നിന്റെ ആജ്ഞയ്ക്കപ്പുറം
എനിക്കൊന്നും ആഗ്രഹിച്ചു കൂട!
രണ്ടിനെ ഒന്നായി
കാണാനാകാത്ത എന്റെ കണ്ണ്
ശ്മശാനത്തിലെ കറുത്ത പക്ഷി
കൊത്തിപ്പറിക്കട്ടെ!
മരിക്കുവാൻ
എനിക്ക് മടിയില്ല
നിന്റെ വാഞ്ഛയ്ക്കപ്പുറം
എനിക്കൊന്നും ആഗ്രഹിച്ചു കൂട!
നിന്റെ കണ്ണീരിൽ
ഞാൻ കുറുക്കാത്ത ഉപ്പുണ്ടൊ
എന്റെ പുഞ്ചിരിയിൽ
നീ വിതറാത്ത മധുരമുണ്ടൊ.
നിന്റെ കാലടിചോട്ടിലെ
മണൽത്തരിയാകാൻ
നിന്റെ മുടിക്കെട്ടിലെ
നക്ഷത്രധൂളിയാകാൻ
ഞാനെത്ര കൊതിച്ചിരുന്നു.
പഞ്ചാഗ്നിമദ്ധ്യത്തിലെ
പരകായപ്രവേശത്തിൽ
നീയായി മാറാൻ
ഞാനെത്ര മോഹിച്ചിരുന്നു.
നിന്റെ വീട്ടിലേക്ക്
ഒരു കണ്ണാടിയായ് ഞാൻ കാൽ വെച്ചു
നിന്റെ ഇരുമ്പാണിയിൽ
ഞാൻ ക്ഷമയോടെ തൂങ്ങി
കണ്ണാടിയിൽ കാണ്മോളം
നീ കണ്ടതെന്ത് -
ചില്ലിന്റെ നിശ്ശൂന്യതയൊ
ഇല്ലാത്ത എന്നെയൊ ?
നിന്റെ സ്വന്തം നിറത്തിൽ
നീയെന്നെ അണിയിച്ചൊരുക്കി
മണിയറയിലേക്ക്
തള്ളി വിട്ടു
അങ്ങനെ ഞാൻ
നിന്റെ മാത്രം മണവാട്ടിയായി.
നിന്റെ മാന്ത്രികസ്പർശത്തിൽ
കൊഴിഞ്ഞ ദലങ്ങൾ വീണ്ടും ഒന്നിച്ച് ചേർന്ന് ഒരു പൂമൊട്ടായി .......
ആ രൂപാന്തരത്തിന്റെ ദുരൂഹത
ഒരു വിസ്മയമായി പ്രസാദമായി
ഞാനെന്നും മനസ്സിലോമനിക്കും.
രാവിലെ സൂര്യനോടൊപ്പം വിടർന്നു
നിനക്കുള്ള പൂജാപുഷ്പമായി
പരിലസിച്ചു
ആ നിമിഷം ഞാൻ എന്നെത്തന്നെ
മറന്നു; എങ്ങും അജ്ഞേയതയുടെ
നവസൌരഭ്യം പരത്തി.
ഇനി സന്ധ്യക്ക്
നിന്റെ കാലടിച്ചോട്ടിൽത്തന്നെ കൊഴിഞ്ഞു വീഴാൻ കഴിഞ്ഞുവെങ്കിൽ
ഈ ജന്മം സഫലമായി, ധന്യമായി!