ജോർജിയയിലെ അപ്പലേച്ചി ഹൈസ്കൂളിൽ ബുധനാഴ്ച വെടിയേറ്റു മരിച്ച രണ്ടു കുട്ടികളിൽ ഒരാൾക്കു ഓട്ടിസം ബാധിച്ചിരുന്നുവെന്നു പോലീസ് വെളിപ്പെടുത്തി. മെയ്‌സൺ ഷെർമെർഹോൺ (14) കൊല്ലപ്പെട്ടെന്നു കുടുംബം സ്ഥിരീകരിച്ചു.
സമപ്രായക്കാരനായ ക്രിസ്റ്റിൻ ഏയ്ഞ്ചലോ ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ കുട്ടി. റിച്ചാർഡ് ആസ്പിൻവാൾ (39), ക്രിസ്റ്റിന ഇറൈമി (53) എന്നീ മാത്‍സ് അധ്യാപകരും കൊല്ലപ്പെട്ടു.
ഒരു അധ്യാപകനും 9 കുട്ടികളും പരുക്കേറ്റു ആശുപത്രിയിലുണ്ട്.
സഹപാഠിയായ കോൾട്ട് ഗ്രെയെ ആണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.
"എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് എനിക്കറിയില്ല," ബറോ കൗണ്ടി ഷെറിഫ് ജൂഡ് സ്മിത്ത് പറഞ്ഞു. "ഒരു പക്ഷെ നമുക്ക് ഒരിക്കലും അറിയാൻ കഴിഞ്ഞെന്നു വരില്ല."
പ്രായപൂർത്തിയായ പ്രതി എന്ന നിലയ്ക്കാണ് കോൾട്ടിന്റെ മേൽ കുറ്റം ചുമത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.
"എല്ലാവർക്കും ഇതൊരു പേടിസ്വപ്നമാണ്," ഗവർണർ ബ്രയാൻ കെംപ് പറഞ്ഞു.
കോൾട്ട് ഗ്രെ കഴിഞ്ഞ വർഷം മുതൽ എഫ് ബി ഐയുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നു റിപോർട്ടുണ്ട്. സ്കൂളിൽ വെടിവയ്‌പ് നടത്തുമെന്ന് ഇന്റർനെറ്റിൽ ഭീഷണി ഉയർത്തിയതാണ് കാരണം.
ഭീഷണി ചൂണ്ടിക്കാട്ടി 2023 മേയിൽ നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നു എഫ് ബി ഐ അറ്റ്ലാന്റ ഓഫിസ് പറഞ്ഞു. അന്ന് 13 വയസുള്ള കോൾട്ടിനോടും പിതാവിനോടും എഫ് ബി ഐ സംസാരിച്ചു.
അന്നത്തെ ഭീഷണിയും പുതിയ സംഭവവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നു ജോർജിയ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്റ്റർ ക്രിസ് ഹോസെ പറഞ്ഞു.
Autistic boy among dead at Ga school