Image

ജോര്‍ജിയ സ്‌കൂള്‍ വെടിവയ്പ്: മരിച്ച നാലു പേരില്‍ 2 രണ്ട് അധ്യാപകരും, അപലപിച്ച് ജോ ബൈഡന്‍

Published on 05 September, 2024
 ജോര്‍ജിയ സ്‌കൂള്‍ വെടിവയ്പ്: മരിച്ച നാലു പേരില്‍ 2 രണ്ട് അധ്യാപകരും, അപലപിച്ച് ജോ ബൈഡന്‍

ജോര്‍ജിയ:  സ്‌കൂളിലുണ്ടായ വെടിവയ്പിൽ  നാലു പേര്‍ കൊല്ലപ്പെട്ടു. ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ വിദ്യാര്‍ഥികളും രണ്ടു പേര്‍ അധ്യാപകരുമാണെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റി.

പ്രതിയായ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥി പതിനാലുകാരനായ കോള്‍ട്ട് ഗ്രേയെ കസ്റ്റഡിയിലെടുത്തെന്നും പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തുമെന്നും പ്രായപൂർത്തിയായ  വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ് ഹോസെ വ്യക്തമാക്കി. ഏതു തരം തോക്കാണ് പ്രതി ഉപയോഗിച്ചതെന്നും വെടിവയ്പിലേക്കു നയിച്ച കാരണം സംബന്ധിച്ചും വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല.

ആൾജിബ്ര ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കോൾട്ട് ഗ്രേ പിന്നീട് തിരിച്ചെത്തിയെങ്കിലും തോക്ക് കണ്ട്  മറ്റു വിദ്യാർത്ഥികൾ വാതിൽ തുറന്നില്ല. ഇതേതുടർന്ന് മറ്റൊരു ക്ലാസ് റൂമിൽ ചെന്നതായിരുന്നു വെടിവച്ചത്.

അറ്റ്‌ലാന്റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് സംഭവം. ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസുകളില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥികള്‍ സമീപമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് അഭയം തേടിയത്. സ്ഥിതി നിയന്ത്രണത്തിലാണെന്ന് സ്‌കൂള്‍ വക്താവ് അറിയിച്ചു. വെടിവയ്പിനു മുന്‍പ് സ്‌കൂളില്‍ ഭീഷണി സന്ദേശങ്ങൾ  എത്തിയെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പ്രസിഡന്റ് ജോ ബൈഡന്‍ വെടിവയ്പിനെ അപലപിച്ചു. വെടിവയ്പിനെ അര്‍ത്ഥശൂന്യമായ ദുരന്തമെന്നു വൈസ് പ്രസിഡന്റും പ്രസിഡന്റ്   സ്ഥാനാര്‍ഥിയുമായ കമല ഹാരിസ് വിശേഷിപ്പിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക