Image

മാവേലി നാട്ടിൽ നിന്നോടും കാലം...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 22 September, 2024
മാവേലി നാട്ടിൽ നിന്നോടും കാലം...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

ഇത്തവണ പ്രജകളെ സന്ദർശിക്കാൻ പോകണോ വേണ്ടയോ എന്ന സന്ദേഹത്തിൽ കൊട്ടാരത്തിലിരിക്കുകയായിരുന്നു മാവേലി തമ്പുരാൻ, നാട്ടിലെ ഓരോ വാർത്തകൾ വായിച്ച് മനസ്സ് ദുഖഭരിതമായി. ഉരുൾ പൊട്ടി മരിച്ച എത്രയോ മനുഷ്യരുടെ സങ്കടമോർത്ത് തമ്പുരാന്റെ മനസ്സ് വേദനിച്ചു. പഴയ ഓലക്കുട മെയിന്റനൻസ് ചെയ്യാനുള്ള സമയമായി. എങ്കിലും ഒന്നും ചെയ്യാതെ  അതു പോലെ തന്നെ വെച്ചു, ഓരോ ചിന്തകളിൽ മുഴുകിയിരിക്കുമ്പോഴാണ്.ആരോ വാതിലിൽ മുട്ടുന്നത് കേട്ടത്,

റിമോട്ട് എടുത്ത് കതകു തുറന്നു. പാതാളം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയാണ്. റിമോട്ട് സംവിധാനം ഏർപ്പെടുത്തിയതോടെ വലിയ സൗകര്യമായി. എഴുന്നേറ്റു പോയി ഡോർ തുറക്കേണ്ട. പൊതുവെ മടിയൻമാരായിട്ടുള്ള ആൾക്കാരെ കൂടുതൽ മടിയൻമാരാക്കുന്ന  വിദ്യകളാണല്ലോ ഓരോ ദിവസവും കണ്ടു പിടിച്ചു  കൊണ്ടിരിക്കുന്നത്.

മൊബൈലെന്ന വില്ലൻ വന്നതോടെ എല്ലാം തീർന്നു, ആളുകൾ അവനെയും കെട്ടിപ്പിടിച്ചു കൊണ്ടാണ് ഇരിപ്പ്. കഴിഞ്ഞ വർഷം തന്നെ കേരളത്തിൽ മടിച്ചു മടിച്ചാണ് പോയത്. അവിടെ ചെന്നപ്പോൾ പോകണ്ടിയിരുന്നില്ല എന്നായിപ്പോയി, കാരണം ഒരാൾക്കും  ഈ മൊബൈലിൽ നിന്നും തല ഉയർത്താൻ തന്നെ സമയമില്ല, പിന്നയല്ലേ പഴയൊരു മാവേലി തമ്പുരാനും ഐതിഹ്യവും.

‘’എന്താ മന്ത്രീ, പതിവില്ലാതെ രാത്രിയിൽ?’’ തമ്പുരാൻ സംശയത്തോടെ ചോദിച്ചു.

‘’ഇത്തവണ അങ്ങ് കേരളത്തിൽ പോകണമെന്ന് തന്നെയാണ് ഭൂരിഭാഗം മന്ത്രിമാരുടെയും അഭിപ്രായം..’’

മന്ത്രി പറഞ്ഞപ്പോൾ മാവേലി ഓർത്തു, അല്ലെങ്കിലും ഈ ആഭ്യന്തരന് തന്റെ കസേരയിൽ ഒരു നോട്ടമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,വെള്ളപ്പൊക്കമാണെങ്കിലും കോവിഡാണെങ്കിലും തന്നെ പ്രജകളുടെ അടുത്തേയ്ക്ക് പറഞ്ഞു വിടാൻ അദ്ദേഹത്തിനാണ് ധൃതി. തിരിച്ചു വന്നില്ലെങ്കിൽ ചക്രവർത്തി സ്ഥാനം പിടിച്ചെടുക്കാനുള്ള ഉദ്ദേശമുണ്ടെന്ന് തോന്നുന്നു.

‘’ഇത്രേം വൈകിയ സ്ഥിതിയ്ക്ക് ഇനി ഫ്ളൈറ്റ് ടിക്കറ്റ്  കിട്ടുമോ?’’

എന്തെങ്കിലും പറഞ്ഞ് ഒഴിവാകാമെന്നോർത്ത് മാവേലി പറഞ്ഞു..

‘’അതിന് നമ്മുടെ പുതിയ വന്ദേഭാരത് ട്രെയിന്റെ പാതാളം—കേരളം സർവ്വീസുകൾ അന്നല്ലെ  അരംഭിക്കുന്നത്..’’

മന്ത്രി വിടാൻ ഭാവമില്ല, ‘’അതിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം..’’

‘’അതിന് ഞാൻ ചെല്ലുമ്പോൾ വല്ല ഉരുൾ പൊട്ടലെങ്ങാനും വരുമോ?’’ തമ്പുരാന് പിന്നെയും സംശയം..

‘’തമ്പുരാൻ ചെല്ലുന്നത് തന്നെ ഒരു ഉരുൾ പൊട്ടൽ പോലെയാണല്ലോ?’’ മന്ത്രി ആത്മഗതം പോലെ പറഞ്ഞു. ‘’എന്താ, മന്ത്രി പറഞ്ഞത്’’

‘’അല്ല, ഇനി ഉടനെയെങ്ങും വരില്ല’’ എന്ന് ഉച്ചത്തിലും, ‘’വന്നാൽ ഞങ്ങൾ പുതിയ തമ്പുരാനെ എടുത്തോളാം, കുറെ നാളായി ഇങ്ങേര് തന്നെയല്ലേ ഈ ഓലക്കുടയുമായി നടക്കുന്നത്, ആരാണ് ഒരു മാറ്റത്തിന് ആഗ്രഹിക്കാത്തത്’’, എന്ന് മനസ്സിലും മന്ത്രി പറഞ്ഞു..

‘’എന്നാൽ പിന്നെ, നാളെത്തന്നെ എന്റെ ഓലക്കുടയൊന്ന് റിപ്പയറിന് കൊടുക്കണെ..’’

 തമ്പുരാൻ ഓർമ്മിപ്പിച്ചു

‘’അടിയൻ’’എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ മന്ത്രി പിറുപിറുത്തു..ഇങ്ങേർക്ക് ഈ പഴങ്കുട മാറ്റി, പുതിയ കുട വാങ്ങിക്കൂടെ, തമ്പുരാനാണ് പോലും തമ്പുരാൻ..വെറുതെ പാതാളംകാരെ  പറയിക്കും ഈ പിശുക്കൻ തമ്പുരാൻ..’

അങ്ങനെ ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ഒരു വൈകുന്നേരം തമ്പുരാൻ കേരളത്തിൽ ട്രെയിനിറങ്ങി..ട്രെയിൻ വന്നപ്പോൾ രാത്രിയായി, ഇനി ഇവിടെയെങ്ങാനും കിടന്നിട്ട് രാവിലെ പോകാം എന്ന് വിചാരിച്ച് റെയിൽവേ സ്റ്റേഷനിലെ ഒതുങ്ങിയ ഒരു ബെഞ്ചിൽ തമ്പുരാൻ ഒതുങ്ങി കിടന്നു, ലോഡ്ജിൽ  മുറി എടുക്കാമെന്ന് വെച്ചാൽ പോക്കറ്റ് കാലിയാകും, ഓണയാത്രയ്ക്ക് പാതാളം മന്ത്രിസഭ അനുവദിച്ച പാതാളം ഡോളർ വണ്ടിക്കൂലിയ്ക്ക് പോലും തികയില്ല.  ഒരു രാത്രിയിലെ കാര്യമല്ലേ, ഇവിടെ തന്നെ കിടക്കാം..കുടയും കിരീടവും ഒതുക്കി വെച്ച്  തമ്പുരാൻ പതിയെ ഉറക്കം തുടങ്ങി,

ഇടയ്ക്ക് കൊതുക് കടിക്കാൻ തുടങ്ങിയപ്പോൾ തമ്പുരാൻ എഴുന്നേറ്റു, പഴയ ഒരു ചക്രവർത്തിയാണെന്ന പരിഗണന പോലുമില്ലാതെയാണ് കൊതുകളുടെ ആക്രമണം, എന്നാൽ പോയി ഒരു ചായ കുടിച്ചിട്ട് വരാമെന്ന് വിചാരിച്ച് മടിയിൽ തപ്പിയപ്പോൾ ഭദ്രമായി വെച്ചിരുന്ന പണക്കിഴി കാണുന്നില്ല. മാത്രമല്ല, അടുത്തു തന്നെ വെച്ചിരുന്ന കിരീടവും ഓലക്കുടയും കാണുന്നില്ല..

രാത്രി ഏതു പ്രജയാണിത് അടിച്ചു മാറ്റിയതെന്ന് തമ്പുരാൻ അത്ഭുതപ്പെട്ടു. ഏതായാലും കൊള്ളാം, തനിക്ക് റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ കിട്ടിയ സ്വീകരണം ഗംഭീരമായി, കുടയും വടിയുമൊന്നുമില്ലാതെ പ്രജകളെ കാണാൻ പോകുന്നതെങ്ങനെ, ആരെങ്കിലും ഒരു ചായ മേടിച്ചു തന്നിരുന്നെങ്കിൽ ഒരാശ്വാസമായേനെ..

കാലത്തെ റെയിൽവേ സ്റ്റേഷനിൽ അന്തം വിട്ട് കിരീടം വിഴുങ്ങിയതു പോലെയിരിക്കുന്ന വിചിത്ര വേഷധാരിയെ കണ്ട് പോലീസുകാർ അങ്ങോട്ട് വന്നു..

‘’സർ, ഇതാണ് ആ പീഡനക്കേസിൽ ഒളിവിൽ പോയ ആളെന്ന് തോന്നുന്നു, വേഷം മാറി നടക്കുകയാ കള്ളൻ....’’ കൂടെയുള്ള  പോലീസുകാരൻ എസ്.ഐയോട് പറഞ്ഞു..

‘’ജീപ്പിലോട്ട് കേറണം മിസ്റ്റർ, മാവേലിയുടെ വേഷം കെട്ടി നടന്നാൽ പിടിക്കില്ലെന്ന് വെച്ചു അല്ലേ, ഞങ്ങളോടാണോ കളി..’’

പോലീസുകാർ മാവേലിയെ പിടിച്ച് ജീപ്പിൽ കയറ്റി. പീഡനക്കേസ് പ്രതിയെ പൊക്കിയതിന് തനിക്ക് കിട്ടാൻ പോകുന്ന റിവാർഡുകളായിരുന്നു അപ്പോൾ എസ്.ഐയുടെ  മനസ്സിൽ.. ‘’ഞാൻ ഒറിജനൽ മാവേലിയാണേ,,’’ എന്ന മാവേലിയുടെ  ദയനീയ ശബ്ദം ഓടിപ്പോകുന്ന ജീപ്പിൽ നിന്നും, ഓണാഘോഷങ്ങൾക്കിടയിൽ മുഴങ്ങി..  

.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക