ഒരു ഊഞ്ഞാലാട്ടത്തിന്റെ നടന്ന കഥയാണിത്. എന്റെ ഒക്കെ ചെറുപ്പകാലത്ത് ഓണം എന്നാല്‍ വീടും പരിസരവും വൃത്തിയാക്കുക. പിന്നെ ഊഞ്ഞാലിടുക. ആണ്‍കുട്ടികള്‍ ഏറ്റവും ഉയരത്തില്‍ ഊഞ്ഞാലിടുക. അതില്‍ അതിവേഗത്തില്‍ ആടുക അതൊക്കെയാണ് കൗമാരക്കാരായ ആണ്‍പിള്ളേര്‍ പെണ്‍കുട്ടികളുടെ മുന്നില്‍ അല്ലെങ്കില്‍ അവരുടെ മനസ്സില്‍ ഒരിടം നേടാന്‍ നടത്തുന്ന കസര്‍ത്തുകള്‍. എനിക്ക് പൊടിമീശ കിളര്‍ത്തകാലം. ഏതു പെണ്ണിനേയും പ്രേമിക്കുന്ന മനസ്സ്. ഏറ്റവും ഉയരത്തില്‍ ഊഞ്ഞാലു കെട്ടുക എന്നത് എ്‌ന്റെ ദൗത്യമായി മാറി. വീടിന്റെ മുന്‍വശത്തുള്ള ഒരു വലിയ പ്ലാവിന്റെ ഉയര്‍ന്ന കൊമ്പില്‍ ഊഞ്ഞാലു കെട്ടുക. അത് അത്ര എളുപ്പമല്ല. എന്നേ കൊണ്ട് സാധിക്കുകയുമില്ല. ഇനി എന്താണ് മാര്‍ഗം? എന്റെ കുബുദ്ധിയില്‍ ഒരു വളഞ്ഞ മാര്‍ഗ്ഗം തെളിഞ്ഞു. മരം കയറ്റക്കാരനായ ദാമോദരനെ ആശ്രയിക്കുക. ദാമോരന് കള്ള് വാങ്ങി കൊടുക്കുക. അങ്ങിനെ കട്ടും, വെട്ടിച്ചും ഉണ്ടാക്കിയ പൈസയ്ക്ക് ദാമോരനെ വശത്താക്കി ആരുമറിയാതെ ഞാന്‍ ഊഞ്ഞാല്‍ കെട്ടിയതാക്കി എന്റെ പേരിലുമാക്കി- ചെരിപുറത്തു കരോട്ടെ ഔസേപ്പച്ചന്റെ ഊഞ്ഞാല്‍. മറ്റു കുട്ടികള്‍ പറഞ്ഞു, എ്ന്നാലും നിന്നെ സമ്മതിക്കണം, ഇത്രയും ഉയരത്തില്‍ ഊഞ്ഞാല്‍ നീ കെട്ടിയല്ലോ.
ദേവസം ബോര്‍ഡിന്റെ വക ആനയുടെ കഴുത്തില്‍ അവിടത്തെ തൂപ്പുകാരനായ വാസു ഒരു മണികെട്ടാന്‍ അനുവാദം ചോദിച്ചു. നിര്‍ദോഷകരമായ ഒരാഗ്രഹമല്ലേ, കെട്ടിക്കോളാന്‍ അനുവാദം കൊടുത്തു. മണിയില്‍ വാസു എഴുതിവെച്ചു 'വാസുവക.' അങ്ങിനെ ചക്കാത്തില്‍ ആന വാസു വകയായി മാറി.
ആദ്യ ദിവസം തന്നെ ഊഞ്ഞാലില്‍ ഞാന്‍ കയറി ഇരുന്നു. ഊഞ്ഞാല്‍ എന്റെ വകയാണല്ലോ എന്റെ അനുജന്‍മാര്‍ കയറാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അവന്മാരെ നിഷ്‌കരുണം തള്ളിമാറ്റി പറഞ്ഞു. ഊഞ്ഞാല് എ്‌ന്റേതാണ്, ഞാന്‍ കയറിക്കഴിഞ്ഞ് നിങ്ങള്‍ക്ക് കയറാം ഇപ്പോള്‍ എന്നെ ഉന്തുക. അടുത്ത ഊഴം അവരുടെയാണല്ലോ, ആടാമല്ലോ എന്ന അടങ്ങാത്ത ആശയാല്‍ അവരെ എന്നെ ഉന്തികൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയലത്തെ സുന്ദരിമാര്‍, പട്ടുപാവാടക്കാരികള്‍ ഓരോരുത്തരായി ഊഞ്ഞാലിനടുത്തേയ്ക്ക് വരവായി. അവരിലൊരു സുന്ദരിയുടെ കളമൊഴി 'എന്നെ ഒന്നാട്ടാമോ ചേട്ടാ.' ഉറങ്ങി കിടന്ന എന്നിലെ കാമുകന്‍ ഉണര്‍ന്നു. നിര്‍ത്തെടാ ഊഞ്ഞാല്‍ എന്നാക്രോശിച്ചുകൊണ്ട് ഞാന്‍ ചാടി ഇറങ്ങി. ആ സുന്ദരിയെ ഇരുത്തി ഞാന്‍ തന്നെ ഊഞ്ഞാലാട്ടി. അനുജന്മാരില്‍ ഒരു മെനകെട്ടവന്‍ ചോദിച്ചു 'ഞങ്ങളെ ആട്ടാമെന്നാണല്ലോ പറഞ്ഞത്.' ഫ' എന്നൊരാട്ടു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു. ഇതാ നിങ്ങള്‍ക്കുള്ള 'ആട്ട്'.
വെള്ളിമണികിലുങ്ങുന്നതുപോലെ സുന്ദരിമാര്‍ ചിരിച്ചു. ഓണത്തിന് ഇനി എന്ത് വേണം. അങ്ങിനെ പിറ്റേ ദിവസവും ഊഞ്ഞാലാടാന്‍ വരണമെന്നുള്ള ഊഞ്ഞാല്‍ ബന്ധത്തില്‍ ഞങ്ങള്‍ പിരിഞ്ഞു. അന്ന് രാത്രി മധുരസ്വപ്‌നങ്ങള്‍ കണ്ട് ഞാനുറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ എനിക്കു മുമ്പേ എന്റെ അനുജന്മാര്‍ ഊഞ്ഞാലിന്റെ അടുത്ത് എത്തിയിരുന്നു. എന്നെ കണ്ടതും ഭവ്യതയോടെ 'ചേട്ടന്‍ ഇരുന്നാട്ടെ ഞങ്ങള്‍ ആട്ടിത്തരാം' എന്ന് പറഞ്ഞു. ഇത്രയും സ്‌നേഹവും ബഹുമാനവും ഉള്ള അനുജന്മാര്‍ ഉണ്‌ല്ലോ എന്ന അഭിമാനത്തോടെ ഞാന്‍ ഊഞ്ഞാലില്‍ കയറി ഇരുന്നു. ഊഞ്ഞാല്‍ പതിയെ പതിയെ ആടിതുടങ്ങി, നല്ല രസം, സുന്ദരികള്‍ പതിയെ പതിയെ ഊഞ്ഞാലിനടുത്തേക്ക് വന്നു തുടങ്ങി. എനിക്കാവേശം കൂടി ഞാന്‍ പറഞ്ഞു 'ആട്ടെടാ കുറച്ചു കൂടെ വേഗത്തില്‍, സ്പീഡ് പോരാ'. ഊഞ്ഞാലിന്റെ വേഗം കൂടി കുതിച്ചുയര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന എന്തോ സംഭവിച്ചു. ഓര്‍മ്മവന്നപ്പോള്‍ എന്റെ മുട്ടുചിരട്ട പൊട്ടി, ഇടതുകൈ ഒടിഞ്ഞു. പിന്നെ എവിടെ ഒക്കെയോ പരിക്കുകള്‍.
എ്ന്താണ് നടന്നതെന്ന് വര്‍ഷങ്ങള്‍ക്കുശേഷം അനുജന്മാരില്‍ ഒരുവന്‍ മറ്റവനുമായി പിണങ്ങിയപ്പോള്‍ എന്നോടു പറഞ്ഞു. ഞങ്ങള്‍ രാവിലെ എഴുന്നേറ്റ് ഊഞ്ഞാലിന്റെ കയര്‍ മുറിച്ചു.'
നിങ്ങള്‍ ചോദിച്ചേക്കാം ഈ അനുജന്മാര്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്ന്. അവന്മാര്‍ ഇപ്പോഴും എന്റെ ഊഞ്ഞാലിന്റെ കയര്‍ മുറിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു!!!
‘എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റേയും ഓണാശംസകള്‍’