യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ വിശ്വാസികളല്ലെന്നാണ് വയ്പ്പ്. ഭൗതിക വാദത്തില്‍ ജീവിക്കുന്ന അവരുടെ ശക്തിയും വിശ്വാസവുമെല്ലാം പാര്‍ട്ടിയാണ്. പാര്‍ലമെന്ററി മോഹമല്ല, മറിച്ച് തൊഴിലാളിവര്‍ഗ സര്‍വാധിപത്യമാണ് കമ്മ്യൂണിസ്റ്റുകാരുടെ ആത്യന്തിക ലക്ഷ്യം. ഇന്നതിന് അപചയും ജീര്‍ണതയും വല്ലാതെ സംഭവിച്ചിട്ടുന്നെത് മറ്റൊരു യാഥാര്‍ത്ഥ്യം.
കടുത്ത കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച ഒരാള്‍ മരണാനന്തരം തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി വിട്ടുകൊടുക്കണമെന്ന് ആഗ്രഹിക്കുകയും അത് വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്യുന്നു. അതില്‍ ഒരു തെറ്റുമില്ല. അത്തരം കാര്യങ്ങള്‍ വ്യക്തിനിഷ്ടവും സമൂഹത്തില്‍ നടക്കുന്നതുമാണ്. എന്നാല്‍ പ്രസ്തുത വ്യക്തി മരിച്ചശേഷം രംഗത്തുവന്ന മകള്‍ പിതാവിന്റെ ആഗ്രഹത്തിനെതിരായി നിലകൊള്ളുകയും അത് നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ വകനല്‍കുകയും ചെയ്തു. ഇതില്‍ പ്രത്യക്ഷവും മനപൂര്‍വവുമായ ഒരു രാഷ്ട്രീയ ഇടപെടലുണ്ട്. പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത സ്വജനപക്ഷപാതത്തിന്റെ വെറുക്കപ്പെട്ട രാഷ്ട്രീയം.
കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബര്‍ 21) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതശരീരത്തിനുവേണ്ടിയായിരുന്നു മകള്‍ എം.എല്‍ ആശയുടെ വിലപറച്ചില്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേന്ദ്ര സമ്മറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എം.എം സോറന്‍സിന്റെ അന്ത്യം 95-ാം വയസിലായിരുന്നു.
2015-ല്‍ സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്നു എം.എം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൃതദേശം വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നതാണ് പിതാവിന്റെ ആഗ്രഹമെന്ന് മകന്‍ എം.എല്‍ സജീവന്‍ അറിയിക്കുകയുണ്ടായി. മറ്റൊരു മകള്‍ എം.എല്‍ സുജാതയുടെ താത്പര്യവും മറിച്ചായിരുന്നില്ല. പക്ഷേ, ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് പഠന ആവശ്യങ്ങള്‍ക്ക് കൈമാറുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മകള്‍ ആശ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ നല്‍കി. തന്റെ അമ്മ ബേബിയെ സംസ്‌കരിച്ചിരിക്കുന്ന കലൂര്‍ കതൃിക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ സംസ്‌കരിക്കണമെന്നും ആശ ആവശ്യപ്പെട്ടു. ആശ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കും വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ എം.എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു പഠനത്തിനായി വിട്ടുനല്‍കുന്നതിനെതിരെ രംഗത്തുവന്ന മകള്‍ ആശ, എറണാകുളം ടൗണ്‍ഹാളില്‍ നിന്ന് പൊതുദര്‍ശനത്തിന് വച്ച മൃതദേഹം മാറ്റുന്നത് തടഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കത്തിനിടെ നാലു മണിയോടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും ചെയ്തു. ഇതിനിടെയുണ്ടായ പിടിവലിയില്‍ ആശ നിലത്തു വീണു. ലോറന്‍സിന്റെ കൊച്ചുമകനും ആശയ്ക്കൊപ്പമുണ്ടായിരുന്നു. മകളെയും കൊച്ചുമകനെയും ബലമായി പിടിച്ചുമാറ്റിയാണ്, ലോറന്‍സിന്റെ മൃതദേഹം ടൗണ്‍ഹാളില്‍നിന്നു മാറ്റിയത്.
ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിന്റെ പിന്നാമ്പുറത്തുള്ള രാഷ്ട്രീയം എന്താണെന്ന് 2021 മെയ് 27-ാം തീയതി ലോറന്‍സ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വ്യക്തമാക്കുന്നു. സംഘപരിവാര്‍ ശക്തിക്കൊപ്പം നില്‍ക്കുന്ന മകള്‍ തനിക്കും കൂടെ നില്‍ക്കുന്നുവര്‍ക്കുമെതിരെ ദുര്‍പ്രചരണം നടത്തുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. ആശുപത്രിയില്‍ കഴിയുന്ന തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ മകള്‍ ആശ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണെന്നും കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് തന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശയെന്ന് എം.എം ലോറന്‍സ് ഫേസ്ബുക്കില്‍ കുറിക്കുന്നു. വൈറലായ ആ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇത്തരുണത്തില്‍ പ്രസക്തമാണ്...അതിങ്ങനെ...
''ഓക്സിജന്‍ ലെവല്‍ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റഡ് ആണ് ഞാന്‍. എനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ എന്നോടൊപ്പം പാര്‍ട്ടിയും മൂത്ത മകന്‍ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാന്‍ ഇവിടെ ഒരാളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 4 മക്കളില്‍, വര്‍ഷങ്ങളായി എന്നോട് അകല്‍ച്ചയില്‍ ആയിരുന്ന മകള്‍ ആശ, അടുപ്പം പ്രദര്‍ശിപ്പിക്കാന്‍ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണ്...''
''കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയ സഖാവ് സി.എന്‍ മോഹനന്‍, അജയ് തറയില്‍ എന്നിവരെ, 'മകള്‍' എന്ന മേല്‍വിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേല്‍വിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല. എന്റെ മറ്റ് മക്കള്‍, എന്നോട് അടുപ്പം പുലര്‍ത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്...''
''എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തിക്ക് ഒപ്പം ഇപ്പോള്‍ നിലകൊള്ളുന്ന ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...'' തന്റെ സഹോദരിക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് എം.എല്‍ സജീവനും പരസ്യമായി വ്യക്തമാക്കിയിരുന്നു.
ഏതായാലും എം.എം. ലോറന്‍സിന്റെ മൃതദേഹം കേരള അനാട്ടമി ആക്ട് പ്രകാരം വൈദ്യ പഠനത്തിന് വിട്ടുനല്‍കാന്‍ തീരുമായതോടെ എപ്പിസോഡ് അവസാനിക്കുകയാണ്. കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെതാണ് ഈ തീരുമാനം. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫോറന്‍സിക്, അനാട്ടമി വിഭാഗം മേധാവികള്‍, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവരുള്‍പ്പെട്ടതാണ് ഉപദേശകസമിതി. എം.എം ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ സമിതി കേട്ടു ശേഷമാണ് ഈ തീരുമാനം സ്വീകരിച്ചത്.
എന്താണ് കേരള അനാട്ടമി ആക്ട്..?
മരിച്ചയാളുടെ മുന്‍കൂര്‍ അനുമതിയോടെ മൃതദേഹം കൈമാറുന്നതിലെ നടപടിക്രമം കേരള അനാട്ടമി ആക്ടില്‍ വകുപ്പ് നാല് എ യിലാണ് വിശദീകരിക്കുന്നത്. * മരിക്കുന്നതിനുമുന്‍പ് രേഖാമൂലമോ വാക്കാലോ രണ്ടോ അതിലധികമോ ആളുകളുടെ സാന്നിധ്യത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കണം. * മരണശേഷം മൃതദേഹം നിയമപരമായി ആരുടെ സംരക്ഷണയിലാണോ അവര്‍ വിവരം ബന്ധപ്പെട്ട ഓഫീസറെ അറിയിക്കുകയും കൈമാറുകയും വേണം. * ഇതിന്റെ പേരില്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാകില്ല * അതേസമയം, ജീവിതപങ്കാളിയോ അടുത്തബന്ധുവോ എതിര്‍പ്പ് ഉന്നയിച്ചാല്‍ ബന്ധപ്പെട്ടവര്‍ പരിഗണിക്കണം.