അലിഞ്ഞു പോയി
മണൽക്കളിവീട് കണ്ണീരിൽ
വട്ടായിപ്പോയി
പൊരിവെയിലത്തെ വട്ടുകളിയിൽ
പൊട്ടിത്തെറിച്ചു പോയി
ചറപറ വാശിയിൽ
വലുതായിപ്പോയി
വിലങ്ങിന്റെ പരിക്കിലും
പൊഴിഞ്ഞു പോയി
പക്ഷിക്കൂട്ടിലെ പഞ്ചവർണ്ണ പ്രണയത്തൂവൽ
സദാചാരചോരനായിപ്പോയി
കൂട്ടുകാരിതൻ നറുംവെണ്ണ
കട്ടു തിന്ന വേളയിൽ
നിരക്ഷരന്റെ വായന നീണ്ടു പോയി
നോക്കാതെ വായിക്കാൻ കല്പന കിട്ടിയ ക്ലാസ്സിൽ
അറിവിൻ അസ്ഥികൾ തകർന്നു പോയി
ഹൃദയത്തിലുയർന്ന കൊടുങ്കാറ്റിൽ
വെട്ടിത്തരിച്ചു പോയി
ബോധിവൃക്ഷം പാടത്തിനുമപ്പുറം പൂത്തുലഞ്ഞപ്പോൾ ഇടിമിന്നലിൽ
പേമഴയത്തമർന്നു പോയി
കളിക്കൊട്ടാരങ്ങൾ പൂഴിയിൽ
പിൻവലിഞ്ഞു പോയി
പിന്നെയും ഏകാന്തതയുടെ
മഹാദ്വീപിലേക്ക് കടൽ
ഒരു കൂനൻകിഴവനായിപ്പോയി
പഴംകളിക്കോപ്പുകളുമേറ്റി കാലം
കാലറ്റ കാലാളായിപ്പോയി
കാഹളം മുഴക്കിയ പന്തയപ്പടയോട്ടത്തിൽ
അണഞ്ഞു പോയി
കൂടാരത്തിലെ വിളക്കിൻ ചോട്ടിലെ അന്ധകാരത്തിൽ
ഉറങ്ങിപ്പോയി
സ്വപ്നമദോമത്തതയിൽ
ഒഴുകിപ്പോയി
ആദിയൊഴുക്കിലന്ധമായങ്ങനെ
വാരിപ്പുണർന്നു പോയി
കയ്പാർന്ന അപൂർണ്ണതയെ
അമൂല്യമാം കണ്ണിയറ്റുപോയി
മൃഗത്തിനും മാലാഖയ്ക്കുമിടയിൽ
വന്നു പോയി ഉദ്ദേശിക്കാത്ത
പാർശ്വഫലം ഭൂമിദേവിക്ക്
ഉയിർത്തെഴുന്നേറ്റുപോയി
മരണാനന്തരം;
മറ്റൊരു മുൾക്കുരിശിന്റെ
രക്തദാഹം ശമിപ്പിപ്പാൻ!