കേരളത്തില്‍ വക്കീലന്‍മാര്‍ക്ക് ഇപ്പോള്‍ ചാകരയാണ്.മാനനഷ്ടം,മുന്‍കൂര്‍ ജാമ്യം,സ്ത്രീ പീഡനം,പുരുഷപീഡനം,ലഹരികൈമാറ്റം...എന്നുവേണ്ടാ വകുപ്പുകള്‍ നൂറുകണക്കിന്.സിനിമാക്കാരുടെ കേസുകെട്ടുകള്‍ പഠിക്കുന്ന തിരക്കിലാണവര്‍.ഡോക്ടറോടും വക്കീലിനോടും സത്യമേ പറയാവൂ എന്നാണല്ലോ.താരങ്ങളുടെ നഗ്നസത്യങ്ങള്‍ കേട്ട് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പല അഭിഭാഷകരും.ചായംതേച്ചു മിനുക്കിയ ,വെള്ളിത്തിരയിലെ സുന്ദരമുഖങ്ങള്‍ക്കു പിന്നിലെ ചെകുത്താന്റെ ചിരി കണ്ട് അവരും നടുങ്ങുകയാണത്രേ.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമൊക്കെ എല്ലാവരും മറന്നു.കര്‍ണ്ണാടകയിലെ നദിയില്‍ ലോറിയോടെ അപ്രത്യക്ഷനായ അര്‍ജുനും ചൂരല്‍മലയിലും മുണ്ടകൈയിലും ഭൂമിക്കടിയില്‍ ജീവനോടെ മറഞ്ഞുപോയ മനുഷ്യരും നമ്മള്‍ക്കിപ്പോള്‍ ഏതോ കാലത്തുനടന്ന പഴങ്കഥ മാത്രം!.ഭൂമിയിലെ നക്ഷത്രങ്ങളുടെ വീഴ്ചയാണ് നമ്മള്‍ക്കിപ്പോ ഹരം.അതിന് എരിവും പുളിയും മധുരവും ഒക്കെയുണ്ട്.അതുകൊണ്ട് ടിവിയ്ക്കുമുന്നിലും സോഷ്യല്‍ മീഡിയയിലും മണിക്കൂറുകള്‍ അലഞ്ഞുതിരിയുന്ന മനുഷ്യന്‍മാരായി നമ്മള്‍ മാറി.സിനിമക്കാരുടെ ലൈംഗിക ആരോപണത്തില്‍ ആരൊക്കെ പെട്ടിട്ടുണ്ടെന്നു തിരയുന്നതിനേക്കാള്‍ ആരൊക്കെ പെട്ടിട്ടില്ലെന്നു പരതുന്നതാവും എളുപ്പമെന്ന് നമ്മളിപ്പോള്‍ തിരിച്ചറിയുന്നു.വല്ലവന്റെയും പീഢനകഥകളും വിധേയചരിതങ്ങളും കേള്‍ക്കാനും വായിക്കാനുമൊരു സുഖം.കമന്റ് ബോക്‌സില്‍ അളിഞ്ഞ ഫലിതങ്ങള്‍ എഴുതി പീഡനത്തിന് ചൂട്ടുപിടിക്കാനും ഒരു രസം.
ഡബ്‌ള്യുസിസിയുടെ വിജയം അമ്മയുടെ തോല്‍വിയായി മാറിയ കാഴ്ച.പണ്ടൊക്കെ മഴയത്തു മുളയ്ക്കുന്ന ഒരുതരം കൂണുണ്ടായിരുന്നു.അരീക്കൂണ്‍ എന്നായിരുന്നു എന്റെ നാടായ പത്തനംതിട്ടജില്ലയില്‍ പറഞ്ഞിരുന്നത്.മുല്ലപ്പൂ വിരിഞ്ഞുനില്‍ക്കുംപോലെ ഒരു പ്രദേശം മുഴുവന്‍ ഈ കുഞ്ഞിക്കൂണുകള്‍ വിരിഞ്ഞുനില്‍ക്കും.ഒരു പകല്‍ കഷ്ടിച്ചേ അതിന് ആയുസ്സുള്ളൂ.അതുപോലെയാണ് സിനിമക്കാരുടെ തട്ടകത്തില്‍ ലൈംഗിക വിവാദം മുളച്ചു വിടര്‍ന്നു വിലസുന്നത്.എത്രനാള്‍ പിടിച്ചുനില്‍ക്കുമെന്നും ധാരണയില്ല.ഏതാണു സത്യം,ഏതാണ് വ്യാജം ..അതറിയാന്‍ ആര്‍ക്കും തിടുക്കമില്ല.പകരം അവനവന്റെ മനോധര്‍മം അനുസരിച്ച് മനക്കോട്ടകെട്ടി , അതിലിത്തിരി വൈകൃതം കൂടി കുഴച്ചുചേര്‍ത്ത് തങ്ങളുടെ സൗഹൃദവലയത്തില്‍ വിളമ്പി രസിക്കുക.എന്തൊരു ആനന്ദം !.
സത്യത്തില്‍ സിനിമാമേഖലയിലെ ഈ ചൂഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.ദശകങ്ങള്‍ക്കുമുമ്പ് ആത്മഹത്യ ചെയ്ത അതിപ്രശസ്തരായ പല നടിമാരുടെയും മരണത്തിനു പിന്നില്‍ ഭയങ്കരമായ ചൂഷണങ്ങള്‍ ഉണ്ടായിരുന്നതായി കേട്ടിരുന്നു.ആരും അതിനു പിന്നാലെ പോയില്ല,എല്ലാം കെട്ടടങ്ങി.അന്ന് ഇതുപോലെ ബഹളം വയ്ക്കാന്‍ സോഷ്യല്‍ മീഡിയയോ,ചാനലുകളോ ഇല്ലായിരുന്നു.മനുഷ്യര്‍ക്ക് ചങ്കൂറ്റവും കുറവായിരുന്നു.സിനിമ ഫീല്‍ഡില്‍ ,സ്ത്രീകളെ ഓടിനടന്നു പീഡിപ്പിക്കയാണെന്ന് ഒരു തോന്നല്‍ സൃഷ്ടിക്കാന്‍ ഈ ബഹളത്ത്ിന് എന്തായാലും കഴിഞ്ഞിട്ടുണ്ട്.ഒരു ഇന്‍ഡസ്ട്രിയെ തകര്‍ക്കാന്‍ ഈ ആരോപണങ്ങള്‍ക്ക് കഴിയില്ലെന്ന് പറയാനാവില്ല.
കൊടുക്കല്‍ വാങ്ങലുകളുടെ വലിയ ലോകമാണ് ഫിലിംവേള്‍ഡ്.നന്ദിയും നന്ദികേടും ചതിയും കുതികാല്‍വെട്ടും പ്രണയവും രതിയും പരാജയവും വിജയവും എല്ലാംകെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മായാലോകം.പുറത്തുനില്‍ക്കുന്നവര്‍ നോക്കുമ്പോള്‍ അകത്ത് വര്‍ണ്ണശബളമായ കാഴ്ചകള്‍ മാത്രം.അകത്തെത്തുമ്പോഴേ ദുര്‍ഗന്ധം വമിക്കുന്ന ഓടകള്‍ കാണാനാവൂ.ഇവിടെ ചാന്‍സുതേടി വരുന്ന ഭാഗ്യാന്വേഷികള്‍ മാത്രം.എന്തിനും തയ്യാറായിവരുന്ന മനുഷ്യരുടെ ആര്‍ത്തിയുടെ,സ്വപ്‌നങ്ങളുടെ ശവപ്പറമ്പ്. ചാന്‍സുതേടി പണ്ട് കോടമ്പാക്കത്തുപോയി അവസാനം യാചകരെപ്പോലെ കഴിഞ്ഞ എത്രയെത്ര ചെറുപ്പക്കാര്‍.രക്ഷപ്പെടില്ലെന്നു ഉറപ്പായപ്പോള്‍ സ്ത്രീകളെ കൂട്ടിക്കൊടുത്തുപോലും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചവരുടെ കഥയൊക്കെ കേട്ടിട്ടുണ്ട്...
ഞാന്‍ ജോലിചെയ്തിരുന്ന മാസികയ്ക്കുവേണ്ടി സിനിമ താരങ്ങളുടെ അഭിമുഖമെടുക്കാന്‍ അവരുടെ ലൊക്കേഷനുകളില്‍ പോയിരുന്ന കാലം.പൊള്ളാച്ചിയിലേക്കായിരുന്നു ഒരിക്കല്‍ യാത്ര.ഒപ്പം ഫോട്ടോഗ്രാഫറുമുണ്ട്.ഷൂട്ടിംഗിന്റെ ഇടവേളകളിലാണ് അഭിമുഖം നടത്തുക.അവിടെ ചെന്നപ്പോള്‍ വമ്പന്‍ നായികാനായകന്‍മാരെല്ലാം ഉണ്ട്.ഏതോ മായാലോകത്തുചെന്ന പ്രതീതി.വിവിധതരം സെറ്റുകള്‍ .കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തുന്ന ലൈറ്റുകള്‍.ഉയര്‍ന്നു കേള്‍ക്കുന്ന ' സ്റ്റാര്‍ട്ട് ,കട്ട്,ആക്ഷന്‍ '.അതിനിടയില്‍ അഭിമുഖവും ഫോട്ടോസെഷനും കഴിഞ്ഞപ്പോള്‍ സമയം ഏറെ വൈകി.കോഴിക്കോടിനു മടങ്ങാന്‍ കഴിയില്ല.കാരണം അവിടെത്തുമ്പോള്‍ പാതിരാ കഴിയും. ഞങ്ങള്‍ പാലക്കാട്ടേക്കു മടങ്ങി.അന്ന് ഇന്നത്തെപ്പോലെ ഒരുപാട് വമ്പന്‍ ഹോട്ടലുകളൊന്നുമില്ല.അഞ്ചെട്ടു ഹോട്ടലുകള്‍ പരതിയിട്ടും ഒരു മുറിപോലും ഒഴിവില്ല,ഒക്കെ വിവിധ സിനിമകള്‍ക്കുവേണ്ടി ' നക്ഷത്രങ്ങള്‍ 'ളുടെ നിലവാരമനുസരിച്ച് മുറി ബുക്കുചെയ്ത് വച്ചിരിക്കയാണ്. ഇപ്പോ മുറിയില്ലെങ്കിലും സാരമില്ല,കാരവാന്റെ കളിയാണല്ലോ !. അവസാനം പത്രത്തിന്റെ ബലത്തില്‍ ഇത്തിരി ദൂരെയുള്ള മറ്റൊരു ഹോട്ടലില്‍ ഞങ്ങള്‍ മുറി ഒപ്പിച്ചെന്നു പറയാം.സ്ഥിരം സിനിമാ റിപ്പോര്‍ട്ടര്‍മാരായ എന്റെ ചിലപുരുഷ സഹപ്രവര്‍ത്തകരോട് മുറികിട്ടാകഥ പറഞ്ഞപ്പോള്‍ അവര്‍ പങ്കുവച്ച അനുഭവങ്ങളും സാക്ഷ്യങ്ങളും ഞെട്ടിച്ചു.താരങ്ങളുടെ അടുത്ത റൂമുകള്‍ കിട്ടാതിരുന്നത് ഭാഗ്യമായെന്നു പറഞ്ഞ് അവര്‍ പൊട്ടിച്ചിരിച്ചു.ആ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ അന്നൊക്കെ ആരാധകരുടെ പ്രളയമായിരുന്നു.ചൂടേറിയ കഥകളുമായാണ് പലരും സിനിമാലൊക്കേഷനുകളില്‍നിന്നും തിരിച്ചെത്തുക.അതൊന്നും പക്ഷേ പൊതുജനസമക്ഷം എഴുതാന്‍ പറ്റില്ലെന്നുമാത്രം.
അതൊക്കെ പോട്ടെ.സിനിമയിലെ എല്ലാവരും ചീത്ത മനുഷ്യരാണോ ? വളരെ കുറച്ചുപേര്‍മാത്രമേ നന്‍മ മരങ്ങളായുള്ളോ ... നന്‍മതിന്‍മകളുടെ വൃക്ഷം എവിടെയുമുണ്ട്.അത് ഏദന്‍ തോട്ട്ത്തിന്റെ കാലം മുതലേ ഉള്ളതായിരുന്നല്ലോ.സത്യത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു ലോകമാണ് ഫിലിം വേള്‍ഡ്.തോറ്റവന് സ്ഥാനമില്ലാത്ത ലോകമാണത്്.ആണധികാരത്തിന്റെയും കൈയ്യൂക്കിന്റെയും ലോകം.പുരുഷകേന്ദ്രീകൃതമായ ഒരു രാജ്യം.ഒരു നടിയെ കേന്ദ്രീകരിച്ച് കഥയെഴുതി സിനിമയാക്കിയത് നമ്മള്‍ കേട്ടിട്ടുണ്ടോ ?.പക്ഷേ നടന്‍മാര്‍ക്കു വേണ്ടി കഥയെഴുതാന്‍ നീണ്ട ക്യൂവാണ്.മുടിചൂടാമന്നന്‍മാരുടെ പരസ്പരമത്സരം.നടികര്‍തിലകം പറയുംപോലെ മാത്രം നിര്‍മാതാവും സംവിധായകനും വേഷംകെട്ടേണ്ടിവരുന്ന ഗതികേട്.അവരെ രസിപ്പിക്കാനും കൈമണിയടിക്കാനും ഏതു നികൃഷ്ടജോലിക്കും തയ്യാറായി കച്ചകെട്ടിയിറങ്ങിയ പ്രൊഡക്ഷന്‍ വിഭാഗത്തിലെ ചിലര്‍.ഇതിനിടയിലേക്കാണ് പത്തും പതിനേഴും വയസ്സുള്ള , കടിച്ചാല്‍ പൊട്ടാത്ത പ്രായത്തില്‍ പെണ്‍കുട്ടികള്‍ ചാന്‍സുതേടി എത്തുന്നത്.അഭിനയിക്കാനുള്ള ആര്‍ത്തികൊണ്ടല്ല ,പണവും പ്രശസ്തിയും മാത്രം ലക്ഷ്യമിട്ടുള്ള വരവാണെന്ന് ഏതു പൊട്ടക്കണ്ണനുമറിയാം.' അനുസരിച്ചാല്‍ ' അവസരം കിട്ടും.ഇല്ലെങ്കില്‍ അനുസരിക്കുന്ന വേറെ പെണ്‍കുട്ടികളെത്തുമെന്ന് മുന്നറിയിപ്പു നല്‍കാന്‍ 'മാമന്‍മാരെ ' പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.കണ്ണടയ്ക്കാന്‍ തയ്യാറുള്ള അപ്പനും അമ്മയും കൂടിയാവുമ്പോള്‍ കൊച്ചിനും ഹാപ്പി.തന്തയ്ക്കും തള്ളയ്ക്കും ആനന്ദം.എല്ലാ നടീനടന്‍മാരും ഇത്തരക്കാണെന്ന് ഞാന്‍ പറഞ്ഞില്ല.പക്ഷേ ഇത്തരക്കാരുടെ സംഖ്യ കുറവല്ല.ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ നാണംമാറ്റിയെടുത്തുള്ള പ്രാഥമിക പരിശീലനത്തില്‍ തുടങ്ങി ചുവടുകള്‍ മുന്നോട്ട്.ഒരു പടത്തില്‍ തല കാണിച്ചാല്‍പ്പിന്നെ ഉദ്ഘാടനത്തിനു പോലും കിട്ടുക ലക്ഷങ്ങളാണ്.മുന്തിയ സ്ഥാപനങ്ങളുടെ മോഡലാവാം.വിജയിച്ചവരാരും തുടക്കത്തില്‍ നേരിട്ട അനുഭവങ്ങള്‍ പറയാന്‍ വായ തുറക്കുന്നില്ല.ഒരിക്കലും പറയുകയുമില്ല.
അവസരം നഷ്ടപ്പെട്ടവരും ചവിട്ടിതേപ്പ്് കിട്ടിയവും പരിഹസിക്കപ്പെട്ടവരും ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു.മത്സരിച്ച് ചെളിവാരി എറിയുന്നതിനിടയില്‍ ശരിയേത്,തെറ്റേത് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.നിരത്തിനിര്‍ത്തി നുണപരിശോധന നടത്തേണ്ട ഗതികേടിലാവുമോ ഒടുക്കം.
എന്നും എപ്പോഴും എവിടെയും ഉള്ളതുപോലെതന്നെ ,ഒത്തുകിട്ടിയാല്‍ പെണ്ണിനെ കൈവയക്കാമെന്ന ധാരണയൊന്നുമല്ല സിനിമാമേഖലയില്‍.അവസരം വേണമെങ്കില്‍ വഴങ്ങണം എന്ന വ്യക്തമായ നിബന്ധന തന്നെയുണ്ട്.അതു ചോദിക്കാന്‍ ചില നപുംസകങ്ങളെ ഒരുക്കിനിര്‍ത്തിയിട്ടുമുണ്ട്. മാന്യരായ നായകന്‍മാരെന്നു ജനം വിചാരിച്ച പലരും വെറും കൂതറകളായിരുന്നെന്നു തിരിച്ചറിയുന്നത് ഞെട്ടലോടെയാണ്.കൊള്ളാവുന്ന സംവിധായകരെന്ന് നമ്മള്‍ കരുതിയിരുന്നവര്‍ കോലില്‍ തുണി ചുറ്റി മുന്നില്‍ കൊണ്ടുവന്നാലും എരിപൊരികൊണ്ട് ചാടിവീഴുമെന്ന സത്യം പുറത്തായി.കൊള്ളാവുന്ന ശരീരവും ഇത്തിരി സൈ്ത്രണത തോന്നിക്കുന്ന മുഖവും ഉണ്ടെങ്കില്‍ ആണൊരുത്തനെയും കടിച്ചുകീറുമെന്ന സത്യവും പരസ്യമായി.അപ്പോള്‍പ്പിന്നെ ഇവറ്റകളുടെ കൈയ്യില്‍ കിട്ടുന്ന കൊള്ളാവുന്ന പെണ്‍കുട്ടികളുടെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കൊടുക്കല്‍ വാങ്ങള്‍ സുതാര്യമായിരിക്കട്ടെ.പരസ്പരസമ്മതത്തോടെ സഹകരിച്ചവര്‍ ദയവായി സ്‌റ്റേജ് വിട്ടു പുറത്തുപോകണം.ചാന്‍സുകിട്ടി ആളായവരും ആ നന്ദി കാണിക്കണം.ബലാല്‍ക്കാരമായി പീഡനമേറ്റുവാങ്ങിയവരും വലിച്ചെറിയപ്പെട്ടവരും ചതിയ്ക്കപ്പെട്ടവരും സത്യസന്ധമായി എല്ലാം തുറന്നു പറയണം.കാരവാനില്‍പ്പോലും ഒളിക്യാമറവച്ച് സ്ത്രീയുടെ നഗ്നത ഒപ്പിയെടുത്ത് കൂട്ടമായി കണ്ടുരസിക്കുന്ന നീചന്‍മാരുടെ മാന്യതയുടെ മുഖംമൂടി വലിച്ചു കീറണം.
മൂത്രം ഒഴിക്കാന്‍ പോലും മാന്യമായ ഒരിടം ഒരുക്കാതെ കോടികളുടെ സിനിമ പിടിക്കുന്ന നിര്‍മാതാവിനെ ഓടിച്ചിട്ടടിക്കണം.ഒരു ചെറിയ വേഷത്തിലേക്ക് കൊണ്ടുവന്നു മണിക്കൂറുകള്‍ കാത്തുകെട്ടി നില്‍ക്കുന്ന സാധുക്കളായ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു നേരം ഭക്ഷണം കൊടുക്കാന്‍പോലും പിശുക്കാണത്രേ.അവരുടെ കൂലി ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. കേരളത്തില്‍ തന്നെയാണോ ഈ ഭയങ്കര ചതി നടക്കുന്നതെന്ന് നമ്മള്‍ അന്തം വിടുന്നു.വലിയവായില്‍ തത്വങ്ങളും നീതിബോധവും പ്രസംഗിക്കുന്ന ചില നടികള്‍ അവരുടെ കാരവാനില്‍ മൂത്രം ഒഴിക്കാന്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെ അനുവദിക്കില്ലത്രേ.അമ്മയുടെ തകര്‍ച്ച കണ്ട് ആര്‍പ്പുവിളിച്ച ചില നടിമാര്‍ക്ക് ലഹരിഇടപാടുമുണ്ടായിരുന്നെന്ന പുതിയ ആരോപണം പുറത്തുവന്നു കഴിഞ്ഞു.നീതിക്കുവേണ്ടി തെരുവിലിറങ്ങാം.പക്ഷേ ,പ്രതികാരത്തിനായി നിരപരാധികളെ ക്രൂശിക്കരുത്.ആരുടെയും ചട്ടുകങ്ങളായി മാറുകയുമരുത്.ഭൂമിയിലെ നക്ഷത്രങ്ങള്‍ക്ക് നിറംകെട്ടുപോയിരിക്കുന്നു.
നത്തോലിയും മത്തിയുമൊക്കെയേ ഇതുവരെ വലയില്‍ പെട്ടിട്ടുള്ളൂ.സ്രാവുകള്‍ ഒളിവിലാണ്...എത്രകാലം ..?
ചായംതേച്ചു മിനുക്കിയ മുഖങ്ങള്‍ക്കു പിന്നിലെ ചെകുത്താന്റെ ചിരി കണ്ട് അവരും നടുങ്ങുകയാണത്രേ.