നാനൂറു പേര്‍ മരിച്ച വയനാട്ടിലെ മേപ്പാടി ദുരന്തത്തിന് ഒരു മാസം കഴിയുമ്പോള്‍ വീടും കുടിയും നഷ്ട്ടപെട്ടവരെ ആയിരം ച.അടി വിസ്താരമുള്ള വീടുകള്‍ പണിതു പുനധിവസിപ്പിക്കാനായുള്ള പദ്ധതിക്ക് ഗവര്‍മെന്റ് അന്തിമരൂപം നല്കി.
ഭൗമ സ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമല, മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തും സൂക്ഷ്മ പരിശോധന നടത്തിയ ശേഷം അവിടെത്തന്നെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നകലത്തില്‍ ടൗണ്ഷിപ്പ് പണിത് ദുരിത ബാധിതരെ കുടിയിരുത്താനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
പ്രകൃതി തകര്‍ത്ത മേപ്പാടി വീടുകളില്‍ ഒന്നിന്റെ ബാക്കി പത്രം
ധൂര്‍ത്തും കെടുകാര്യസ്ഥതയും കയ്യിട്ടുവാരലും മൂലം മുമ്പു നടത്തിയ പുനധിവാസ പദ്ധിതികള്‍ പലതും പാളിപ്പോയ അവസ്ഥ കേരളത്തിലുണ്ട്. സുനാമി മുതല്‍ പ്രളയവും മേഘവിസ്‌ഫോടനവും വരെ കണ്ട കേരളത്തില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ളപദ്ധതികള്‍ പലതും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ നില്‍ക്കുന്നു.
അതോടൊപ്പം മാതാ അമൃതാനന്ദമയി മഠം പോലുള്ള സ്ഥാപനങ്ങള്‍ പണിതു നല്‍കിയ വീടുകള്‍ ഇന്നും ഭംഗിയായി നിലകൊള്ളുന്നു. 2020ല്‍ മുന്നാറിനടുത്ത് പെട്ടിമുടിയില്‍ 70 പേരുടെ മരണത്തിനു ഇടയാക്കിയ മണ്ണിടിച്ചിലില്‍ വീട് നഷ്ട്ടപെട്ടവര്‍ക്കു കണ്ണന്‍ ദേവന്‍ കമ്പനി പണിത വീടുകളും ആകര്‍ഷകമാണ്.
അസ്ഥിവാരം ഇടിഞ്ഞു ചെരിഞ്ഞവീടുകളില്‍ ഒന്ന്
വയനാടിനോട് മുട്ടിയുരുമ്മി കിടക്കുന്ന മലപ്പുറം ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയോടടുത്തുള്ള മണിമൂളിയില്‍ ഏഴര ലക്ഷത്തിന്റെ ഒരു വീട് പണിപൂര്‍ത്തിയായി വരുന്നതു ഞാന്‍ കണ്ടു. ഗവര്‍മെന്റ് പ്രഖ്യാപിച്ച വലിപ്പം--ആയിരം ചതുരശ്രയടി-അതിനുമുണ്ട്. നാലുമാസം മുമ്പ് പണി ആരംഭിച്ച കെട്ടിടത്തിന്റെ റൂഫ് ഒരാഴ്ചകക്കകം വാര്‍ക്കും.
മണിമൂളി ക്രൈസ്‌റ് ദി കിംഗ് ദേവാലയത്തിലെ വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി സൗജന്യമായി പണിതു നല്‍കുന്ന 45 ആമത്തെ വീടാണത്. മുപ്പതുവര്‍ഷം മുമ്പ് തുടങ്ങിയ ഭവന പദ്ധതി. തടിയുടെ മേല്‍പ്പുരയില്‍ ഓട് പാകി പണിത പഴയ കെട്ടിടം മഴയത്തു ചോര്‍ന്നു പ്ലാസ്റ്റിക് ഷീറ്റു പൊതിഞ്ഞു നിര്‍ത്തിയിരുക്കുകയാണ്. അതിനു പകരമാണ് പുതിയ കെട്ടിടം-മൂന്ന് കിടപ്പുമുറി, സിറ്റൗട്ട്, ഹാള്‍, അടുക്കള, ശുചിമുറി എന്നിങ്ങനെ. സ്ഥലം ഉടമയുടേത്.
മണിമൂളിയില്‍ പണി തീരുന്ന ഏഴര ലക്ഷത്തിന്റെ വീട്
കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ ചെറിയ പണിചെയ്തിരുന്ന ജെയിംസ് കോഴിപ്പാലത്തിനും മറിയക്കുട്ടിക്കു മാണ് പുതിയ വീട് കിട്ടാന്‍ ഭാഗ്യമുണ്ടായത്. പ്രായവും ആരോഗ്യപ്രശനങ്ങളും മൂലം ദമ്പതികള്‍ക്ക് ജോലി ചയ്യാന്‍ പറ്റില്ല. അവരുടെ രണ്ടു ആണ്‍മക്കള്‍ വീട് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.
മൂന്നു പതിറ്റാണ്ടു കുവൈയ്റ്റില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്തിരുന്ന കാലത്തു താന്‍ നല്‍കിയ അമ്പതിനായിരം രൂപകൊണ്ട് മൂന്ന് വീടുകള്‍ നിര്‍മ്മിച്ചാണ് പദ്ധതി തുടങ്ങിയതെന്ന് മണിമൂളി സ്വദേശി ജെയിംസ് വടശ്ശേരി പറയുന്നു. അന്ന് അദ്ദേഹം കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു.
വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസി. രാരിച്ചന്‍ തോമസും വീട് ലഭിക്കുന്ന ജെയിംസും
ആദ്ദേഹത്തിന്റെ ജേഷ്ടന്‍ ലഫ്. കേണല്‍ ജോസഫ് വടശ്ശേരി പ്രസിഡന്റായി മണിമൂളിപള്ളിയില്‍ ആരംഭിച്ചതാണ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി. അന്തരിച്ച ജേഷ്ടന്റെ ദൗത്യം ജെയിംസ് പിന്തുടരുന്നു.
ജെയിംസ് (82) ത്രേസ്യാക്കുട്ടിയുമൊത്ത് മണിമൂളിയിലെ തെങ്ങില്‍ തോപ്പില്‍ പണിത വീട് നോട്ടക്കാരനെ ഏല്‍പ്പിച്ചിട്ടു അടുത്ത കാലത്തു ബെംഗളൂരു സൗത്തില്‍ കെ ആര്‍ പുരത്തിനു സമീപത്തുള്ള ഒരു ടൗണ്‍ഷിപ്പിലേക്കു കുടിയേറി. കോവ് റിസ്‌ക്‌സ് എന്ന അഡൈ്വസറി സ്ഥാപനം നടത്തുന്ന മകന്‍ ലിജുവും തൊട്ടു ചേര്‍ന്നുണ്ടെന്നതാണ് ആശ്വാസം.
സഹായം എത്തിച്ച ജെയിംസ് വടശേരിയും ത്രേസ്യാമ്മയും ബെങ്കലൂരു ടൗണ്‍ഷിപ്പില്‍
പന്ത്രണ്ടര ഏക്കറിലാണ് സില്‍വര്‍ കോണ്‍കോര്‍ഡ് എന്ന ടൗണ്ഷിപ്. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് സിറ്റി ഫേസ് 2 വില്‍ പന്ത്രണ്ടര ഏക്കറില്‍ ഇരുനൂറിലേറെ വീടുകള്‍. പാര്‍ക്കിലെന്ന പോലെ നടക്കാന്‍ കഴിയുന്ന ഗാര്‍ഡനുണ്ട്. പള്ളിയും അമ്പലവും മോസ്‌കും തൊട്ടടുത്ത്. നല്ലസ്‌കൂളുകളും.
കേരളത്തിലേക്ക് ദിവസവും സര്‍വീസുള്ള ഐലന്‍ഡ് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ പുറപ്പെടുന്ന ഇടമാണ് കെആര്‍ പുരം. പത്തു കി മീ അടുത്ത് കര്‍മ്മേല്‍ രാം എന്ന സ്റ്റേഷനുമുണ്ട്. മെട്രോ ഡിസംബറില്‍ എത്തും. ദേവനഹള്ളിയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് 65 കി മീ അടുത്ത്.
എണ്‍പതാം പിറന്നാള്‍ കന്നഡ ശൈലിയില്‍
ടൗണ്ഷിപ് പണിയുമ്പോള്‍ ഗാര്‍ഡനും ആരാധനാകേന്ദ്രങ്ങളും പള്ളിക്കൂടവുമെല്ലാം ഉറപ്പുവരുത്തണമെന്നാണ് ജെയിംസ് വടശേരിയുടെ പക്ഷം. മേപ്പാടിക്കടുത്ത് അഞ്ചു കേന്ദ്രങ്ങള്‍ ജോണ്‍ മത്തായി സമിതി ശുപാര്‍ശ ചെയ്തു-മേപ്പാടി, വൈത്തിരി, മൂപ്പൈനാട് പഞ്ചായത്തുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലുമുള്ള അഞ്ചിടങ്ങള്‍.
മേപ്പാടിക്കടുത്ത് വെറുതെയിട്ടിരിക്കുന്ന സ്വകാര്യ തേയില തോട്ടങ്ങള്‍ ഉണ്ട്. പരിചരിക്കുകയോ കൊളുന്തെടുക്കുകയോ ചെയ്യാത്ത തോട്ടങ്ങള്‍. ഉടമസ്ഥരുമായി പര്യാലോചിച്ച് ടൗണ്‍ഷിപ്പിനു വേണ്ട സ്ഥലം മര്യാദ വിലക്കു വാങ്ങാന്‍ സര്‍ക്കാരിന് കഴിയും. പരിസ്ഥിതി ലോല പ്രദേശം അല്ല താനും.
പഞ്ച നക്ഷത്ര റിസോര്‍ട് വയനാട് സില്‍വര്‍ വുഡ്സും ഉടമ ഡോ. ജയാ ബെന്നിയും
കുവൈറ്റില്‍ നിന്ന് മടങ്ങി വന്നിട്ട് രണ്ടു പതിറ്റാണ്ടു ആയെങ്കിലും വയനാട്ടില്‍ ഭൂമിവാങ്ങാത്ത ആളാണ് ജെയിംസ്. പക്ഷെ ജ്യേഷ്ടന്‍ കേണല്‍ ജോസഫിന്റെ മകള്‍ ഡോ. ജയക്കും ഭര്‍ത്താവ് ബെന്നിക്കും കൂടി പടിഞ്ഞാറെത്തതറയ്ക്കു സമീപം പൊഴുതനയില്‍ ബാണാസുര ഡാമിലേക്ക് മിഴി നട്ടു വന്‍ റിസോര്‍ട്ട് ഉണ്ട്-വയനാട് സില്‍വര്‍ വുഡ്സ്. 13 ഏക്കറില്‍ വില്ലകളും ഡീലക്‌സ് റൂമുകളുമായി 55 എണ്ണം.
കാപ്പിയും തേയിലയും കുരുമുളകും അവിടെ റബറുമായിരുന്നു ഒരുകാലത്ത് വയനാടിന്റെ സമ്പദ്വ്യവസ്ഥയുടെ കാതല്‍. എന്നാല്‍ അതുമാറി ടൂസിസം ആയിട്ട് കാലങ്ങളായി. വന്‍കിട റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമായി ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ വയനാട്ടില്‍ ഉണ്ട്. മഴയും തണുപ്പും കോട മഞ്ഞും ഓഫ്റോഡ് സവാരിയുമെല്ലാം എക്കാലവും വയനാടിനെ ആകര്‍ഷകമാക്കുന്നു.
മാനന്തവാടിയില്‍ 520 ഏക്കറില്‍ ഫ്രിഞ് ഫോറെസ്‌റ് എസ്റ്റേറ്റ് ബംഗ്ളാവ്
എന്നാല്‍ 2019ല്‍ മേപ്പാടിക്കടുത്ത് പുത്തുമലയില്‍ 17 പേരുടെയും 2024 ല്‍ അവിടെതന്നെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, അട്ടമല മേഖലയില്‍ നാനൂറു പേരുടെയും മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുകള്‍ മൂലം വയനാടു മുഴുവന്‍ അപകടമേഖലയാണെന്ന തെറ്റിധാരണ പരന്നിരിക്കയാണ്. റിസര്‍വേഷനുകള്‍ ഒന്നൊന്നായി റദ്ദാക്കപെട്ടു. അതില്‍ നിന്നു കര കയറി വരുന്നതേയുള്ളുവെന്നു സില്‍വര്‍ വുഡ്സ് ജനറല്‍ മാനേജര്‍ ഉല്ലാസ് പറയുന്നു.
റിസോര്‍ട്ടുകളെയും ഹോംസ്റ്റേകളയും ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് വയനാട്ടുകാരുടെ ജീവനോപാധിയാണ് അത്യാഹിതത്തില്‍ പെട്ടിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചവരെ അന്തസ്സോടെ പുനധിവസിപ്പിക്കണം. എങ്കിലേ വയനാടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയൂ എന്ന് അമൃത മെഡിക്കല്‍ കോളജിലെ ജോലി വേണ്ടെന്നു വച്ച് സില്‍വര്‍ വുഡ്സിന്റെ നടത്തിപ്പില്‍ മുഴുവന്‍ ശ്രദ്ധ യും നല്‍കുന്ന ഡോ. ജയ ബെന്നി പറയുന്നു.
ബാണാസുരക്കടുത്ത് കുറ്റിയാംവലയിലെ മൗണ്ടന്‍ ഷാഡോസ്
കോണ്ടിനാസ്‌റ് ട്രാവലറില്‍ ലിസ്റ്റ് ചെയ്യപ്പെട്ട റിസോര്‍ട് ആണ് സിവര്‍ വുഡ്സ്. അതുപോലൊന്നു തൊട്ടടുത്തുണ്ട്-കുറ്റിയാംവയലിലെ മൗണ്ടന്‍ ഷാഡോസ്. മാനന്തവാടിയില്‍ ഇംഗ്‌ളീഷുകാര്‍ 520ഏക്കറില്‍ സ്ഥാപിച്ച ഫ്രിഞ്ജ് ഫോറസ്‌റ് എസ്റ്റേറ്റ് ബംഗ്‌ളാവ് മറ്റൊന്ന്. അപകടം സംഭവിച്ച മുണ്ടക്കൈയിലെ വായോ ബബിള്‍സും ലിസ്റ്റില്‍ ഉണ്ട്. പക്ഷെ അതിപ്പോള്‍ അടച്ചിട്ടിരിക്കുന്നു.
ചിത്രങ്ങള്‍
1. ഭൗമ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയും വിദഗ്ദ്ധ സംഘവും വയനാട്ടില്‍