രണ്ടാം വധശ്രമം ഉണ്ടായ ശേഷം എതിരാളി കമലാ ഹാരിസ് തന്നെ വിളിച്ചു 'വളരെ നന്നായി' സംസാരിച്ചെന്നു ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ‘കമാല’ എന്നു പേര് തെറ്റിച്ചു പറഞ്ഞ ട്രംപ് കൂട്ടിച്ചേർത്തു: "അത് വളരെ നന്നായിരുന്നു. വളരെ വളരെ നന്നായിരുന്നു. ഞങ്ങൾ അതിൽ സന്തോഷിക്കുന്നു."
മിഷിഗണിലെ ഫ്ലിന്റിൽ ടൌൺ ഹാൾ മീറ്റിങ്ങിൽ സംസാരിച്ച ട്രംപിനെ സദസ്യരിൽ ഒരു വിഭാഗം കൂക്കിവിളിച്ചെങ്കിലും അദ്ദേഹം അത് അവഗണിച്ചു കൊണ്ട് പറഞ്ഞു: "നമുക്കു പക്ഷെ രാജ്യം തിരിച്ചെടുക്കണം. നമുക്ക് ജയിച്ചേ പറ്റൂ. നമ്മൾ ജയിക്കും."
ട്രംപിനെ വിളിച്ചതിനെ കുറിച്ചു ഹാരിസ് പറഞ്ഞു: "അദ്ദേഹം സുഖമായിരിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് ഞാൻ വിളിച്ചത്. ഞാൻ പരസ്യമായി പറയാറുള്ള കാര്യം അദ്ദേഹത്തോട് ആവർത്തിച്ചു -- ഈ രാജ്യത്തു രാഷ്ട്രീയ അക്രമത്തിനു സ്ഥാനമില്ലെന്ന്."
പ്രസിഡന്റ് ബൈഡനും ട്രംപിനെ വിളിച്ചിരുന്നു. ട്രംപ് അക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
പ്രാധാന്യമുള്ള പ്രസിഡന്റുമാർക്കു മാത്രമേ വെടിയേൽക്കുന്നുള്ളൂ എന്നു ട്രംപ് പറഞ്ഞു. ബൈഡനും ഹാരിസും ഉപയോഗിക്കുന്ന ഭാഷയാണ് പ്രകോപനമായതെന്നു അദ്ദേഹം പറഞ്ഞു.
Trump got 'very nice call' from Harris