംഭ്രാത്മകമായ ലോകത്തെത്തിക്കുന്ന കഥകളല്ല ആലിയയുടെത്. അധികം ദൈര്‍ഘ്യമില്ലാതെ, വളരെ ലളിതമായി, എന്നാല്‍ അത്ര ലളിതമല്ലാത്ത ചിന്തകള്‍  അനുവാചകന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന വിധം ആവിഷ്‌ക്കരിച്ചിക്കുന്ന കഥകളാണ് അവ

       ഓരോ കഥകള്‍ എടുത്തു നോക്കിയാലും സവിശേഷമായ അനുഭൂതിധാരകള്‍ അവയില്‍ ഇഴ ചേര്‍ന്നിരിക്കുന്നു എന്ന് കാണാം...അത് അനുവാചകന്‍ വായിച്ചു തന്നെ അറിയേണ്ടതാണ്. ''ആഖ്യാനത്തില്‍ ദുരൂഹതകളേതുമില്ലാതെ ഋജുവായും സത്യാത്മകമായും പ്രതിപാദ്യത്തെ ആവിഷ്‌കരിക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നതെന്ന'' പ്രസാധകക്കുറിപ്പ് അക്ഷരം പ്രതി ശരിയാണെന്ന് ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് ബോദ്ധ്യപ്പെടാതിരിക്കില്ല.

        അവതാരികയില്‍ ലക്ഷ്മണ്‍ മാധവ് അഭിപ്രായപ്പെടുന്നതു പോലെ ''അപാരമായ ബിംബങ്ങളെ കൂട്ടുപിടിക്കാതെ സ്വാഭാവികമായ വെളുത്ത പ്രതലത്തില്‍ വിഹ്വലതകളെ  വരച്ചിട്ട്, പരിഹാരത്തിന്റെ നനുത്ത ഭൂമികയിലേയ്ക്ക് ആവാഹിച്ചു കൊണ്ട് ആലിയ എന്ന പുതിയ കാലത്തിന്റെ കഥാകൃത്ത് രൂപപ്പെടുകയാണ്.''

പ്രസാധനം -- ബോധി ബുക്‌സ്, കൊല്ലം.

വില-150 രൂപ
 

Join WhatsApp News
Aliya hameed 2024-09-13 15:01:04
❤️❤️.ഹൃദ്യമായ വായനക്ക് ആശംസകൾ. ഒരു പാട് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക