Image

ഉപ്പും മധുരവും (കവിത: വേണുനമ്പ്യാർ)

Published on 12 September, 2024
ഉപ്പും മധുരവും (കവിത: വേണുനമ്പ്യാർ)

കട കാലിയാക്കൽ പ്രമാണിച്ച്
ചിത്രശലഭങ്ങളും ഓണത്തുമ്പികളും
സ്ഥലത്തെ വസ്ത്രാലയത്തിലേക്ക്
ഇരമ്പിക്കയറി!

2
ചിങ്ങത്തിൽ 
കരിമ്പടപ്പുഴുക്കൾ
കടു കിടു ഓണമാഘോഷിക്കുമ്പം
അണ്ണാ, മാവേലി നാട്ടിലെ
കാക്കയ്ക്ക് വായ്പ്പുണ്ണാ!

3
തീപ്പൊട്ടൻ തെയ്യം
തീക്കൂനയിലേക്കു തുള്ളുമ്പം
ആർക്കാ പൊള്ളുന്നേ
കാവിലെ ഭഗവതിക്കൊ
തീപ്പൊട്ടന്റെ പെണ്ണിനൊ?

4
വാൽനട്ട് പരിപ്പിന്റെ മെയ്യിൽ
ഗ്രീക്ക് വൃക്ഷദേവതയുടെ
ജരാജീർണ്ണമായ മുഖം കൊത്തിയത്
ആര്, ഹിമാലയൻ യക്ഷനൊ?

5
വിളഞ്ഞ പാടത്തെ
പൊന്ന് എണ്ണിത്തൂക്കി
തിട്ടപ്പെടുത്തിയ തട്ടാനെ
തട്ടിക്കൊണ്ടു പോയതാര് -
കാലമൊ സ്വർണ്ണം
പൊട്ടിക്കുന്ന സംഘമൊ?

6
കർക്കടകത്തിനു കറുപ്പും
ചിങ്ങത്തിനു പൊൻനിറവും
നിർലോഭം ചാർത്തിയ ചിത്രകാരൻ
തിരിച്ചു പോയി,
തൂലികയും വർണ്ണത്തട്ടുമെടുക്കാതെ
സ്വന്തം കാൻവാസ്സിലേക്ക്!
ഇനി വരും ജന്മത്തിലെ
തിരുവോണത്തിനു കാണാം.

7
കണ്ണീർപ്പുഴയിലെ ഉപ്പ്
കടലിലെത്തിച്ചേരുമ്പോൾ 
മധുരിക്കുന്നു
ഒരു കവിത നിന്റെ കാതിൽ
മൂളുമ്പോൾ എപ്പോഴും
ചിരിക്കാറുള്ള നീയെന്തേ കരയുന്നു?

8
ഉപ്പിടേണ്ടടിത്ത് മധുരം ചേർത്താലും
മധുരമിടേണ്ടിടത്ത് ഉപ്പ് ചേർത്താലും
സദ്യ കുളമാകും.
ജീവിതശൈലീവ്യാധികളുള്ളോർക്ക്
ഈ കൺഫ്യൂഷനില്ല.
ഉപ്പും മധുരവുമില്ലാത്ത ഒരോണം
എത്ര മനോഹരമാണ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക