രാഷ്ട്രീയക്കാരെ കുറിച്ച് തന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷയ്ക്കു വളരെ മോശപ്പെട്ട അഭിപ്രായമാണ് ഉള്ളതെന്നു റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സെനറ്റർ ജെ ഡി വാൻസ് പറയുന്നു. ഒട്ടു മിക്ക രാഷ്ട്രീയക്കാരും നികൃഷ്ട ജീവികളാണെന്നാണ് അവരുടെ അഭിപ്രായമെന്നും ഡൊണാൾഡ് ട്രംപിന്റെ വി പി സ്ഥാനാർഥി വെളിപ്പെടുത്തി.
ഇന്ത്യൻ വംശജയായ ഉഷയ്ക്കു കരുത്തു കിട്ടാൻ പ്രാർഥന ആവശ്യമാണെന്നും അരിസോണയിലെ മെസായിൽ പ്രചാരണം നടത്തുമ്പോൾ വാൻസ് പറഞ്ഞു.
" അവർ രാഷ്ട്രീയ വ്യക്തിയല്ല, അവർക്കു രാഷ്ട്രീയം ഇഷ്ടമല്ല. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് അവർ എന്നോടു പറഞ്ഞു, രാഷ്ട്രീയത്തിൽ ഒട്ടു മിക്കവാറും നികൃഷ്ടരാണെന്നാണ് താൻ കരുതുന്നത് എന്ന്.
"ശരിയാണ് പ്രിയേ, ഞാൻ പറഞ്ഞു. നാലഞ്ചു പേരൊഴികെ എല്ലാവരും അങ്ങിനെയാണ്."
എന്തായാലും താൻ സ്ഥാനാർഥിയായ ശേഷം ഉഷ ഏറെ ഉഷാറിലായെന്നു വാൻസ് പറഞ്ഞു. "അവർ അവിശ്വസനീയ ഗുണങ്ങളുള്ള സ്ത്രീയാണ്. മികച്ച പ്രസംഗിക. റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ അവർ മികച്ച പ്രകടനം കാഴ്ചവച്ചു."
ട്രംപിനു നേരിയ ലീഡ് ഉണ്ടെന്നു റിയൽക്ലിയർപൊളിറ്റിക്സ് പറയുന്ന അരിസോണയിൽ കടുത്ത പോരാട്ടത്തിനിടയിലാണ് വാൻസ് എത്തിയത്. ടൗൺ ഹാൾ ശൈലിയിലുളള യോഗത്തിൽ ചൈനയിൽ നിന്നുള്ള ഭീഷണി അദ്ദേഹം ഉയർത്തിക്കാട്ടി.
ഇറാനെ അടിച്ചു തീർക്കാൻ ഇസ്രയേലിനു സഹായം നൽകണമെന്നു വാൻസ് പറഞ്ഞു. പിന്നീട് യുഎസിനു ചൈനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
Usha Vance thinks most politicians are 'scumbags'