മാർച്ചിൽ ഫിലാഡൽഫിയയിലെ I-95 ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച കേസിൽ ഇന്ത്യൻ അമേരിക്കൻ ഡിംപിൾ പട്ടേൽ (23) പോലിസിൽ കീഴടങ്ങി. ഫിലാഡൽഫിയയിൽ മെഡിക്കൽ വിദ്യാർഥിനിയായ പട്ടേൽ അപകട സമയത്തു മദ്യപിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. വാഹനം ഹാൻഡ്‌സ്-ഫ്രീ മോഡിൽ ആയിരുന്നു.
ഓഗസ്റ്റ് 28നാണു കുറ്റം ചുമത്തിയത്. ചൊവാഴ്ച രാവിലെ പട്ടേൽ കീഴടങ്ങി.
മാർച്ച് 3 പുലർച്ചെ 3:15നാണു അപകടം ഉണ്ടായതെന്നു പോലീസ് പറയുന്നു. ടോലോബിക് എസെൻബെക്കോവ്, ആക്ടിലേക് ബാക്റ്റിബെക്കോവ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിർത്തിയിട്ടിരുന്ന അവരുടെ കാറിനു പിന്നിൽ പട്ടേൽ ഓടിച്ചിരുന്ന ഫോർഡ് മസ്താങ് കാർ ചെന്ന് ഇടിക്കുകയായിരുന്നു.
പട്ടേൽ 71--72 മൈൽ സ്പീഡിലാണ് കാർ ഓടിച്ചിരുന്നതെന്നു പോലീസ് പറയുന്നു. നാലു കാറുകളാണ് അപകടത്തിൽ പെട്ടത്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡ്രൈവർമാർ നിയന്ത്രണം തിരിച്ചു പിടിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കണമെന്നു പോലീസ് പറഞ്ഞു. ഫോർഡിന്റെ ബ്ലൂ ക്രൂസ് സംവിധാനം പൂർണമായും സ്വതന്ത്രമല്ലെന്നു കമ്പനി ചൂണ്ടിക്കാട്ടി.
ഓട്ടോമാറ്റിക് സംവിധനത്തിന്റെ പരാജയം ആണെങ്കിൽ ഡ്രൈവർ മദ്യപിച്ചിരുന്നു എന്നതു കൊണ്ടു മാത്രം അതൊരു കൊലക്കുറ്റം ആവുന്നില്ലെന്നു പട്ടേലിന്റെ അഭിഭാഷകൻ പറഞ്ഞു. പെൻസിൽവേനിയയിൽ അത്തരം സാഹചര്യം കൈകാര്യം ചെയ്യുന്ന നിയമം താൻ കണ്ടിട്ടില്ല.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു ഫോർഡ് പറഞ്ഞു.