മരിച്ചാൽ മാത്രം പോര
മരിച്ചതിന്റെ ലക്ഷണം കൂടി......
അമരത്വം മറന്നു പോയ
ഒരു മുതിർന്ന മൃഗമായ ഞാൻ
ഗ്രാനൈറ്റ് തറയിൽ
നീണ്ടു നിവർന്നും അയഞ്ഞും
ശ്വാസമടക്കിപ്പിടിച്ചും
അനക്കമറ്റും കിടന്നു.
മൂത്ത പേര വന്നെന്റെ
മൂക്കിൽ പഞ്ഞി തിരുകി
ഇളയ പേര ആരും കാണാതെ
സംഘടിപ്പിച്ചു
പുകയില്ലാത്ത അടുപ്പ്ന്ന്
ഒരു തീക്കൊള്ളി!
ഒരു അനോഫിലസ്
ദുരന്തഗാനം മൂളിയെത്തി.
ഉപ്പൊ മധുരമൊ
പരേതന്റെ ചോരയുടെ
സ്വാദ് എന്താവും
ഉപ്പൊ മധുരമൊ?
കണ്ണടഞ്ഞത്
ദു:ഖിച്ചിട്ടാണെങ്കിൽ ഉപ്പ്!
ചിന്നൻ വിട്ടത്
ഹാപ്പിയായിട്ടാണെങ്കിൽ മധുരം!
വാസ്തവത്തിൽ
ഞാൻ എന്ന മൃഗം മരിച്ചിട്ടുണ്ടെങ്കിൽ
അക്കാര്യമെനിക്കറിയില്ലെന്നുണ്ടെങ്കിൽ
മരിച്ചത് അകം നാളിലൊ
പുറം നാളിലൊ എന്നറിയാൻ
ആരോടന്വേഷിക്കും?
ഒന്നുമറിയാത്ത പേരകളോടൊ?
അനോഫിലസ് കൊതുകിനോടൊ?