Image

ഫോമയുടെ പൊന്നോണാശംസകള്‍

Published on 09 September, 2024
ഫോമയുടെ പൊന്നോണാശംസകള്‍

സ്നേഹിതരെ,

മലയാളികളുടെ മനസ്സില്‍ സ്നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും സമത്വത്തിന്റെ സന്ദേശവും സമ്പത്തിന്റെ സുരക്ഷയും നിറയ്ക്കുന്ന തിരുവോണം വന്നണയുകയാണ്. പ്രത്യാശ പൂക്കളമിടുന്ന ചിങ്ങമാസത്തിലെ അത്തം ഒന്നിന് തുടങ്ങിയ ഒരുക്കങ്ങളും കാത്തിരിപ്പും സഫലമാകുന്ന സുദിനമാണത്.

ലോക മലയാളികള്‍ പിറന്ന നാടിനെ എത്രമേല്‍ ഹൃദയത്തിലേറ്റുന്നു എന്നതിന് തെളിവാണ് ഓരോ ഓണക്കാലവും. വാസ്തവത്തില്‍ മലയാളികള്‍ ജീവിക്കുന്ന ഓരോ നാട്ടിലും പരമ്പരാഗത ഉല്‍സവത്തിമിര്‍പ്പോടെ ഓണം  ആഘോഷിക്കപ്പെടുകയാണ്. അതിന് ഇക്കുറിയും ഒരു മുട്ടും വരാതെ തനിമയുള്ള പൂക്കളങ്ങള്‍ തീര്‍ക്കാന്‍ നാം സജ്ജരായിരിക്കുന്നു. സമത്വത്തിന്റെ ഭാഷയില്‍ ലോകത്തെ തന്നെ ഒന്നിപ്പിക്കുന്ന മഹാബലി എന്ന മൂര്‍ത്തിയുടെ വരവ് വലിയ പ്രതീക്ഷയുടെ വിളംബരമാണ്. മനസ്സില്‍ മാത്രമല്ല, നാട്ടില്‍ എവിടെയും പൂക്കള്‍ വിരിയുന്ന, സ്നേഹഗന്ധം പൊഴിയുന്ന ഓണക്കാലത്തേയ്ക്ക് നമ്മെയെല്ലാം കൂട്ടിക്കൊണ്ടു പോകുന്നത് ഏകതയുടെ അടയാളമായ മഹാബലി തമ്പുരാനാണ്. നടുമുറ്റത്തു മാത്രമല്ല, നമ്മുടെ മനസ്സിലും ഒരുമയുടെ പുഷ്പങ്ങള്‍ വിതാനിക്കുന്ന സുന്ദര സുദിനങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നില്ല... മാനുഷരുള്ളിടത്തോളം കാലം.

ഏറെ നാളായി മറുനാട്ടിലും വിദേശങ്ങളിലും വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക് ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര വേളയാണ് ഓണക്കാലം. നാട്ടിലെത്താന്‍ സാധിക്കാത്ത അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ കര്‍മഭൂമിയില്‍ നിന്ന് ഓണദിനങ്ങളെ മനസില്‍ ആവാഹിക്കട്ടെ. ഒപ്പം സമഭാവനയുടെ വര്‍ണ പൂക്കളങ്ങള്‍ ആവോളം തീര്‍ക്കട്ടെ.

ആത്മീയതയുടെ വിളംബരമായ വാമനമൂര്‍ത്തിയും ഭൗതികതയുടെ അടയാളമായ മഹാബലിയും കൈകോര്‍ത്ത് തിരുവോണനാളില്‍ വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. ആത്മീയതയും ഭൗതികതയും ഒന്നിക്കുമ്പോള്‍ മാത്രമേ സന്തോഷവും, സാഹോദര്യവും, സമാധാനവും ലോകത്ത് നിലനില്‍ക്കുകയുള്ളൂ. തിരുവോണം നല്‍കുന്ന സന്ദേശവും അതുതന്നെ.

പ്രിയപ്പെട്ട ഏവര്‍ക്കും സമ്പല്‍ സമൃദ്ധിയും സന്തേഷവും നിറഞ്ഞ തിരുവോണ തിരുഉല്‍സവാശംസകള്‍...

ഹൃദയപൂര്‍വം

ബേബി മണക്കുന്നേല്‍
ഫോമാ പ്രസിഡന്റ്

ബൈജു വര്‍ഗീസ്
ജനറല്‍ സെക്രട്ടറി

സിജില്‍ ജോര്‍ജ് പാലയ്ക്കലോടി
ട്രഷറര്‍

ഷാലു മാത്യു പുന്നൂസ്
വൈസ് പ്രസിഡന്റ്

പോള്‍ പി ജോസ്
ജോയിന്റ് സെക്രട്ടറി

അനുപമ കൃഷ്ണന്‍
ജോയിന്റ് ട്രഷറര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക