Image

സദാചാര അമ്മച്ചി (അനുഭവം: ദർശന)

Published on 20 September, 2024
സദാചാര അമ്മച്ചി (അനുഭവം: ദർശന)

പണ്ടില്ലാത്ത ഒരു അസ്കിതയാണ് ഇപ്പോ. കാലത്ത് എണീറ്റാ ആദ്യം മൊബൈൽ എടുത്ത് ഒന്ന് നോക്കി ഇൻബോക്സിലും ഔട്ട് ബോക്സിലും ഒന്നും കാണാതെ ആകെ നിരാശയായി അഞ്ച് മിനിറ്റ് ഇരുന്നതിനുശേഷമാണ് അടുക്കളപ്പണികൾ തുടങ്ങുക. അപ്പോഴേക്കും അതിയാൻ ഉമ്മറ വാതിൽ തുറക്കുന്ന ഒച്ച കേക്കും. പത്രം കിട്ടിയാ പിന്നെ കാപ്പിയും ചായയും വേണ്ടാത്തോണ്ട് ടെൻഷനില്ല. പക്ഷേ അമ്മച്ചീടെ മുറീന്നു നിർത്താത്ത ചുമ ഉയരാൻ തുടങ്ങും. അതുകേൾക്കുമ്പോ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് അല്പം ഇഞ്ചി അരിഞ്ഞതും കുരുമുളകുപൊടിയും തൂവി നേരിയ മധുരത്തിൽ ഒരു കപ്പ് ചായ മാറ്റിവെക്കും. പിന്നെ കഞ്ഞിക്ക് വെള്ളം വെച്ച് ബാക്കിയുള്ളവർക്കുള്ള ചായ കപ്പുകളിലാക്കി ഊണുമുറിയിൽ വെയ്ക്കും. തുടർന്ന് ഒരു അരമണിക്കൂർ റസ്റ്റ് ആണ്. അന്നേരത്താണ് പ്രഭാതകൃത്യങ്ങളിലെ ആദ്യ ഇനമായ ചാറ്റിങ്. പതിവുപോലെ അതിനായി ഫോൺ എടുത്തതാണ്. ഫെയ്സ്ബുക്കിലെ ഒരു കുറിപ്പ് കണ്ട് അന്തം വിട്ടിരുന്നു. താടിക്കും കൈ കൊടുത്തുള്ള ഇരിപ്പ് കണ്ട് ചായയെടുക്കാൻ വന്ന മോള് എന്നെ വാഴക്കയ്യിലിരുന്ന കാക്കയെപ്പോലെ ചാഞ്ഞും ചരിഞ്ഞും നോക്കി. അവളുടെ നോട്ടം കണ്ട് ചായക്കപ്പിന് കൈനീട്ടിയ ജോസൂട്ടിച്ചൻ അമ്പരന്നു എന്നെ നോക്കി. "നീയെന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ?"

 പുള്ളിക്കാരന്റെ ചോദ്യശരത്തിന് എന്നെ ഉണർത്താനായില്ല.

"അമ്മച്ചിയേ"

മോളുടെ ഉറക്കെയുള്ള വിളിയിൽ ഞാൻ ഞെട്ടി. "എന്നാലും ഇത് നോക്കണേ, ഇവളുമാർക്ക് എന്നാ ധൈര്യമാ എന്നെ ഇങ്ങനെ വിളിക്കാൻ ''

"അമ്മച്ചി ന്ന് ചേർത്തണ്ടല്ലോ 
. സമാധാനിക്ക് "

മോളുടെ മറുപടി കേട്ടില്ലെന്ന് നടിച്ച് ഞാൻ തുടർന്നു. "ഇന്നലത്തെ എൻ്റെ കുറിപ്പിനുള്ള മറുപടിയാണ്. സദാചാര അമ്മച്ചിയാണത്രേ ഞാൻ".

"അല്ലെങ്കിലും അമ്മച്ചി എന്തിനാ വേണ്ടാത്തത് എഴുതാൻ പോണേ? അതുകൊണ്ടല്ലേ മറുപടി കിട്ടിയത് . കിട്ടിയത് മേടിച്ചിരുന്നോ ".

"ഓരോരോ പിള്ളേര് എന്തൊക്കെ തോന്നിവാസങ്ങളാ കാണിച്ചു കൂട്ടണേ? വഴിതെറ്റിപ്പോണ്ടാ ന്നു വെച്ചിട്ട് എന്നെക്കൊണ്ട് ആവും പോലെ ഉപദേശിക്കുമ്പോ. എത്ര മെനക്കെട്ടിട്ടാന്നറിയോ ഒരു പത്തു മിനിറ്റ് വീഡിയോ യൂട്യൂബില് ഇട്ടത്. ജോമോൻ ചെക്കന്റെ കയ്യും കാലും പിടിച്ചിട്ടാ അതൊന്നു വീഡിയോ എടുത്ത് തന്നേ. മോട്ടിവേഷൻ കൊടുക്കാന്നു വെച്ചാ നല്ല കാര്യല്ലേ"

"അതിനല്ലേ ഇപ്പൊ കിട്ടീത്. നല്ല പേര് സദാചാര അമ്മച്ചി. ആരാണാവോ കമൻ്റിയത്"..

"എന്നാലും ഈ ന്യൂ ജെൻ കുട്ടോൾക്കൊന്നും ഒരു ബഹുമാനോംല്ല്യാ. ഓര് ടെ അമ്മേടെ പ്രായല്ലേ ഇയ്ക്കിള്ളൂ . ഈ വിളിയങ്ങട് മനസ്സിന്ന് പോണില്ല്യാ. "

"നന്നായി, അമ്മച്ചിക്ക് ഇപ്പൊ എന്തിൻ്റെ കേടാ. അല്ലേലും ഇപ്പോ ഫേസ്ബുക്കും യൂട്യൂബും കുറച്ചു കൂടണ് ണ്ട്. നിൻ്റെ അമ്മച്ചീടെ തല തടയാണ്ട് യൂട്യൂബിൽ നോക്കാൻ പറ്റില്ലല്ലോ ന്ന് എൻ്റെ കൂട്ടുകാരു ചോദിച്ചു തുടങ്ങി".

"ഓ അപ്പൊ കാണാണ്ടല്ലാല്ലേ. കുറ്റം പറയുന്ന നേരത്ത് അതൊന്ന് കേട്ട് സബ്സ്ക്റൈബ് ചെയ്താ സ്വയം നന്നാവേം ചെയ്യും ബാക്കിള്ളോർക്ക് ഇത്തിരി കാശും കിട്ടും. ആ പ്രാന്തിൻ്റെ ഡോക്ടറ് ഈപ്പച്ചന് കാശ് ഇഷ്ടമ്പോലെ 
യൂട്യൂബിന്ന് കിട്ടണ് ണ്ട്. അറിയോ?. അവനെൻ്റെ ക്ലാസ്മേറ്റാ. എന്നോട് പറഞ്ഞതാ. കഴിഞ്ഞ ദിവസം പനിപിടിച്ചു കിടന്നപ്പോൾ ഞാൻ വെറുത്യോന്നു നോക്കി. ഒരു മില്യൻ പേരാ അവന്റെ വീഡിയോ കാണണത്. ഇമ്മടെ നാട്ടില് തലയ്ക്ക് സുഖല്ല്യാത്ത ആൾക്കാര് ഇത്രയ്ക്ക്ണ്ടോ.?"

"അമ്മച്ചിയെ, ആ കുന്തം അവിടെ മാറ്റി വച്ചിട്ട് എന്തേലുംണ്ടാക്കാൻ നോക്ക്. എനിക്ക് നേരത്തെ പോണം ട്ടാ."

"എന്നാലും എൻ്റെ മനസ്സീന്നതങ്ങട് പോണില്യാ ".

"നിനക്ക് വേറെ പണീല്യേ മേരിക്കുട്ട്യേ "

"ഇച്ചായനിത് പറയണം. ബീയേഡും പി എച്ച് ഡിയും കഴിഞ്ഞിരിക്കണ എന്നോട് നീയിപ്പൊ പണിക്കൊന്നും പോണ്ടാന്ന് പറഞ്ഞു വീട്ടിലിരുത്തിയിട്ട് ...
മേരീസ് വ്ലോഗിൻറെ വില നിങ്ങൾക്കറിയില്ല്യാ. മൂന്ന് മാസം കൊണ്ട് 2k സബ്സ്ക്രൈബേഴ്‌സ് ആയത് ചില്ലറ കാര്യല്ല"

"എൻ്റെ പൊന്നു മേരീ ഞാനിതൊന്നു വായിച്ചോട്ടെ. നീ ഒന്ന് എണീറ്റ് പോ".

"ഹായ്, സദാചാര അമ്മച്ചീ. എന്തെ കാലത്തന്നെ ഉടക്ക്".

"നീ മിണ്ടരുത് ജോമോനെ, നീയാ എല്ലാത്തിനും കാരണം".

"അമ്മച്ചിയോട് ഞാൻ വല്ല ഫുഡിന്റെ ചാനലും തുടങ്ങാനല്ലേ പറഞ്ഞേ. അപ്പം അമ്മച്ചിയുടെ സ്വന്തം തീരുമാനമായിരുന്നു. പിഎച്ച്ഡിക്ക് പഠിച്ച ഉപദേശങ്ങള് നാട്ടുകാർക്ക് ഫ്രീയായി കൊടുക്കാം ന്ന്. എന്തായാലും അസ്സല് പേര് കിട്ടി".

"ഈപ്പച്ചനാ പറഞ്ഞത് മോട്ടിവേഷനു നല്ല ഡിമാൻഡ്ണ്ടെന്ന്". എൻ്റെ സ്വരം താണു . 
 
"ആര് മ്മടെ സൈക്കോളജിസ്റ്റ് ഈപ്പൻ ജോബിയോ. എൻ്റമ്മച്ചീ ഇന്നത്തെ പിള്ളേർക്ക് മോട്ടിവേഷൻ പറ്റൂല്ല. അമ്മച്ചി ഒരു ഫുഡിന്റെ വ്ലോഗ് തുടങ്ങ്. ഇപ്പൊ അയിനാ ഡിമാൻ്റ്".

"ഇത്തിരി സ്വൈര്യം കിട്ടോ ഈ കുടുംബത്ത്. ഒന്ന് പത്രം വായിക്കാനും സമ്മതിക്കില്ല്യാ . പഠിക്കാൻ വിട്ടാ നേരേ ചൊവ്വേ പഠിക്കൂല്യാ, വല്ല പണിക്കും കൊണ്ടാക്ക്യാ അതിനു പോവോ . അതും ല്യാ. കയ്യും കാലും പിടിച്ചിട്ടാ സേതുമാധവന്റെ കമ്പനിയില് ഒരു പണി തരപ്പെടുത്തീത്. ഇപ്പൊ അവന്റെ മോത്ത് നോക്കാൻ പറ്റാണ്ടായി".

ജോമോനെ തറപ്പിച്ചു നോക്കി വാരിക്കുട്ടിയ പത്രവും ചായക്കപ്പുമായി ജോസൂട്ടിച്ചൻ ഉമ്മറത്തിണ്ണയിലേക്ക് നടന്നു.  

"അത് പിന്നെ അമ്മച്ചീ. അയാള് ഒരുമാതിരി ഫുൾടൈം ഉപദേശം. ഈ ഉപദേശിക്കുന്നത് എനിക്ക് കണ്ണിന് നേരെ കണ്ടൂടാ".

ഞാൻ അവനെ ദയനീയമായി നോക്കി.

"വിഷമിക്കേണ്ടമ്മച്ചീ. ഇമ്മക്ക് ഫുഡ് വ്ലോഗ് തൊടങ്ങാം. ഒന്നുമില്ലേ നല്ല ഭക്ഷണം കഴിക്കാലോ".

"അമ്മച്ചീ,
ആ ചെക്കന്റെടുത്ത് കിണ്ങ്ങി നിക്കാണ്ട് ഇങ്ങോട്ട് വരണ് ണ്ടോ".

അവളുടെ കലിപ്പിൽ കോടുന്ന പാത്രങ്ങളെ കുറിച്ച് ഓർത്തതും ഞാൻ അടുക്കളയിലേക്ക് സ്കൂട്ടായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക