ഒരിക്കൽ
ഒരുമിച്ചൊരു കടൽമഴ
നനഞ്ഞതിന്റെ
അടയാളങ്ങൾ പോലും
ബാക്കി വയ്ക്കാതെ
കടൽച്ചൊരുക്കിന്റെ
സൂചന പോലും നൽകാതെ
എത്ര നിശബ്ദമായാണ്
ആളുകൾ
പ്രണയത്തിൽ
നിന്നിറങ്ങിപ്പോകുന്നത്
ഒരു വേലിയിറക്കത്തിൽ
കരയിലടിഞ്ഞ
ചെറു മീനിനെപോലെ
മറുവശത്തൊരാൾ മാത്രം
നൊന്ത് പിടയുന്നുണ്ടാകും
കാലഹരണപ്പെടാത്തതായി
നില നിൽക്കുന്നത്
ഉപേക്ഷിക്കപ്പെട്ടവർ മാത്രമാകും
കടല്,
കര കൈയേറിയിട്ടു
ഇറങ്ങിപ്പോയപ്പോൾ
ഉപേക്ഷിക്കപ്പെട്ട
തകർന്ന നഗരം പോലെ
ചിലർ...!