ഓട്ടവ : അടുത്ത വർഷം കാനഡയിൽ പ്രവേശിക്കാൻ അനുമതിയുള്ള വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10% കൂടി കുറയ്ക്കുമെന്ന് ഫെഡറൽ ഗവൺമെൻ്റ്. അതിനർത്ഥം 2025-ൽ, പുതിയ രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം 2024-ലെ 485,000 എന്നതിൽ നിന്ന് 10% കുറച്ച് 437,000 പെർമിറ്റുകൾ ആയിരിക്കും നൽകുക. ഇത് 2026 വരെ തുടരുമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു.
രാജ്യാന്തര വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് ഓപ്പൺ വർക്ക് പെർമിറ്റിനും നിയന്ത്രണം ഏർപ്പെടുത്തിയതായി ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറും തൊഴിൽ മന്ത്രി റാൻഡി ബോസ്നോയും പ്രഖ്യാപിച്ചു. പുതിയ നടപടി പ്രകാരം കുറഞ്ഞത് 16 മാസമെങ്കിലും കാലാവധിയുള്ള മാസ്റ്റേഴ്സ് ഡിഗ്രി വിദ്യാർത്ഥികളുടെ ജീവിതപങ്കാളികൾക്ക് മാത്രമായി വർക്ക് പെർമിറ്റ് യോഗ്യത പരിമിതപ്പെടുത്തും.
ജനുവരിയിൽ പ്രഖ്യാപിച്ച രാജ്യാന്തര വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ ദേശീയ പരിധിയുടെ ഭാഗമായാണ് പുതിയ നിയന്ത്രണം. ജനുവരിയിൽ രാജ്യാന്തര വിദ്യാർത്ഥി വീസയിൽ 35% കുറവ് വരുത്തുമെന്ന് മാർക്ക് മില്ലർ പ്രഖ്യാപിച്ചിരുന്നു. 2023 ൽ ഇഷ്യൂ ചെയ്ത 560,000-നെ അപേക്ഷിച്ച് ഏകദേശം 360,000 ബിരുദ പഠന പെർമിറ്റുകൾ മാത്രമായിരിക്കും അനുവദിക്കുക എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ വർഷമാദ്യം, കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിലവിലെ 6.2 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് മില്ലർ പ്രഖ്യാപിച്ചിരുന്നു.