Image

ദംഷ്ട്രവും ചാട്ടവാറും (കവിത: വേണുനമ്പ്യാർ)

Published on 03 September, 2024
ദംഷ്ട്രവും ചാട്ടവാറും (കവിത: വേണുനമ്പ്യാർ)

വരുമ്പം കരയട്ടെ
പോവുമ്പം ചിരിക്കട്ടെ
മദ്ധ്യേയിങ്ങനെ കാണുമ്പം
മത്സരിച്ചട്ടഹസിക്കട്ടെ.

2
വരുമ്പം പൂവട്ട
പോവുമ്പം പൂവട്ട
മദ്ധ്യേ കടിക്കട്ടെ
ചോര കുടിക്കട്ടെ
സുദീർഘമാ, മായുസ്സിൻ
ക്രൂരനാം അട്ട!


3
ചിരിക്കും വരുമ്പമെല്ലാരും 
പോവുമ്പമെല്ലാരും കരയും
മദ്ധ്യേയിങ്ങനെ കാണുമ്പം
എടുക്കുമെല്ലാരും വീണ്ടും
ദംഷ്ട്രവും ചാട്ടവാറും!


4
മതി മതമൊക്കെ പേരിനു 
മതി ജാതിയൊക്കെ പേരിനു 
മതി മതിഭ്രമം മൂലം
സഹജമനുഷ്യർക്കിടയിൽ
വൻമതില് കെട്ട്ണ പണി.

അവമതിപ്പും മതി
അസഹിഷ്ണുതയും മതി
മതികേടും മതി
മതി കുണ്ടുകിണറ്റിലെ
ചൊറിത്തവളതൻ
ആകാശപ്പൂതിയെല്ലാം
മതി മതി വിപരീതരതിലാഭലോഭങ്ങൾ.

5
മതി മറക്കാതിരുന്നാൽ
മതിയാവോളം ജീവിതം  
നല്ല പനിമതി
വഴിയുണ്ട്‌ മതിയുണ്ടേൽ
രാവിലും യാത്രയുണ്ട് 
കയ്യിൽ വെട്ടമുണ്ടേൽ.

പതിയെ മെതിക്കാം മതിയെ
മതിയെ മെരുക്കാം പതിയെ
അഹമ്മതിക്കപ്പുറം ദർശിക്കും
സഹജമാനുഷൻ
ദിവ്യമെതിയടി!

വേണ്ടി വരില്ലവനന്നേരം
കാമക്കൊടുമ്പനി
രാവണൻകോട്ടയിലെ
അന്ധകാരപ്പൊറുതിയും.

6
ഭൂമിയിൽ ഹരിതപൂർണ്ണമാകട്ടെ
സഹജമാനവജീവിത, മതിനു
നീക്കി വെക്കണം പിൻതലമുറക്കായ്
സ്നേഹപരിമളമിത്തിരി, പിന്നെ
അലിവിൻ നേർമ്മയും
സമഗ്രമാം പൊരുളിൻ അറിവും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക