വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ ഇക്കൊല്ലം നടത്തുന്നില്ലന്നു കേരള സർക്കാർ തീരുമാനിക്കുമ്പോൾ, പുലിക്കളി കലാകാരന്മാർ ലക്ഷങ്ങൾ ചിലവു വരുന്ന തയ്യാറെടുപ്പുകളുമായി ബഹുദൂരം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞിരുന്നു.
കൗൺസിലർമാർ പുലിമുഖങ്ങൾ അണിഞ്ഞുകൊണ്ടു തൃശ്ശൂർ കോർപ്പറേഷൻ ഭരണസമിതി യോഗത്തിനെത്തി പ്രതിഷേധിച്ചതുൾപ്പെടെയുള്ള എതിർവാദങ്ങൾ കനത്തപ്പോഴാണ് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് പുലിക്കളി തടത്താൻ തടസ്സമില്ലെന്നും ധനസഹായം പതിവുപോലെ നൽകുമെന്നും അറിയിച്ചത്. തൃശ്ശൂരിലെ പാർലിമെൻ്റ് അംഗവും, കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും ധനസഹായ വാഗ്ദാനങ്ങളുമായെത്തി. കലാകാരന്മാരുടെയും പുലിക്കളിപ്രേമികളുടെയും ആശങ്കകൾക്ക് ഇതോടെ അവസാനമായി.
കേരള ടൂറിസം വാരാഘോഷത്തിൻ്റെ അന്തിമ ദിന ഇനമായി സംസ്ഥാനത്തിൻ്റെ സാംസ്കാരിക തലസ്ഥാനത്തെ സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന പുലിക്കളി, തൃശ്ശൂർ പൂരത്തിനുള്ളത്ര ആവേശത്തിൽ തന്നെ നെഞ്ചിലേറ്റുന്നവർ അനവധിയാണ്.
"പുലിക്കളിയും പൂരവും ഞങ്ങളുടെ വികാരം. അവ അതിജീവിക്കുന്നത് ഞങ്ങളുടെ ചോരയിലാണ്. പ്രളയവും കൊറോണയും ഇവിടെ വന്നിരുന്നു, പക്ഷേ, അവയ്ക്ക് അവതരണങ്ങൾ മാത്രമേ തടയാനായുള്ളൂ. അതത് മടകളിൽ ഞങ്ങളുടെ പുലികൾ ഭദ്രമായി അതിജീവിച്ചു. ഇപ്പോൾ വയനാട് ദുരന്തം, വളരെ ദുഃഖമുണ്ട്. എന്നാൽ, ശക്തൻ തമ്പുരാൻ്റെ തട്ടകത്തിലെ പുലികൾക്ക് വംശനാശമില്ല! തെളിച്ചമുള്ള പ്രഭാതത്തിൽ അവ പുറത്തിറങ്ങുക തന്നെ ചെയ്യും," റൗണ്ട് സൗത്തിലെ പുസ്തക വ്യാപാരി ജോൺസൺ തട്ടിൽതെക്കുമ്പത്ത് ആവേശം കൊണ്ടു!
കലണ്ടറുകളിൽ സാധാരണ അച്ചടിയ്ക്കുന്നതിനു വിപരീതമായി, തിരുവോണം നാൾ ഒന്നാം ഓണമായി കണക്കാക്കിയെത്തുന്ന നാലാം ഓണത്തിൻ്റെയന്നാണ് പണ്ടു മുതലേ പുലിക്കൂട്ടങ്ങളെത്തി പൂരനഗരിയെ പ്രകമ്പനം കൊള്ളിക്കുന്നത്. വ്യക്തം, ഉത്രാടമല്ല ഒന്നാം ഓണം നാൾ. ഇതനുസരിച്ചു സെപ്റ്റംബർ 18-ആം തീയതി ബുധനാഴ്ചയാണ് ഈ വർഷം പുലിയിറങ്ങുക. പൂരുട്ടാതി നാൾ ഉച്ചതിരിഞ്ഞ്.
ഏഴു പുലി മടക്കാർ ഇതിനകം തന്നെ തങ്ങൾ പരാപാടിയ്ക്കു സന്നദ്ധരാണെന്നു അധികൃതരെ അറിയിച്ചിട്ടുണ്ട്. വിയ്യൂർ സെൻ്റർ, വിയ്യൂർ ദേശം, സീതറാം മിൽ ദേശം, പാട്ടുരായിക്കൽ ദേശം, കാനാട്ടുകര ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് സെൻ്റർ എന്നവയാണവ. ധനസഹായം താമസിയാതെ ലഭിക്കുന്ന പക്ഷം കൂടുതൽ മടകളിൽനിന്നു പുലികളെത്തുമെന്നാണ് പ്രതീക്ഷ.
കടുവപ്പുലി, പുള്ളിപ്പുലി, വരയൻപുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതൽ ഇവയുടെയെല്ലാം കുട്ടികളും, കൊച്ചു കുഞ്ഞുങ്ങളും വരെ തൃശ്ശൂർ നഗരത്തെ കഴിഞ്ഞ കാലങ്ങളിൽ കിടിലം കൊള്ളിച്ചിട്ടുണ്ട്!
എൽ.ഇ.ഡി പുലികളും, മിന്നിത്തിളങ്ങുന്ന ഫ്ലൂറസൻറ് പുലികളും, മേലാസകലം അഗ്നിജ്വാലകൾ ഉയർത്തി തലകീഴായ് മറിഞ്ഞു മുന്നോട്ടു നീങ്ങുന്ന 'സർക്കസ്' പുലികളും രാജ്യത്തെ കാടുകളിലെന്നല്ല, ഇടതൂർന്നു വളരുന്ന ആഫ്രിക്കൻ വനാന്തരങ്ങളിൽ പോലും കണ്ടെന്നുവരില്ല!
2016-ൽ, ആദ്യമായി മൂന്നു പെൺപുലികൾ ശക്തൻ തമ്പുരാൻ്റെ രാജവീഥികളിൽ ചീറിയെത്തി തിമിർത്താടിയതോടെ, പുലിക്കളിയ്ക്ക് ആകെയുണ്ടായിരുന്ന ഒരു കുറവ് നികത്തപ്പെട്ടു. അരമണി കിലുക്കി, ഗർജ്ജനം മുഴക്കി, വിയ്യൂർ മടയിൽനിന്ന് പാഞ്ഞെത്തിയ വിനയയും, സക്കീനയും, ദിവ്യയും റൗണ്ടിലെത്തി പുലിനൃത്തമാടാൻ തുടങ്ങിയപ്പോൾ, പൂരനഗരിയിലെ പുരുഷാരം ആർപ്പോട് ആർപ്പ്! വന്യ സുന്ദരികൾക്ക് ആയത്തിൽ ആടാൻ ഇടം ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു ഭീമാകാരന്മാരായ ആൺപുലികൾക്ക്.
തകർന്നു വീണതോ, പുലിക്കളി കലാമേഖലയിലെ പുരുഷ കുത്തക. വിപ്ലവകരമായ ഈ നേട്ടത്തിന് നന്ദി പറയേണ്ടത് പ്രശസ്ത സ്ത്രീശക്തി സംഘടനയായ വിങ്സ് ഓഫ് കേരളയ്ക്കാണ്!
വീക്ക് ചെണ്ടയും, ഉരുട്ട് ചെണ്ടയും, ഇലത്താളവും സൃഷ്ടിച്ച മാസ്മരികമായ പുലിക്കൊട്ടിനൊത്ത്, തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാഡമിയിലെ എസ്.ഐ-യും, കോഴിക്കോട്ടെ ഫേഷൻ ഡിസൈനറും, നിലമ്പൂരിലെ ഹൈസ്കൂൾ അധ്യാപികയും ചുവടുവച്ചു കയറിയത് ജനഹൃദയങ്ങളിലേക്കു മാത്രമായിരുന്നില്ല, ചരിത്രത്തിലേക്കും കൂടിയായിരുന്നു.
"സർക്കാർ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന ഒരു മതേതര ആഘോഷമാണ് പുലിക്കളി. സ്ത്രീകൾക്ക് എന്തുകൊണ്ട് പങ്കെടുത്തുകൂടാ? അതുകൊണ്ടാണ് ഞങ്ങൾ വിയ്യൂർ മടയിലെ സംഘാടകരെ സമീപിച്ചത്. ബോഡി ആർട്ടിനെക്കുറിച്ചും (മെയ്യെഴുത്ത്), വസ്ത്രങ്ങളെക്കുറിച്ചും അവർക്കു ചില ഉൽകണ്ഠകളുണ്ടായിരുന്നു. ഞങ്ങൾ സന്നദ്ധത അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ലിംഗസമത്വം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടെടുത്തു.
വിയ്യൂരുള്ളവർ ഞങ്ങളെ പുലിനൃത്ത ചുവടുകൾ പഠിപ്പിക്കാൻ തുടങ്ങി," ഈയിടെ സർവീസിൽ നിന്നു വിരമിച്ച വിനയ വിവരിച്ചു.
റൗണ്ടിൽ നൃത്തംവച്ചു നീങ്ങിയ തങ്ങളിലേയ്ക്ക് പതിനായിരക്കണക്കിൽ ദൃഷ്ടികൾ കൗതുകത്തിൽ ഒഴുകിയെത്തുന്ന ആ ദൃശ്യം, കാലമെത്ര കഴിഞ്ഞാലും മറക്കാനാവില്ലെന്നും അവർ എടുത്തു പറഞ്ഞു.
വിയ്യൂർ മടയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു, മറ്റു ട്രൂപ്പുകാരും തുടർവർഷങ്ങളിൽ പെൺപുലികളെയിറക്കി. 2019-ൽ, വിയ്യൂർ തന്നെ വീണ്ടും മൂന്നു പെൺപുലികളുമായി റൗണ്ടിലെത്തി. അതിലൊരാളായ പാർവതി നായർ ദൃശ്യ-അച്ചടി മാധ്യമങ്ങൾക്ക് 'വൈറൽ' വിരുന്നൊരുക്കി. സ്ത്രീകൾക്കുള്ള പ്രത്യേക പുലിമുഖാവരണം തലയിലേയ്ക്കു മടക്കിവെച്ച്, സകലർക്കും ചിരി സമ്മാനിച്ചിരുന്ന പാർവതി, പുലിയല്ല 'പുപ്പുലി'യായി മാറിയ കഥ ഇന്നും പൂരനഗരിയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നു!
ആദ്യമായി ഒരു കുട്ടിപ്പുലിയെ റൗണ്ടിലിറക്കി, പുതിയൊരു ട്രെൻഡ് സൃഷ്ടിച്ചത് കോനിക്കര ഗിരീഷാണ്. 2009-ൽ, ഗിരീഷും മകൻ രാഹുലും അച്ഛൻ-പുലി-മകൻ-പുലി കെട്ടിയാടിയത് പ്രേക്ഷകരിൽ വൻ കൗതുകമാണ് ഉണർത്തിയത്! സ്ത്രീ സാന്നിധ്യം പുലിക്കളിയിലെ ആകർഷണമാകുന്നതിനു ഏഴു വർഷം മുന്നെയാണ് ഒമ്പതു വയസ്സുകാരൻ രാഹുൽ കുട്ടിപ്പുലി വേഷമണിഞ്ഞ് പുലിപ്പിതാവുമൊത്ത് നൃത്തം ചെയ്തു പ്രേക്ഷകരെ കുളിരണിയിച്ചത്.
പുലി വേഷമിടുന്ന ഒരു കലാകാരനു വേണ്ട പ്രഥമ യോഗ്യത കുടവയറാണ്. ബൃഹത്തായ ഉദരപ്പുറത്താണ് മേൻമയേറിയ വരകൾ അരങ്ങേറുന്നത്. അയാൾക്ക് ലഭിക്കുന്ന പ്രതിഫലം കർശനമായും വയർ മുഴുപ്പിന് ആനുപാതികവുമാണ്. മുഖാവരണം റെഡി-മേഡ് മാസ്ക് മാത്രമായതിനാൽ, അതത്ര തലപുകയുന്ന കാര്യമേയല്ല. എന്നാൽ, മെയ്യെഴുത്തു കലയുടെ ഏറ്റവും മുന്തിയ മാതൃകയായി കരുതപ്പെടുന്നത് വയറ്റത്ത് വരച്ചുണ്ടാക്കുന്ന പുലിത്തലയാണ്. അതാണ് തൃശ്ശൂർ പുലിയുടെ വാഴ്ത്തപ്പെട്ട മുഖം!
ഇരയെ കടിച്ചു കീറാനുള്ള നീണ്ടു കൂർത്ത പല്ലുകളും, പുറത്തേയ്ക്കു ഞാണ്ടു കിടക്കുന്ന ചോരച്ച നാക്കും, മിന്നിത്തിളങ്ങുന്ന കണ്ണുകളും, പ്രൗഢമായ നാസികയും, ശൗര്യത്തിൽ ഉയർന്നു നിൽക്കുന്ന മീശരോമങ്ങളും ഉൾപ്പെടുന്ന വ്യാഘ്രമുഖം ചേലോടെ രചിക്കാൻ വേണ്ടത്ര ഇടം വയറിന്മേൽ വേണം.
മഗലാപുരം ദസറ മുതൽ കൊൽക്കൊത്തയിലെ കാർണിവൽ വരെയുള്ള പരിപാടികളിൽ പുലികൾ പങ്കെടുക്കുന്നുണ്ട്. പൂരനഗരിയെ പ്രകടനമാണ് അവർക്ക് അവസരങ്ങൾ നേടിക്കൊടുക്കുന്നത്.
താൻ പത്തുപതിനഞ്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ഒന്നിലും മുഖം കാണിക്കാൻ കഴിഞ്ഞില്ലെന്നാണ് ഒരു യുവ പുലികലാകാരൻ പരാതിപ്പെട്ടത്.
"മനുഷ്യ രൂപത്തിലുള്ള ഞങ്ങളെ ആർക്കും വേണ്ട. പുലിക്കോലത്തിലുള്ള ഞങ്ങൾക്കു മാത്രമേ ഡിമേൻഡുള്ളൂ. പ്രശസ്തരായ ചലച്ചിത്ര താരങ്ങൾക്കുപോലും ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണം. പക്ഷേ, പുലിമുഖം എടുത്തു മാറ്റിയാൽ ഞങ്ങൾക്ക് പുല്ലു വില," യുവാവ് ഖേദം പ്രകടിപ്പിച്ചു.
പ്രളയം മൂലം 2018-ലും, മഹാമാരിയാൽ 2020-ലും പുലികൾ റൗണ്ടിൽ ഇറങ്ങിയില്ല. ഒരു പുലിയെങ്കിലും പങ്കുകൊള്ളാത്ത പൊതു ആഘോഷങ്ങളോ, ഘോഷയാത്രകളോ, ഉൽഘാടനങ്ങളോ, പ്രചരണ പരിപാടികളോ, ആഡംബര വിവാഹങ്ങളോ സാധ്യമല്ലാത്തൊരു കാലത്തെയാണ് കോവിഡും പ്രളയവും സമഗ്രമായി ഗ്രഹിച്ചുകളഞ്ഞത്.
"ഒരൊറ്റ ദിവസത്തെ പരിപാടിയാണ് പുലിക്കളിയെങ്കിലും, അതിനു പുറകിൽ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും നാലഞ്ചുമാസത്തെ കഠിനാദ്ധ്വാനമുണ്ട്. ഇത്രയും കാലത്തെ വരുമാന മാർഗവുമാണ് അത് പലർക്കും," നായ്ക്കനാൽ പുലിക്കളി സമാജം പ്രസിഡൻ്റും, വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ ടി. ആർ. ഹരിഹരൻ വിശദമാക്കി.
അമ്പത്തൊന്നു പുലികളും, അത്രതന്നെ പുലിക്കൊട്ടുകാരും, തുറന്ന ട്രക്കുകളിൽ ചുരുങ്ങിയത് ഒരു വൻ ടേബ്ലോയും, പിൻതുണക്കും സേവനങ്ങൾക്കുമായി മുപ്പത്തഞ്ച് സംഘാടകരുമാണ് റൗണ്ടിലെത്തുന്ന ഒരു ട്രൂപ്പിലെ മുന്നണിക്കാർ. അമ്മിക്കല്ലുകളിൽ ചായം അരച്ചുണ്ടാക്കുന്നവരും മെയ്യെഴുത്ത് കലാകാരന്മാരുമുൾപ്പെടെ പത്തറുപതു പേർ അണിയറയിലും അത്യാശ്യമാണ്.
"എല്ലാം നടക്കുന്നത് നഗരസഭയുടെ മേൽനോട്ടത്തിലാണ്. പുലിക്കൊട്ട് അതിൻ്റെ ആ മനോഹാരിയായ ശ്രുതിയിൽ തന്നെ ആയിരിക്കണമെന്നും, പഞ്ചാരിയിലേക്കോ, ശിങ്കാരിയിലേക്കോ വഴുതി വീഴരുതെന്നും വരെയുള്ള സൂക്ഷ്മമായ കാര്യങ്ങൾക്ക് നിർദ്ദേശങ്ങളുണ്ട്," ഹരിഹരൻ വ്യക്തമാക്കി.
ദീർഘകാലം മികച്ച പുലി സംഘങ്ങളെ റൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്ന നായ്ക്കനാൽ ട്രൂപ്പിൻ്റെ സാരഥിയാണ് ഹരിഹരൻ. വിയ്യൂർ ദേശം, വിയ്യൂർ സെൻ്റർ, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെൻ്റർ, അയ്യന്തോൾ ദേശം, തൃക്കുമാരകുടം, പൂങ്കുന്നം, പാട്ടുരായിക്കൽ, കൊക്കാല, കുട്ടൻകുളങ്ങര, മൈലിപ്പാടം, ചെമ്പൂക്കാവ്, പെരിങ്ങാവ് മുതലായവയാണ് പേരെടുത്ത മറ്റു പുലിമടകൾ. അത്ര ദൂരെയല്ലാത്ത കാലത്ത് പതിനെട്ടു മടകളിൽ നിന്നുവരെ പുലിക്കൂട്ടങ്ങൾ ഇറങ്ങിയിരുന്നെങ്കിലും, കഴിഞ്ഞ വർഷങ്ങളിൽ അത് എട്ടു ട്രൂപ്പുകളായി ചുരുങ്ങി.
"സാമ്പത്തിക ഞെരുക്കം തന്നെ കാരണം. ഒരു പുലിക്കൂട്ടത്തെ ഇറക്കാൻ ചുരുങ്ങിയത് 15 ലക്ഷം രൂപ ചിലവുണ്ട്. ടൂറിസം വാരാഘോഷത്തിൻ്റെ സമാപനമാണ് തൃശ്ശൂരിലെ പുലിക്കളി. എന്നാൽ, KTDC-യിൽനിന്ന് പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ, കാശൊന്നും കിട്ടാറില്ല. തൃശ്ശൂർ കോർപ്പറേഷൻ തരുന്ന ഒന്നര ലക്ഷം രൂപയാണ് ആകെയുള്ള ധനസഹായം. ബാക്കി തുക ഞങ്ങൾ, ഭാരവാഹികൾ പിരിച്ചുണ്ടാക്കണം," വേതനം കൂടുതൽ കൊടുക്കേണ്ട വയറൻ പുലികളെ മാത്രമിറക്കാറുള്ള കോട്ടപ്പുറം മടയുടെ സംഘാടകൻ, പി. ഹരി പങ്കുവച്ചു.
യുവജന കലാസമിതി നയിക്കുന്ന കോട്ടപ്പുറം പുലിസംഘമാണ് 2011-ലും, 15-ലും എല്ലാ വിഭാഗത്തിലുമുള്ള പുരസ്കാരങ്ങൾ തൂത്തുവാരിയത്. മികച്ച പുലിനൃത്തം, പുലിവേഷം, പുലിക്കൊട്ട്, മെയ്യെഴുത്ത്, നിശ്ചലദൃശ്യം, പുലിച്ചമയ പ്രദർശനം, അച്ചടക്കം മുതലായവക്കാണ് കേഷ് പ്രൈസുകളുള്ളത്. അച്ചടക്കം വിലയിരുത്തുന്നത് കേരള പോലീസും, ബാക്കിയുള്ളവയുടെ മൂല്യനിർണ്ണയം ലളിതകലാ അക്കാദമിയിൽ നിന്നെത്തുന്ന മുതിർന്ന കലാകാരന്മാരുമാണ്.
"കഴിഞ്ഞ കാലങ്ങളിൽ വലിയ സാമ്പത്തിക ബാധ്യതയാണ് സമിതിക്ക് ഏറ്റെടുക്കേണ്ടിവന്നത്. കച്ചവട മേഖല നേർത്തുപോയിരിക്കുന്നു. വ്യാപാരികളിൽനിന്ന് പ്രതീക്ഷിച്ചത്ര സംഭാവനകൾ ലഭിച്ചില്ല. മികച്ച പുലിക്കൊട്ടിനുള്ള പ്രൈസ് മാത്രമേ നേടാനുമായുള്ളൂ. അതിനാൽ ആ വഴിയ്ക്കു വരാറുണ്ടായിരുന്ന പണവും തീരെ കുറഞ്ഞുപോയി," ഹരിയുടെ വാക്കുകളിൽ വിഷാദം.
പ്രളയാനന്തരം കൊറോണയുമെത്തി. വ്യാപാര മേഖല ആകെ തകർന്നിരിക്കുകയാണ്. ആരിൽനിന്നും പത്തുവർഷത്തേക്കെങ്കിലും കാര്യമായ സംഭാവനയൊന്നും ലഭിക്കാനിടയില്ലെന്നും, തങ്ങൾ പുലിക്കളിയിൽ നിന്ന് പിൻവാങ്ങുകയാണെന്നും ഹരി ഖേദപൂർവം അറിയിച്ചു.
"ഇതുതന്നെയാണ് മറ്റു പല ട്രൂപ്പുകളുടെയും അവസ്ഥ. സർക്കാർതല ഇടപെടലുകളും വേണ്ടത്ര ധനസഹായവും ഇല്ലെങ്കിൽ, പുലിക്കളി നിലനിന്നുപോകാനിടയില്ല," 2008-മുതൽ വിയ്യൂർ സെൻ്ററിൻ്റെ അമരത്തിരിക്കുന്ന ടി. എസ്. സുമേഷ് അസന്ദിഗ്ദ്ധമായി പറഞ്ഞു.
"പെൺപുലി, ഹിമപ്പുലി, കുട്ടിയെ കടിച്ചുപിടിച്ച തള്ളപ്പുലി, മാൻകുട്ടിയെ കടിച്ചുപിടിച്ച തെങ്ങോലവരയൻ പുലി, മലമ്പാമ്പിനെ കീഴടക്കിയ ശൂരപ്പുലി മുതലായ ഒട്ടനവധി നവീന ആശയങ്ങൾ പ്രയോഗത്തിൽ കൊണ്ടുവന്ന വിയ്യൂർ സംഘം നിലനിന്നേ മതിയാകൂ," പ്രശസ്ത നിശ്ചലദൃശ്യ ചിത്രകാര൯ പ്രസാദ് തോട്ടപ്പാട്ട് വ്യാകുലപ്പെട്ടു.
പ്രഥമ പെൺപുലി ത്രയത്തെ അണിയിച്ചൊരുക്കിയ പ്രസാദ് മാഷ്, മുൻ പുലിയും, കഴിഞ്ഞ മൂന്നു ദശാബ്ദം പുലിക്കളി കലാമേഖലയിലെ പൊതു സംഘാടകനായി പ്രവർത്തിച്ച കലാകാരനുമാണ്.
"വ്യത്യസ്ത മടകൾക്കായി ഒമ്പത് അർത്ഥ സമ്പുഷ്ടമായ ടേബ്ലോകൾ ചെയ്തതിൽ, ആറെണ്ണം മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരങ്ങൾ നേടി," പ്രസാദ് മാഷുടെ ശബ്ദത്തിൽ തികഞ്ഞ സംതൃപ്തി.
പുലിവരയുടെ സൗന്ദര്യശാസ്ത്രമറിയാൻ മുപ്പത്തഞ്ച് കൊല്ലമായി മെയ്യെഴുത്തിൽ വ്യാപൃതനായിരിക്കുന്ന ജോസ് കാച്ചപ്പള്ളിയോട് സംസാരിക്കണം.
"പുള്ളിപ്പുലിയെ വരക്കുമ്പോൾ, പിൻഭാഗത്തു നിന്നു വലിയ പുള്ളിയിൽ തുടങ്ങി വയറിലെത്തുമ്പോൾ അവ ചെറുതായി വരുന്നു. വരയൻ പുലിക്ക് ആറു തരം വരകൾ വേണം. പട്ട വര മുതൽ സീബ്രാ ലൈൻ വരെ. ടെമ്പെറാ പൗഡർ അരച്ചുണ്ടാക്കുന്ന ചായക്കൂട്ടിൻ്റെ നിലവാരം അനുസരിച്ചാണ് പുലി വർണങ്ങൾക്കു ടോൺ ലഭിക്കുന്നത്," ജോസ് വിശദീകരിച്ചു.
എഴുപത് വർഷം മുമ്പെ, തോട്ടുങ്ങൽ രാമൻകുട്ടി ചിട്ടപ്പെടുത്തിയാണ് പുലിമേളം. "മറ്റൊരു മേളത്തിനോടും ഇതിന് സാമ്യമില്ല. തൃശ്ശൂരല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് പ്രചാരത്തിൽ ഇല്ലതാനും," രാമൻകുട്ടിയുടെ മകനും പ്രശസ്ത പുലിക്കൊട്ട് ആശാനുമായ എഴുപത്തിമൂന്നുകാരൻ പൊന്നൻ പറഞ്ഞു.
എൻ. എസ്. രാജനും, മക്കൾ ശ്രീജിത്തും, ശ്രീക്കുട്ടനും, അവരുടെ മുപ്പതംഗ കൂട്ടുകുടുംബവുമാണ് അമ്പതു വർഷമായി പല മടകളിലേക്കും പുലിമുഖങ്ങൾ (Tiger masks) നിർമ്മിച്ചു കൊടുക്കുന്നത്.
"കടലാസിൽ പശ പുരട്ടി മുഖരൂപമുണ്ടാക്കി, അതിന്മേൽ ചൂരൽ കഷ്ണം കൊണ്ട് പല്ലും, സൈക്കിൾ ട്യൂബ് മുറിച്ച് നാവും, ഫർ ഉപയോഗിച്ച് താടിയും ഒട്ടിച്ചെടുത്ത്, അനുയോജ്യമായ പെയ്ൻ്റ് അടിച്ചാണ് ഞങ്ങൾ മികച്ചയിനം പുലിമുഖങ്ങൾ ഉണ്ടാക്കുന്നത്," അച്ഛനും മക്കളും നിർമ്മാണ രീതി വിവരിച്ചു.
"പുലിക്കളിയും, പൂരവും, കുമ്മാട്ടിയുമെല്ലാം നമ്മുടെ തനതായ കലാരൂപങ്ങളാണ്. അവ ഒരിക്കലും നിന്നുപോകരുത്," രാജൻ്റെ ശബ്ദത്തിൽ നിശ്ചയദാർഢ്യം!